ഒറ്റ മാനേജ്മെൻറിനു കീഴിലുള്ള ലോകത്തെ രണ്ടാമത്തെ വലിയ ശൃംഖലയാണ് ഇന്ത്യന്‍ റെയിൽവെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള യാത്ര റെയിൽവെ സാധ്യമാക്കുന്നു. 90,803 കീ.മീറ്റര്‍ ദൈര്‍ഘ്യമുള്ള റെയിൽവെ ശൃംഖലയില്‍ 66,030 കീ.മീറ്റര്‍ റൂട്ട് ദൈര്‍ഘ്യവും, 7,137 സ്റ്റേഷനുകളും നിലവിലുണ്ട്. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ റെയിൽവെ ശൃംഖല (അമേരിക്ക, റഷ്യ, ചൈന) യാണ് ഇന്ത്യയുടേത്. 1050 റൂട്ട് ദൈര്‍ഘ്യത്തില്‍ 1588 കോച്ചുകളില്‍ 13 സ്റ്റേഷനുകളോടെ ഇന്ത്യന്‍ റെയിൽവെ ഭൂപടത്തില്‍ വളരെ ഗണനീയ സ്ഥാനമാണ് കേരളത്തിനുള്ളത്. ഇതില്‍ 933 കീ.മീറ്റര്‍ ബ്രോഡ്ഗേജും, 117 കീ.മീറ്റര്‍ മീറ്റര്‍ഗേജു് ലൈനുകളുമാണ്. ദക്ഷിണ റെയിൽവെയുടെ തിരുവനന്തപുരം, പാലക്കാട്,ഡിവഷനുകളാണ് കേരളത്തിലുള്ളത്. പാലക്കാട് ഡിവിഷനില്‍ 76 എക്പ്രസ് ട്രെയിനുകളും 49 പാസഞ്ചര്‍ ട്രെയിനുകളും, പ്രതിദിനം 2.16 ലക്ഷം യാത്രക്കാരുമാണുള്ളത്. തിരുവനന്തപുരം ഡിവിഷനില്‍ 80 എക്സ്പ്രസ് ട്രെയിനുകള്‍, 60 പാസഞ്ചര്‍ ട്രെയിനുകള്‍ ദിനംപ്രതി 2.6 ലക്ഷം യാത്രക്കാര്‍ എന്നിങ്ങനെയാണ് നിലവിലുള്ളത്.
ഭാവിയില്‍ കേരളത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന റെയിൽവെ പ്രോജക്ടുകള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി കേരള സര്‍ക്കാര്‍, ഭാരത സര്‍ക്കാരിന്റെ റെയിൽവെ മന്ത്രാലയവും 51:49 ഇക്വറ്റി എന്ന രീതിയില്‍ ഒരു സംയുക്ത സംരംഭത്തില്‍ 2016 സെപ്റ്റംബര്‍ ഒന്നാം തീയതി ഒപ്പുവെച്ചിട്ടുണ്ട്. കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെ.ആര്‍..ഡി.സി.ഒ) എന്നറിയപ്പെടുന്ന ഈ സംയുക്ത സംരംഭം താഴെ പറയുന്ന പരിപാടികള്‍ 2017-18 ല്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം – ചെങ്ങന്നൂര്‍ / ഹരിപ്പാട് റൂട്ടില്‍ ഒന്നാംഘട്ടമായി സബര്‍ബന്‍ ട്രെയിന്‍ സർവീസ് ശീതികരിച്ച എം.ഇ.എം.യു / ഇ.എം. യൂ റേക്കുകള്‍ ഉപയോഗിച്ച് തുടങ്ങാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക ഉദ്ദേശ്യയാനം ആരംഭിച്ചിട്ടുണ്ട്. M/s മുംബൈ റെയില്‍ വികാസ് കോര്‍പ്പറേഷന്‍ (എം. വി. ആര്‍.സി) വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ മൊത്തം അടങ്കല്‍ തുക 3300.00 കോടി രൂപയാണ്. ഇന്ത്യന്‍ റെയിൽവെയും, കേരള സര്‍ക്കാരും ചേര്‍ന്ന് ഒരു പ്രത്യേക ഉദ്ദേശ്യയാനം രൂപീകരിച്ച് 50:50 ഇക്വറ്റി വ്യവസ്ഥയിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനപ്പെട്ട വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) മുഖേന പ്രസ്തുത പദ്ധതിയ്ക്ക് തുക കണ്ടെത്താവുന്നതാണ്.
