ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ഭവനം. ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്ത്വങ്ങളില്‍ ശരിയായ പാര്‍പ്പിടം ഉറപ്പു നല്‍കിയിട്ടുള്ളതാണ് . ഭവന നിര്‍മ്മാണം ഉള്‍പ്പെടെയുള്ള സാമൂഹിക സംരംഭങ്ങളില്‍ ചരിത്രപരമായിത്തന്നെ കേരളം മുന്നിട്ടു നില്‍ക്കുന്നുണ്ട്. 1970-കളുടെ തുടക്കത്തില്‍ തന്നെ കേരളം 100000 കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള ഒരു ബൃഹത്തായ ഭവന നിര്‍മ്മാണ പദ്ധതി കൊണ്ടു വരികയും അതിനെ പാര്‍പ്പിട മേഖലയിലെ മാര്‍ഗ്ഗദര്‍ശിയായ ഒരു പദ്ധതിയായി ആഹ്വാനം ചെയ്യുകയും ചെയ്തു. അതുമുതല്‍ ഓരോ കുടുബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പുവരുത്തുക എന്ന ഭവന നിര്‍മ്മാണ നയം കേരളത്തിലെ ഓരോ സര്‍ക്കാരുകളും പിന്തുടര്‍ന്നു പോന്നിരുന്നു. കേരളത്തിലെ ഭവന നിര്‍മ്മാണ സാഹചര്യം ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് എങ്കിലും ഇവിടത്തെ ജനസംഖ്യയിലെ ഒരു മുഖ്യഭാഗം മതിയായ പാര്‍പ്പിട സൗകര്യമില്ലായ്മ എന്ന പ്രശ്നം നേരിട്ടു വരുന്നുണ്ട്. ഇപ്പോള്‍ പാര്‍പ്പിടമില്ലായ്മ പ്രത്യേകിച്ച് ഭൂരഹിതരും ഗുണമേന്മയില്ലാത്ത പഴകിപ്പൊളിഞ്ഞ വീടുകളുള്ളവരുമായ സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ പ്രശ്നങ്ങളാണ് കേരളത്തിലെ ഭവന നിര്‍മ്മാണ മേഖല അഭിമുഖീകരിക്കുന്നത്.
2011-ലെ പാര്‍പ്പിട സെന്‍സസ് പ്രകാരം കേരളത്തില്‍ ഓരോ 1000 പേര്‍ക്കും 336 വീടുകള്‍ വീതമുണ്ട്. (ഇന്ത്യയിലിത് 1000 പേര്‍ക്ക് 273 വീടുകളാണ്). ഓരോ വീടുകളുടേയും വലുപ്പവും ഗുണമേന്മയും ഇന്ത്യയില്‍ ആകമാനമുള്ളതിനേക്കാള്‍ വളരെ മുന്നിലാണ്. ഇവിടെ മൂന്നില്‍ രണ്ടിലേറെ കുടുംബങ്ങള്‍ ഗുണമേന്മയുള്ള വീടുകളിലാണ് തമസിക്കുന്നത്, എന്നാലിതിന്റെ ഇന്ത്യന്‍ ശരാശരി 53.1 ശതമാനമാണ്. എന്നിരുന്നാലും കേരളത്തിലെ ഓരോ വീടിനുമുള്ള നിര്‍മ്മാണച്ചെലവിന്റെ ശരാശരി ഇന്ത്യയിലാകമാനമുള്ളതിന്റെ നാലിരട്ടി കൂടുതലാണ്. ഏറ്റവും പുതിയ പാര്‍പ്പിട സെന്‍സസിലും കേരളത്തിലെ ആകെ വീടുകളില്‍ 10.6 ശതമാനവും ആളൊഴിഞ്ഞു കിടക്കുന്നതായാണ് കാണിക്കുന്നത്. പക്ഷേ, അതേ സമയം സമൂഹത്തിലെ പ്രബലമല്ലാത്ത പാവപ്പെട്ട മേഖലകളിലെ കുടുംബങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ഇപ്പോഴും ഉചിതമായ പാര്‍പ്പിട സൌകര്യമില്ല. അവഗണിക്കപ്പെട്ട സാമൂഹ്യ ഗണങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന ഭവന നിര്‍മ്മാണ അസമത്വങ്ങളില്‍ നമ്മുടെ സംസ്ഥാനം മുന്നിലാണു താനും.
