വിതരണ വിഭാഗത്തില്‍ 57650 കിലോമീറ്റര്‍ 11 കെ.വി. ലൈനുകള്‍, 285970 കിലോ മീറ്റര്‍ എല്‍.ടി. ലൈനുകള്‍, 73460 എണ്ണം വിതരണ ട്രാന്‍സ്ഫോര്‍മറുകളും ഉണ്ട്. 2015-16 സാമ്പത്തിക വര്‍ഷം 3,81,247 സര്‍വ്വീസ് കണക്ഷനുകള്‍ (4,59,020 എണ്ണമാണ് ലക്ഷ്യമിട്ടത്) 2022 കി.മീ. 11 കെ.വി ലൈനുകള്‍ (2377 കി.മീ. ആണ് ലക്ഷ്യമിട്ടത്) 3312 കി.മീ. എല്‍ ടി ലൈനുകള്‍ (4826 കി.മീ. ആണ് ലക്ഷ്യമിട്ടത്) എന്നിവ കമ്മീഷന്‍ ചെയ്തു. 2015-16 ല്‍ വിതരണ വിഭാഗത്തില്‍ ലക്ഷ്യമിട്ടിരുന്ന അടിസ്ഥാന സൗകര്യങ്ങളും നേട്ടങ്ങളും അനുബന്ധം 5.33 ല്‍ കൊടുത്തിരിക്കുന്നു.
ഈ പദ്ധതിയുടെ പ്രായോജകര്‍ ഭാരത സര്‍ക്കാരും പദ്ധതിക്കാവശ്യമായ ഫണ്ട് വിതരണം ചെയ്യുന്നത് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനുമാണ് (പി.എഫ്.സി) . ഊര്‍ജ്ജ പ്രായോജകര്‍ക്ക് ശക്തമായ വിവര സാങ്കേതിക പശ്ചാത്തല സൗകര്യങ്ങള്‍ പ്രത്യേകിച്ച് ഡാറ്റാ സെന്റര്‍, വൈഡ് ഏര്യ നെറ്റ് വര്‍ക്ക് എന്നിവ ഒരുക്കുക എന്നതാണ് ഈ പദ്ധതിയിലെ പാര്‍ട്ട് എ കൊണ്ട് ഉദ്ദേശിക്കുന്നത്. കെ.എസ്.ഇ.ബി യില്‍ ഈ പദ്ധതിയുടെ പുരോഗതി താഴെ ചുരുക്കി നല്കിയിരിക്കുന്നു.
വെബ് അധിഷ്ഠിത സ്വയം സഹായങ്ങള്‍ : ഇ പേയ്മെന്റ്, ബിൽവ്യൂ, ഉപഭോഗരീതി, മീറ്റര്‍ റീഡിംഗ് ഹിസ്റ്ററി എന്നിവ ഈ ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ സംവിധാനത്തിലൂടെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നു. ഉപഭോകതൃ സേവനത്തിനായി 680 ഇലക്ട്രിക്കല്‍ സെക്ഷനുകളെ ഈ വെബ്സൈറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ആര്‍.എ.പി.ഡി.ആര്‍.പി യുടെ പാര്‍ട്ട് ബി പ്രകാരം 1078.3 കോടി രൂപയുടെ 43 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 40 നഗരങ്ങളില്‍ 530.7 കോടി രൂപ അടങ്കലിലുള്ള പദ്ധതികള്‍ വകുപ്പടിസ്ഥാനത്തില്‍ നടന്നു കൊണ്ടിരിക്കുന്നു. മാര്‍ച്ച് 31, 2016 വരെ 307.45 കോടി രൂപയുടെ വര്‍ക്കുകള്‍ പൂര്‍ത്തിയായി തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ 547.5 കോടി രൂപയുടെ പദ്ധതികള്‍ ടേണ്‍ കീ അടിസ്ഥാനത്തില്‍ നടന്നു വരുന്നു. മാര്‍ച്ച് 31, 2016 വരെ 258.793 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.
