കേന്ദ്രത്തില്‍ നിതി ആയോഗ് രൂപീകരിച്ചതിന് ശേഷം ആസൂത്രണ പ്രക്രിയയും അതിലൂടെ പഞ്ചവത്സര പദ്ധതിയും നിര്‍ത്തലാക്കി എന്നിരുന്നാലും, കേരള സര്‍ക്കാര്‍ പഞ്ചവത്സര പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനമെടുക്കുകയും അതുപ്രകാരം സംസ്ഥാനത്ത് പതിമൂന്നാം പഞ്ചവത്സര പദ്ധതി (2017-22) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്നു വിവിധ വിഷയങ്ങളില്‍ വൈദഗ്ദ്യമുളള പണ്ഡിതന്മാര്‍ ഭരണകര്‍ത്താക്കള്‍, സാമൂഹ്യ, രാഷ്ടീയ പ്രവര്‍ത്തകര്‍ മറ്റ് വിദഗ്ദ്ധര്‍ എന്നിവരടങ്ങുന്ന എഴുനൂറോളം അംഗങ്ങളെ ഉള്‍പ്പെടുത്തിക്കാണ്ട് നാല്പത്തിമൂന്ന് സംസ്ഥാനതല കര്‍മ്മ സമിതികള്‍ക്ക് രൂപം കൊടുത്തു. കൂടാതെ കര്‍മ്മ സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖക്ക് രൂപം കൊടുത്തു. പദ്ധതി രേഖ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യും.
പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വാര്‍ഷിക പദ്ധതിയായ വാര്‍ഷിക പദ്ധതി 2017-18 ന് സംസ്ഥാനത്ത് തുടക്കമിട്ടു. പദ്ധതികളെ ആവശ്യമായ വിലയിരുത്തലുകള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് വിധേയമാക്കുകയും ഉത്പാദനക്ഷമമല്ലാത്തതും അനാവശ്യവുമായ പദ്ധതികളുണ്ടെങ്കില്‍ അവ ഒഴിവാക്കുവാനും ഒരേ ലക്ഷ്യപ്രാപ്തികള്‍ ഉദ്ദേശിക്കുന്ന സമാന പദ്ധതികള്‍ ഏകീകരിച്ച് പുന:നാമകരണം ചെയ്യുകയോ സംയോജിപ്പിക്കുകയോ ചെയ്യുകയുണ്ടായി. ബഡ്ജറ്റില്‍ വിഭാവനം ചെയ്തിട്ടുളള പുതിയ പദ്ധതികള്‍ മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 2017-18 -ലെ വാര്‍ഷിക പദ്ധതി മൊത്തം വിഹിതം (ബജറ്റ് എസ്റ്റിമേറ്റ്) 34,538.95 കോടി രൂപയാണ്. സംസ്ഥാന വിഹിതമായ 26,500 കോടി രൂപയും കേന്ദ്രവിഹിതമായ 8,038.95 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. മുൻവര്‍ഷത്തെ സംസ്ഥാന ബജറ്റ് വിഹിതമായ 24,000 കോടി രൂപയില്‍ 10.42 ശതമാനം വര്‍ദ്ധനവ് രേഖപ്പടുത്തി 2017-18 വാര്‍ഷിക പദ്ധതി 26,500 കോടി രൂപയായി നിജപ്പെടുത്തി. ബജറ്റ് വിഹിതത്തില്‍ 6,227.50 കോടി രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ശേഷിക്കുന്ന 20,272.50 കോടി രൂപ സംസ്ഥാന പദ്ധതികള്‍ക്കുമാണ് വകയിരുത്തിയിട്ടുള്ളത്. 2,599.65 കോടി രൂപ പ്രത്യേക ഘടക പദ്ധതിക്കും 751.08 കോടി രൂപ പട്ടിക വര്‍ഗ്ഗ ഉപ പദ്ധതിക്കുമായി വകയിരുത്തിയിട്ടുണ്ട്. 1,552 കോടി രൂപ വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന പദ്ധതിയുടെ ഏകദേശം 11.4 ശതമാനം വിഹിതം പെണ്‍കുട്ടികള്‍ക്കും സ്ത്രീള്‍ക്കും വേണ്ടിയുളള ഉന്നമനത്തിനായി മാറ്റിവച്ചിട്ടുണ്ട്.