പന്ത്രണ്ടാം പദ്ധതികാലയളവില്‍ ഉയര്‍ന്ന ജീവിത നിലവാരം, ആരോഗ്യകരമായ ചുറ്റുപാട്, അടിസ്ഥാന സൌകര്യ വികസനം എന്നിവ ഉറപ്പാക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സാമ്പത്തിക ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കും താഴ്ന്നവരുമാനക്കാര്‍ക്കും നിലവാരമുള്ള ഭവന നിര്‍മ്മാണ സേവനങ്ങള്‍ നല്‍കുന്നതിലൂടെ ‘എല്ലാവര്‍ക്കും അനുയോജ്യവും താങ്ങാനാവുന്നതുമായ ഭവനം’ എന്നൊരു നയം കേരളം രൂപീകരിച്ചിട്ടുണ്ട്. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെയും നിര്‍മ്മിതി കേന്ദ്രത്തിന്റെയും സ്വാധീനവും വ്യാപ്തിയും മെച്ചപ്പെടുത്തുക എന്നത് 12-ാം പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ബോര്‍ഡിന്റെ ഭവന നിര്‍മ്മാണ മേഖലയിലുള്ള പ്രധാന സംരംഭങ്ങളാണ് ഗൃഹശ്രീ, വനിതാ ഉദ്യോഗസ്ഥര്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മ്മാണം എന്നീ പദ്ധതികള്‍.
2016-ല്‍ അധികാരത്തില്‍ വന്ന കേരളത്തിലെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശാവഹമായ ഒരു ഭവന നിര്‍മ്മാണ/ജീവനോപാധി ലഭ്യമാക്കുന്ന പദ്ധതിയാണ് ‘ലൈഫ്’(ജീവനോപാധി ഉള്‍പ്പെട്ടതും സാമ്പത്തിക ശാക്തീകരണമുള്ളതും). ഇതാകാം പതിമൂന്നാം പദ്ധതിക്കാലത്തെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രം. പരിശീലനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൌകര്യങ്ങളും ഒരുമിച്ചു നല്‍കുന്ന ഒരു സമഗ്ര ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭൂരഹിത- ഭവന രഹിതര്‍ക്കായി ഒരു സമ്പൂര്‍ണ്ണ പുനരധിവാസ പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ഏകദേശം 4.32 ലക്ഷം കുടുംബങ്ങള്‍ നേരിട്ട് ഇതിന്റെ ഗുണഭോക്താക്കളാകും എന്നു പ്രതീക്ഷിക്കുന്നു. ഭവന നിര്‍മ്മാണ മേഖലയില്‍ പതിമൂന്നാം പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പിന്റെ കരട് റിപ്പോര്‍ട്ട് പ്രകാരം ആകെയുള്ളതില്‍ 1.58 ലക്ഷം ഭൂരഹിതരും ഭവന രഹിതരുമാണ്. 2.3 ലക്ഷം പേര്‍ക്ക് ഭൂമിയുണ്ട്. പക്ഷേ ഭവന രഹിതരാണ്, 44000 വീടുകളാകട്ടെ പണി പൂര്‍ത്തിയാകാത്തതുമാണ്. സംസ്ഥാനത്തെ ഭവന നിര്‍മ്മാണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, മുതലായവയുടെ സഹായത്തോടുകൂടി ഭൂരഹിതരുടേയും ഭവന രഹിതരുടേയും പണിതീരാത്ത വീടുകളുടേയും സമഗ്രമായ ഒരു പട്ടിക തയ്യാറാക്കും. മറ്റു വകുപ്പുകളിലെ നിലവിലുള്ള ഭവന പദ്ധതികളെ ഈ പദ്ധതിയുടെ കുടക്കീഴിലാക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു ദൗത്യങ്ങളില്‍ ഒന്നാണ് “ലൈഫ് പദ്ധതി”.
