പശ്ചാത്തല സൗകര്യം

പ്രോജക്ട് രൂപകല്പനയും ഫിനാന്‍സിംഗും

വിജയസാധ്യതയുള്ള ഒരു പ്രോജക്ട് ആസൂത്രണം ചെയ്യുന്നതില്‍ പ്രോജക്ട് രൂപകല്പനയ്ക്ക് ഗണനീയമായ സ്ഥാനമുണ്ട്. മിക്കപ്പോഴും പ്രോജക്ടുകള്‍ ലക്ഷ്യം നേടാത്തതിന് കാരണമായിത്തീരുന്നത് തെറ്റായ പ്രോജക്ട് രൂപകല്പനയും പ്രോജക്ടിനായുള്ള ധനശേഖരണ മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച മതിയായ ധനകാര്യ ആസൂത്രണമില്ലായ്മയുമാണ്. ഒരു ധനകാര്യ സ്രോതസ്സും ഇല്ലാത്തതോ, പരിമിതമായ ധനകാര്യ സ്രോതസ്സുള്ളതോ ആയ ദീര്‍ഘകാല ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍, വ്യാവസായിക പ്രോജക്ടുകള്‍ അല്ലെങ്കില്‍ പൊതുസേവനങ്ങള്‍ ഇവയ്ക്ക് ആവശ്യമായ ധനലഭ്യത ഉറപ്പാക്കുക എന്നതാണ് പ്രോജക്ട് ഫിനാന്‍സിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രോജക്ടില്‍ നിന്നും ലഭ്യമാകുന്ന ധനത്തില്‍ നിന്നാണ് പ്രോജക്ടിനായി ഉപയോഗിച്ച കടങ്ങളും ഇക്വിറ്റിയും തിരിച്ചടച്ചുവരുന്നത്. സാമ്പ്രദായികമായി മിക്ക പ്രോജക്ടുകള്‍ക്കും ധനം ലഭ്യമാക്കിയിരുന്നത് ബഡ്ജറ്റ് വിഹിതത്തിലൂടെയാണ്. പ്രോജക്ടുകളില്‍ നിന്നുമുള്ള ആദായം ഒരു ശ്രദ്ധാകേന്ദ്രം ആയിരുന്നില്ലാതാനും. എന്നാല്‍ കാലക്രമേണ ബഡ്ജറ്റ് വിഹിതം വഴി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കായി പണം കണ്ടെത്തുന്നത് സംസ്ഥാനത്തിന് ക്ലേശകരമായിത്തീര്‍ന്നു.

സംസ്ഥാനത്തെ മൂലധനചെലവ് വളരെ കുറഞ്ഞത് സംസ്ഥാനത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ ഗുണനിലവാരമില്ലായ്മയെ പ്രതി ഫലിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ മൂലധനചെലവ് 5 മുതല്‍ 7 ശതമാനം വരെ ആകുമ്പോള്‍ കേരളത്തിന്റെ മൂലധനചെലവ് 2 ശതമാനത്തിലും താഴെ മാത്രമാണ്. (പട്ടിക 5.19).

പട്ടിക 5.19
2013-14 വര്‍ഷത്തെ CAPEX/GSDP അനുപാതം
ക്രമ നം. സംസ്ഥാനം CAPEX/GSDP (ശതമാനത്തില്‍)
1. ഉത്തര്‍പ്രദേശ് 7.05
2. ആന്ധ്രാപ്രദേശ് 5.74
3. രാജസ്ഥാന്‍ 5.58
4. കര്‍ണ്ണാടക 5.39
5. ഒഡീഷ 5.23
6. ഗുജറാത്ത് 4.91
7. മദ്ധ്യപ്രദേശ് 4.53
8. തമിഴ്നാട് 3.57
9. മഹാരാഷ്ട്ര 2.23
10. ഹരിയാന 1.98
11. പശ്ചിമബംഗാള്‍ 1.85
12. കേരളം 1.79
13. പഞ്ചാബ് 1.27
അവലംബം: സംസ്ഥാന ധനസ്ഥിതി സംബന്ധിച്ച 2016 ജൂണ്‍-ലെ ധവളപത്രം

