രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക വികസനത്തിനും മാനവിക ക്ഷേമത്തിനും ഊര്‍ജ്ജം നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. കാര്യക്ഷമവും ആശ്രയിക്കത്തക്കതുമായ ഊര്‍ജ്ജം മിതമായ വിലയ്ക്ക് ലഭ്യമാക്കുക എന്നത് സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനും തദ്വാര മനുഷ്യ പുരോഗതിക്കും അത്യവശ്യ ഘടകമാണ്. വരുമാനം, തൊഴില്‍, ജീവിതനിലവാരം തുടങ്ങിയവ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനും തദ്വാര സാമ്പത്തിക വികസനത്തിനും ഈ മേഖല സംഭാവന നല്‍കുന്നു. ആവശ്യമായ ഊര്‍ജ്ജം മിതമായ നിരക്കില്‍ ഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഏതൊരു വികസ്വര രാജ്യത്തിന്റെയും സമഗ്ര വികസനത്തിന് ഊര്‍ജ്ജോല്പാദനം ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ്.
ഹരിത ഗ്രഹ വാതകങ്ങളുടെ പ്രസരണം നിയന്ത്രിക്കുക എന്നത് പ്രത്യേകിച്ച് കാര്‍ബണ്‍ ഡയോക്സൈഡിന്റെത്, അടുത്ത കാലത്ത് ഊര്‍ജ്ജ മേഖല നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ്. കാലാവസ്ഥ വ്യതിയാന ലഘൂകരണ നടപടികളുടെ പ്രസക്തി അതിനാല്‍ തന്നെ വര്‍ഷം തോറും വര്‍ദ്ധിച്ചു വരുകയാണ്. ഈ വെല്ലുവിളി നേരിടുവാന്‍ ജൈവേതര ഇന്ധന സ്രോതസ്സുകളുടെ, പ്രത്യേകിച്ച് പുനരാവര്‍ത്തക ഊര്‍ജജ സ്രോതസ്സുകളായ കാറ്റ്-സോളാര്‍ മുതലായവയുടെ, പങ്ക് മുമ്പത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതായി.
ഇന്ത്യയില്‍ താപ വൈദ്യുതിയാണ് ഊര്‍ജ്ജ സ്രോതസ്സുകളില്‍ പ്രധാനമായിട്ടുള്ളത്. ഇത് രാജ്യത്തിന്റെ മൊത്തം സ്ഥാപിത ശേഷിയുടെ 70 ശതമാനം വരുന്നു. നാഷണല്‍ ഗ്രിഡിലേക്ക് വിവിധ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നു് സെപ്റ്റംബര്‍ 30, 2016 അടിസ്ഥാനമാക്കിയുള്ള ഊര്‍ജ്ജ വിഹിത ശതമാനവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വ്യതിയാനവും പട്ടിക 5.8 ല്‍ കൊടുത്തിരിക്കുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ മൊത്തം ഊര്‍ജ്ജ സ്ഥാപിത ശേഷി 3,06,358 മെഗാവാട്ടാണ്. പുനരാവര്‍ത്തക ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജ്ജ ഉല്‍പാദനം ജല വൈദ്യുതി ഉല്‍പാദനത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി എന്നതാണ് ഇക്കാലയളവില്‍ സംഭവിച്ച പ്രധാന സംഭവ വികാസം. മേഖല തിരിച്ചുള്ള ആകെ സ്ഥാപിത ശേഷിയുടെ കണക്കുകള്‍ പ്രകാരം 1,02,089.9 മെഗാവാട്ട് (33 ശതമാനം) സംസ്ഥാന മേഖലയില്‍ നിന്നും 76,312 മെഗാവാട്ട് (25 ശതമാനം) കേന്ദ്ര മേഖലയില്‍ നിന്നും 1,27,956 മെഗാവാട്ട് (42 ശതമാനം) സ്വാകര്യ മേഖലയില്‍ നിന്നുമാണ്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വളര്‍ച്ചാനിരക്ക് (21.29 ശതമാനം) നേടിയത് പുനരാവര്‍ത്തക ഊര്‍ജ്ജത്തിലാണെന്ന് മുകളില്‍ നല്‍കിയ പട്ടികയില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ പ്ലാന്റ് ലോഡ് ഫാക്ടര്‍ കുറവായതിനാല്‍ യഥാര്‍ത്ഥ ഊര്‍ജ്ജ പ്രദാനത്തില്‍ ഇവയുടെ പങ്ക് തെര്‍മല്‍ - ജല സ്രോതസ്സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവായിരിക്കും .