ആകെ ഊര്‍ജ്ജ ഉപയോഗത്തിന്റെ 3 ശതമാനം എങ്കിലും 2022 ആകുമ്പോഴെക്കും പുനരാവര്‍ത്തക ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് ആകണമെന്നുള്ള റെഗുലേറ്ററി കമ്മീഷന്റെ നിബന്ധന നില നില്‍ക്കുന്നതിനാല്‍ (2010-11 വര്‍ഷം ഇത് 0.25% ആയിരുന്നു) കെ.എസ്.ഇ.ബി.എല്‍ തങ്ങളുടെ ഉപ സ്റ്റേഷനുകളിലെ ഒഴിവുള്ള സ്ഥലങ്ങളിലും പവര്‍ ഹൌസുകളിലും വൈദ്യുതി ഭവനങ്ങളുടെ റൂഫ് ടോപ്പുകളിലും വിവിധ സര്‍ക്കാര്‍ കെട്ടിടങ്ങളിലും സൗരോര്‍ജ്ജ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുവാന്‍ ലക്ഷ്യമിടുന്നു.
കേരളത്തിനകത്തും പുറത്തുമായി വിവിധ തരത്തിലുള്ള സൗരോര്‍ജ്ജ പദ്ധതികള്‍ വികസിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി.എല്‍ സൗരോര്‍ജ്ജ കോര്‍പ്പറേഷന്‍ ഇന്ത്യയുമായി ധാരണാപത്രം ഒപ്പു വെച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ 200 മെ.വാട്ട് ശേഷിയുള്ള സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുവാന്‍ കേന്ദ്ര നവീന നവീകരണീയ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അനുമതി മാര്‍ച്ച് 19, 2015 ന് ലഭിച്ചു. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി കെ.എസ്.ഇ.ബി.എല്‍ ഉം സൗരോര്‍ജ്ജ കോര്‍പ്പറേഷന്‍ ഇന്ത്യയുമായി സോളാര്‍ പവര്‍ പാര്‍ക്ക് ഡവലപ്പര്‍ (എസ്.പി.പി.ഡി.) എന്ന കൂട്ടു സംരംഭം ആരംഭിക്കുന്നതിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കി. 200 മെഗാവാട്ടില്‍ 50 മെഗാവാട്ട് പദ്ധതി ആരംഭിക്കുന്നതിന് ഒക്ടോബര്‍ 29, 2015ന് അനുമതി നല്കുകയും പണി ആരംഭിക്കുകയും ചെയ്തു.
നഗര പ്രദേശങ്ങളിലെ വിതരണ സൗകര്യം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജജ മന്ത്രാലയം ആവിഷ്ക്കരിച്ച പദ്ധതിയാണിത്. 33 കെ.വി സബ്സ്റ്റേഷന്റെ നിര്‍മ്മാണവും 11 കെ.വി സബ്സ്റ്റേഷനാവശ്യമായ മുകളിലൂടെയുളള ലൈന്‍ സ്ഥാപിക്കലും ഭൂമിക്കടിയിലൂടെയുള്ള കേബിളിടലും എല്‍.ടി. ലൈനുകളുടെ നിര്‍മ്മാണവും ട്രാന്‍സ്ഫോര്‍മറുകളുടെ സ്ഥാപനം, ഇലക്ട്രോ മെക്കാനിക്കല്‍ മീറ്ററുകള്‍ ഇലക്ട്രോണിക് മീറ്ററുകള്‍ ആയി മാറ്റി സ്ഥാപിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതിയ്ക്കായി 592.07 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതില്‍ 32.82 കോടി രൂപ കെ.എസ്.ഇ.ബി എല്‍. ന് കേന്ദ്ര വിഹിതമായി ലഭിച്ചിട്ടുണ്ട്.