സംസ്ഥാനത്ത് ധാരാളം ഏജന്‍സികള്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ട്. കുടുംബശ്രീ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ഭവന ഫെഡറേഷന്‍, കേരള സംസ്ഥാന പട്ടികജാതി/പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. സര്‍ക്കാരിതര ഏജന്‍സികളായ കോസ്റ്റ്ഫോര്‍ഡ്, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്, കേരള പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പോലുള്ള കേര്‍പ്പറേഷനുകള്‍,സഹകരണ സംഘങ്ങള്‍ മുതലായവയും ഭവന നിര്‍മ്മാണ മേഖലയെ സഹായിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാരിതര സംഘടനകളും ഈ മേഖലയില്‍ കാര്യമായി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തൊഴില്‍, മത്സ്യത്തൊഴിലാളി, സൈനികക്ഷേമം, നഗര കാര്യം, ന്യൂനപക്ഷക്ഷേമം തുടങ്ങിയ വകുപ്പുകളും സാമ്പത്തിക ദുര്‍ബ്ബല വിഭാഗക്കാര്‍ക്കും പാവപ്പെട്ട തൊഴിലാളികള്‍ക്കും താങ്ങാനാകുന്ന തരത്തിലുള്ള വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഈ ഏജന്‍സികള്‍/വകുപ്പുകള്‍ 2011-12 മുതല്‍ 2016-17 വരെയും 4,76,490 വീടുകളുടെ നിര്‍മ്മാണത്തിന് സഹായം നല്‍കിയിട്ടുണ്ട്. ഈ വീടുകളില്‍ 90 ശതമാനവും ഭൂമി കൈവശമുള്ളവര്‍ക്കു വേണ്ടിയായിരുന്നുവെന്ന് 2015-16 വരെയുള്ള വിവരങ്ങള്‍ കാണിക്കുന്നു. ഈ സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ ആദ്യം ഭൂരഹിതരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാണ് ലൈഫ് ശ്രമിക്കുന്നത്. കേരളത്തിലെ വിവിധ ഭവന നിര്‍മ്മാണ ഏജന്‍സികള്‍ നടപ്പിലാക്കിയ പ്രധാനപ്പെട്ട ഭവന പദ്ധതികളിലെ നേട്ടങ്ങള്‍ അനുബന്ധം 5.59-ല്‍ കൊടുത്തിരിക്കുന്നു.
ഭവന നിര്‍മ്മാണത്തിന് ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പകളായും സ്വന്തം സ്രോതസ്സുകളില്‍ നിന്നോ, സര്‍ക്കാരില്‍ നിന്നും ഗ്രാന്റുകളായോ സാമ്പത്തിക സഹായം ലഭിക്കുന്നു. യഥാസമയം തിരിച്ചടയ്ക്കാനുള്ള വരുമാനമുള്ളവര്‍ക്കേ വായ്പകള്‍ ലഭ്യമാക്കൂ, അതുകൊണ്ടു തന്നെ സാമ്പത്തിക ദുര്‍ബ്ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വായ്പാ സൗകര്യം എളുപ്പത്തില്‍ ലഭിക്കാറില്ല. 2015-16-ലും, 2016 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലും കേരളത്തിലെ പൊതുമേഖലാ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും 1655 ഭവന വായ്പകള്‍ അനുവദിക്കുകയും 21644.58 ലക്ഷം രൂപ വിതരണം ചെയ്യുകയും ചെയ്തു. 2010-11 മുതല്‍ 2016-17 വരെയുള്ള ഭവന നിര്‍മ്മാണ വായ്പകളുടെ വിവരങ്ങള്‍ അനുബന്ധം 5.60-ലും പ്രധാന ധനകാര്യ സ്ഥാപനങ്ങളിലെ ഭവന നിര്‍മ്മണ വായ്പകളുടെ പലിശ നിരക്കുകള്‍ അനുബന്ധം 5.61-ലും കൊടുത്തിരിക്കുന്നു.