സംസ്ഥാന മൂലധനചെലവ്, ആഭ്യന്തരഉല്പാദനവളര്‍ച്ചാ ശതമാനം വച്ചു നോക്കിയാല്‍ രണ്ടില്‍ താഴെയാണ്. 2007-08 മുതലുള്ള മൂലധനചെലവ് ആഭ്യന്തരഉല്പാദനവളര്‍ച്ചയുടെ ശതമാനകണക്കില്‍ പട്ടിക 5.20 ചേര്‍ക്കുന്നു.മൂലധനവിനിയോഗവും സംസ്ഥാനവരുമാനവുമായുള്ള അനുപാതം വളരെ കുറവായ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഒട്ടുമിക്ക ഇതര സംസ്ഥാനങ്ങളിലും ഈ അനുപാതം കേരളത്തിന്റെ 5 ഇരട്ടിയാണ്. കൂടാതെ കേരളത്തിന്റെ മൂലധനഅടങ്കലും മറ്റുസംസ്ഥാനങ്ങളിലെ മൂലധനഅടങ്കലുമായുള്ള അന്തരം കൂടിക്കൊണ്ടിരിക്കയാണ്. ഇത് സംസ്ഥാനത്തിന്റെ ആഭ്യന്തരഉല്പാദനവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. തദ്വാരാ ഇത് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയേയും ബാധിക്കുന്നു.

പട്ടിക 5.20
2007-08 മുതല്‍ 2016-17 വരെയുള്ള മൂലധനചെലവ് സംസ്ഥാനആഭ്യന്തര ഉല്പാദന വളര്‍ച്ചയുടെ ശതമാനക്കണക്കില്‍
2007-08 2008-09 2009-10 2010-11 2011-12 2012-13 2013-14 2014-15 2015-16 2016-17
Actual Actual Actual Actual Actual Actual Actual Actual RE RBE
0.89 0.89 1.26 1.49 1.58 1.64 1.24 0.96 1.22 1.56
അവലംബം: ബജറ്റ് രേഖകള്‍, ധനകാര്യവകുപ്പ്, കേരളം

പട്ടിക 5.21 കേരളത്തിലെ മുന്‍ വര്‍ഷങ്ങളിലെ മൂലധനചെലവിലുള്ള കുറവ് ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന അക്കൌണ്ടിലെ റവന്യൂ ചെലവായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഗ്രാന്റുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും ഇതിന്റെ 40 മുതല്‍ 50 ശതമാനം വരെയും ചെലവഴിച്ചിരിക്കുന്നത് ക്യാപ്പിറ്റല്‍വര്‍ക്കുകള്‍ക്കായാണ്. ഇത് കണക്കിലെടുത്താലും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ കുറവ് വളരെവലുതാണ്. മറ്റു അയല്‍ സംസ്ഥാനങ്ങളുടെ CAPEX/GSDP റേഷ്യോയുടെ ആവറേജാണ് കേരളം ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ കേരളത്തിന് ആഭ്യന്തരഉല്പാദനവളര്‍ച്ചയുടെ 4 ശതമാനം ആസ്തിനിര്‍മ്മാണ ജോലികള്‍ക്കായി നീക്കിവയ്ക്കേണ്ടതായിട്ടുണ്ട്. ഇതനുസരിച്ചാണെങ്കില്‍ 2016 ലെ മൂലധനചെലവിനായി 24000 കോടി രൂപ ആവശ്യമായി വരും. ബജറ്റില്‍ നിന്നും തുക ചെലവഴിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇതില്‍നിന്നും മൂലധനവിനിയോഗത്തിനായി തുക ചെലവഴിക്കുന്നതിന് പരിധി ഉണ്ടാകും സംസ്ഥാനത്തെ പ്രധാനപ്പെട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും ബജറ്റിതരസ്രോതസ്സുകള്‍ വിവിധങ്ങളായധനകാര്യ, ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ മുഖേന സ്വരൂപിക്കേണ്ടതുണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ കുറവു പരിഹരിക്കുന്നതിനും പണം ലഭ്യമാക്കുന്നതിനുമായുള്ള നൂതനമാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കുകയെന്നതാണ് ഗവണ്മെന്റിന്റെ പ്രഥമ പരിഗണനയിലുള്ള നിര്‍ണ്ണായക വിഷയങ്ങളിലൊന്ന്.

