ദാരിദ്ര്യം എന്നത് സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങള്‍ ഉള്‍പ്പെട്ട ഒരു ബഹുമുഖ സങ്കല്പമാണ്. ദാരിദ്ര്യം എന്നത് കൊണ്ട് പ്രൊഫസര്‍ അമര്‍ത്യ സെന്‍ വിവക്ഷിക്കുന്നത് ദാരിദ്ര്യം എന്നത് “വെറും പണത്തിന്റെ അഭാവമല്ല ഒരു മനുഷ്യ ജീവി എന്ന നിലയില്‍ ഒരാളുടെ മുഴുവന്‍ കഴിവുകളും സാക്ഷാത്കരിക്കാനുള്ള ശേഷി ഇല്ലാതിരിക്കുക എന്നതാണ്’. 2011-ലെ മൂല്യനിര്‍ണ്ണയത്തിനെ അടിസ്ഥാനമാക്കി ആഗോളതലത്തിലെ ദാരിദ്ര്യ രേഖ കണക്കാക്കിയിരുന്നത് 1.90 ഡോളര്‍ എന്നാണ്. ഇതനുസരിച്ച് 2012 -ല്‍ ആഗോളതലത്തില്‍ 900 ദശലക്ഷം ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് എന്നാണ് കാണിക്കുന്നത്. ലോക ബാങ്കിന്റെ കണക്കനുസരിച്ച് അഞ്ച് ഇന്‍ഡ്യക്കാരില്‍ ഒരാള്‍ വീതം ദരിദ്രരും അതില്‍ 80 ശതമാനവും ഗ്രാമീണ മേഖലയിലുമാണ്. ദാരിദ്ര്യത്തിന്റെ തോത് ഏറ്റവും കൂടുതലുള്ളത് പട്ടികവര്‍ഗ്ഗ വിഭാഗത്തിലും തുടര്‍ന്ന് പട്ടികജാതി വിഭാഗത്തിലുമാണ്.
കേരളം പിന്‍തുടര്‍ന്ന് വരുന്ന തനതായ വികസന വഴിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ദാരിദ്ര്യ സൂചിക 2011-12 -ല്‍ 11.3 ശതമാനം മാത്രമാണ്. എന്നാല്‍ ഇന്‍ഡ്യന്‍ ജനസംഖ്യയുടെ 29.5 ശതമാനവും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ഗ്രാമപ്രദേശങ്ങളിലേയും നഗരപ്രദേശങ്ങളിലേയും പാവപ്പെട്ടവരുടെ എണ്ണത്തിന്റെ അനുപാതത്തിലുണ്ടായ കുറവ് കേരളത്തിന്റെ ദാരിദ്ര്യ ലഘൂകരണത്തിന്റെ വിജയമാണ് പ്രതിഫലിപ്പിക്കുന്നത്.
ദാരിദ്ര്യത്തിന്റെ അനുപാതം കുറയ്ക്കുന്നതിന് കേരളം ഫലവത്തായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഭൂപരിഷ്കരണം, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും വ്യാപനം, വികേന്ദ്രീകൃതാസൂത്രണം, പെന്‍ഷന്‍ പദ്ധതികള്‍, പൊതുവിതരണ സമ്പ്രദായം, കുടുംബശ്രീ, ആസൂത്രണ പദ്ധതികളിലൂടെയുള്ള ഏകീകൃതമായ ശ്രമങ്ങള്‍ എന്നിവ കേരളത്തിലെ ഗ്രാമ-നഗര പ്രദേശങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കുന്നതില്‍ ഫലപ്രദമായ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലേയും ഇന്ത്യയിലേയും 1973-74 മുതല്‍ 2011-12 വരെയുള്ള സമ്പൂര്‍ണ്ണ ദാരിദ്ര്യ നിരക്ക് (രംഗരാജന്‍ റിപ്പോര്‍ട്ട് അനുസരിച്ച്) ചിത്രം1.9 , അനുബന്ധം 1.30 എന്നിവയില്‍ നല്‍കുന്നു.
2011-ലെ സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് (എസ്. ഇ. സി. സി.) എന്നത് ഇന്ത്യയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ കണ്ടെത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പുതിയ ഉദ്യമം ആയിരുന്നു. ദാരിദ്ര്യമെന്നതിനെ സംബന്ധിച്ച വിശാലവും ചടുലവുമായ നിർവ്വചനമാണ് എസ്.ഇ.സി.സി നല്കുന്നത്. സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് ദാരിദ്ര്യ സൂചിക നിര്‍ണ്ണയിച്ചിരിക്കുന്നത് ചുവടെ പറയുന്ന 7 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്.
സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം (2011) കേരളത്തിലെ 76.99 ലക്ഷം കുടുംബങ്ങളില്‍ 63.19 ലക്ഷം കുടുംബങ്ങള്‍ (82.08 ശതമാനം) ഗ്രാമീണമേഖലയില്‍ വസിക്കുന്നവരാണ്. ഇതില്‍ 10.32 ശതമാനം പട്ടികജാതി കുടുംബങ്ങളും 1.63 ശതമാനം പട്ടികവര്‍ഗ്ഗ കുടുംബങ്ങളുമാണ്. മൊത്തം ഗ്രാമീണ കുടുംബങ്ങളില്‍ 19.16 ലക്ഷം (30.33 ശതമാനം) ദാരിദ്ര്യത്തിലാണ്. ദാരിദ്ര്യത്തിന്റെ ഉയര്‍ന്ന തോത് പാലക്കാട് (42.33 ശതമാനം) ജില്ലയിലാണ്. തൊട്ടു പുറകില്‍ തിരുവനന്തപുരം (38.36 ശതമാനം), വയനാട് (36.33 ശതമാനം) എന്നീ ജില്ലകളാണ്. എറണാകുളം (20.30 ശതമാനം), കോട്ടയം (23.02 ശതമാനം), കണ്ണൂര്‍ (24.25 ശതമാനം) എന്നീ ജില്ലകളിലാണ് ദാരിദ്ര്യത്തിന്റെ തോത് കുറഞ്ഞ് കാണുന്നത്. സംസ്ഥാനത്തെ മൊത്തം ഗ്രാമീണ പട്ടികജാതി കുടുംബങ്ങളില്‍ 57.66 ശതമാനവും മൊത്തം ഗ്രാമീണ പട്ടികവര്‍ഗ്ഗ കുടുംബങ്ങളില്‍ 61.68 ശതമാനവും ദരിദ്രവിഭാഗത്തിലാണ്. കേരളത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന മൊത്തം ഗ്രാമീണ കുടുംബങ്ങളില്‍ ദരിദ്ര ഗ്രാമീണ കുടുംബങ്ങളുടെ ജില്ല തിരിച്ചുള്ള ശതമാനക്കണക്ക് അനുബന്ധം 1.31 -ല്‍ നല്‍കിയിരിക്കുന്നു. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന മൊത്തം ഗ്രാമീണ കുടുംബങ്ങളില്‍ ദരിദ്രഗ്രാമീണ കുടുംബങ്ങളുടെ ഇന്ത്യയിലേയും കേരളത്തിലെയും ശതമാനക്കണക്ക് ചിത്രം 1.10 -ല്‍ നല്‍കിയിരിക്കുന്നു.
വിവിധ ദാരിദ്ര്യ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ദരിദ്രഗ്രാമീണ കുടുംബങ്ങളുടെ ജില്ലതിരിച്ചുള്ള ശതമാനക്കണക്ക് അനുബന്ധം 1.32 -ലും വിവിധ ദാരിദ്ര്യ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലേയും കേരളത്തിലേയും ദരിദ്രഗ്രാമീണ കുടുംബങ്ങളുടെ ശതമാനക്കണക്ക് ചിത്രം 1.11 -ലും നല്‍കിയിട്ടുണ്ട്.
പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ സമീപനം
രംഗരാജൻ കമ്മറ്റി എസ്റ്റിമേറ്റ് അനുസരിച്ച് 2011-12 -ൽ കേരളത്തിൽ ദാരിദ്ര്യത്തിന്റെ പ്രതിശീർഷ അനുപാതം 11.3 ആണെങ്കിലും, കേരളത്തിലെ ഗോത്രവർഗക്കാരുടെയും മത്സ്യബന്ധനത്തൊഴിലാളികളുടെയും പോലെയുള്ള ചില പ്രദേശങ്ങളിൽ, കേവല ദാരിദ്ര്യത്തിന്റെ പരിധി ഉയർന്നതാണ്. ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നതിലൂടെ കേവലമായ ദാരിദ്ര്യത്തെ ഇല്ലാതാക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള നടപടികൾ കേരള സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഗ്രാമീണ ഉൽപ്പാദനം വിപുലപ്പെടുത്തുന്നതിനും വിവിധതരം ഇല്ലായ്മകളെ തുടച്ചുനീക്കുന്നതിനും പ്രത്യേകിച്ച് ആദിവാസി മേഖലകളില്‍ വിവിധ പദ്ധതികൾ രൂപപ്പെടുത്തുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ സംവിധാനത്തിന്റെ പൂർണ പിന്തുണ നൽകും. ഭവന നിർമ്മാണം, ശുചിത്വം, വൈദ്യുതീകരണം, ഭക്ഷണം, ആരോഗ്യസംരക്ഷണം, ഇൻഷ്വറൻസ്, സ്കൂൾ വിദ്യാഭ്യാസം, തൊഴിലുറപ്പ്, ക്ഷേമ പെൻഷനുകൾ, വികലാംഗര്‍ക്കും വയോജനങ്ങള്‍ക്കും രോഗബാധിതർക്കും പ്രത്യേക ശ്രദ്ധ തുടങ്ങിയ പ്രാദേശിക സര്‍ക്കാരുകളുടെ പ്രധാന പ്രവർത്തന മേഖലകളിലെ അവരുടെ പരിശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കും. കുടുംബശ്രീ ദൗത്യം, സംസ്ഥാന സര്‍ക്കാരിന്റെ വകുപ്പുകൾ, ജനകീയ സംഘടനകൾ, വ്യക്തികൾ എന്നിവയുടെ ഒരു യോജിച്ചുള്ള പ്രവർത്തനം സംസ്ഥാനത്തെ സമ്പൂർണ്ണ ദാരിദ്ര്യത്തെ ഇല്ലാതാക്കുന്ന ചുമതല ഏറ്റെടുക്കും.