എ.ടി.&.സി.നഷ്ടം കുറയ്ക്കുന്നതിനും വൈദ്യുതി എല്ലാ ഭവനങ്ങളില്‍ എത്തിക്കുന്നതിനും 24 മണിക്കൂറും വൈദ്യൂതി ലഭ്യമാക്കുന്നതിനുമായി ഊര്‍ജ്ജമന്ത്രാലയം ആവിഷ്ക്കരിച്ചതാണി പദ്ധതി. കേരളത്തിലെ 14 ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2016 ജനുവരി 5 ന് 485.37 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം 1,61,199 ഗ്രാമീണ ഭവനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കും. ഇതില്‍ 41,884 ഭവനങ്ങള്‍ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരാണ്. 33 കെ.വി. സബ്സ്റ്റേഷനുകളുടെയും 33 കെ.വി ലൈനുകള്‍ എന്നിവയുടെ നിര്‍മ്മാണം, വിതരണ ട്രാന്‍സ്ഫോര്‍മറുകളുടെ സ്ഥാപനം, ഊര്‍ജ്ജ മീറ്ററുകളുടെ മാറ്റി സ്ഥാപിക്കല്‍, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സർവ്വീസ് കണക്ഷനുകള്‍ നല്‍കല്‍ എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗ്രാമീണ വൈദ്യുതീകരണത്തിനും ഗ്രാമീണ വൈദ്യുതി വിതരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി മുമ്പ് നടപ്പിലാക്കി വന്നിരുന്ന രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ യോജന ഡി.ഡി.യു.ജി.ജെ.വൈ. പദ്ധതിയില്‍ ലയിപ്പിച്ചു. രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതികരണ്‍ യോജന (ആര്‍.ജി.ജി.വി.വൈ) യുടെ നടത്തിപ്പ് പുരോഗതി അനുബന്ധം 5.34 ല്‍ ചേര്‍ത്തിരിക്കുന്നു
2001 ലെ ഊര്‍ജ്ജ സംരക്ഷണ നിയമം അനുശാസിക്കുന്ന നടപടികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഊര്‍ജ്ജ ഓഡിറ്റ് നടത്തുവാന്‍ 2007 ല്‍ ഒരു ഊര്‍ജ്ജ ഓഡിറ്റ് സെല്‍ ചോദന പരിപാലന പരിപാടിയുടെ ഭാഗമായി രൂപീകരിച്ചു. ഊര്‍ജ്ജ ഓഡിറ്റിനും ഊര്‍ജ്ജ സംരക്ഷണത്തിനും ആവശ്യമായ കര്‍മ്മ പദ്ധതി രൂപീകരിക്കുന്നതിനായി താപ - ജല വൈദ്യുതി നിലയങ്ങളില്‍ ശില്പ ശാലകള്‍ സംഘടിപ്പിച്ചു. വൈദ്യുതി മോഷണം തടയുന്നതിനായി രൂപീകരിച്ച ഊര്‍ജ്ജ മോഷണ വിരുദ്ധ സ്ക്വാഡ് കഴിഞ്ഞ അഞ്ചു വര്‍ഷമായി വളരെ സജീവമാണ്. ഇതുവഴി ശേഖരിച്ച തുകയുടെ വിശാദാംശങ്ങള്‍ പട്ടിക 5.15 ല്‍ കൊടുത്തിരിക്കുന്നു.
ഇനം | 2011-12 | 2015-16 | വ്യതിയാനം (ശതമാനത്തില്‍) |
1 | 2 | 3 | 4 |
പരിശോധനകളുടെ എണ്ണം | 24090 | 34313 | 42.43 % |
രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം | 336 | 449 | 33.63 % |
കണക്കാക്കിയ തുക (കോടി രൂപയില്‍) | 17.39 | 31.33 | 80.16 % |
പിരിച്ചെടുത്ത തുക (കോടി രൂപയില്‍) | 11.35 | 18.69 | 64.66 % |
2015-16 വര്‍ഷം ഊര്‍ജ്ജ മോഷണ വിരുദ്ധ സ്ക്വോഡ് 34313 എണ്ണം പരിശോധനകള്‍ സംസ്ഥാനത്ത് നടത്തി. 449 കേസുകള്‍ ഇതു വഴി കണ്ടെത്തി.