പട്ടിക 5.21
2001-2006 കാലയളവിലെ സംസ്ഥാനത്തിന്റെ മൂലധനചെലവ്
കാലയളവ് വര്‍ഷം CAPEX (തുക കോടിയില്‍) GR ശതമാനം ശരാശരി GR ശതമാനം
2001-06 2001-02 558.36 -3.26 7.97
2002-03 698.66 25.13
2003-04 639.71 -8.44
2004-05 681.75 6.57
2005-06 816.95 19.83
2006-11 2006-07 902.58 10.48 34.73
2007-08 1474.58 63.37
2008-09 1695.60 14.99
2009-10 2059.39 21.45
2010-11 3363.69 63.33
2011-16 2011-12 3852.92 14.54 18.31
2012-13 4603.29 19.48
2013-14 4294.33 -6.71
2014-15 4254.59 -0.93
2015-16 7027.34 65.17
അവലംബം: സംസ്ഥാന ധനസ്ഥിതി സംബന്ധിച്ച ജൂണ്‍ 2016-ലെ ധവളപത്രം

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്

ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കായി ധനനിക്ഷേപം ത്വരിതപ്പെടുത്തുന്നതിനുവേണ്ടി 2016 ല്‍ ഗവണ്മെന്റ് നടത്തിയ ഒരു സുപ്രധാന ചുവട് വയ്പ്പാണ് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (KIIFB) യുടെ നവീകരണം. സംസ്ഥാനത്തെ പ്രധാനപ്പെട്ടതും ബൃഹത്തായതുമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്ക് ആവശ്യമായ ഫണ്ട് (മധ്യ/ദീര്‍ഘകാലാവധികള്‍ക്കുള്ള) കണ്ടെത്തുന്നതിനായി കേരള ധനകാര്യ വകുപ്പിന്റെ കീഴില്‍ സ്ഥാപിച്ചിട്ടുള്ളതാണ് KIIFB. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മാനേജുചെയ്യുന്നതിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ആക്ട് 1999 (Act 4 of 2000) പ്രകാരം 11-11-1999 ലാണ് ഇത് നിലവില്‍ വന്നത്. സംസ്ഥാന ഗവണ്മെന്റിന്റെ ഗ്യാരണ്ടിയില്‍ പ്രൈവറ്റ് മേഖലയില്‍ നിന്നും മൂന്ന് സീരിസിലുള്ള റിഡീമബിള്‍ ആന്റ് നോണ്‍ കണ്‍വര്‍ട്ടബിള്‍ നോണ്‍ സ്റ്റാറ്റ്യൂട്ടറി ലെന്‍ഡിംഗ് റേറ്റ് ബോണ്ടുകള്‍ വഴിയായി 1023.71 കോടി രൂപ ഈ ബോര്‍ഡ് ഫണ്ടായി സമാഹരിച്ചു.

