റോഡു ഗതാഗതം, യാത്രക്കാര്‍, ചരക്കുകള്‍ തുടങ്ങിയവ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു. റെയില്‍ ഗതാഗതം, വ്യോമ ഗതാഗതം, തുറമുഖങ്ങള്‍, ഉള്‍നാടന്‍ ജലഗതാഗതം എന്നിവിടങ്ങളിലേക്ക് യാത്രക്കാരെയും ചരക്കുകളേയും എത്തിക്കുന്നതിന് ഒരു പ്രധാന മാര്‍ഗ്ഗമായി റോഡു ഗതാഗതം പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാനത്തെ വാഹന സാന്ദ്രത വളരെ കൂടുതലാണ്. റോഡ് ഗതാഗത വ്യവസായത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് സ്വകാര്യ സേവന ദാതാക്കളാണ്. റോഡു മുഖേനയുള്ള ചരക്കു ഗതാഗതം പൂര്‍ണ്ണമായും സ്വകാര്യ മേഖലയുടെ കൈവശമാണ്.
സംസ്ഥാന സാമ്പത്തിക മേഖലയില്‍ പ്രധാനപ്പെട്ടതും, അവിഭാജ്യവുമായ ഘടകമാണ് മോട്ടോര്‍ വാഹന മേഖല. കേരളത്തില്‍ മാര്‍ച്ച് 2016 വരെ 101.71 ലക്ഷം മോട്ടോര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി മോട്ടോര്‍ വാഹനങ്ങളുടെ പ്രതിവര്‍ഷ വളര്‍ച്ചാ നിരക്ക് 10 ശതമാനത്തിലധികമാണ്. 2016 മാര്‍ച്ചിലെ കണക്കനുസരിച്ച് 1000 ആളുകള്‍ക്ക് 305 വാഹനങ്ങള്‍ എന്ന നിരക്കിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോക വികസന സൂചികകള്‍ അനുസരിച്ച് ഈ കണക്കുകള്‍ ഇന്ത്യ 18, ചൈന 47, അമേരിക്ക 507 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത് കേരളത്തില്‍ മോട്ടോര്‍ വാഹനങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8 ശതമാനം കൂടുതലാണ്. കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളില്‍ ഉണ്ടായ വാഹനങ്ങളുടെ വര്‍ദ്ധന ചിത്രം 5.1 ല്‍.
വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 31.03.2016 വരെ സാധ്യമായ രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ എണ്ണം 94,21,245 ല്‍ നിന്നും 1,01,71,813 ആയി വര്‍ദ്ധിച്ചു. വിശദ വിവരങ്ങള്‍ അനുബന്ധം 5.7 ല്‍ കൊടുത്തിരിക്കുന്നു. 2015-16 ല്‍ പുതിയതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ 8,61,323 ആണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 5.8 ല്‍ ചേര്‍ത്തിരിക്കുന്നു. സ്വകാര്യ വാഹനങ്ങളുടെ എണ്ണം മുൻവര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ വാഹനങ്ങളുടെ വളര്‍ച്ച ജില്ല തിരിച്ച് അനുബന്ധം 5.9 ല്‍ കൊടുത്തിരിക്കുന്നു. നിരത്തില്‍ ഓടുന്ന വാഹനങ്ങളെ സംബന്ധിച്ച കൃത്യമയ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പും, ഇന്‍ഷൂറന്‍സ് കമ്പനികളുമായി സംഘടിതമായ പ്രയത്നം ആവശ്യമായിട്ടുണ്ട്. 2015-16 വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ഇനം ശതമാനം തിരിച്ചുള്ള കണക്ക് ചിത്രം 5.2 ല്‍ കൊടുത്തിരിക്കുന്നു.
കേരളത്തില്‍ ദിനം പ്രതി 2360 വാഹനങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നതില്‍ 1657 എണ്ണം ഇരുചക്ര വാഹനങ്ങളാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ളത് എറണാകുളം ജില്ലയിലാണ്. അതായത് 15,59,270 വാഹനങ്ങള്‍ ( 57.37%) തൊട്ടടുത്ത് 12,90,592 (12.69%) വാഹനങ്ങളുമായി തിരുവനന്തപുരമാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വാഹനങ്ങള്‍ അതായത് 1,39,151 (1.37%). . 2010 മുതല്‍ 2016 വരെ വാഹന വളര്‍ച്ചയിലുണ്ടായ വര്‍ദ്ധനവ് ഇനം തിരിച്ച് അനുബന്ധം 5.10 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. മോട്ടോര്‍ വാഹന വളര്‍ച്ചയിലും റോഡു ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതിലുമുള്ള അന്തരം കേരളത്തില്‍ ഗതാഗത ഞെരുക്കത്തിനും, റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇടയാകുന്നു.