നവീന ഭവന പദ്ധതി
ദൂരദേശങ്ങളില്‍ നിന്നും നഗര പ്രദേശങ്ങളില്‍ വന്നു താമസിക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് വാടകയ്ക്ക് ഫ്ലാറ്റുകള്‍ നല്‍കുന്ന പദ്ധതി. 2015-16 കാലയളവില്‍ നിര്‍മ്മിച്ച 24 ഫ്ലാറ്റുകള്‍ ഉള്‍പ്പെടെ ആകെ 160 ഫ്ലാറ്റുകള്‍ തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട് തുടങ്ങിയ വിവിധ നഗര കേന്ദ്രങ്ങളിലായി ഈ പദ്ധതിയിന്‍ കീഴില്‍ നിര്‍മ്മിച്ചു.
ഗൃഹശ്രീ ഭവന പദ്ധതി
ഇതില്‍ സാമ്പത്തിക ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും വീടു നിര്‍മ്മിക്കുന്നതിന് ഓരോ വീടിനും 2 ലക്ഷം രൂപ വീതം സാമ്പത്തികസഹായം സര്‍ക്കാര്‍ സബ്സിഡിയായി നല്‍കുന്നു. സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഗുണഭോക്താക്കളുടെ സ്വന്തം സ്ഥാലത്താണ് നിര്‍മ്മാണം. ഈ പദ്ധതിയില്‍ 2015-16 കാലയളവില്‍ 709 വീടുകള്‍ക്ക് സഹായം നല്‍കുകയും ആകെ 1081 വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.
സാഫല്യം ഭവന പദ്ധതി
(ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കായി ഫ്ലാറ്റുകളുടെ നിര്‍മ്മാണം)
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അടിസ്ഥാന സൗകര്യങ്ങളുടേയും ആനുകൂല്യസേവനങ്ങളുടേയും രൂപീകരണമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. 280 ച.അടി നിര്‍മ്മിക്കുന്നതിന് ചെലവ് 3.50 ലക്ഷം രൂപ (2 ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡി ഒരു ലക്ഷം രൂപ- ഹഡ്കോ ലോണ്‍, 0.25 ലക്ഷം സര്‍ക്കാരിതര സന്നദ്ധസംഘടനാ വിഹിതം, 0.25 ലക്ഷം ഗുണഭോക്തൃ വിഹിതം). 2015-16-ല്‍ ഏകദേശം 48 ഫ്ലാറ്റുകളും 2016-17 സെപ്റ്റംബര്‍ 30 വരെ 24 ഫ്ലാറ്റുകളും ഈ പദ്ധതിയിന്‍ കീഴില്‍ പൂര്‍ത്തീകരിച്ചു.
ഭവന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശ്രീ. പി.എച്ച്.കുര്യന്‍ ഐ.എ.എസ്, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിലെ മുഖ്യ കെട്ടിട നിര്‍മ്മാണ വിദഗ്ദ്ധനായ പത്മശ്രീ ജി. ശങ്കര്‍ എന്നിവര്‍ സഹ-അദ്ധ്യക്ഷന്മാരായി ‘ഭവന നിര്‍മ്മാണം’ എന്ന മേഖലയില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതി (2017-22)യുടെ രൂപീകരണത്തോടനുബന്ധിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഒരു വര്‍ക്കിംഗ് രൂപീകരിച്ചു. 