പശ്ചാത്തല സൗകര്യം

റോഡപകടങ്ങള്‍

മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ ശക്തമായി നടപ്പാക്കിയിട്ടും പോലീസ്, റോഡ് അച്ചടക്കം പാലിച്ചിട്ടും റോഡപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്നു. വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. 1980-81 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ റോഡപകടങ്ങള്‍ ക്രമമായി വര്‍ദ്ധിച്ചു വരുന്ന രീതിയാണുള്ളത്. 1980-81 ല്‍ 7064 ആയിരുന്നത് 1990-91 ല്‍ 20,900 ആയും 2000-01 ല്‍ 34,387 ആയും, 2010-11 ല്‍ 35,282 ആയും, 2015-16 ല്‍ 39,137 ആയും വര്‍ദ്ധിച്ചു. വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കേരളത്തെ അപേക്ഷിച്ച് അപകടങ്ങള്‍ കുറവാണ്. കേരളത്തിലെ റോഡപകടങ്ങള്‍ ജില്ല തിരിച്ചും അപകടത്തില്‍പെടുന്ന വാഹനങ്ങളുടെ ഇനം തിരിച്ചുമുള്ള വിവരങ്ങള്‍ യഥാക്രമം അനുബന്ധം 5.11, അനുബന്ധം 5.12 എന്നിവയില്‍ ചേര്‍ത്തിരിക്കുന്നു.

കേരളത്തില്‍ 2015-16 ല്‍ 39,137 (പ്രതിദിനം 107) വാഹനാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കെ.എസ്. ആര്‍. ടി .സി മുഖേന ഉണ്ടായ അപകടങ്ങള്‍ 1330 (ദിനംപ്രതി 4) എണ്ണവും, സ്വകാര്യ ബസ്സുകള്‍ മുഖേന 3303 (പ്രതിദിനം 9) അപകടങ്ങളും ആണ്. 2015 ല്‍ 58.29 ലക്ഷം ഇരുചക്ര വാഹനങ്ങളുണ്ടായിരുന്നത് 2016 ല്‍ 64.72 ലക്ഷമായി വര്‍ദ്ധിച്ചു. പ്രതി വര്‍ഷ വളര്‍ച്ചാനിരക്ക് 11 ശതമാനമാണ്. അതുപോലെ ഇരുചക്ര വാഹനങ്ങള്‍ മുഖേന ഉണ്ടാകുന്ന അപകടങ്ങള്‍ 2015 ല്‍ 29,963 (പ്രതിദിനം 82) ആയിരുന്നത് 2016 ല്‍ 31595 (പ്രതിദിനം 87 ആയി ) വര്‍ദ്ധിച്ചു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള റോഡപകടങ്ങളില്‍ ഏകദേശം 52 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ മുഖേനയാണ് സംഭവിക്കുന്നത്. കേരളത്തിലെ മോട്ടോര്‍ വാഹന അപകടങ്ങളുടെ പ്രവണത ചിത്രം 5.3 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ചിത്രം 5.3
കേരളത്തിലെ മോട്ടോര്‍ വാഹന അപകട പ്രവണത

കേരളത്തില്‍ 2016 ല്‍ 39137 റോഡപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷം വാഹനങ്ങള്‍ ക്ക് 385 എണ്ണം എന്ന നിരക്കിലാണ്. കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍ സംസ്ഥാനത്തുണ്ടായ വാഹന വളര്‍ച്ചയും, റോഡപകടങ്ങളുടെ എണ്ണവും പട്ടിക 5.6 ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 5.6
കേരളത്തിലെ റോഡപകട പ്രവണത 2010-16
വര്‍ഷം മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം അപകടങ്ങളുടെ എണ്ണം അപകടങ്ങള്‍ / ലക്ഷം വാഹനങ്ങള്‍
2010 53,97,652 35,633 660
2011 60,72,019 34,946 576
2012 68,70,354 35,282 514
2013 80,48,673 37,204 462
2014 85,47,966 35,198 412
2015 94,21,245 37,253 395
2016 1,01,71,813 39,137 385
സ്രോതസ്സ്; മോട്ടോര്‍ വഹന വകുപ്പ്, സംസ്ഥാന ക്രൈം റിക്കോര്‍ഡ് ബ്യൂറോ

