പശ്ചാത്തല സൗകര്യം

വ്യോമ ഗതാഗതം

ആഭ്യന്തര വിദേശ വിനോദ സഞ്ചാര വികസനത്തില്‍ വ്യോമ ഗതാഗതത്തിന് ഒരു പ്രധാന പങ്കുണ്ട്. തിരുവനന്തപുരം, കോഴിക്കോട്,കൊച്ചി എന്നീ മൂന്ന് വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്.

2015-16 വര്‍ഷത്തില്‍ ആകെ 94344 ഫ്ളൈറ്റുകള്‍ (37459 ആഭ്യന്തരം, 57485 അന്താരാഷ്ട്രം) മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നുമായി 1,41,28.802 (50,09,45 ആഭ്യന്തരം, 91,19,346 അന്തര്‍ദേശീയം) പേര്‍ യാത്ര ചെയ്തു. 2015-16 ല്‍ മൂന്ന് വിമാനത്താവളങ്ങളി‍ല്‍ നിന്നും പ്രവര്‍ത്തിപ്പിച്ച ഫ്ലൈറ്റുകള്‍ യാത്രക്കാരുടെ എണ്ണം എന്നിവ അനുബന്ധം 5.19(എ), അനുബന്ധം 5.19(ബി), അനുബന്ധം 5.19(സി) എന്നിവയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

കണ്ണൂര്‍ അന്തര്‍ദേശീയ വിമാനത്താവളം നിര്‍മ്മിച്ച്, പ്രവര്‍ത്തിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ കണ്ണൂര്‍ അന്തര്‍ദേശീയ വിമാനത്താവളം (കിയാല്‍) രൂപീകരിച്ചിട്ടുണ്ട്. രണ്ടുഘട്ടങ്ങളിലായാണ് കിയാല്‍, കണ്ണൂര്‍ വിമാനത്താവള വികസനം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ 2016-17 മുതല്‍ 2025-26 വരെയും, രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ 2026-27 മുതല്‍ 2045-46 വരെയുമാണ് ഉദ്ദേശിക്കുന്നത്. ഒന്നാംഘട്ടത്തില്‍ വിമാനത്തവള റൺവെ 3050 മീ. ദൈര്‍ഘ്യത്തിലും, പ്രധാന റൂട്ടുകളായ ഹോങ്കോംഗ്, സിംഗപ്പൂര്‍, മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ മുതലായ രാജ്യങ്ങളിലെ പ്രധാന എയര്‍ ക്രാഫ്റ്റുകള്‍ എത്തിച്ചേരുന്നതിനുള്ള സൗകര്യവും ഒരുക്കുന്നതായിരിക്കും. രണ്ടാംഘട്ടത്തില്‍‍ പാസഞ്ചര്‍ ടെര്‍മിനലിന്റെ ശേഷി വര്‍ദ്ധിപ്പിക്കല്‍, ഏപ്രണ്‍, മറ്റു സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, റൺവേയുടെ ദൈര്‍ഘ്യം 3400 മീറ്ററാക്കി വലിയ എയര്‍ ക്രാഫ്റ്റുകളായ എ 380 എന്നിവയ്ക്കുള്ള സൗകര്യമേര്‍പ്പെടുത്തല്‍ എന്നിവയും ഉദ്ദേശിക്കുന്നു. 2000 ഏക്കറില്‍ തയ്യാറാക്കുന്ന ഈ ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ടിനാവശ്യമായ 1265 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. 1215 ഏക്കര്‍ ഭൂമി (315.94 കോടി രൂപയ്ക്ക് തുല്യം) കേരള സര്‍ക്കാരിന്റെ ഈ പദ്ധതിയ്ക്കുള്ള ഇക്വറ്റിയായി കണക്കാക്കുന്നു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പരിസ്ഥിതി സര്‍ട്ടിഫിക്കറ്റ് നല്‍കി കഴിഞ്ഞു. സി.എന്‍.എസ്. / എ.ടി.എം. സൗകര്യങ്ങള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി കരാര്‍ ആയിട്ടുണ്ട്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ലാര്‍സന്‍ & ടര്‍ബോ ലിമിറ്റഡാണ് നടത്തുന്നത്. ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ കെട്ടിടം, എടിസി ടവര്‍, ടെര്‍മിനല്‍ കെട്ടിടം മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ M/S കിറ്റ്കോ ലിമിറ്റഡിനാണ് നല്‍കിയിരിക്കുന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 892 കോടി രൂപയുടെ ധന സമാഹരണത്തിനായി മൂന്നു ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്. കനറാ ബാങ്ക് (692 കോടി രൂപ) സൗത്ത് ഇന്ത്യന്‍ ബാങ്ക് (110 കോടി രൂപ) ഫെഡറല്‍ ബാങ്ക് (90 കോടി രൂപ) 2015 മേയ് 20ാം തീയതി സംയുക്ത ടേം ലോണ്‍ കരാര്‍ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്ന ബാങ്കുകള്‍ ഒപ്പു വെച്ചിട്ടുണ്ട്. 2016 ഫെബ്രുവരിയില്‍ കോഡ് 2 ബി ടൈപ്പ് എയര്‍ക്രാഫ്റ്റ് ട്രയല്‍ ലാന്റിംഗ് നടത്തുന്നതിനുള്ള ഡി.ജി.സിഎ ക്ലിയറന്‍സ് ലഭ്യമാവുകയും, അതിന്‍ പ്രകാരം കണ്ണൂര്‍ വിമാനത്താവളത്തില്‍ ട്രയല്‍ ലാന്റിങ്ങ് കാര്യക്ഷമമായി നടക്കുകയും ചെയ്തു.