11-ഉം 12-ഉം പഞ്ചവത്സര പദ്ധതികളുടെ കാലത്ത് സംസ്ഥാനകേന്ദ്ര സര്‍ക്കാരുകള്‍ ഭവന നിര്‍മ്മാണ മേഖലയില്‍ കൊണ്ടുവന്ന പദ്ധതികളുടെ നേട്ടങ്ങള്‍ വിശകലനം ചെയ്യുക, കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പാര്‍പ്പിടവും ജീവനോപാധിയും ലക്ഷ്യമിട്ടുകൊണ്ടുള്ള പുതിയ പദ്ധതി ‘ലൈഫ്’ നടപ്പിലാക്കുന്നതില്‍ അഭിമുഖീകരിക്കുന്ന പ്രത്യേക വെല്ലുവിളികളുടെ രൂപരേഖയുണ്ടാക്കുക, കേരളത്തില്‍ കുടിയേറിപ്പാര്‍ക്കുന്ന ജനങ്ങള്‍ക്ക് വാടകയ്ക്ക് വാസസൗകര്യം ലഭ്യമാക്കും, 13-ാം പദ്ധതി കാലയളവില്‍ ഭവന നിര്‍മ്മാണ മേഖലയില്‍ ഏറ്റെടുക്കാവുന്ന പദ്ധതികള്‍ നിര്‍ദ്ദേശിക്കുകയും ആവശ്യാടിസ്ഥാനത്തിലും വാസയോഗ്യവുമായ ചെലവു കുറഞ്ഞ പരിസ്ഥിതി സൗഹൃദ വീടുകളുടെ/ഫ്ലാറ്റുകളുടെ രൂപകല്പനയുടെ സാധ്യതകള്‍ കണ്ടെത്തുകയും ചെയ്യുക എന്നിവയാണ് മറ്റു പല കാര്യങ്ങളുടെയും കൂട്ടത്തില്‍ ഈ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങള്‍ ആരാഞ്ഞ വിഷയങ്ങള്‍.
ന്യായമായ നിരക്കില്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാക്കുന്നതിനു വേണ്ടി ഒരു മാര്‍ജിന്‍ഫ്രീ വിപണി ‘കലവറ’ എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു. ഇതിന്റെ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുവാനുള്ള നടപടികള്‍ എടുത്തുകഴിഞ്ഞു. അന്തരിച്ച പ്രശസ്ത ശില്പി പത്മശ്രീ ഡോ. ലാറി ബേക്കറുടെ ഓര്‍മ്മയ്ക്കായി ലാറി ബേക്കര്‍ അന്താരാഷ്ട്ര പരിസ്ഥിതി പഠന ഗവേഷണ സ്ഥാപനം സ്ഥാപിക്കപ്പെട്ടു. ഇത് സംസ്ഥാനത്തുടനീളമുള്ള 750 പേര്‍ക്ക് സ്വയംതൊഴിലിനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിലേയ്ക്കായി 50 കൈത്തൊഴില്‍ പരിശീലന കോഴ്സുകള്‍ പൂര്‍ത്തിയാക്കി. ഈ സ്ഥാപനം പ്രീഫാബ് നിര്‍മ്മാണ വിദ്യയുടെ പ്രചാരത്തിനായി ഏകദേശം 400 ച.അടിയില്‍ ഒരു പ്രീ-ഫാബ് കെട്ടിടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഭവന നിര്‍മ്മാണ മേഖലയില്‍ ചെലവു കുറവും സുരക്ഷിതവും പരിസ്ഥിതിയ്ക്ക് ഇണങ്ങിയതും ദുരന്ത പ്രതിരോധശേഷിയുള്ളതുമായ ഒരു പുതിയ സാങ്കേതിക വിദ്യയാണ് പ്രീ-ഫാബ്. നിര്‍മ്മാണ സാമഗ്രികളും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളും ചുരുങ്ങിയ തോതില്‍ മതി എന്നതിനാല്‍ ഇതിലൂടെ കെട്ടിട നിര്‍മ്മാണത്തിനുള്ള സമയം ലാഭിക്കുന്നു. പ്രകൃതിയ്ക്ക് നിര്‍മ്മാണ പ്രക്രിയ കൊണ്ടുള്ള ക്ഷതം ഏറ്റവും കുറവാണ് എന്നതും പ്രീ-ഫാബ് ഉറപ്പ് തരുന്നു.