റോഡപകടങ്ങള്‍ സംഭവിക്കുന്നത് വ്യത്യസ്ഥ കാലയളവുകളില്‍ വ്യത്യസ്ഥ രീതികളില്‍ ആയതിനാല്‍ പ്രത്യേകമായി ഒരു പ്രവണത മനസ്സിലാക്കാന്‍ കഴിയുകയില്ല. ട്രാഫിക് പോലീസ് റെക്കോര്‍ഡുകള്‍ അനുസരിച്ച്, ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമാണ് മിക്കവാറും റോഡപകടങ്ങളും സംഭവിക്കുന്നത് മോട്ടോര്‍ വാഹനങ്ങള്‍ക്ക് പുറമെ റോഡ് ഡിസൈനിംഗിലുള്ള പോരായ്മ, റോഡുകളുടെ മോശപ്പെട്ട അവസ്ഥ, വഴിയാത്രക്കാരുടെ അശ്രദ്ധ എന്നീ വിവിധ കാരണങ്ങളാലാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. റോഡുപയോഗിക്കുന്ന വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് റോഡു സുരക്ഷാപരിശീലനം, റോഡു ഡിസൈനിംഗിലുള്ള പോരായ്മകള്‍ പരിഹരിക്കല്‍, റോഡു നിര്‍മ്മാണ പ്രാഥമിക ഘട്ടത്തില്‍ റോഡു സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍ എന്നിവയിലൂടെ റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനു സാധിക്കും. 2015-16 ല്‍ കേരളത്തിലുണ്ടായ റോഡപകടങ്ങളുടെ ശതമാനം വഹനങ്ങളുടെ ഇനം തിരിച്ച് ചിത്രം 5.4 ല്‍ കൊടുത്തിരിക്കുന്നു.

ചിത്രം 5.4
2015-16 ല്‍ കേരളത്തില്‍ ഉണ്ടായ റോഡപകടങ്ങളുടെ ശതമാനം വാഹനങ്ങളുടെ ഇനം തിരിച്ച്

കേരള സംസ്ഥാന റോഡു ഗതാഗത കോര്‍പ്പറേഷന്‍

സംസ്ഥാനത്തെ ഗതാഗത മേഖലയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് കേരള സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷന്‍ . കെ.എസ്.ആര്‍.ടി.സി യുടെ 2015-16 ലെ മൊത്തം വരുമാനം 2165.16 കോടി രൂപയാണ്. മൊത്തം റവന്യൂ ചെലവ് 2778.30 കോടി രൂപയും പ്രവര്‍ത്തന നഷ്ടം (-) 613.14 കോടി രൂപയുമാണ്.