വിവിധ മേഖലകളിലെ 2016-17, 2017-18 വാര്‍ഷിക പദ്ധതി അടങ്കന്റെ താരതമ്യ വിശകലനം പട്ടിക 1.16 -ല്‍ കൊടുത്തിരിക്കുന്നു.
ക്രമ നം. | മേഖല | 2016-17 | 2017-18 | വർദ്ധനവ് ശതമാനത്തിൽ | ||||
സംസ്ഥാന വിഹിതം | കേന്ദ്ര സഹായം | ആകെ വിഹിതം | സംസ്ഥാന വിഹിതം | കേന്ദ്ര സഹായം | ആകെ വിഹിതം | |||
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
I | കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും | 1,332.66 | 347.48 | 1,680.14 | 1,571.65 | 408.38 | 1,980.03 | 17.85 |
II | ഗ്രാമ വികസനം | 844.76 | 2,733.66 | 3,578.42 | 973.72 | 3,522.71 | 4,496.43 | 25.65 |
III | പ്രത്യേക പ്രദേശ പരിപാടികൾ | 478.98 | 478.98 | 404.02 | 404.02 | -15.65 | ||
IV | ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണവും | 491.47 | 86 | 577.47 | 676.21 | 86.02 | 762.23 | 31.99 |
V | ഊർജ്ജം | 1,622.70 | 1,622.70 | 1,629.29 | 1,629.29 | 0.4 | ||
VI | വ്യവസായവും ധാതുക്കളും | 658.93 | 658.93 | 888.77 | 888.77 | 34.88 | ||
VII | ഗതാഗതം | 1,564.98 | 1,564.98 | 1,735.08 | 1,735.08 | 10.87 | ||
VIII | ശാസ്ത്രം, സാങ്കേതിക വിദ്യ, പരിസ്ഥിതി | 881.44 | 72.50 | 953.94 | 994.89 | 68.10 | 1,062.99 | 11.43 |
IX | പൊതു സാമ്പത്തിക സേവനങ്ങൾ | 3,095.83 | 84.34 | 3,180.17 | 2,383.71 | 32.08 | 2,415.79 | -24.03 |
X | സാമൂഹ്യ സേവനങ്ങൾ | 7,447.43 | 3,192.19 | 10,639.62 | 8,929.16 | 3,885.66 | 12,814.82 | 20.44 |
XI | പൊതു സേവനങ്ങൾ | 80.82 | 18 | 98.82 | 86.00 | 36.00 | 122.00 | 23.45 |
ആകെ I മുതൽ XI വരെ | 18,500.00 | 6,534.17 | 25,034.17 | 20,272.50 | 8,038.95 | 28,311.45 | 13.09 | |
XII | തദ്ദേശ സ്വയംഭരണം | 5,500.00 | 5,500.00 | 6227.50 | 6,227.50 | 13.23 | ||
ആകെ മൊത്തം | 24,000.00 | 6,534.17 | 30,534.17 | 26,500.00 | 8,038.95 | 34,538.95 | 13.11 |
1. പ്ലാന്‍സ്പേസ് - ജില്ലാതല വ്യാപനം
വാര്‍ഷിക പദ്ധതി നിർവ്വഹണം വിലയിരുത്തല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കേരളയുടെ സാങ്കേതിക സഹായത്തോടെ പ്ലാന്‍സ്പേസ് സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളുടെയും നിർവ്വഹണ പുരോഗതി വിലയിരുത്തുന്നതിനുള്ള വെബ് ബേസ്ഡ് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സംവിധാനമാണ് പ്ലാന്‍സ്പേസ്.