നവകേരളം കര്‍മ്മപദ്ധതി (എന്‍.കെ.കെ.പി.)
ദുര്‍ബല ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നാല് നൂതന മിഷനുകളിലൂടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പുതിയ സംരംഭമാണ് നവകേരളം കര്‍മ്മപദ്ധതി. ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, വിദ്യാഭ്യാസ പുനരുജ്ജീവനം എന്നിവയാണ് നാല് മിഷനുകള്‍. ഹരിതകേരളം എന്നത് ജൈവകൃഷി, ജലസംരക്ഷണം, മാലിന്യ പരിപാലനം എന്നിവയെ ഉന്നം വച്ചുള്ള ഒരു പരിസ്ഥിതി സൗഹാര്‍ദ്ദപരമായ സമീപനമാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും ആരോഗ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിലേക്ക് രണ്ടാം തലമുറ ആരോഗ്യ സുരക്ഷാ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് ജന സൗഹൃദ ആരോഗ്യ പ്രദാന സംവിധാനം സൃഷ്ടിക്കുന്നതിനാണ് ആര്‍ദ്രം മിഷന്‍ ലക്ഷ്യമിടുന്നത്. ഭൂരഹിത, ഭവന രഹിത കുടുംബങ്ങള്‍ക്ക് സുരക്ഷിതവും ഉറപ്പുള്ളതുമായ ഭവനം നല്‍കുക എന്നതാണ് ലൈഫ് (ഉപജിവനം, ഉള്‍പ്പെടുത്തല്‍, സാമ്പത്തിക ശാക്തീകരണം) മിഷന്റെ ലക്ഷ്യം. പൊതു സാർവ്വത്രിക വിദ്യാഭ്യാസത്തില്‍ നിന്നും വിദ്യഭ്യാസ രംഗത്തെ ആധുനികവൽക്കരിക്കുന്നതിനായി ക്ലാസ്സ്മുറികള്‍, ഡിജിറ്റല്‍ വായനശാലകള്‍, വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ പഠനം, സമകാലികമായ പാഠ്യക്രമം എന്നിവയിലൂടെ നയിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യമിടുന്നത്.
ശരാശരി ദാരിദ്ര്യത്തിന്റെ കണക്കുകളില്‍ കേരളം മിക്കവാറും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതാണെങ്കിലും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ നിരവധി വിഭാഗങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. കേരളത്തിലെ ദാരിദ്ര്യം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗ്ഗം, മത്സ്യതൊഴിലാളികള്‍, മണ്‍പാത്രമുണ്ടാക്കുന്നവര്‍, കൈത്തൊഴില്‍ക്കാര്‍ എന്നിങ്ങനെ ചില പ്രത്യേക സമുദായങ്ങളിലും സാമൂഹ്യ വിഭാഗങ്ങളിലുമാണ്. ഇത് ചൂണ്ടിക്കാണിക്കുന്നത് സംസ്ഥാന പദ്ധതികളെ സഹായിക്കുന്നതിനായി കൂടുതല്‍ കേന്ദ്ര സഹായം നല്‍കുകയും ഉപജീവന പദ്ധതികളുടെ പുനർനിർമ്മാണവും ഈ മേഖലകളില്‍ ആവിഷ്ക്കരിച്ചാല്‍ മാത്രമേ സംസ്ഥാനത്തെ കേവലമായി ദാരിദ്ര്യമുക്തമാക്കുവാന്‍ കഴിയൂ. പട്ടികജാതി വികസന വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ നിരവധി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന/ഉപജീവനമാര്‍ഗ പദ്ധതികള്‍ അതാത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്നു. ദാരിദ്ര്യം കുറയ്ക്കുന്നതിന് നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികള്‍ സാമ്പത്തിക അവലോകനത്തിന്റെ മറ്റ് അദ്ധ്യായങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.