കെ.എസ്.ആര്‍.ടി.സി യിലെ ആകെയുള്ള 5686 ബസ്സുകളില്‍ 1095 (19%) ബസ്സുകള്‍ 10 വര്‍ഷമോ അതിലധികമോ പഴക്കമുള്ളതാണ്. കെ.എസ്.ആര്‍.ടി സി ബസ്സുകളുടെ കാലപ്പഴക്കം സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 5.13 ല്‍ രേഖപ്പെടുത്തിരിക്കുന്നു. 2014-15 ല്‍ കോര്‍പ്പറേഷന്റെ ശരാശരി പ്രതിദിനം വരുമാനം 10928 രൂപയായിരുന്നത് 2015-16 ല്‍ 11191 രൂപയായി വര്‍ദ്ധിച്ചു. ഈ കാലയളവില്‍ 609 പുതിയ ബസ്സുകള്‍ നിരത്തിലിറക്കുകയും 579 ബസ്സുകള്‍ നിരത്തില്‍ നിന്നും മാറ്റുകയും ചെയ്തു. കോര്‍പ്പറേഷന്റെ ബസ്സുകള്‍ 5870.11 ലക്ഷം കി.മീറ്റര്‍ ഓടുകയും 10137.76 ലക്ഷം ആളുകള്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ യാത്ര ചെയ്യുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി / കെ.യു.ആര്‍.ടി.സി എന്നിവയുടെ പ്രവര്‍ത്തന കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 5.14, അനുബന്ധം 5.15 ല്‍ രേഖപ്പെടുത്തുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ നിരക്കുകളില്‍ 2015-16 ല്‍ മാറ്റമുണ്ടായില്ല. കോര്‍പ്പറേഷന്റെ ഓര്‍ഡിനറി, സിറ്റി ബസ്സുകളുടെ യാത്രാ നിരക്ക് കീ.മീറ്ററിന് 64 പൈസയായിരുന്നു. സൂപ്പര്‍ഫാസറ്റ് ബസ്സുകള്‍ക്ക് കി.മീറ്ററിന് 72 പൈസയും, സൂപ്പര്‍ ഡീലക്സ് ബസ്സുകള്‍ക്ക് 90 പൈസയും, എ. സി എയര്‍ ബസ്സുകള്‍ക്ക് 110 പൈസയും, ഹൈടെക് വോൾവോ ബസ്സുകള്‍ക്ക് 130 പൈസയുമാണ്. കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ യാത്രനിരക്ക് ഘടന സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 5.16 ല്‍ കൊടുത്തിരിക്കുന്നു.

കെ.എസ്.ആര്‍.ടി.സി യൂണിറ്റുകളുടെ പ്രവര്‍ത്തനം വിശകലനം ചെയ്യുമ്പോള്‍ 30 ശതമാനത്തോളം യൂണിറ്റുകളുടെ പ്രവര്‍ത്തനം മോശമാണ്. (അനുബന്ധം 5.17) വര്‍ദ്ധിച്ച പ്രവര്‍ത്തന ചെലവ്, ഉയര്‍ന്ന പെന്‍ഷന്‍ ബാധ്യത, പലിശ തിരച്ചടവ് വര്‍ദ്ധന, ലാഭകരമല്ലാത്ത റൂട്ടുകളിലുള്ള യാത്ര, സൗജന്യ യാത്രകള്‍ അനുവദിക്കുന്നത് തുടങ്ങിയവയാണ് കെ.എസ്.ആര്‍.ടി.സി യുടെ പ്രവര്‍ത്തനം മോശമാക്കുന്നത്.

2009-10 ല്‍ കെ.എസ്.ആര്‍.ടി.സി യുടെ ഒക്യൂപ്പന്‍സി റേഷ്യോ 67.14 ശതമാനമായിരുന്നത് 2014-15 ല്‍ 75.09 ശതമാനമായി വര്‍ദ്ധിച്ചെങ്കിലും സ്വകാര്യ ബസ്സുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. എങ്കിലും കേരളത്തിന്റെ റോഡ് പശ്ചാത്തല സൗകര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സ്വകാര്യ ബസ്സുകളുടെ ഉപയോഗം കുറവാണ്. കേരളത്തില്‍ പൊതുഗതാഗത രംഗത്ത് സ്വകാര്യ വാഹനങ്ങള്‍ക്കാണ് മേല്‍കൈ ഉള്ളത്. കെ.എസ്.ആര്‍.ടി.സി യുടെ വാഹന ഉപയോഗം 81 ശതമാനമാണ്. 12 ശതമാനത്തിലധികം ബസ്സുകള്‍ക്ക് അറ്റകുറ്റപണികള്‍ ആവശ്യമായിട്ടുള്ളതും, 25.9 ശതമാനം ബസ്സുകള്‍ പഴക്കം ചെന്നവയുമാണ്. പ്രതി ബസ്സ് ജീവനക്കാര്‍ തമ്മിലുള്ള അനുപാതം 7.2 ആണ്. കെ.എസ്.ആര്‍.ടി. സി ബസ്സുകളുടെ ബ്രേക്ക് ഡൌണ്‍ നിരക്ക് ലക്ഷം കി.മീറ്ററിന് 6 എന്ന കണക്കിലാണ് . എന്നാല്‍ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടക ആര്‍.ടി.സി യിലും ബാഗ്ളൂര്‍ മെട്രോ പോളിറ്റന്‍ .ടി സി എന്നിവിടങ്ങളില്‍ ഇത് ഒന്നിനും താഴെയാണ്. കെ.എസ്.ആര്‍ടി.സി യുടെ ഉടമസ്ഥതയിലുള്ള ബസ്സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 5.18 ല്‍ കാണിച്ചിരിക്കുന്നു. കെ.എസ്. ആര്‍.ടി സി യുടെ 2014-15 ലെ പ്രധാന ആഭ്യന്തര സൂചകങ്ങള്‍ ബോക്സ് 5.3 ല്‍ ചേര്‍ത്തിരിക്കുന്നു.