ഊര്‍ജ്ജം | 30.9.2015 അനുസരിച്ചുള്ള സ്ഥാപിതശേഷി(മെ.വാ.) | മൊത്തം സ്ഥാപിത ശേഷിയുടെ ശതമാനം | 30.9.2016 അനുസരിച്ചുള്ള സ്ഥാപിതശേഷി(മെ.വാ.) | മൊത്തം സ്ഥാപിത ശേഷിയുടെശതമാനം | മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്ന മാറ്റം ശതമാനത്തില്‍ |
(1) | (2) | (3) | (4) | (5) | (6) |
താപവൈദ്യുതി | 194200 | 69.68 | 213228.90 | 69.60 | 9.79 |
ജല വൈദ്യുതി | 42283 | 15.17 | 43112.43 | 14.07 | 1.96 |
ആണവോര്‍ജ്ജം | 5780 | 2.07 | 5780 | 1.89 | - |
പുനരാവര്‍ത്തക ഊര്‍ജ്ജം | 36,471 | 13.08 | 44236.92 | 14.44 | 21.29 |
ആകെ | 278734 | 100.00 | 306358.25 | 100.00 | 9.91 |
ജലം, താപം, കാറ്റ്, സൂര്യന്‍ എന്നീ നാല് ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നാണ് കേരളത്തില്‍ വൈദ്യുതോല്പാദനം നടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ജലം, താപം എന്നീ സ്രോതസ്സുകളില്‍ നിന്നാണ് . കാറ്റ്, സൂര്യന്‍ എന്നിവയില്‍ നിന്ന് നാമമാത്രമായ ഉല്പാദനം മാത്രമേ നടക്കുന്നുളളു. കേരളത്തില്‍ ജല വൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനം പ്രധാനമായും കാലവര്‍ഷത്തെ ആശ്രയിച്ചാണ് നില നില്‍ക്കുന്നത്. മഴ ലഭ്യതയിലുണ്ടാകുന്ന കുറവ് കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കാറുണ്ട്.എന്നിരിക്കിലും ജല വൈദ്യുതിയാണ് കൂടുതല്‍ വിശ്വാസവും ആശ്രയയോഗ്യവുമായ സംസ്ഥാനത്തിന്റ പ്രധാന ഊര്‍ജ്ജ സ്രോതസ്സ്. ഈ പരിഗണനകള്‍ക്കെല്ലാമപ്പുറം ഹരിത ഗ്രഹ വാതക പ്രസരണത്തിന്റെ സ്രോതസ്സല്ലാത്തതിനാല്‍ ജല വൈദ്യുതി ഒരു ഫലപ്രദമായ പുനരാവര്‍ത്തക ഊര്‍ജ്ജ സ്രോതസ്സാണ്, പുനരാവര്‍ത്തക ഊര്‍ജ്ജ സ്രോതസ്സുകളുടെ ഔദ്യോഗിക വര്‍ഗ്ഗീകരണത്തില്‍ ഇത് ഉള്‍പ്പെടുന്നില്ലെങ്കില്‍ പോലും.
