പശ്ചാത്തല സൗകര്യം

ഉല്പാദനം

കേരളത്തിന്റെ ഊര്‍ജ്ജ ആവശ്യകത നിറവേറ്റപ്പെടുന്നത് കെ.എസ്.ഇ.ബിയില്‍ നിന്നുളള ഉല്പാദനം, സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനുകള്‍, സ്വതന്ത്ര വൈദ്യുതോല്പാദകര്‍, വ്യാപാരികള്‍ എന്നിവരിലൂടെയാണ്. മൊത്തം ഊര്‍ജ്ജ ആവശ്യകതയുടെ 30 ശതമാനവും (6791.8 മി.യു) കെ.എസ്.ഇ.ബി.യുടെ വിവിധ പദ്ധതികളില്‍ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. മൊത്തം ആവശ്യകതയുടെ ശേഷിച്ച പങ്ക് (15791.6 മി.യു.) സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനുകളില്‍ നിന്നും മറ്റു ഉല്പാദകരില്‍ നിന്നും കണ്ടെത്തിവരുന്നു. 2015-16 വര്‍ഷം ആകെ (സംസ്ഥാനത്തിന് പുറത്തുള്ള വില്പനയടക്കം) 19378.55 മി.യു. ഊര്‍ജ്ജമാണ് വിറ്റത്. 2015-16 വര്‍ഷം വിവിധ സ്രോതസ്സുകളില്‍ നിന്നായി ആകെ സ്ഥാപിതശേഷിയില്‍ 44.5 മെ.വാ. വര്‍ദ്ധനവ് ഉണ്ടായി.

സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ജല വൈദ്യുത പദ്ധതികള്‍

സംസ്ഥാനത്തെ നിര്‍മ്മാണത്തിലിരിക്കുന്ന പ്രധാന ജല വൈദ്യുതി പദ്ധതികളും അവയുടെ പ്രതീക്ഷിക്കുന്ന പൂര്‍ത്തീകരണ മാസവും പട്ടിക 5.12ല്‍ നല്‍കിയിരിക്കുന്നു.

പട്ടിക 5.12
നിര്‍മ്മാണം പുരോഗമിക്കുന്ന സംസ്ഥാനത്തെ പ്രധാന ജല വൈദ്യുതി പദ്ധതികള്‍

ക്രമ നമ്പര്‍ പദ്ധതിയുടെ പേര് സ്ഥാപിത ശേഷി (മെ.വാ) പ്രതീക്ഷിക്കുന്ന പൂര്‍‍ത്തീകരണ മാസം
1 തോട്ടിയാര്‍ എച്ച്.ഇ.പി 40 ഡിസംബര്‍ 2018
2 സെങ്കുളം ഓഗ്മെന്റേഷന്‍ പദ്ധതി 85 MU ജൂണ്‍ 2018
3 ചാത്തന്‍കോട്ടു നട II എസ്.എച്ച്.ഇ.പി 6 ജൂണ്‍ 2018
4 കക്കയം എസ്.എച്ച്.ഇ.പി 3 ഡിസംബര്‍ 2017
5 പെരുംന്തെനരുവി എസ്.എച്ച്.ഇ.പി 6 നവംബര്‍ 2016
6 പെരിങ്ങല്‍കുത്ത് എസ്.എച്ച്.ഇ.പി 24 മാര്‍ച്ച് 2018
7 ഭൂതത്താന്‍കെട്ട് എസ്.എച്ച്.ഇ.പി 24 ജനുവരി 2018
8 അപ്പര്‍ കല്ലാര്‍ 2 ഓഗസ്റ്റ് 2018
അവലംബം: കെ.എസ്.ഇ.ബി. എല്‍

പട്ടിക 5.12ൽ നിന്ന് മനസ്സിലാക്കാവുന്നത് 2016-17 വര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഒരു ജല വൈദ്യുത പദ്ധതി മാത്രമാണ്. ഇതിനു പുറമെ കെ.എസ്.ഇ.ബി.എല്‍ നടപ്പിലാക്കുന്ന താഴെ പറയുന്ന സൗരോര്‍ജ്ജ പദ്ധതികള്‍ (പട്ടിക 5.13) ടെന്‍ഡര്‍ ചെയ്യുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ജല വൈദ്യുതി പദ്ധതികളുടെ വിശദാംശങ്ങള്‍ അനുബന്ധം 5.27 ല്‍ നല്‍കിയിരിക്കുന്നു.