കിയാലിന്റെ ഒരു സംയുക്ത സംരംഭമായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.പിസിഎല്‍) ഒരു ഫ്യൂവല്‍ഫാം നടപ്പിലാക്കിയിട്ടുണ്ട്. ഇക്വിറ്റി വിഹിതമായി 170 കോടി രൂപ ബിപിസി എല്‍ ന് നല്‍കിയിട്ടുണ്ട്. കൂടാതെ ബി.പി.സിഎല്‍ അധിക നിക്ഷേപമായി 46.80 കോടി രൂപ ഇക്വറ്റി മൂലധനമായി നല്‍കുന്നതിന് കരാറായിട്ടുണ്ട്. ബി.പി.സി.എല്ലും കിയാലും, ഫ്യൂവല്‍ഫാം ബിസിനസ്സിനായി ഒരു സംയുക്ത സംരംഭം ഇക്വറ്റി പങ്കാളിത്തം വ്യവസ്ഥയില്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ജലഗതാഗത മേഖല

തുറമുഖങ്ങള്‍ കടല്‍ മാര്‍ഗ്ഗമുളള വ്യാപാരം പ്രോത്സാഹിപ്പിക്കുക വഴി തുറമുഖങ്ങളുടെ പരിസരപ്രദേശത്തും വൃഷ്ടിപ്രദേശങ്ങളിലും ഉള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങ ള്‍ ഉത്തേജിപ്പിക്കുന്നതില്‍ തുറമുഖങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നു. ലോക സാമ്പത്തിക ആഗോളവല്‍ക്കരണം ലോകത്തുടനീളമുളള ചരക്കു കൈമാറ്റത്തില്‍ വന്‍തോതിലുളള വര്‍ദ്ധനയാണ് കൊണ്ടു വന്നിരിക്കുന്നത്. വളരുന്ന ലോക വ്യാപാരത്തിനോട് കിടനിൽക്കുവാൻ ഓരോ രാജ്യത്തിന്റെയും തുറമുഖങ്ങള്‍ സംശയമന്യേ ഏറ്റവും ചെലവു കുറഞ്ഞ ഗതാഗത സൗകര്യമൊരുക്കുന്നതില്‍ പ്രധാനവും നിര്‍ണ്ണായവുമായ പങ്കു വഹിച്ചു കൊണ്ടേയിരിക്കും.

തുറമുഖത്തിന്റെ പ്രവര്‍ത്തനവും ഗതാഗതവും വിലയിരുത്തുന്നതിനായി ഇതുവരെ ഒരു ഏകീകൃത മാര്‍ഗ്ഗമില്ലാത്തതിനാല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ തുറമുഖം എന്ന പദവിയ്ക്കായി നിരവധി തുറമുഖങ്ങള്‍ മത്സരിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദശകത്തില്‍ റോട്ടര്‍ഡാം തുറമുഖവും സിംഗപ്പൂർ തുറമുഖവും അവകാശവാദം ഉന്നയിച്ചിട്ടുണ്ട് . റോട്ടര്‍ഡാം തുറമുഖം കൈകാര്യം ചെയ്ത ചരക്കിന്റെ (കയറ്റി, ഇറക്കിയ മൊത്തം ചരക്കിന്റെ ഭാരം)കാര്യത്തിലും, സിംഗപ്പൂര്‍ കൈകാര്യം ചെയ്ത ഷിപ്പിംഗ് ടണ്ണേജ് (കൈകാര്യം ചെയ്ത കപ്പലിന്റെ അളവ്) കാര്യത്തിലും മുന്നിട്ട് നില്‍ക്കുന്നു. 2005 മുതല്‍ കൈകാര്യം ചെയ്ത മൊത്തം ചരക്കിന്റെ ഭാരത്തിന്റെ അടിസ്ഥാനത്തില്‍ ഷാങ്ങ്ഹായ് തുറമുഖം മറ്റ് രണ്ട് തുറമുഖങ്ങളേയും പിന്നിലാക്കിയിരിക്കുന്നു. താഴെ പറയുന്ന തുറമുഖങ്ങള്‍ വിവിധ അടിസ്ഥാനങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തുറമുഖം എന്ന അംഗീകാരത്തിനായി അവകാശവാദം ഉന്നയിച്ചവയാണ്. ഷാങ്ങ്ഹായ് തുറമുഖം, സിംഗപ്പൂര്‍ തുറമുഖം, റോട്ടര്‍ഡാം തുറമുഖം, ഹോങ്കോങ് തുറമുഖം, ന്യൂയോര്‍ക്ക്/ന്യൂജേഴ്സി തുറമുഖം.