സംസ്ഥാനത്തെ ഊര്‍ജ്ജ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍ താഴെ പറയുന്നവയാണ് :
ഭാരത സര്‍ക്കാര്‍ 11/6/2015 ലെ സി.ഇ.എ.പി.എല്‍.ജി / ഡി.എം.എല്‍.എഫ് / പി.എസ്./2/19 ഇ.പി.എസ്/ 2014 നമ്പര്‍ ഉത്തരവ് പ്രകാരം സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും മേഖല തിരിച്ചും അഖിലേന്ത്യ തലത്തിലുമുള്ള ഇലക്ട്രിസിറ്റി ചോദനത്തിന്റെ ഹൃസ്വ, മധ്യ, ദീര്‍ഘകാല ആസൂത്രണത്തിനുള്ള കണക്കുകള്‍ തയ്യാറാക്കുന്നതിനായി 19ാം ഇലക്ട്രിക്ക് പവര്‍ സര്‍െവ്വ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പ്രസ്തുത കമ്മിററിയുടെ പരിശോധന വിഷയങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു. 1) സംസ്ഥാനാടിസ്ഥാനത്തിലും / കേന്ദ്ര ഭരണ പ്രദേശാടിസ്ഥാനത്തിലും / മേഖല തിരിച്ചും അഖിലേന്ത്യതലത്തിലും 13ാം പദ്ധതി കാലയളവില്‍ ഉണ്ടാകാനിടയുള്ള ഇലക്ട്രിസിറ്റി ചോദനത്തിന്റെ വര്‍ഷം തിരിച്ചുള്ള അളവ് 2) ദീര്‍ഘകാലാടിസ്ഥാനത്തില്‍ വര്‍ഷം തിരിച്ച് 14ാം പദ്ധതി കാലത്തേക്കും (2021-22 മുതല്‍, 2026-27 വരെ) 15,16 പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷങ്ങളിലേക്കും (2031-32 ഉം 2036-37 ഉം) പ്രതീക്ഷിക്കാവുന്ന ഇലക്ട്രിസിറ്റി ചോദനത്തിന്റെ അളവ്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 15 മാസത്തിനകം സമര്‍പ്പിക്കും.
മേഖലാടിസ്ഥാനത്തിലും ദേശീയാടിസ്ഥാനത്തിലും വൈദ്യുതി ഗ്രിഡിന്റെ വികസനം കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഉല്‍പാദകരില്‍ നിന്നും സ്രോതസ്സുകളില്‍ നിന്നും വലിയൊരളവില്‍ വൈദ്യുതി വാങ്ങാന്‍ സാധിക്കുന്നു എന്നത് അനുകൂല ഘടകമാണ്. അതിനാല്‍ സ്ഥാപിത ശേഷി എന്നതിന് മുമ്പുണ്ടായിരുന്ന പ്രാധാന്യം ഇപ്പോഴില്ല. വിവിധ ഊര്‍ജ്ജ സ്രോതസ്സകളുടെ ലഭ്യതയില്‍ നിന്ന് അനുയോജ്യമായ അളവ് ഊര്‍ജ്ജം ആവശ്യമായ സമയത്തും ദിവസങ്ങളിലും മുന്‍കൂര്‍ ഉടമ്പടി വഴി ഏറ്റവും അനുകൂലമായ വാങ്ങല്‍ വിലയില്‍ കണ്ടെത്തുക എന്നതാണ് ഇതുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളി.
പരമ്പരാഗത ഊര്‍ജ്ജത്തോട് പൊതുവേയുള്ള ആവേശവും സര്‍ക്കാരിന് ഇക്കാര്യത്തില്‍ അതിയായ താല്‍പര്യവും ഉണ്ടെങ്കില്‍ പോലും പുനരാവര്‍ത്തക ഊര്‍ജ്ജ ഉല്‍പാദനവും പ്രതിഷ്ഠാപനവും പ്രതീക്ഷിച്ചത്ര ഉണ്ടായിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് പുനരാവര്‍ത്തക ഊര്‍ജ്ജ ശേഷി വികസനത്തിലെ തടസ്സങ്ങള്‍ നീക്കേണ്ടതിലേക്കും പുനരാവര്‍ത്തക ഊര്‍ജ്ജ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലേക്ക് ഊന്നല്‍ നല്കേണ്ടിയിരിക്കുന്നു എന്നതിലേക്കുമാണ്.