പട്ടിക 5.13
നിര്‍മ്മാണത്തിലിരിക്കുന്ന കെ.എസ്.ഇ.ബി. എല്‍. ന്റെ സൌരോര്‍ജ്ജ പദ്ധതികള്‍
ക്രമ നമ്പര്‍ പദ്ധതിയുടെ പേരും പ്രദേശവും പദ്ധതിയുടെ ശേഷി
1 എസ്.പി.വി റൂഫ് ടോപ്പ്, വൈദ്യുതി ഭവന്‍, തിരുവനന്തപുരം 0.03 മെ.വാ.
2 ഗ്രൌണ്ട് മൌണ്ടഡ് എസ്.പി.വി , ഏറ്റുമാനൂര്‍ 1.0 മെ.വാ.
3 27 സ്ഥലങ്ങളിലെ കെ.എസ്.ഇ.ബി എല്‍ ന്റെ ട്രാന്‍സ്മിഷന്‍ കെട്ടിടങ്ങളുടെ മുകളില്‍ റൂഫ് ടോപ്പ് എസ്.പി.വി 0.91 മെ.വാ.
4 12 സഥലങ്ങളിലെ കെ.എസ്.ഇ.ബി.എല്‍ ന്റെ ഡിസ്ട്രിബ്യൂഷന്‍ കെട്ടിടങ്ങളുടെ മുകളില്‍ റൂഫ് ടോപ്പ് എസ്.പി.വി 0.46 മെ.വാ.
5 എസ്.പി.വി പ്രോജക്ട്, കൊല്ലംങ്കോട്, പാലക്കാട് 1 മെ.വാ.
6 എസ്.പി.വി പ്രോജക്ട്, എടയാര്‍ 1.25 മെ.വാ.
7 എസ്.പി.വി പ്ലാന്റ്, തലക്കുളത്തൂര്‍ കോഴിക്കോട് 0.65 മെ.വാ.
8 എസ്.പി.വി പ്ലാന്റ്, പോത്തന്‍കോട് 2 മെ.വാ.
9 എസ്.പി.വി പ്ലാന്റ്, ചൂലിശ്ശേരി, മാടക്കത്തറ 1.5 മെ.വാ.
10 വയനാട് പടിഞ്ഞാറെത്തറ ഡാമിന് മുകളില്‍ 400 കി.വാ.
11 പാലക്കാട് ജില്ലയില്‍ 15 ഗ്രാമങ്ങളില്‍ ഓഫ് ഗ്രിഡ് സോളാര്‍ പി.വി.പ്ലാന്റ് 131.5 കി.വാ.
അവലംബം: കെ.എസ്.ഇ.ബി.എല്‍

ഊര്‍ജ്ജ ഉപഭോഗത്തിന്റെ രീതി

കേരളത്തില്‍ മൊത്തം വൈദ്യുത ഉപഭോഗത്തിന്റെ 51 ശതമാനം ഗാര്‍ഹിക മേഖലയിലാണ്. ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നുളള വരുമാനം മൊത്തം വരുമാനത്തിന്റെ 36 ശതമാനമാണ്. ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഒന്നര ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി . ഗാര്‍ഹിക ഉപഭോക്താക്കളുടെ എണ്ണം 2014-15-ലെ 89,87,947-ല്‍ നിന്ന് 2015-16-ല്‍ 91,24,747 ആയി വര്‍ദ്ധിച്ചു. ആളോഹരി ഉപഭോഗത്തില്‍ 3.86 ശതമാനം വര്‍ദ്ധനവുണ്ടായി. അതായത് 2014-15-ല്‍ 544 കിലോവാട്ട് ഹവര്‍ ആയിരുന്നത് 2015-16 ല്‍ 565 കിലോവാട്ട് ഹവര്‍ ആയി വര്‍ദ്ധിച്ചു. 2015-16-ല്‍ 1044601 ലക്ഷം രൂപക്കുളള 19,325 മില്യന്‍ യൂണിറ്റ് വൈദ്യുതി (സംസ്ഥാനത്തിനകത്ത്) വില്‍ക്കുകയുണ്ടായി. ഇത് മുന്‍ വര്‍ഷത്തെക്കാള്‍ 899 മി.യൂണിറ്റിന്റെ വര്‍ദ്ധനവാണ് കാണിക്കുന്നത്. (മുന്‍ വര്‍ഷം) വിറ്റത് 18426 മില്യന്‍ യൂണിറ്റ്). മൊത്തം ഉപഭോഗത്തിലും ആളോഹരി ഉപഭോഗത്തിലും അസ്ഥിരമായ രീതിയിലുള്ള വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. 2011-12 മുതല്‍ 2015-16 വരെയുള്ള വൈദ്യുതി ഉപയോഗത്തിന്റെ വിശദാംശങ്ങള്‍ പട്ടിക 5.14 ലും 2015-16-ലെ ഊര്‍ജ്ജ ഉപഭോഗ രീതിയുടെയും വരുമാനത്തിന്റെയും കണക്ക് അനുബന്ധം 5.28-ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 5.14
കേരളത്തിലെ വൈദ്യുതി ഉപഭോഗം
വര്‍ഷം മൊത്തം വൈദ്യുതി ഉപയോഗം (മി.യു) വളര്‍ച്ചാ നിരക്ക് (ശതമാനം) ആളോഹരി വൈദ്യുതി ഉപയോഗം (കി.വാ.) വളര്‍ച്ചാ നിരക്ക് (ശതമാനം)
(1) (2) (3) (4) (5)
2011-12 15981   478  
2012-13 16838 5.36 501 4.8
2013-14 17454 3.65 516 2.9
2014-15 18426 5.5 544 5.4
2015-16 19325 4.8 565 3.8
ബോക്സ് 5.9
13-ാം പഞ്ചവത്സര പദ്ധതി - ഊര്‍ജ്ജ മേഖലയിലെ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ രൂപീകരണം