ബോക്സ് 5.3
കെ.എസ്.ആര്‍.ടി.സി യുടെ പ്രധാന ആഭ്യന്തര സൂചകങ്ങൾ
  • ശരാശരി ബസ്സുകള്‍- 5686
  • പ്രവര്‍ത്തനക്ഷമമായ ബസ്സുകള്‍- 4522
  • ബസ്സുകളുടെ ശരാശരി കാലപ്പഴക്കം- 7
  • കാലപ്പഴക്കമുള്ള വാഹനങ്ങള്‍- 25.9%
  • ജീവനക്കാരുടെ എണ്ണം - 40988
  • ബസ്ജീവനക്കാര്‍ അനുപാതം- 7.2

(ആകെ ബസുകള്‍)

  • ബസ് ജീവനക്കാര്‍ അനുപാതം- 9.1

(പ്രവര്‍ത്തനക്ഷമമായ ബസ്സുകള്‍)

  • ബസ് ജീവനക്കാരുടെ കാര്യക്ഷമത
  • (കീ.മീ.) /ജീവനക്കാര്‍ /ദിനം)- 37.01
  • ഇന്ധന ക്ഷമത (കി.മീ./ ലിറ്റര്‍)- 4.22
  • ഒക്യുപ്പന്‍സി റേഷ്യോ- 75.09%
സ്രോതസ്സ് : കെ.എസ്.ആര്‍.ടി.സി

കെ എസ്.ആര്‍.ടി.സി യുടെ 2015-16 ലെ പ്രധാന നേട്ടങ്ങള്‍ ബോക്സ് 5.4 ല്‍ കൊടുത്തിരിക്കുന്നു.

ബോക്സ് 5.4
കെ.എസ്.ആര്‍.ടി.സി യുടെ പ്രധാന നേട്ടങ്ങള്‍
  • ആനയറ, നെടുമങ്ങാട് എന്നിവിടങ്ങളില്‍ രണ്ടു പുതിയ ഓപ്പറേറ്റിംഗ് സെന്ററുകള്‍ ആരംഭിച്ചു
  • ആന്ധ്രാപ്രദേശ്, തെലുങ്കാന, ഗോവ, പുതുച്ചേരി, റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളിലെ ചീഫ് എക്സിക്യൂട്ടീവുകളുമായി അന്തര്‍ സംസ്ഥാന ഗതാഗത കരാറുകളില്‍ ഏര്‍പ്പെട്ടു.
  • പഴയ ബസ്സുകള്‍ മാറ്റി 615 പുതിയ ബസ്സുകള്‍ നിരത്തിലിറക്കി
  • അന്തര്‍ സംസ്ഥാന സർവീസുകള്‍ക്കായി പുതിയ 18 സ്കാനിയ എ/സി മള്‍ട്ടി ആക്സില്‍ ബസ്സുകള്‍ വാങ്ങി
  • ദീര്‍ഘദൂര യാത്രകള്‍ക്കായി പുഷ്ബാക്ക് സീറ്റുകളും, വൈ ഫൈ സൗകര്യങ്ങളുമുള്ള സിൽവര്‍ ലൈന്‍ ജെറ്റ് ബസ്സുകള്‍ വാങ്ങി
  • സ്വകാര്യ ഓപ്പറേറ്റര്‍മാരില്‍ നിന്നും 204 സൂപ്പര്‍ക്ലാസ് സർവ്വീസുകള്‍ തിരിച്ചെടുത്തു
  • തിരവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സിറ്റി, കോട്ടയം എന്നിവിടങ്ങളിലെ 474 സൂപ്പര്‍ ക്ലാസ് ബസ്സുകളില്‍ ജി.പി.എസ്. സമ്പ്രദായം ഏര്‍പ്പെടുത്തി
  • കെ.എസ്.ആര്‍ടി.സി യുടെ അനുബന്ധ കോര്‍പ്പറേഷനായ കെ.യു.ആര്‍.ടി.സി 65 എ/സി ലോ ഫ്ലോര്‍ ബസ്സുകളും, 173 നോണ്‍ എ.സി സെമി ലോ ഫ്ലോര്‍ ബസ്സുകളും നിരത്തിലിറക്കി
  • വിവിധ ബസ് സ്റ്റേഷനുകളില്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലസ്സുകള്‍ നിര്‍മ്മിച്ചു
  • പുതുതായി ജോലിയില്‍ പ്രവേശിച്ച ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ മറ്റുള്ള ജീവനക്കാര്‍ ഉള്‍പ്പെടെ 12113 പേര്‍ക്ക് കെ.എസ്.ആര്‍.ടി.സി യുടെ സ്റ്റാഫ് ട്രെയിനിംഗ് സെന്ററില്‍ പരിശീലനം നല്‍കി.