കേരള സര്‍ക്കാരിന്റെ ഊര്‍ജ്ജ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയം ഭരണ സ്ഥാപനമായാണ് ഏജന്‍സി ഫോര്‍ നോണ്‍ കണ്‍ വെന്‍ഷണൽ എനര്‍ജി ആന്റ് റൂറല്‍ ടെക്നോളജി രൂപീകരിച്ചിട്ടുളളത്. സംസ്ഥാനത്ത് പാരമ്പര്യേതര ഊര്‍ജ്ജപ്രചരണത്തിനും നടപ്പാക്കലിനും അധികാരമുളള നോഡല്‍ ഏജന്‍സിയാണ് അനെര്‍ട്ട്.
സോളാര്‍ ഫോട്ടോവോള്‍ട്ടേക് പരിപാടികള്‍, സോളാര്‍ തെര്‍മല്‍ പരിപാടികള്‍, വിന്റ് എനര്‍ജി പരിപാടികള്‍, ബയോ ഗ്യാസ് പരിപാടികള്‍, മെച്ചപ്പെട്ട ചൂള, ബോധവത്ക്കരണ പ്രചാരണ പദ്ധതികള്‍ തുടങ്ങിയവയാണ് അനര്‍ട്ട് നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര നവീന നവീകരണീയ മന്ത്രാലയത്തിന്റെ സഹായങ്ങള്‍ ഇത്തരം പദ്ധതികള്‍ക്ക് ലഭിക്കുന്നുണ്ട്.
എനര്‍ജി മാനേജ്മെന്റ് സെന്റര്‍ - (ഇ.എം.സി) കേരള ഊര്‍ജ്ജ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയം ഭരണ സ്ഥാപനമാണ്. സംസ്ഥാനത്ത് ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, ഊര്‍ജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, ഗവേഷണം, പരിശീലനം, പ്രദര്‍ശന പരിപാടികള്‍, ബോധവല്‍ക്കരണം തുടങ്ങിയവയിലൂടെ ഊര്‍ജ്ജ സംരക്ഷണം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ വികസിപ്പിക്കല്‍ തുടങ്ങിയവ ഇ.എം.സിയുടെ പ്രധാന പ്രവര്‍ത്തനങ്ങളാണ്.
വിവിധ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ പരിശോധന, കാലിബറേഷന്‍ എന്നിവ നടത്തുക എന്നതാണ് മീറ്റര്‍ ടെസ്റ്റിംഗ് ആന്റ് സ്റ്റാന്റേര്‍ഡ് ലബോറട്ടറിയുടെ ലക്ഷ്യം. വോള്‍ട്ടേജ്, കറന്റ്, റെസിസ്റ്റന്‍സ് , ഫ്രീക്വന്‍സി, പവര്‍, പവര്‍ ഫാക്ടര്‍, എനര്‍ജി മുതലായവയുടെ കാലിബ്രേഷന്‍ അളക്കുന്നതിനുള്ള സൗകര്യങ്ങള്‍ നിലവില്‍ ഇവിടെ ലഭ്യമാണ്. പ്രൊട്ടക്ഷന്‍ റിലെ, ഇന്‍സ്ടുമെന്റ് ട്രാന്‍സ്ഫോര്‍മര്‍ എന്നിവയ്ക്കുള്ള പ്രീ കമ്മീഷണിംഗ് ടെസ്റ്റിംഗ് സൗകര്യം എന്നിവ ഇതിലുള്‍പ്പെടുന്നു. പവര്‍ ട്രാന്‍സ്ഫോര്‍മറുകള്‍, കേബിളുകള്‍, സര്‍ക്ക്യൂട്ട് ബ്രേക്കുകള്‍ എന്നിവയ്ക്കുള്ള പ്രീ കമ്മീഷണിംഗ് ടെസ്റ്റുകള്‍ എന്നിവ ഇവിടെ നടത്തപ്പെടുന്നു. ഇവിടെ നടത്തുന്ന എല്ലാ കാലിബറേഷനുകളും ടെസ്റ്റുകളും ദേശീയ, അന്തര്‍ ദേശീയ നിലവാരത്തിനൊത്തതാണ്. സംസ്ഥാനത്തെ എല്ലാ ഇലക്ട്രിക്കല്‍ അപകടങ്ങളും അന്വേഷിപ്പിക്കുന്നതും അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുന്നതും അപകടങ്ങള്‍ക്ക് ഉത്തരവാദിയായ വ്യക്തി/അധികാരികള്‍ എന്നിവര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതും ഈ വകുപ്പാണ്.