2016 ആഗസ്റ്റില്‍, KIIFB യെ മുഖ്യമന്ത്രി ചെയര്‍മാനും ധനകാര്യമന്ത്രി വൈസ് ചെയര്‍മാനുമായി ശാശ്വതമായ പിന്‍തുടര്‍ച്ചയുള്ള ഒരു ബോഡികോര്‍പ്പറേറ്റായി പുന:സംഘടിപ്പിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, നിയമവകുപ്പ് സെക്രട്ടറി, ധനകാര്യവകുപ്പ് സെക്രട്ടറി, ഫിനാന്‍സ് റിസോഴ്സ് സെക്രട്ടറി, എന്നീ അംഗങ്ങള്‍ കൂടാതെ ധനകാര്യം, ബാങ്കിംഗ്, ഇക്കണോമിക്സ് എന്നിവയിലൊന്നോ അതിലധികമോ മേഖലകളില്‍ ദേശീയ ഖ്യാതിയുള്ള ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഏഴ് വിദഗ്ധര്‍ സ്വതന്ത്ര അംഗങ്ങളായും ഈ ബോര്‍ഡിലുണ്ട്. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ബോര്‍ഡിന്റെ CEO യും മെമ്പര്‍സെക്രട്ടറിയും.

ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള മാന്ദ്യവിരുദ്ധ പാക്കേജിന്‍ കീഴില്‍ ആസൂത്രണം ചെയ്തിട്ടുള്ള പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുക, അടിസ്ഥാനസൗകര്യ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനായി ബജറ്റിനു പുറത്തായി 50000 കോടി രൂപ സമാഹരിക്കുക എന്നിവയാണ് ബോര്‍ഡ് വിഭാവനം ചെയ്യുന്ന കര്‍ത്തവ്യങ്ങള്‍. ഈ ബോര്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റിനായി ധനസ്രോതസ്സുകള്‍ കണ്ടത്തുന്നത് ത്വരിതപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. മോട്ടോര്‍ വാഹന നികുതിയുടെ 10 ശതമാനവും പെട്രോള്‍ സെസ്സിന്റെ 1 ശതമാനവും KIIFB യിലേക്ക് എത്തും. ഈ ഫണ്ടിലേക്കുള്ള എല്ലാ നിക്ഷേപങ്ങളും അതിന്റെ നിയമപരമായ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണോ ഉപയോഗിക്കുന്നതെന്നും, ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നില്ല എന്നും ഫണ്ട് ട്രസ്റ്റിയും അഡ്വൈസറികമ്മീഷനും ഉറപ്പുവരുത്തുന്നു.

സംസ്ഥാനത്തെ ഗതാഗതം, ജലശുചീകരണം, ഊര്‍ജ്ജം, സോഷ്യല്‍/കൊമേഴ്സ്യല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ഐറ്റി, ടെലീകമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളിലെ പി.പി.പി.പ്രോജക്ടുകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ പരിശോധിക്കുക, അംഗീകരിക്കുക, ഫണ്ടിംഗ് നടത്തുക എന്നീ ജോലികള്‍ നിര്‍വ്വഹിച്ചുകൊണ്ട് സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്മെന്റിനുള്ള സഹായം നല്കുന്ന ഒരു നോഡല്‍ എജന്‍സിയാണ് KIIFB. KIIFB യില്‍ നിന്നും ധനസഹായം ലഭ്യമാക്കുന്നതിനാവശ്യമായ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടക്കാല ആവശ്യങ്ങള്‍ക്കായി നിബന്ധനകൂടാതെയുള്ള ഗവണ്‍മെന്റ് ഗ്യാരന്റിയോടെ ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ടുകളും, തിരിച്ചടവ് ഘടന വിഭാവനം ചെയ്തിട്ടുള്ള റവന്യൂ ബോണ്ടുകളും പുറപ്പെടുവിക്കുവാനും, ദീര്‍ഘകാലആവശ്യങ്ങള്‍ക്കായി ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്(AIF), ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് (InVIT). ഇന്‍ഫ്രാസ്ട്രക്ചര്‍ ഡബ്റ്റ് ഫണ്ട് (IDF) എന്നിവ വഴി ഫണ്ട് കണ്ടെത്തുന്നതിനും ആയതിലേക്ക് വേണ്ട സ്ഥാപനസംബന്ധിയായ ചട്ടക്കൂട് രൂപീകരിക്കുന്നതിനുമുള്ള നടപടികളും KIIFB എടുത്തിട്ടുണ്ട്. റിസര്‍വ് ബാങ്കും, സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്‍ഡ്യ (SEBI)യും അംഗീകരിച്ചിട്ടുള്ള അഡ്വാന്‍സ്ഡ് ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റ്സ് വഴിയുള്ള സ്രോതസ്സുകള്‍ ചടുലമാക്കുന്നതിനായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്മെന്റ് കോര്‍പ്പറേഷന്‍ (IFMC) രൂപീകരിക്കാനും KIIFB തീരുമാനം എടുത്തിട്ടുണ്ട്. 2016 നവംബര്‍ 7ന് കൂടിയ KIIFBയുടെ ഒന്നാം ബോര്‍ഡ് മീറ്റിംഗ് 4004.86 കോടി രൂപയുടെ 48 പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്കിയിട്ടുണ്ട്.