ഓരോ പദ്ധതിയെ സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍, വിവിധ ഘടകങ്ങള്‍, ഭൗതിക സാമ്പത്തിക വിവരങ്ങള്‍, വിവിധ ഘട്ടങ്ങളിലെ നിർവ്വഹണ പുരോഗതി, മറ്റു വകുപ്പുകള്‍/നിർവ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള റിപ്പോര്‍ട്ട് പ്ലാന്‍സ്പേസില്‍ ലഭ്യമാണ്. തത്സമയ വിശദാംശങ്ങള്‍ ലഭ്യമാക്കുക വഴി ഗവണ്മെന്റിനും, സംസ്ഥാന ആസൂത്രണ ബോര്‍ഡിനും വകുപ്പ് സെക്രട്ടറിമാര്‍ക്കും നിർവ്വഹണ ഉദ്യോഗസ്ഥര്‍ക്കും ഒരു ഉപകരണമായി ഇത് പ്രയോജനപ്പെടുന്നു. സംസ്ഥാനത്ത് 2017-18 വാര്‍ഷിക പദ്ധതി പ്രൊപ്പോസലുകള്‍ വകുപ്പു തലവന്‍മാരില്‍ നിന്നും നിർവ്വഹണ ഏജന്‍സികളില്‍ നിന്നും ഓൺലൈനായി പ്ലാന്‍സ്പേസ് വഴി ശേഖരിച്ചിരുന്നു. കൂടാതെ ഈ സംരംഭം, ട്രഷറി ശൃംഖലയില്‍ കൂടി സംയോജിപ്പിക്കുകയുമുണ്ടായി.
ജില്ലാതല പദ്ധതി മോണിട്ടറിംഗ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്ലാന്‍സ്പേസ് 2015-16-ല്‍ ജില്ലാതലത്തില്‍ വ്യാപിപ്പിച്ചു. ഇത് മുഖേന ജില്ലാതല/ഉപ ജില്ലാ തല നിർവ്വഹണ ഉദ്യോഗസ്ഥര്‍ക്ക് സിസ്റ്റത്തിലേക്ക് നേരിട്ട് വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനും ഇതുവഴി സമയക്രമം പാലിക്കാനും കൃത്യത മെച്ചപ്പെടുത്താനും കഴിയുന്നു. സംസ്ഥാനതല വിശദാംശങ്ങളുമായി ജില്ലാതല വിശദാംശങ്ങള്‍ 2017-18 -ല്‍ യോജിപ്പിച്ചു. പ്ലാന്‍സ്പേസില്‍ ലഭ്യമായ വിവരം അനുസരിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം 2017 സെപ്റ്റംബര്‍ 30 വരെ ആകെ പദ്ധതി ചെലവ് 33 ശതമാനമാണ്. സാമ്പത്തിക വര്‍ഷം അവസാനമാകുമ്പോള്‍ ചെലവ് പുരോഗതി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2. എം.എല്‍.എ.എസ്.ഡി.എഫ് നിരീക്ഷണ സംവിധാനം
ജില്ലാതല മോണിട്ടറിംഗ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എം.എല്‍.എ.എസ്.ഡി.എഫ്. മോണിട്ടറിംഗിനായി ഒരു പുതിയ സോഫ്റ്റ് വെയര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. പ്രൊപ്പോസല്‍ തയ്യാറാക്കുന്നത് മുതല്‍ സൃഷ്ടിക്കപ്പെട്ട ആസ്തികള്‍ തദ്ദേശ ഭരണ സ്ഥാപനത്തിനു കൈമാറുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിലെ വിശദാംശങ്ങള്‍ ലഭ്യമാകത്തക്ക വിധത്തിലാണ് സോഫ്ററ് വെയര്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ഈ സംവിധാനം ഒരിക്കല്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ എം.എല്‍.എ.മാരില്‍ നിന്നുള്ള പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കുന്നത് മുതല്‍ ഭരണാനുമതി നല്‍കുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ പ്രക്രിയ മൂലം സമയബന്ധിതമായി നടപ്പിലാക്കാന്‍ സാധിക്കും. ഇതിന്റെ ഭാഗമായി എല്ലാ നിർവ്വഹണ ഉദ്യോഗസ്ഥര്‍ക്കും ജില്ലാതലത്തില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു.