പശ്ചാത്തല സൗകര്യം

ഗതാഗതം

ഒരു പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തില്‍ ഗതാഗതത്തിന് ഗണനീയമായ സ്ഥാനമാണുള്ളത്. എല്ലാ പ്രദേശങ്ങളെയും, ബന്ധിപ്പിക്കുന്നതു വഴി സാധനങ്ങളെയും യാത്രക്കാരെയും അവശ്യസ്ഥലങ്ങളില്‍ എത്തിക്കുന്നതില്‍ റോഡു ഗതാഗതത്തിന് വളരെയധികം പ്രാധാന്യമുണ്ട്. റോഡുകളുടെ ഗുണനിലവാരം, ജീവിത നിലവാരവുമായി ബനധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ വിസ്തൃതമായ റോഡ് ശൃംഖല ദശലക്ഷക്കണക്കിനുള്ള ജനങ്ങളുടെ ഗതാഗതാവശ്യങ്ങള്‍ നിറവേറ്റുന്നു. രാജ്യത്തിന്റെ സാമൂഹ്യവും, സാമ്പത്തികവുമായ വികസനത്തിന് ഒരു വളര്‍ച്ചാ ഘടകമായി റോഡു ഗതാഗതം മാറിയിട്ടുണ്ട്.

ഇന്ത്യന്‍ റോഡു ശൃംഖല 4.48 ദശലക്ഷം കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ലോകത്തെ മൂന്നാമത്തെ വലിയ റോഡു ശൃംഖലയാണ്. ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ ദേശീയപാതകളുടെ ദൈര്‍ഘ്യം 76,818 കി.മീറ്ററാണ്. ഇത് ആകെ ദൈര്‍ഘ്യത്തിന്റെ രണ്ടു ശതമാനം മാത്രമാണെങ്കിലും ആകെ ട്രാഫിക്കിന്റെ 40 ശതമാനം ദേശീയ പാതയിലൂടെയാണ്. ദേശീയ പാതകളുടെ ആകെ ദൈര്‍ഘ്യത്തിന്റെ 24 ശതമാനം മാത്രമാണ് നാലു വരി പാതകള്‍. ബാക്കിയുള്ളവ രണ്ടു വരിയോ, അതില്‍ താഴെയോ മാത്രമാണ്. ഒരൊറ്റ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍‍ത്തിക്കുന്ന ഇന്ത്യന്‍ റെയിൽവെ (63500 കീ.മീറ്റര്‍ ദൈര്‍ഘ്യം) ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവെ ശൃംഖലയാണ്. റെയിൽവെയുടെ ആകെ വരുമാനത്തിന്റെ 67 ശതമാനം ചരക്കു ഗതാഗതം മുഖേനയാണ്. വ്യോമ ഗതാഗത മേഖലയില്‍ അനുക്രമമായി പുരോഗതി ഉണ്ടാകുന്നതോടൊപ്പം, സ്വകാര്യ മേഖലയുടെ പങ്കാളിത്തവും, വ്യോമ ഗതാഗത പശ്ചാത്തല മേഖലയുടെ വികസനവും സാധ്യമാകുന്നു.

ചരക്കു ഗതാഗത മേഖലയില്‍, മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളായ ഉള്‍നാടന്‍ ജല ഗതാഗതവും, തീരദേശ ഗതാഗതവും ചരക്കു നീക്കത്തില്‍ പ്രധന പങ്കു വഹിക്കുന്നു. 7517 കി.മീറ്റര്‍ തീരദേശ മേഖലയുള്ള ഇന്ത്യയില്‍ 12 വന്‍കിട തുറമുഖങ്ങളും, 200 ചെറുകിട തുറമുഖങ്ങളും നിലവിലുള്ളതില്‍, 30 തുറമുഖങ്ങള്‍ മുഖേന ചരക്കു ഗതാഗതം സാധ്യമാകുന്നു. ചെറുകിട വന്‍കിട തുറമുഖങ്ങള്‍ മുഖേന ഏകദേശം 53 ദശലക്ഷം ടണ്‍ ചരക്കു ഗതാഗതം നടക്കുന്നതായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും ആഭ്യന്തര ചരക്കു ഗതാഗത മേഖലയില്‍ തീരദേശ ഉള്‍നാടന്‍ ജല ഗതാഗതത്തിന്റെ പങ്ക് ഏകദേശം ഒരു ശതമാനം മാത്രമാണ്

ഒരു രാജ്യത്തിന്റെ സാമൂഹ്യവും, സാമ്പത്തികവും വ്യാവസായികപരവുമായ വികസനത്തിന് ഗുണ നിലവാരമുള്ള പശ്ചാത്തല മേഖല ഒരു അവശ്യ ഘടകമാണ്. റോഡുകള്‍, , വിമാനത്താവളങ്ങള്‍, ഉള്‍നാടന്‍ ജല ഗതാഗതം എന്നിവ ഉള്‍പ്പെട്ടതാണ് കേരളത്തിന്റെ ഗതാഗത ശൃംഖല. 38,863 ചതു.കീ.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതും, വൈവിധ്യമായ ഭൂപ്രകൃതിയോടു കൂടിയ കേരളത്തിന്റെ പൊതു ഗതാഗതമേഖലയില്‍ റോഡു ഗതാഗതമാണ് മുഖ്യ പങ്കു വഹിക്കുന്നത്.