കേരളത്തിലെ 2016 മാര്‍ച്ച് വരെയുള്ള മൊത്തം ഊര്‍ജ്ജ സ്ഥാപിത ശേഷി 2880.20 മെഗാവാട്ട് ആണ്. ഇതില്‍ 2104.3 മെഗാവാട്ട് (73.06%) ജല വൈദ്യുത പദ്ധതികളില്‍ നിന്നും, 718.46 മെഗാവാട്ട് തെര്‍മല്‍ പദ്ധതികളില്‍ നിന്നും, 43.27 മെഗാവാട്ട് കാറ്റില്‍ നിന്നും, 14.15 മെഗാവാട്ട് സൗരോര്‍ജ്ജത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നു. ജലം, താപം, പുനരാവര്‍ത്തക ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നിവയില്‍ നിന്നുള്ള കേരളത്തിന്റെ മൊത്തം സ്ഥാപിത ശേഷി ചിത്രം 5.9 ല്‍ കൊടുത്തിരിക്കുന്നു.
2015-16 വര്‍ഷം മൊത്തം സ്ഥാപിത ശേഷിയില്‍ ഉണ്ടായ വര്‍ദ്ധനവ് 44.5 മെഗാവാട്ട് ആണ്. അതിന്റെ സ്കീം തിരിച്ചുള്ള വിശദാംശങ്ങള്‍ പട്ടിക 5.9 ല്‍ നല്‍കിയിരിക്കുന്നു.
വിവിധ ഏജന്‍സികള്‍ വഴിയായി 2015-16 വര്‍ഷം സ്ഥാപിത ശേഷിയില്‍ ഉണ്ടായ വര്‍ദ്ധനവില്‍ 22 മെഗാവാട്ട് ജല വൈദ്യുത പദ്ധതികളില്‍ നിന്നും, 14.16 മെഗാവാട്ട് സൗര സ്രോതസ്സില്‍ നിന്നും, 8.4 മെഗാവാട്ട് പവന സ്രോതസ്സില്‍ നിന്നുമാണ്.
ഊര്‍ജ്ജ സ്രോതസ്സ് സംബന്ധിച്ചും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സ്ഥാപിതശേഷി സംബന്ധിച്ചും ഉള്ള വിശദാംശങ്ങള്‍ അനുബന്ധം 5.24 ലും മേഖല തിരിച്ചുള്ള വിശദാംശങ്ങള്‍ അനുബന്ധം 5.25 ലും നല്കിയിരിക്കുന്നു. 2015-16 ലെ മൊത്തം സ്ഥാപിത ശേഷിയായ 2880.20 മെഗാവാട്ടില്‍, 2209.2 മെഗാവാട്ട് (76.7 ശതമാനം ) സംസ്ഥാന മേഖലയില്‍ നിന്നും, 359.6 മെഗാവാട്ട് (12.4 ശതമാനം) കേന്ദ്ര മേഖലയില്‍ നിന്നും, 311.31 മെഗാവാട്ട് (10.8 ശതമാനം) സ്വകാര്യ മേഖലയില്‍ നിന്നുമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഊര്‍ജ്ജ ലഭ്യത സംബന്ധിച്ച വിശദംശങ്ങള്‍ അനുബന്ധം 5.26 ല്‍ നല്കിയിരിക്കുന്നു.