13-ാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഊര്‍ജ്ജ മേഖലയിലെ വര്‍ക്കിംഗ് ഗ്രൂപ്പ് ശ്രീ. പോള്‍ ആന്റണി അഡീഷണല്‍ ചീഫ് സെക്രട്ടറി, ഊര്‍ജ്ജ വകുപ്പ് ശ്രീ പ്രബീര്‍ പുര്‍ക്കയാസ്ത പ്രസിഡണ്ട്, സെന്റര്‍ ഫോര്‍ ടെക്നോളജി & ഡവലപ്പ്മെന്റ്, ന്യൂഡല്‍ഹി, ചെയര്‍പേഴ്സണ്‍, നോളജ് കോമണ്‍സ് എന്നിവരെ കോ ചെയര്‍പേഴ്സണ്‍മാരായി നിയോഗിച്ച് പുന സംഘടിപ്പിച്ചു. ഊര്‍ജ്ജ രംഗത്ത വിവിധ മേഖലകളിലെ പ്രഗല്‍ഭരായ വിദഗ്ദ്ധരാണ് കമ്മിറ്റിയിലുള്ളത്.

വൈദ്യുതോര്‍ജ്ജ ഉപഭോഗം

കേരളത്തിലെ വൈദ്യുതോര്‍ജ്ജ ഉപഭോഗം 2014-15 വര്‍ഷത്തെ 18426.27 മി.യു നിന്ന് 2015-16 വര്‍ഷം 19325.07 മി.യു. ആയി വര്‍ദ്ധിച്ചു. 4.87 ശതമാനം വര്‍ദ്ധനവാണ് ഇക്കലായളവിലുണ്ടായത്. 2011-12 മുതല്‍ 2015-16 വരെയുള്ള കേരളത്തിലെ വൈദ്യുതോര്‍ജ്ജ ഉപഭോഗം, ചിത്രം 5.10 ല്‍ നല്‍കിയിരിക്കുന്നു.

ചിത്രം. 5.10
കേരളത്തിലെ വൈദ്യുതി ഊര്‍ജ്ജ ഉപഭോഗം
അവലംബം: കെ.എസ്.ഇ.ബി.എല്‍

വൈദ്യുതി വാങ്ങല്‍ കരാര്‍ (പി.പി.എ)

മുമ്പ് സൂചിപ്പിച്ചതു പോലെ വൈദ്യുതി വാങ്ങിയാണ് സംസ്ഥാനം മുഖ്യമായും ഊര്‍ജ്ജാവശ്യകത നേരിടുന്നത്. ദക്ഷിണ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്ന് വിശിഷ്യ എന്‍.ടി.പി.സി, നെയ്േവലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍‍ (എന്‍.എല്‍.സി.) എന്നിവിടങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുവാന്‍ കെ.എസ്.ഇ.ബി.എല്‍. കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 229 മെ.വാ. ഊര്‍ജ്ജം ആണവ ഊര്‍ജ്ജ സ്റ്റേഷനില്‍ നിന്നും, 1244.6 മെ.വാ. ഊര്‍ജ്ജം വിവിധ തെര്‍മല്‍ സ്റ്റേഷനുകളില്‍ നിന്നുമാണ്. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അഗളി (18.60 മെ.വാട്ട്) രാമക്കല്‍മേട് (14.25 മെ.വാട്ട്) എന്നീ കാറ്റാടി വൈദ്യുതി പദ്ധതികളില്‍ നിന്നും ചെറുകിട ജല വൈദ്യതി നിലയങ്ങളായ മീന്‍വല്ലം (3 മെ.വാ) ഇരുട്ടുകാനം (3 മെ.വാ.) കരിക്കയം (10.5 മെ.വാ) ഉള്ളൂങ്കല്‍ (7 മെ.വാ) ഇരുട്ടുകാനം (4.5 മെ.വാ.) എന്നിവിടങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങുവാന്‍ കെ.എസ്.ഇ.ബി.എല്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. കോജനറേഷന്‍ പ്ലാന്റായ എം.പി.സ്റ്റീല്‍ (10 മെ.വാട്ട്) കായംകുളം ആര്‍.ജി.സി.സി.പി.പി (359 മെ.വാ) യില്‍ നിന്നും വൈദ്യുതി വാങ്ങി കൊണ്ടിരിക്കുന്നു. വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള വിവിധ നിലയങ്ങളും അവയുടെ വിഹിതവും സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 5.29 ൽ കൊടുത്തിരിക്കുന്നു.

top