2015-16 വര്‍ഷത്തിലെ വകുപ്പിന്റെ പ്രധാന നേട്ടങ്ങള്‍ താഴെ പറയുന്നവയാണ്.
ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍സ് ആക്ട് പ്രകാരം 2002 ല്‍ സ്ഥാപിതമായ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ അര്‍ദ്ധ ജുഡീഷ്യല്‍ സ്വഭാവമുളള ഒരു സ്റ്റാറ്റ്യൂട്ടറി ഓര്‍ഗനൈസേഷന്‍ ആണ്. കേരള സംസ്ഥാനത്തെ ഊര്‍ജ്ജ രംഗത്ത് ഫലപ്രദവും കാര്യക്ഷമവുമായ നിയന്ത്രണ നടപടിക്രമങ്ങള്‍ സ്ഥാപിക്കുന്നതിന് കമ്മീഷന് സാധിച്ചിട്ടുണ്ട്.
2016-17 വര്‍ഷം കമ്മീഷന് ലഭിച്ചിട്ടുള്ള (സെപ്റ്റംബര്‍ 30, 2016 വരെ) കേസുകള്‍ തീര്‍പ്പാക്കുന്നതിനായി 31 ഹിയറിംഗുകള്‍ നടത്തി. കൂടാതെ ദൈനംദിന ഭരണ നിർവഹണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന്റെയും അന്തിമമാക്കുന്നതിന്റെയും ഭാഗമായും പെറ്റീഷനുകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടും ലൈസന്‍സികളുടെ അഗ്രഗേറ്റ് റവന്യു റിക്വയര്‍മെന്റും എക്സ്പെക്റ്റഡ് റവന്യൂ ചാര്‍ജ്ജുകളുടെ (എ.ആര്‍.ആര്‍ & ഇ.ആര്‍.സി) കാര്യങ്ങള്‍ക്കു വേണ്ടിയും സാധാരണ ഇന്റേണല്‍ മീറ്റിംഗുകളും കമ്മീഷന്‍ ഇക്കാലയളവില്‍ നടത്തുകയുണ്ടായി.
ഇക്കാലയളവില്‍ (സെപ്റ്റംബര്‍ 30, 2016 വരെ) കമ്മീഷനു ലഭിച്ച 25 പെറ്റീഷനുകളില്‍ 6 പെറ്റീഷനുകള്‍ ലൈസന്‍സികളുടെ എ.ആര്‍.ആര്‍.&ഇ.ആര്‍.സി സംബന്ധിച്ചവ ആയിരുന്നു. പെന്റിംഗ് പെറ്റീഷനുകള്‍ ഉള്‍പ്പെടെ 24 പെറ്റീഷനുകളില്‍ ഉത്തരവ് പുറപ്പെടുവിക്കുവാന്‍ കമ്മീഷനു സാധിച്ചു. 2016-17 വര്‍ഷം താഴെ പറയുന്ന ചട്ടങ്ങള്‍ രൂപീകരിക്കുവാനും സാധിച്ചു.