കുറഞ്ഞ പ്രവര്‍ത്തന ക്ഷമത, ഉയര്‍ന്ന ബസ് / ജീവനക്കാര്‍ അനുപാതം, സാമ്പത്തിക നേട്ടമില്ലാത്ത റൂട്ടുകളില്‍ സർവീസ്, പ്രായോഗികമല്ലാത്ത ഡിപ്പോകള്‍ തുടങ്ങിയവയാണ് കെ.എസ്.ആര്‍.ടി.സി നേരിടുന്ന പ്രശ്നങ്ങള്‍ / വെല്ലുവിളികള്‍.

ചരക്കു ഗതാഗതം

അന്തര്‍ സംസ്ഥാന ചരക്കു നീക്കത്തില്‍ റെയിൽവേയ്ക്കും , ഉള്‍നാടന്‍ ഗതാഗതത്തിനും ഒപ്പം വലിയ ഒരു പങ്ക് റോഡു ഗതാഗതം വഹിക്കുന്നതു നാറ്റ്പാക്കിന്റെ അടുത്തിടെയുള്ള ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ ചരക്കു ഗതാഗത നീക്കത്തില്‍ റോഡു മുഖേന 78% ജല ഗതാഗതം മുഖേന 14% റെയിൽവെ മുഖേന 8% എന്നിങ്ങനെയാണ് നടക്കുന്നത്. ആസൂത്രണ കമ്മീഷന്റെ 2008 ലെ പഠന പ്രകാരം ആകെ ഗതാഗതത്തിന്റെ 88% വിഹിതം റോഡു മുഖാന്തിരവും റെയിൽവെ 10 ശതമാനവും, ജല ഗതാഗതം ഒരുശതമാനത്തിലും താഴെയാണ്. ദേശീയ പാത നമ്പര്‍ 3 (കോട്ടപ്പുറം – കൊല്ലം) പ്രവര്‍ത്തന ക്ഷമമാക്കുന്നതോടു കൂടി റോഡു മുഖേനയുള്ള ഗതാഗതത്തിന്റെ 20% ജല ഗതാഗതത്തിലേക്കു മാറുമെന്ന് പ്രതീക്ഷിക്കുന്നു.