അംഗങ്ങളായുള്ള പ്രാഥമിക സഹകരണ ഭവന നിര്‍മ്മാണ സംഘങ്ങള്‍ക്ക് (പി,സി.എച്ച്.എസ്) ഭവന നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും സാമ്പത്തിക സൗകര്യങ്ങള്‍ നല്‍കുന്നു. സാമ്പത്തിക ദുര്‍ബ്ബലവിഭാഗം, താഴ്ന്നവരുമാനക്കാര്‍, ഇടത്തരവരുമാനക്കാര്‍, മറ്റുള്ളവര്‍ എന്നിവര്‍ക്കായി 2015-16 കാലത്ത് 2344 വീടുകളുടെ നിര്‍മ്മാണത്തിനായി 8149.4 ലക്ഷം രൂപയും 2016-17 സെപ്റ്റംബര്‍ 30 വരെ 665 വീടുകള്‍ക്കായി 2314.11 ലക്ഷം രൂപയും വിതരണം ചെയ്തു. ഭവന നിര്‍മ്മാണ ഫെഡറേഷന്‍ സഹായം നല്‍കിയ വീടുകളുടെ എണ്ണവും വിതരണം ചെയ്ത തുകയും അനുബന്ധം 5.61-ല്‍ ചേര്‍ത്തിട്ടുണ്ട്.
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍, പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, ശാരീരിക വൈകല്യമുള്ളവര്‍ തുടങ്ങിയ സമൂഹത്തിലെ മറ്റു ദുര്‍ബ്ബലവിഭാഗക്കാര്‍ക്കും സാമ്പത്തികമായി താഴേക്കിടയിലുള്ളവര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും പ്രത്യേക ഊന്നല്‍ കൊടുത്തുകൊണ്ട് മതിയായതും താങ്ങാനാവുന്നതുമായ പാര്‍പ്പിടങ്ങളുടെ അഭാവം പരിഹരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി 2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നയം രൂപീകരിക്കുകയുണ്ടായി. അതേ വര്‍ഷം തന്നെ ഇന്ത്യയില്‍ ‘ആകര്‍ഷകവും സുസ്ഥിരവും സമഗ്രവുമായ ഒരു വാടക വിപണി’ ഉണ്ടാക്കുന്നതിനായി ഭവന നിര്‍മ്മാണ- നഗര ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന മന്ത്രാലയം,ദേശീയ നഗര വാടക ഭവന നിര്‍മ്മാണ നയ (എന്‍.യു.ആര്‍.എച്ച്.പി)ത്തിനു രൂപം കൊടുത്തു. ഈ മിഷനു കീഴില്‍ ചേരിനിവാസികളല്ലാത്ത 2 കോടി നഗര ദാരിദ്ര്യ കുടുംബങ്ങളെ ഉള്‍പ്പെടുത്തുവാനാണ് ഉദ്ദേശിക്കുന്നത്. അതിനാല്‍ പുതിയ വിഷനിലൂടെ പരിഹരിക്കുവാനായി വിഭാവനം ചെയ്യുന്ന ഭവന ക്ഷാമം 20 ദശലക്ഷമാണ്. 2015-22 കാലയളവിലാണ് ഈ മിഷന്‍ നടപ്പാക്കുന്നത്. ഇത് നഗരപ്രാദേശിക സ്ഥാപനങ്ങള്‍ക്കും മറ്റു പദ്ധതി നിർവ്വഹണ ഏജന്‍സികള്‍ക്കും കേന്ദ്രവിഹിതം ലഭ്യമാക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) (2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും (നഗരം) ഭവനം) എന്ന സര്‍ക്കാരിന്റെ ബൃഹത്തായ പദ്ധതിയുടെ കീഴില്‍ നഗര ദരിദ്രര്‍ക്കായി പ്രത്യേകിച്ച് സമൂഹത്തിലെ സാമ്പത്തിക ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും 2022 വര്‍ഷത്തോടെ ഏകദേശം 2 കോടി താങ്ങാനാകുന്ന വീടുകള്‍ സൃഷ്ടിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ കൊണ്ടു വന്ന ഈ പദ്ധതി ഒരു ലക്ഷം മുതല്‍ 2.30 ലക്ഷം വരെ വായ്പയോടുകൂടിയ ധനസഹായം ഗുണഭോക്താക്കള്‍ക്കു നല്‍കും.