കുടുംബങ്ങളില്‍ ഉപയോഗിക്കുന്ന ഹരിതോര്‍ജജത്തിന്റെ വിപുലീകരണത്തെ സംബന്ധിച്ച് ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കുടുംബങ്ങളില്‍ പാചകാവശ്യത്തിനുപയോഗിക്കുന്ന ഇന്ധനത്തെ സംബന്ധിച്ച ദേശീയ തലത്തിലെ രണ്ട് പ്രധാന സർവ്വെകളുടെ ഫലങ്ങള്‍ ഊര്‍ജ്ജാസൂത്രണ രംഗത്ത് പ്രസക്തമാണ്. അതിനാല്‍ തന്നെ 2005-2006 വര്‍ഷം നടത്തിയ ദേശീയ കുടുംബ ആരോഗ്യ സർവ്വെ (എന്‍.എഫ്.എച്ച്.എസ്.3 ) യുടെയും 2011-12 വര്‍ഷം നടത്തിയ ദേശീയ സാംപിള്‍ സർവ്വെ ഓഫീസിന്റെ (എന്‍.എസ്.എസ്.ഓ) 68ാം റൌണ്ടിന്റെയും ഫലങ്ങള്‍ ഇപ്പോഴും പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടുംബങ്ങളില്‍ പാചകാവശ്യത്തിനുപയോഗിക്കുന്ന ഇന്ധനത്തെ സംബന്ധിച്ച എന്‍.എഫ്.എച്ച്.എസ് 3 യുടെ ഫലങ്ങളാണ് പട്ടിക 5.16 ല്‍ നല്‍കിയിരിക്കുന്നത്.
പാചക ഇന്ധനം | നഗരം | ഗ്രാമം | ആകമാനം | ഡിജ്ജൂറെ ജനസംഖ്യ |
വൈദ്യുതി | 0.2 | 0.1 | 0.1 | 0.2 |
എല്‍.പി.ജി / പ്രകൃതി വാതകം | 38.9 | 20.2 | 26.4 | 24.3 |
ബയോഗ്യാസ് | 2.3 | 0.7 | 1.3 | 1.2 |
മണ്ണെണ്ണ | 0.7 | 0.3 | 0.4 | 0.4 |
കരിക്കട്ട | 0.2 | 0.0 | 0.1 | 0.1 |
തടി / മരം | 40.5 | 50.3 | 47.0 | 49.2 |
വൈക്കോല്‍ / കച്ചി / പുല്ല് | 0.3 | 0.7 | 0.6 | 0.5 |
കാര്‍ഷിക വിളകളുടെ അവശിഷ്ടം | 16.7 | 27.3 | 23.8 | 24.0 |
മറ്റുള്ളവ | 0.3 | 0.3 | 0.3 | 0.1 |
ആകെ | 100.00 | 100.00 | 100.00 | 100.00 |
72 ശതമാനം കുടുംബങ്ങളും ഖര രൂപത്തിലുള്ള മുഖ്യമായും വിറകും കാര്‍ഷിക വിളകളുടെ അവശിഷ്ടങ്ങളുമാണ് പാചാകാവശ്യത്തിനുള്ള ഇന്ധനമായി ഉപയോഗിക്കുന്നതെന്ന് പട്ടിക 5.10ൽ നിന്ന് മനസ്സിലാക്കാം. ശുദ്ധമായ ഇന്ധനം (എല്‍.പി.ജി, പ്രകൃതി വാതകം, ബയോഗ്യാസ് മുതലായവ) പാചകാവശ്യത്തിന് ഉപയോഗിക്കുന്നത് 28% മാത്രമാണ്. (42 ശതമാനം നഗരങ്ങളിലും 21 ശതമാനം ഗ്രാമ പ്രദേശങ്ങളിലും).