ക്രമ നമ്പര്‍ | ഊര്‍ജ്ജ പദ്ധതിയുടെ പേര് | സ്ഥാപിത ശേഷി (മെഗാവാട്ട്) | പൂര്‍ത്തിയായ ദിവസം | ||
ജലം | സ൱രോര്‍ജ്ജം | കാറ്റ് | |||
1 | ചിമ്മണി എച്ച്.ഇ.പി | 2.5 | 22.05.2015 | ||
2 | ആഡ്യന്‍പാറ എച്ച്.ഇ.പി | 3.5 | 03.09.2015 | ||
3 | ബാരോപോള്‍ എച്ച്.ഇ.പി | 15 | 29.02.2016 | ||
4 | പെരിങ്ങല്‍കുത്ത് എച്ച്.ഇ.പി (സ്ഥാപിത ശേഷി വര്‍ദ്ധിപ്പിക്കൽ | 1 | 29.5.2015 | ||
5 | സൌരോര്‍ജ്ജ പദ്ധതി കഞ്ചിക്കോട് | 1 | 20.08.2015 | ||
6 | സൌരോര്‍ജ്ജ പദ്ധതി ചാലയൂര്‍ കോളനി, അഗളി | 0.096 | 31.8.2015 | ||
7 | സൌരോര്‍ജ്ജ പദ്ധതി, പെരിങ്ങല്‍കുത്ത് പവര്‍ ഹൌസ് | 0.05 | 10.9.2015 | ||
8 | സൌരോര്‍ജ്ജ പദ്ധതി, ബാണാസുര സാഗര്‍, വയനാട് | 0.01 | 21.01.2016 | ||
9 | പവന ഊര്‍ജ്ജ പദ്ധതി അഹാലി അള്‍ട്ടര്‍നേറ്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് (ഐ.പി.പി) | 8.4 | 22.02.2016 | ||
10 | സൌരോര്‍ജ്ജ പദ്ധതി (സിയാല്‍) ഐ.പി.പി | 13 | 18.08.2015 | ||
ആകെ | 22 | 14.156 | 8.4 |
പ്രോജക്ടുകളുടെ ലോഡ് ഘടകത്തെ അടിസ്ഥാനമാക്കി മുന്‍കൂട്ടി കണക്കാക്കിയിരുന്ന ഊര്‍ജ്ജ ആവശ്യകതയെ ഏറ്റവും ഉയര്‍ന്ന ഊര്‍ജ്ജ ആവശ്യകതയായി മാറ്റിയിട്ടാണ് പ്രോജക്ഷനുകള്‍ക്കായി ഊര്‍ജ്ജ ചോദനം തിട്ടപ്പെടുത്തിയിരിക്കുന്നത്. സമയക്രമ അപഗ്രഥനത്തിന്റെയും അന്തിമ ഊര്‍ജ്ജ ഉപയോഗത്തിന്റെയും സമന്വയത്തിലാണ് പ്രോജക്ടഡ് എനര്‍ജി ആവശ്യകത കണക്കാക്കുന്നത്. കേന്ദ്ര ഇലക്ട്രിസിറ്റി എജന്‍സി സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകളുമായി യോജിച്ച് നടത്തുന്ന ഇലക്ടിക് പവര്‍ സര്‍െവ്വ കളില്‍ (ഇ.പി.എസ്) അവലംബിച്ചു വരുന്ന പഠന രീതികളും ഇതു തന്നെയാണ്. 18ാം ഇ.പി. എസ് പ്രകാരം കണക്കാക്കിയ പീക്ക് ലോഡും ഊര്‍ജ്ജ ആവശ്യകതയും യഥാര്‍ത്ഥത്തില്‍ ഉണ്ടായ കണക്കകളുമായി താരതമ്യപ്പെടുത്തുകയാണ് പട്ടിക 5.10 ല്‍.
