കൂടുതല്‍ ദൂരത്തില്‍ ഉയര്‍ന്ന വോള്‍ട്ടേജുള്ള പ്രത്യേകിച്ച് 110 കെ.വി.യോ അതിലുപരിയോ വോള്‍ട്ടേജുള്ള വൈദ്യുതി മൊത്തമായി എത്തിക്കുക എന്നതാണ് വൈദ്യുതി പ്രസരണത്തിലൂടെ അര്‍ത്ഥമാക്കുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്നും വൈദ്യുതി കൊണ്ടു വരുന്നതിനും അതിന്റെ ഫലപ്രദമായ വിതരണത്തിനും മെച്ചപ്പെട്ട പ്രസരണ സൗകര്യം അത്യാവശ്യമാണ്. ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങള്‍, ലൈന്‍ വലിക്കുന്നതിലെ പ്രശ്നങ്ങള്‍ എന്നിവ മൂലം പ്രസരണ രംഗത്ത് ഉദ്ദേശിച്ച പല പ്രവര്‍ത്തികളും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 2015-16 വര്‍ഷം പൂര്‍ത്തീകരിക്കുവാന്‍ ലക്ഷ്യമിട്ടിരുന്ന 12 എണ്ണം 110 കെ.വി ഉപസ്റ്റേഷനുകളില്‍ 8 ഉപസ്റ്റേഷനുകളുടെ നിര്‍മ്മാണവും 66 കെ.വി. ഉപസ്റ്റേഷനുകളുടെ കാര്യത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ ലക്ഷ്യമിട്ടിരുന്ന 4 എണ്ണത്തില്‍ 3 ഉപസ്റ്റേഷനുകളുടെ നിര്‍മ്മാണവും ഇക്കാലയളവില്‍ പൂര്‍ത്തിയായി. 33 കെ.വി ഉപസ്റ്റേഷനുകളില്‍ 3 എണ്ണമാണ് പൂര്‍ത്തിയായത്. എന്നാല്‍ 220 കെ.വി ഉപസ്റ്റേഷനുകളില്‍ ഒന്നും തന്നെ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിട്ടില്ല. കേരളത്തിന്റെ പ്രസരണ സംവിധാനം സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 5.30 ലും അനുബന്ധം 5.31 ലും നല്‍കിയിരിക്കുന്നു.
400 കെ.വി. ശേഷിയുള്ള മൈസൂര്‍ അരീക്കോട് ലൈന്‍ ഒക്ടോബര്‍ 14, 2015 ന് കമ്മീഷന്‍ ചെയ്തതാണ് 2015-16 വര്‍ഷത്തെ പ്രധാന നേട്ടം. സംസ്ഥാനന്തര ഫീഡറുകളുടെ വര്‍ദ്ധനവിന്റെ ഫലമായി ഇറക്കുമതി ശേഷി 1800 മെ.വാട്ടില്‍ നിന്ന് 2400 മെ.വാ. ആയി വര്‍ദ്ധിപ്പിക്കുവാന്‍ സാധിച്ചു. ഒക്ടോബര്‍ 22, 2015 മുതല്‍ സി.എസ്.പി.ഡി.സി എല്‍ (എന്‍.വി.വി.എന്‍) നിന്ന് 297 മെ.വാ. എത്തിക്കുന്നതിനുള്ള മധ്യകാല പ്രവേശന മാര്‍ഗ്ഗം സജ്ജീകരിച്ചിട്ടുണ്ട്. 2015-16 വര്‍ഷം മൈതന്‍, ഡി.വി.സി എന്നീവിടങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള ദീര്‍ഘകാല പ്രവേശന മാര്‍ഗ്ഗം ഡിസംബര്‍ 17, 2015ലും മാര്‍ച്ച് 4, 2016 ലും യഥാക്രമം സജ്ജമായിട്ടുണ്ട്.
പ്രസരണ വിതരണ നഷ്ടം ശൃംഖലയിലെ എല്ലാ നഷ്ടത്തെയും പ്രതിനിധികരിക്കാത്തതിനാലാണ് മൊത്തം സാങ്കേതിക – വാണിജ്യ നഷ്ടം എന്ന ആശയം ഉരുതിരിഞ്ഞു വന്നത്. മൊത്തം സാങ്കേതിക വാണിജ്യ നഷ്ടം ശൃംഖലയിലെ സാങ്കേതികവും വാണിജ്യവുമായ എല്ലാ നഷ്ടങ്ങളേയും ഉള്‍ക്കൊള്ളുകയും സംവിധാനത്തിലെ മൊത്തം നഷ്ടത്തിനെ സൂചിപ്പിക്കുകയും ചെയ്യുന്നു. 2015-16 വര്‍ഷം മൊത്തം സാങ്കേതിക വാണിജ്യ നഷ്ടം 16.04% ആയും പ്രസരണ വിതരണ നഷ്ടം 14.37% ആയും കുറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് പ്രസരണ വിതരണ നഷ്ടം കുറച്ചു കൊണ്ടു വരുന്നതില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കെ.എസ്.ഇ.ബിയ്ക്കു കഴിഞ്ഞിട്ടുണ്ട് എന്നതാണ്. കേടായ മീറ്റര്‍ മാറ്റി സ്ഥാപിച്ചതിലൂടെയും ഊര്‍ജ്ജ മോഷണം തടഞ്ഞതിലൂടെയും പുതിയ ലൈനുകളും ഉപ സ്റ്റേഷനുകളും സ്ഥാപിച്ചും ഉപ ട്രാന്‍സ്മിഷന്‍ മെച്ചപ്പെടുത്തിയും എ.പി.ഡി ആര്‍.പി പദ്ധതിയിലൂടെ വിതരണശൃംഖല മെച്ചപ്പെടുത്തിയും ആധുനിക വല്ക്കരണം നടത്തിയും 2003-04 മുതല്‍ പ്രസരണ വിതരണ നഷ്ടം സ്ഥിരമായി കുറയ്ക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷമായുളള പ്രസരണ വിതരണ നഷ്ടം അനുബന്ധം 5.32 –ല്‍ കൊടുത്തിരിക്കുന്നു. പ്രസരണ വിതരണ നഷ്ടം കഴിഞ്ഞ അഞ്ചു വര്‍ഷമായി കുറഞ്ഞു വരുന്നത് ചിത്രം 5.11 ല്‍ കൊടുത്തിരിക്കുന്നു. 2011-12 മുതല്‍ 2015-16 വരെ പ്രസരണ വിതരണ നഷ്ടം 1.25 ശതമാനം കുറവ് രേഖപ്പെടുത്തി.