എന്‍.എസ്.എസ്.ഒ.യുടെ 68-ാ റൌണ്ട് ഫലങ്ങള്‍ - പാചകാവശ്യത്തിനുള്ള ഇന്ധനം
കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലും നഗരങ്ങളിലും പാചകാവശ്യത്തിനുപയോഗിക്കുന്ന പ്രാഥമിക ഊര്‍ജജ സ്രോതസ്സിന്റെ വിവരങ്ങള്‍ (എന്‍.എസ്.എസ്.ഒ. യുടെ 68-ാം റൌണ്ടിന്റെ ഫലങ്ങള്‍ പ്രകാരമുള്ളത് ) പട്ടിക 5.17 ല്‍ ചേര്‍ത്തിരിക്കുന്നു.
എന്‍.എസ്.എസ്.ഒ.യുടെ 68-ാ റൌണ്ട് ഫലങ്ങള്‍ - പാചകാവശ്യത്തിനുള്ള ഇന്ധനം
കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലും നഗരങ്ങളിലും പാചകാവശ്യത്തിനുപയോഗിക്കുന്ന പ്രാഥമിക ഊര്‍ജജ സ്രോതസ്സിന്റെ വിവരങ്ങള്‍ (എന്‍.എസ്.എസ്.ഒ. യുടെ 68-ാം റൌണ്ടിന്റെ ഫലങ്ങള്‍ പ്രകാരമുള്ളത് ) പട്ടിക 5.17 ല്‍ ചേര്‍ത്തിരിക്കുന്നു.
മേഖല | മരക്കരി/കല്‍ക്കരി | വിറകും ചീളുകളും | എല്‍.പി.ജി | ഡങ്ങ് കേക്ക് | മണ്ണെണ്ണ | മറ്റു സ്രോതസ്സുകള്‍ | പാചക സൌകര്യ മില്ല | ആകെ |
ഗ്രാമം | 1 | 663 | 308 | 0 | 1 | 7 | 20 | 1000 |
നഗരം | 0 | 363 | 554 | 0 | 6 | 5 | 72 | 1000 |
പട്ടിക 5.17ൽ സൂചിപ്പിക്കുന്നത്, കേരളത്തിലെ ഗ്രാമങ്ങളില്‍ ഇപ്പോഴും പ്രധാനമായി പാചകാവശ്യത്തിനുപയോഗിക്കുന്ന ഇന്ധനം വിറകും ചീളുകളും ആണ് എന്നതാണ്. നഗരങ്ങളില്‍ പാചകത്തിന് മുഖ്യമായും ഉപയോഗിക്കുന്നത് എല്‍.പി.ജി യാണ്. എങ്കിലും നഗരങ്ങളിലെ ജനസംഖ്യയില്‍ മൂന്നില്‍ ഒന്ന് ഇപ്പോഴും ആശ്രയിക്കുന്നത് വിറകും ചീളുകളെയും തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് സൂചിപ്പിക്കേണ്ട മറ്റൊരു ശ്രദ്ധേയമായ ഫലം പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളില്‍ പാചകാവശ്യത്തിന് എല്‍. പി.ജി ഉപയോഗിക്കുന്നത് കൂടുതല്‍ തമിഴ്നാട്ടിലും (37.2 ശതമാനം) അതിന് പിറകിലായി കേരളവുമാണ് (30.8 ശതമാനം) അതുപോലെ തന്നെ നഗര പ്രദേശങ്ങളില്‍ പാചകാവശ്യത്തിന് വിറകും ചീളുകളും കൂടുതല്‍ ഉപയോഗിക്കുന്നത് ഒഡീഷ (36.5 ശതമാനം) യിലും തുടര്‍ന്ന് കേരളത്തിലുമാണ് (36.3 ശതമാനം). സർവ്വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് കുടുംബങ്ങള്‍ പാചകാവശ്യത്തിന് കൂടുതല്‍ ആശ്രയിക്കുന്നത് വിറകിനെയും അനുബന്ധ ഉല്‍പ്പന്നങ്ങളെയും ആണ് എന്നതാണ്. അതിനാല്‍ തന്നെ കുടുംബങ്ങളില്‍ ഹരിതോര്‍ജ്ജ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കേണ്ടതിനും പ്രാധാന്യമുണ്ട്.