വര്‍ഷം | 18-ാം ഇ.പി.എസ് പ്രകാരം കണക്കാക്കിയ പീക്ക് ലോഡ് (മെ.വാട്ടില്‍) | രേഖപ്പെടുത്തിയ ഉയര്‍ന്ന ഡിമാന്റ് (ശതമാന വ്യതിയാനം) | ഊര്‍ജ്ജ ആവശ്യം (മി.യൂ.വില്‍) 18-ാം ഇ. പി.എസ് പ്രകാരം | രേഖപ്പെടുത്തിയ ഊര്‍ജ്ജ ആവശ്യകത (ശതമാന വ്യതിയാനം) |
(1) | (2) | (3) | (4) | (5) |
2014-15 | 4157 | 3602 (-13.3 per cent) | 23554 | 21914 (-6.9 per cent) |
2015-16 | 4386 | 3860 (-11.9 per cent) | 24975 | 22583 (-9.5 per cent) |
2016-17 | 4669 | 26584 |
പട്ടിക 5.10 ൽ നിന്ന് മനസ്സിലാക്കാവുന്നത് സംസ്ഥാനത്തിന്റെ ഊര്‍ജജ ആവശ്യകതയും ഉയര്‍ന്ന ചോദനവും 18ാം ഇ.പി.എസ്. പ്രകാരമുള്ള കണക്കുകളിലെത്തിയിട്ടില്ലന്നും അവ യഥാര്‍ത്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കണക്കുകളില്‍ നിന്ന് വ്യത്യാസപ്പെട്ട് കാണുന്നു എന്നുമാണ്.
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, അനര്‍ട്ട്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ എന്നീ നാല് ഏജന്‍സികള്‍ മുഖേനയാണ് മുഖ്യമായും കേരളത്തില്‍ ഊര്‍ജ്ജ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നത്. ഈ വകുപ്പുകളുടെ വിഹിതം, ചെലവ് എന്നിവയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകള്‍ പട്ടിക 5.11 ല്‍ കൊടുത്തിരിക്കുന്നു.
ക്രമ നമ്പര്‍ | വകുപ്പ് | വാര്‍ഷിക പദ്ധതി 2015-16 | വാര്‍ഷിക പദ്ധതി 2016-17 | ||||
വിഹിതം | ചെലവ് | ചെലവ് ശതമാനത്തില്‍ | വിഹിതം | ചെലവ്* | ചെലവ് ശതമാനത്തില്‍ | ||
1 | കെ.എസ്.ഇ.ബി.എല്‍ | 140942 | 105005.35 | 74.50 | 156412 | 68,378.42 | 43.72 |
2 | അനെര്‍ട്ട് | 4280 | 2107.71 | 49.25 | 4388 | 2.41 | 0.05 |
3 | എം.റ്റി.എസ്.എൽ. | 560 | 354.82 | 63.36 | 730 | 1.63 | 0.22 |
4 | ഇ.എം.സി | 938 | 751.21 | 80.09 | 740 | 230.98 | 31.21 |
ആകെ | 146720 | 108219.09 | 73.76 | 162270 | 68,613.44 | 42.28 |
കേരള സംസ്ഥാനത്തിന്റെ വികസനത്തിന് നേതൃത്വം നല്‍കുന്ന പ്രധാന സ്ഥാപനമാണ് കെ.എസ്.ഇ.ബി.എല്‍. സംസ്ഥാനത്ത് വൈദ്യുതി ഉല്പാദനം, പ്രസരണം, വിതരണം, എന്നിവ കെ.എസ്.ഇ.ബി.എല്‍ നിര്‍വ്വഹിക്കുന്നു. ഗാര്‍ഹികാവശ്യങ്ങള്‍ക്കും കാര്‍ഷികാവശ്യങ്ങള്‍ക്കും വേണ്ട വൈദ്യുതി താങ്ങാവുന്ന വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം.
വൈദ്യുതി ആക്ട് 2003 പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കേരള സര്‍ക്കാര്‍ ജി.ഒ.(എം.എസ്) നമ്പര്‍ 37/2008/പി.ഡി തീയതി 25/09/2008 ഉത്തരവിലൂടെ കെ.എസ്.ഇ.ബി.യുടെ എല്ലാ ആസ്തികളും ബാധ്യതകളും സര്‍ക്കാരിലേക്ക് മാറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു. അങ്ങനെ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ ആസ്തി ബാധ്യതകള്‍ മുഴുവന്‍ ഇന്ത്യന്‍ കമ്പനീസ് ആക്ട് 1956 പ്രകാരം രൂപീകരിച്ച പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കെ.എസ്.ഇ.ബി.ലിമിറ്റഡിന് 2011 ജനുവരിയില്‍ കൈമാറി.