ഭാരതത്തിലെ തുറമുഖങ്ങള്‍

ഭാരതത്തിന്റെ 7500 കീ.മീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്ത് 12 വന്‍കിട തുറമുഖങ്ങളും, ഏകദേശം 200 ഓളം ചെറുകിട, ഇടത്തര തുറമുഖങ്ങളും പശ്ചിമപൂർവ്വ ഇടനാഴികളില്‍ സ്ഥിതി ചെയ്യുന്നു. വന്‍കിടേതര തുറമുഖങ്ങളില്‍ പ്രവര്‍ത്തനക്ഷമമായത് 139 എണ്ണം, അതായത് 69.5% മാത്രമാണ്. ഭാരത തുറമുഖങ്ങള്‍ കടല്‍ ‍ മാര്‍ഗ്ഗമുള്ള ഭാരത്തിന്റെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ പ്രവേശന കവാടമാണ്. ഇവ വിദേശ വ്യാപാരത്തിന്റെ 90% കൈകാര്യം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള 12 പ്രധാന തുറമുഖങ്ങള്‍ ഇന്ത്യന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. 139 ചെറുകിട തുറമുഖങ്ങള്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുമാണ്. വന്‍കിടേതര തുറമുഖങ്ങള്‍ എണ്ണത്തില്‍ കൂടുതലാണെങ്കിലും ഏകദേശം മൂന്നില്‍ ഒന്നു തുറമുഖങ്ങള്‍ മാത്രമേ പതിവ് വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുള്ളു. ഇവ പ്രദാനമായും ഗുജറാത്ത്, ആന്ധ്രപ്രദശ്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്നു.

ഭാരതത്തിലെ പ്രധാന തുറമുഖങ്ങള്‍ ചെന്നൈ, എണ്ണൂര്‍, തൂത്തുക്കുടി (തമിഴ് നാട്), കൊച്ചി (കേരളം), കാണ്ടല (ഗുജറാത്ത്), കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍), മുംബൈ, ജവഹർലാൽ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് (ജെ.എന്‍.പി.ടി) (മഹാരാഷ്ട്ര), മര്‍മ്മുഗാവോ (ഗോവ), ന്യൂ മാംഗ്ളോര്‍ (കര്‍ണ്ണാടക), പാരദീപ് (ഒറീസ), വിശാഖപട്ടണം (ആന്ധ്രപ്രദേശ്) എന്നിവയാണ്.

ഭാരതത്തിന്റെ പ്രധാന തുറമുഖങ്ങളിലെ ചരക്ക് ഗതാഗതം

തുറമുഖങ്ങള്‍ വഴി കൈകാര്യം ചെയ്യുന്ന ചരക്കിന്റെ അളവ് പ്രധാനമായും ആഗോള ആഭ്യന്തര പ്രവര്‍ത്തനങ്ങളിലുള്ള ഉയർച്ചയും, മാറ്റങ്ങളുമാണ് നിർണ്ണയിക്കുന്നത്. ഭാരത്തിന്റെ 12 വന്‍കിട തുറമുഖങ്ങളിലൂടെയുളള ചരക്ക് ഗതാഗതം 2014-15 ല്‍ 5813.44 ലക്ഷം ടണ്ണായിരുന്നത് 4.3% ഉയര്‍ന്ന് 2015-16 ല്‍ 6063.7 ലക്ഷം ടണ്ണായിട്ടുണ്ട്. 2015-16 ലെ ഗതാഗത വളര്‍ച്ച നിരക്കില്‍ ഉയര്‍ന്ന തോത് രേഖപ്പെടുത്തിയിരിക്കുന്നത് മര്‍മുഗാവോയിലും (41.2%)പുറകിലായി യഥാക്രമം ചിദംബരനാര്‍ (13.7%), കൊല്‍ക്കത്ത ഡോക്ക് സിസ്റ്റം (9.2%), കാണ്ട് ല (8.2%), ഹാല്‍ഡിയ ഡോക് സിസ്റ്റം (8.1%), പാരദ്വീപ് (7.6%), കാമരാജര്‍ (6.5%), കൊച്ചി (2.3%), ജെ.എന്‍.പി.ടി (0.4%), എന്നിവയുമാണ്. 2015-16 ല്‍ കുറഞ്ഞ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ചെന്നൈ (-4.7%), ന്യൂ മാംഗ്ളൂര്‍ (-2.7%), വിശാഖപ്പട്ടണം (-1.7%), മുബൈ (-0.9%) എന്നിവയുമാണ്.