മുന്നോട്ടുള്ള വഴി

മികച്ച ആസൂത്രണവും കൂടുതല്‍ സുരക്ഷാ ബോധത്തോടെയുള്ള റോഡ് ശൃംഖലയുടെ ഡിസൈനിംഗിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനു സാധിക്കും. റോഡ് പശ്ചാത്തല സൗകര്യങ്ങളായ റോഡ് ഉപരിതലം, റോഡടയാളങ്ങള്‍, റോഡ് ഡിസൈന്‍ എന്നിവ പ്രധാന സുരക്ഷാ ഘടകങ്ങളാണ്. ചെലവു കുറഞ്ഞ രീതിയിലുള്ള പശ്ചാത്തല മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ റോഡപകടങ്ങളും, അവയുടെ തീവ്രതയും കുറയക്കുന്നതിനുപകരിക്കും. വെള്ളം ഒഴുകി പോകുന്നതിന് അനുയോജ്യമായ സൗകര്യങ്ങള്‍, റോഡടയാളങ്ങള്‍, തെരുവു വിളക്കുകള്‍, ആവശ്യമായ നടപ്പാതകള്‍ എന്നിവ റോഡു സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണ്. മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി പിന്‍ തുടര്‍ന്നാല്‍ സുരക്ഷ മെച്ചപ്പെടുത്താവുന്നതാണ്. റോഡില്‍ ഉണ്ടാകുന്ന കുഴികള്‍ അടയ്ക്കല്‍, ഡ്രെയിനേജ് സൗകര്യങ്ങള്‍ വൃത്തിയാക്കല്‍, ട്രാഫിക് അടയാളങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അവ സ്ഥാപിക്കല്‍, ഗാര്‍ഡ് - റെയിലുകള്‍, റോഡടയാളങ്ങള്‍ എന്നിവയില്‍ മാത്രമായി റോഡ് അറ്റകുറ്റ പണികള്‍ ഒതുങ്ങുമ്പോള്‍ സുരക്ഷിതമായ റോഡു സംവിധാനം ഇല്ലാതെയാവുന്നു.

2025 ആകുമ്പോഴെക്കും റോഡപകടങ്ങള്‍ 50 ശതമാനത്തോളം കുറയക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ട് ഗവണ്‍മെന്റ് ചില പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനായി താഴെ പറയുന്ന പ്രധാനപ്പെട്ട പ്രവൃത്തികള്‍ ഒരു മിഷന്‍ മോഡ് അടിസ്ഥാനത്തില്‍ പരിഗണിച്ചു വരുന്നു.

  • വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും, മാനേജുമെന്റും
  • അപകട വിവര ഡാറ്റാ രേഖകളും, അവ
  • കൈകാര്യം ചെയ്യലും
  • സുരക്ഷിതമായ റോഡ് പശ്ചാത്തല മേഖല നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കല്‍ അത്യാഹിതങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കല്‍
    ബസ് ഡ്രൈവര്‍മാര്‍ക്ക് റോഡുസുരക്ഷയില്‍
  • നിരന്തര പരിശീലനം
    പാര്‍ശ്വവല്‍ക്കരിപ്പെട്ട റോഡു ഉപയോഗക്കാര്‍ക്ക്
  • സുരക്ഷ ഉറപ്പു വരുത്തല്‍
  • പാര്‍ക്കിംഗ് നയ രൂപീകരണം

റോഡു സുരക്ഷാ പ്രവര്‍ത്തനങ്ങള്‍

ഗവണ്‍‍മെന്റിന്റെ മാത്രം ഉത്തരവാദിത്വമല്ല. ഇന്‍ഷൂറന്‍സ് മേഖല , മറ്റ് സംഘടനകള്‍, ഗവണ്‍മെന്റിതര സംഘടനകള്‍ എന്നിവയ്ക്കും റോഡു സുരക്ഷ ബോധവല്‍ക്കരണത്തില്‍ വളരെ പ്രാധാന്യമുണ്ട്. റോഡുകളില്‍ ബസ് ബേകളുടെ അഭാവം ട്രാഫിക് പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു. എല്ലാ ഗതാഗത ഇടനാഴികളിലും സുരക്ഷിതമായ ബസ് സ്റ്റേഷനുകളും ബസ്ബേകളും തയ്യാറാക്കേണ്ടതാവശ്യമാണ്.

top