പ്രോജക്ട് ഫിനാന്‍സിംഗ് സെല്‍, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ്

ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ വിഭവശേഷിക്കുറവ് പരിഹരിക്കുന്നതിനായി, സ്വകാര്യമേഖലയിലെ ധനസ്രോതസ്സുകള്‍ ആകര്‍ഷിക്കുന്നതരത്തിലുള്ള പ്രോജക്ടുകള്‍ രൂപപ്പെടുത്തുന്നതിന് സഹായിക്കുന്നതിനായി 2012-ല്‍ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡില്‍ പ്രോജക്ട് ഫിനാന്‍സിംഗ് സെല്‍ (പി.എഫ്.സി) രൂപീകൃതമായി. കേരളത്തിലെ പൊതുസ്വകാര്യപങ്കാളിത്തമുള്‍പ്പെടെയുള്ള എല്ലാ പ്രോജക്ടുകളുടെയും ബജറ്റിതര സ്രോതസ്സുകളുടെ സാധ്യത പരിശോധിക്കുക, 5 കോടിരൂപയില്‍ കൂടുതല്‍ അടങ്കലുള്ള എല്ലാ പ്രോജക്ടുകളുടെയും ധനപരവും സാമ്പത്തികപരവുമായ വിജയസാധ്യത പരിശോധിക്കുക എന്നിവയാണ് പി.എഫ്.സി യുടെ ദൌത്യങ്ങള്‍. സെല്ലിന്റെ രൂപീകരണം മുതല്‍ തന്നെ ഇപ്രകാരമുള്ള പ്രോജക്ടുകള്‍ പരിശോധിക്കുകയും, ഇതിനാവശ്യമായ ഫണ്ട് ബജറ്റിതരസ്രോതസ്സുകളില്‍ നിന്നും കണ്ടെത്തുന്നതിനുസഹായിക്കത്തക്കതരത്തില്‍ പ്രോജക്ട് രൂപപ്പെടുത്താന്‍ പി.എഫ്.സി സഹായം നല്കുകയും ചെയ്തുവരുന്നു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പദ്ധതിപ്രകാരമുള്ള സഹായങ്ങള്‍ നേടിയെടുക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിലേക്കുമായി കേന്ദ്രഗവണ്‍മെന്റിന്റെ വിവിധ നയങ്ങളെയും പദ്ധതികളെയും സംബന്ധിച്ചുള്ള അറിയിപ്പുകള്‍ യഥാസമയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങളും പി.എഫ്.സി. ചെയ്തുവരുന്നു.