കൊച്ചി നഗരത്തിന്റെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേരള സര്‍ക്കാറിന്റെ ഒരു ഫ്ലാഗ്ഷിപ്പ് പരിപാടിയാണ് കൊച്ചി മെട്രോ റെയില്‍ പദ്ധതി ( കെ.എം.ആര്‍.പി) ഭാരത സര്‍ക്കാരിന്റെയും, കേരള സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ പ്രസ്തുത പദ്ധതി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ. എം.ആര്‍.എല്‍) എന്ന പ്രത്യേക ഉദ്ദേശ്യയാനത്തിലൂടെയാണ് നടപ്പിലാക്കുന്നത്. 5181.79 കോടി രൂപ അടങ്കല്‍ വരുന്ന ഈ പദ്ധതിക്ക് 2012 ജൂലൈയില്‍ ഗവണ്‍മെന്റ് അനുമതി നല്‍കി. പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി കെ.എം.ആര്‍.എല്‍, ഇന്ത്യ ഗവണ്‍മെന്റ്, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഡി.എം.ആര്‍.സി) എന്നിവയുമായി ഒരു കരാര്‍ ഒപ്പ് വെച്ചിട്ടുണ്ട്. 2017 ജൂലൈ മാസം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിശദ വിവരങ്ങള്‍ പട്ടിക 5.7 ല്‍ കൊടുത്തിരിക്കുന്നു.
ക്രമ നമ്പര്‍ | ബന്ധിപ്പിക്കുന്ന സ്ഥലം | ദൈര്‍ഘ്യം (കി.മീ) | അടങ്കല്‍ തുക (രൂപ കോടിയില്‍) |
ഒന്നാംഘട്ടം | ആലുവ – പേട്ട (22 സ്റ്റേഷനുകള്‍) | 25.6 | 5181.79 |
ഒന്നാംഘട്ടം (എ) | പേട്ട – എസ്.എന്‍ ജംഗ്ഷന്‍ (എക്സ്ടെന്‍ഷന്‍) | 2.00 | 359.00 |
രണ്ടാംഘട്ടം | ജെ.എല്‍.എന്‍. സ്റ്റേഡിയം - ഐ.ടി സിറ്റി കാക്കനാട് | 11.00 | 1682.00 |
പദ്ധതിയുടെ പ്രാഥമിക നടപടിയുടെ ഭാഗമായി നോര്‍ത്ത് റെയിൽവെ മേല്‍പ്പാലം പുനര്‍ നിര്‍മ്മിക്കുകയും, എ.എല്‍. ജേക്കബ് ആര്‍. ഒ ബി എന്ന ഒരു പുതിയ മേല്‍പ്പാലം നിര്‍മ്മിക്കുകയും ചെയ്തു. ഗതാഗത ഞെരുക്കം കുറയ്ക്കുന്നതിനും, ഗതാഗത നിയന്ത്രണത്തിനുമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ 40 ഓളം റോഡുകളുടെ ഉപരിതലം റീടാര്‍ ചെയ്തു. ഏകദേശം 1NR 630 കോടി രൂപാ ചെലവില്‍ അല്‍സ്റ്റോം ട്രാന്‍സ്പോര്‍ട്ട് എസ്.എ എന്ന കണ്‍സോര്‍ഷ്യം റോളിംഗ് സ്റ്റോക്ക് വാങ്ങുന്നതിനുള്ള കരാര്‍ ഏറ്റെടുത്തു. അദ്യ ട്രെയിന്‍ 2016 ജനുവരി 11 ന് മുട്ടം യാര്‍ഡില്‍ എത്തിചേര്‍ന്നു.