കുറിപ്പുകള്‍:- എന്‍.എഫ്.എച്ച്.എസ് 3 കേരളത്തില്‍ സർവ്വെ നടത്തിയത് 3023 കുടുംബങ്ങളില്‍ ഗ്രാമ നഗര പ്രാതിനിധ്യപ്രകാരമാണ്. ഇതിന്റെ ഫലങ്ങള്‍ 2008 ഡിസംബറിലാണ് പ്രസിദ്ധീകരിച്ചത്
കുറിപ്പുകള്‍: എന്‍.എസ്.എസ്. ഓ – 68ാം റൌണ്ട്. കേരളത്തില്‍ ടൈപ്പ് – 1, ടൈപ്പ് – 2 ഷെഡ്യൂളുകളില്‍ ആയി നഗര – ഗ്രാമ പ്രദേശങ്ങളിലാകെ 8921 വീടുകളില്‍ സർവ്വെ നടത്തി. ഇതിലെ പാചകാവശ്യത്തിനും പ്രകാശാവശ്യത്തിനുമുള്ള ഇന്ധന ഉപയോഗം സംബന്ധിച്ച സര്‍വെ ഫലങ്ങള്‍ 2015 ജൂലൈയിലാണ് പ്രസിദ്ധീകരിച്ചത്. എന്‍.എസ്.എസ്. ഓ ഡാറ്റായിലെ പാചകത്തിനുള്ള പ്രാഥമിക ഇന്ധനം എന്നതു കൊണ്ടുദ്ദേശിക്കുന്നത് സർവ്വെക്ക് മുമ്പുള്ള 30 ദിവസം പാചകത്തിന് കൂടുതല്‍ ഉപയോഗിച്ച ഇന്ധനം എന്നതാണ്.
കേരളത്തിന്റെ ഭാവിയിലെ ഊര്‍ജ്ജ ആവശ്യകത നേരിടുക എന്നത് ഈ മേഖലയിലെ പ്രധാനപ്പെട്ട വെല്ലുവിളിയാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഈ മേഖലയില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധാപൂർവ്വം പരിഗണിച്ചാല്‍ മാത്രമെ ഇവ മറികടക്കുവാന്‍ സാധിക്കുകയുള്ളു. ഊര്‍ജ്ജ വില്‍പന എക്സ്ചേഞ്ച് മുഖാന്തിരം ആരംഭിച്ചതും ദേശീയ തലത്തിലും മേഖലാതലത്തിലും ഗ്രിഡുകള്‍ ശക്തിപ്പെടുത്തിയതും കേരളത്തിന്റെ പരമ്പരാഗത സ്ഥാപിത ശേഷി വര്‍ദ്ധനവിലെ പോരായ്മകള്‍ ആധുനികവും നൂതനവുമായ രീതികള്‍ വഴി പരിഹരിക്കാനുള്ള സാധ്യതകള്‍ തുറന്നു തന്നു. ജൈവ ഇന്ധനങ്ങളുടെ കാര്യത്തിലും അജൈവ, പുനരാവര്‍ത്തക ഊര്‍ജ്ജ സ്രോതസ്സുകളുടെ കാര്യത്തിലും ഇത് ബാധകമാണ്. ഈ പുതിയ സാഹചര്യത്തില്‍ പ്രസരണ വിതരണ ശൃംഖല ആവശ്യമായ വിസ്തൃതിയിലും കാര്യക്ഷമതയിലും ശക്തിപ്പെടുത്തേണ്ടതും പ്രാധാന്യമര്‍ഹിക്കുന്നു.