മാതൃകാ പ്രോജക്ടുകളുടെ വികസനം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പി.പി.പി വഴി നടപ്പിലാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാതൃകാപ്രോജക്ടുകള്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പി.എഫ്.സി ഏറ്റെടുത്തിട്ടുണ്ട്. 2016-17 കാലയളവില്‍ M/s ഇന്‍കെല്‍ ലിമിറ്റഡ് മുഖേന പി.പി.പി വഴി നടപ്പിലാക്കാന്‍ സാധിക്കുന്ന “ലേഡീസ് ഷോര്‍ട്ട്സ്റ്റേ ഹോസ്റ്റല്‍” ന്റെയും തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പി.പി.പി വഴി നടപ്പിലാക്കാന്‍ സാധിക്കുന്ന ‘മള്‍ട്ടീലെവല്‍ കാര്‍ പാര്‍ക്കിംഗ് ’ന്റെയും സാധ്യതാപഠനറിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക് കുറഞ്ഞകാലയളവിലേക്ക് പിക്ക് & ഡ്രോപ്പ്, ജിംനേഷ്യം, വൈ-ഫൈ തുടങ്ങിയ എല്ലാ ആധുനിക സ•കര്യങ്ങളോടും കൂടി സുരക്ഷിത താമസസ•കര്യം ഒരുക്കുക എന്നതാണ് ‘ലേഡിസ് ഷോര്‍ട്ട് സ്റ്റേ ഹോസ്റ്റല്‍’ എന്ന പ്രോജക്ട് വഴി ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നത്. തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മാതൃകാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുകൊണ്ട് കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലും ഇത്തരം ലേഡീസ് ഷോര്‍ട് സ്റ്റേ സംവിധാനം നടപ്പിലാക്കാന്‍ സാധിക്കുമോ എന്ന സാധ്യതയും ഈ സാദ്ധ്യതാപഠനറിപ്പോര്‍ട്ട് പരിശോധിച്ചു. ഈ പ്രോജക്ട് നടപ്പിലാക്കുന്നതിനായി രണ്ടു രീതികള്‍ ഈ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. (i) സ്ഥലവും ആന്വിറ്റിയും നല്കുക അല്ലെങ്കില്‍ (ii) സ്ഥലവും വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (VGF)തുകയും നല്കുക എന്നിവയാണ് അവ. തിരുവനന്തപുരം മെഡിക്കല്‍കോളേജിന്റെ പരിസരത്ത് ബഹുനില വാഹനപാര്‍ക്കിംഗ് സ•കര്യത്തിന്റെ സാധ്യതാപഠനമാണ് നടത്തിയത്. ബി.ഒ.റ്റി മാതൃകയില്‍ പാര്‍ക്കിംഗ് സ•കര്യം നടപ്പിലാക്കുന്നതിനായി രണ്ട് ഇടങ്ങളാണ് സാധ്യതാപഠന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പൊതുസ്വകാര്യപങ്കാളിത്ത പ്രോജക്ടുകള്‍

റോഡ് വികസനം, തുറമുഖനിര്‍മ്മാണം, നഗരപ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലെ പ്രോജക്ടുകളാണ് പൊതുസ്വകാര്യപങ്കാളിത്തരീതിവഴി കൂടുതലായും നടപ്പിലാക്കി വരുന്നത്. ആന്വിറ്റി മാതൃകയിലെ തിരുവനന്തപുരം നഗരറോഡ് വികസന പ്രോജക്ട്, DBFOT മാതൃകയിലെ വിഴിഞ്ഞം തുറമുഖം, DBOT മാതൃകയിലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നിവയാണ് സംസ്ഥാനത്തെ പ്രധാന പി.പി.പി പ്രോജക്ടുകള്‍. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് പി.പി.പി പ്രോജക്ടുകളുടെ എണ്ണം തുലോം കുറവാണ്. ആയതിനാല്‍ സ്വകാര്യ നിക്ഷേപം സംസ്ഥാനത്തേയ്ക്ക് ആകര്‍ഷിക്കുവാനായി യോജിച്ച പരിശ്രമം നടത്തേണ്ടിയിരിക്കുന്നു.

top