ബഹു. മുഖ്യമന്ത്രി 2016 ജനുവരി 23 ന് മുട്ടം യാര്‍ഡില്‍ കൊച്ചി മെട്രോയുടെ ടെസ്റ്റ് റണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. 2016 ഫെബ്രുവരി 27 ന് 5 കീ.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആദ്യ ട്രയല്‍ റണ്‍ ആരംഭിച്ചു. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അംഗീകരിച്ച ലോക നിലവാരത്തിലുള്ള അടയാളങ്ങള്‍ (സൈനേജുകള്‍), കൊച്ചി നഗരത്തില്‍ കെ.എം.ആര്‍ എല്‍ സ്ഥാപിച്ചു. നഗരത്തെ ഹരിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 5000 ല്‍ അധികം ചെടികള്‍ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും വച്ചു പിടിപ്പിച്ചു. 2016 മധ്യത്തോടെഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ണ്ണമാകും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കി.മീറ്റര്‍ തീവണ്ടിപ്പാത ( വയഡക്ട്) യുടെ സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. മുട്ടം മുതല്‍ ഇടപ്പള്ളി വരെയുള്ള 6 കീ.മീറ്റര്‍ ട്രാക്കുകളുടെ പണി പൂര്‍ത്തിയായി
ഒരു മാസ് റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്ന നിലയില്‍ തിരുവനന്തപുരത്തും, കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുന്നതിനായി കേരളാ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.ആര്‍ടി. എല്‍) എന്ന ഒരു പ്രത്യേക ഉദ്ദേശ്യയാനം രൂപീകരിക്കുകയും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം. ആര്‍.സി) ഇതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. 13.33 കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 14 സ്റ്റേഷനുകളോടെ കോഴിക്കോട് മെട്രോ റെയില്‍ പദ്ധതി ഒന്നാംഘട്ടത്തില്‍ നടപ്പിലാക്കുന്നതാണ്. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി യുടെ അടങ്കല്‍ തുക 4219.00 കോടി രൂപയും, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടേത് 2509.00 കോടി രൂപയും ഉള്‍പ്പെടെ 6728.00 കോടി രൂപ (കേന്ദ്ര നികുതി, ഭൂമി ഏറ്റെടുക്കുന്ന ചെലവ് ഉള്‍പ്പെടെ) യാണെന്ന് കണക്കാക്കിയിട്ടുണ്ട്. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി അഞ്ചു വര്‍ഷം കൊണ്ടും, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നാലു വര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കുന്നതിനുദ്ദേശിക്കുന്നു.
സംസ്ഥാന ഗവണ്മെന്റിന്റെ അനുമതി ലഭ്യമായ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍, ഭാരത സര്‍ക്കാരിന്റെ നഗര വികസന മന്ത്രാലയത്തിന്റെ തത്വത്തില്‍ അംഗീകാരത്തിനും ഇക്വിറ്റി പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമായി അയച്ചു കൊടുത്തിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ സമഗ്ര മൊബിലിറ്റി പ്ലാന്‍ ഭാരത സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. 8.9.2016 ലെ ജി.ഒ. (എം.എസ്)67/2016/പി.ഡബ്ല്യൂ.ഡി ഉത്തരവ് പ്രകാരം പ്രധാനമായും ഗതാഗത കുരുക്കുള്ള പട്ടം, ഉള്ളൂര്‍, ശ്രീകാര്യം എന്നിവിടങ്ങളില്‍ ഫ്ലൈഓവറുകള്‍ നിര്‍മ്മിക്കുന്നതിനായി 2.77 ഹെക്ടര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെ 272.84 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്.
ജര്‍മ്മന്‍ ധനകാര്യ സ്ഥാപനമായ കെ.എഫ്.ഡബ്ല്യുവിന്റെ സഹായത്തോടെ 103 കോടി രൂപയും സംസ്ഥാന വിഹിതമായി 741.28 കോടി രൂപയും ചെലവില്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഒരു ജല മെട്രോ പദ്ധതി നടപ്പിലാക്കുന്നതിനുദ്ദേശിക്കുന്നു. പ്രസ്തുത പദ്ധതി കൊച്ചിയിലെ യൂണിഫൈഡ് മെട്രോ പോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (യു.എം.ടി.എ)യുടെ ഭാഗമായി നടപ്പിലാക്കുന്നതിനാണുദ്ദേശിക്കുന്നത്. കൊച്ചി നഗരത്തിലെ 76 കീ.മീറ്റര്‍ ഉള്‍നാടന്‍ കനാലുകളുടെ വികസനമാണ് ഈ പദ്ധതി വിഭാവന ചെയ്യുന്നത്.