കേരളത്തിന്റെ ഗതാഗത രംഗം വളരെയധികം മെച്ചപ്പെടേണ്ടതായിട്ടുണ്ട്. ദേശീയ പാതകള്‍ പൊതുമരാമത്തു വകുപ്പിന്റെ കീഴില്‍ വരുന്ന സംസ്ഥാന പാതകള്‍, പ്രധാന ജില്ലാ റോഡുകള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന റോഡുകള്‍ എന്നീ വിഭാഗത്തിലുള്ള റോഡുകളാണ് നിലവിലുള്ളത്. പൊതു ഗതാഗത രംഗത്ത് റോഡു ഗതാഗതത്തിനാണ് മേല്‍ക്കൈ എങ്കിലും ദീര്‍ഘദൂര യാത്രകള്‍ക്ക് ആളുകള്‍ ആശ്രയിക്കുന്നു. കേരളത്തിലെ മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം 1980 കളില്‍ ഏകദേശം രണ്ടു ലക്ഷമായിരുന്നത് 2016 ആയപ്പോഴേക്കും ഒരു കോടിയിലധികമായിട്ടുണ്ട്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വാഹനങ്ങളില്‍ ഏകദേശം 65 ശതമാനത്തോളം ഇരു ചക്രവാഹനങ്ങളാണ്. സംസ്ഥാനത്ത് 25000 ത്തോളം ബസ്സുകള്‍ നിലവിലുള്ളതില്‍, ഏറിയ പങ്കും നഗര പ്രദേശങ്ങളില്‍ സർവ്വീസ് നടത്തുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ഗതാഗത ഞെരുക്കം അനുഭവപ്പെടുന്നു.

സംസ്ഥാനത്തിന്റെ മൊത്തം വികസന പ്രവര്‍‍ത്തനങ്ങളില്‍ ഗതാഗത പശ്ചാത്തല മേഖലയ്ക്കുള്ള പ്രാധാന്യം പരിഗണിച്ച്, റോഡുകളുടെ നിര്‍മ്മാണത്തിനും, പരിപാലനത്തിനും അനുയോജ്യമായ നയരൂപീകരണം, അത് നടപ്പിലാക്കുന്നതിനുള്ള തന്ത്രങ്ങളും ആസൂത്രണം ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്തെ റോഡു നിര്‍മ്മാണ പരിപാലനങ്ങള്‍ക്കാവശ്യമായ മുന്‍ഗണന നിശ്ചയിക്കുന്നതിനായി ചില മാനദണ്ഡങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. നിലവിലുള്ള സംസ്ഥാന പാതകള്‍, പ്രധാന ജില്ലാ റോഡുകള്‍ മുതലായവയുടെ വീതി വര്‍ദ്ധിപ്പിച്ച് ആവശ്യമായ ഡിസൈനും, മറ്റ് ഡ്രൈനേജ് സൗകര്യങ്ങളും ഒരുക്കേണ്ടതാണ്

നിലവിലുള്ള റോഡുകള്‍ മെച്ചപ്പെടുത്തല്‍, അറ്റകുറ്റ പണികള്‍, പരിപാലനം, വികസനം, നിലവാരം ഉയര്‍ത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ പ്രാധാന്യം നല്‍കിയത്. ഇതിനായി ബഡ്ജറ്റ് വിഹിതം, സ്വകാര്യ മൂലധനം, സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവ ഉപയോഗപ്പെടുത്തിയിരുന്നു. ഈ കാലയളവില്‍ ഒരു റോഡു വികസനനയം രൂപീകരിക്കുകയും അത് ഗവണ്‍മെന്റ് അംഗീകരിക്കുകയും ചെയ്തു. പൊതുമരാമത്തു വകുപ്പ് മാന്വലും, ഡാറ്റാബുക്കും ഭേദഗതി വരുത്തി. എല്ലാ ജില്ലകളിലും ഗുണ നിലവാര സബ്ഡിവിഷനുകള്‍ സ്ഥാപിച്ചു. ഗതാഗത ഞെരുക്കം കൂടുതലായി അനുഭവപ്പെടുന്ന സംസ്ഥാന പാതകള്‍, പ്രധാന ജില്ലാ റോഡുകള്‍ എന്നിവിടങ്ങളില്‍ റോളിംഗ് ഹെവിമെയിന്റനന്‍സ് പദ്ധതിയിലൂടെ റോഡ് പരിപാലനം ഉറപ്പു വരുത്തി. വകുപ്പ് മുഖാന്തിരം നല്‍കുന്ന സേവനങ്ങളും, വകുപ്പിനെ സംബന്ധിച്ച വിവരങ്ങളും ഓൺലൈൻ മുഖേനയാക്കി. ഡ്രൈവര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ സുരക്ഷിതമായ ഡ്രൈവിംഗ് അവബോധം നല്‍കുന്നതിനും റോഡു സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ഒരു റോഡ് സുരക്ഷാ അതോറിറ്റി സ്ഥാപിച്ചു.

റോഡു നിര്‍മ്മാണത്തില്‍ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിരുന്നത്. ആസൂത്രിതമായ വികസനത്തിലൂടെ സംസ്ഥാന പാതകള്‍ പ്രധാനപ്പെട്ട ജില്ലാ റോഡുകള്‍, എന്നിവയുടെ പരിപാലനം ജ്യോമെട്രിക്കല്‍ ഇംപ്രൂവ്മെന്റ്, ജംഗ്ക്ഷന്‍ ഇംപ്രൂവ്മെന്റ് റി ലേയിംഗ് എന്നീ സാങ്കേതിക മാര്‍ഗ്ഗങ്ങളിലൂടെ വികസിപ്പിക്കുന്നതിനാണ് പ്രധാന്യം നല്‍കിയത്.

top