(അവലംബം: 2015-16, പോര്‍ട്ട് സ്റ്റാറ്റിസ്റ്റിക്സ്, ഷിപ്പിംഗ് മന്ത്രാലയം, ഭാരത സര്‍ക്കാര്‍)

2015-16, വന്‍കിട തുറമുഖങ്ങളിലൂടെയുളള ചരക്ക് കൈകാര്യം ചെയ്യുന്നതിന്റെ കണക്കനുസരിച്ച് 1000.1 ലക്ഷം ടണ്‍ (16.5%) ഭാഗമായി കാണ്ടല തുറമുഖം ഒന്നാം സ്ഥാനത്തും പുറകിലായി പാരദ്വീപ് (16.5%), ജെ.എന്‍.പി.ടി (10.6%), മുംബൈ (10.1%), വിശാഖപട്ടണം (9.4%), ചെന്നൈ (8.3%), ചിദംബര നാര്‍ (6.1%), ന്യൂ മാംഗ്ലൂര്‍ (5.9%), ഹല്‍ഡിയ ഡോക് കോപ്ലക്സ് (5.5%), കാമരാജര്‍ (5.3%), കൊച്ചി (3.6%), മര്‍മുഗാവോ (3.4%), കൊല്‍ക്കത്ത ഡോക്ക് സിസ്റ്റം (2.8%) എന്നിവയുമാണ്.കല്‍ക്കരി ഇറക്കുമതിയിലുണ്ടായ മാന്ദ്യം 2015-16 ല്‍ ഭാരതത്തിന്റെ തുറമുഖങ്ങളില്‍ കൈകാര്യം ചെയ്ത ചരക്കിന്റെ അളവില്‍ വന്‍തോതിലുളള കുറവുണ്ടാക്കി.

ചിത്രം 5.5 പ്രകാരം ഭാരതത്തിന്റെ വന്‍കിട തുറമുഖങ്ങളിൽ കൈകാര്യം ചെയ്യുന്ന ചരക്കുകളിൽ ഏറ്റവും അധികം വിഹിതം പി.ഒ.എല്‍ (പെട്രോളിയം, ഓയില്‍, ലൂബ്രിക്കന്റസിനാണ് 1887.71 ലക്ഷം ടണ്‍ (32.33%), പിന്നിലായി കല്‍ക്കരി (21.45%), മറ്റ് ചരക്ക് (21.15%), കണ്ടെയ്നർ (20.30%). ഇതില്‍ ചായ, സുഗന്ധ വ്യഞ്ജനങ്ങള്‍, റബ്ബര്‍, റബ്ബര്‍ ഉത്പന്നങ്ങള്‍, കശുവണ്ടി പരിപ്പ് ,കാപ്പി എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ വളം (2.64%), ഇരുമ്പയിര് (2.12%) എന്നിങ്ങനെയാണ്. പ്രധാനമായും ഇരുമ്പയിരിന്റെ ഖനനത്തിൽ ഉണ്ടായ നിയന്ത്രണം കാരണം ഇരുമ്പയിരിന്റെ ഗതാഗതത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട് (ചിത്രം 5.5).

ചിത്രം 5.5
2015-16 -ലെ ഭാരതത്തിലെ വന്‍കിട തുറമുഖങ്ങളില്‍ ഉത്പന്നം തിരിച്ചുള്ള ചരക്ക്
അവലംബം: കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം / ഇന്ത്യന്‍ പോര്‍ട്ട് അസോസിയേഷന്‍

കഴിഞ്ഞ 6 വര്‍ഷങ്ങളില്‍ തുറമുഖങ്ങളില്‍ കൈകാര്യം ചെയ്ത ചരക്കിന്റെ തോതില്‍ വിശാഖപട്ടണം ഒന്നാം സ്ഥാനത്തും, ചെന്നൈ രണ്ടാം സ്ഥാനത്തും, ന്യൂ മാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. പ്രസ്തുത തുറമുഖങ്ങളില്‍ 2015-16 കൈകാര്യം ചെയ്ത ചരക്ക് ഗതാഗതം 1.67%, 4.73%, 2.69% നിരക്കില്‍ കുറഞ്ഞതായാണ് കാണുന്നത്. പക്ഷെ ചിദംബരനാര്‍, കൊച്ചി, എണ്ണൂര്‍ എന്നീ മൂന്നു തുറമുഖങ്ങളിലെ ചരക്ക് ഗതാഗതം 13.68%, 2.33%, 6.46% എന്നീ നിരക്കില്‍ ഉയര്‍ന്നതായാണ് കാണുന്നത്. (അനുബന്ധം 5.20).

കൊച്ചി തുറമുഖത്ത് കഴിഞ്ഞ 6 വര്‍ഷങ്ങളില്‍ ചരക്ക് ഗതാഗതം ചെറിയ തോതില്‍ ഉയര്‍ന്നതായാണ് കാണുന്നത്. എന്നാല്‍ 2012-13 ല്‍ ചരക്ക് ഗതാഗതത്തില്‍ ഇടിവ് ഉണ്ടായി. കൊച്ചി തുറമുഖത്ത് 2011-12 മുതല്‍ 2015-16 വരെ കൈകാര്യം ചെയ്ത ചരക്കുകളുടെ തോത് ടണ്ണില്‍ യഥാക്രമം 200.91 (12.40%), 198.45(-1.22%), 208.87(5.09%), 215.95(3.39%), 220.99 (2.33%) എന്നിങ്ങനെയാണ്. വളർച്ചാ നിരക്കിലുള്ള വ്യതിയാനം തോതുകള്‍ക്കൊപ്പം ബ്രാക്കറ്റില്‍ കാണിച്ചിരിക്കുന്നു.

ഭാരതത്തിലെ ചെറുകിട/ ഇടത്തര തുറമുഖങ്ങളിലെ ചരക്കു ഗതാഗതം

2015-16-ല്‍ സെപ്റ്റംബര്‍ 2016 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ തോതില്‍ ചരക്ക് കൈകാര്യം ചെയ്തിരിക്കുന്നത് ഗുജറാത്തിലാണ്. (1664.08 ലക്ഷം ടണ്‍) 73.66% പുറകിലായി യഥാക്രമം ആന്ധ്രാപ്രദേശ് (15.87%), മഹാരാഷ്ട്ര (5.38%), തമിഴ്നാട് (0.18%), കര്‍ണ്ണാടക (0.15%) ബാക്കിയുള്ള സംസ്ഥാനങ്ങലിലെ തുറമുഖങ്ങളിലായി 107.51 ലക്ഷം ടണ്‍ (4.76%) ചരക്ക് കൈകാര്യം ചെയ്തിരിക്കുന്നു. (അവലംബം- 2015-16 പോര്‍ട്ട് സ്റ്റാറ്റിസ്റ്റിക്സ്, ഷിപ്പിംഗ് മന്ത്രാലയം, ഭാരത സര്‍ക്കാര്‍)

തുറമുഖങ്ങളില്‍ കൈകാര്യം ചെയ്ത ചരക്കുകളുടെ ഘടകങ്ങളില്‍ ഏറ്റവും കൂടിയ പങ്ക് വഹിക്കുന്നത് പി.ഒ.എൽ (39.14%) ആണ്. പുറകിലായി യഥാക്രമം കല്‍ക്കരി (31.66%), കണ്ടെയ്നര്‍ (10.75%), മറ്റ് ചരക്കുകള്‍ (7.98%), വളവും അസംസ്കൃത വസ്തുക്കളും (3.55%), ഇരുമ്പയിര് (3.53%), നിര്‍മ്മാണ വസ്തുക്കള്‍(3.38%).

കേരളത്തിലെ തുറമുഖങ്ങള്‍

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മൂലയിലാണ് കേരളത്തിലെ വലതും ഇടത്തരവുമായ തുറമുഖങ്ങള്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിന് 585 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരമാണുള്ളത് മുഖ്യ തുറമുഖംമായ കൊച്ചി കൂടാതെ 17 ചെറിയ തുറമുഖങ്ങളുണ്ട്. കേരളത്തിലെ 17 ചെറിയ തുറമുഖങ്ങളില്‍ 4 തുറമുഖങ്ങളെ കപ്പലുകളുടെ നങ്കൂരമിടല്‍, ചരക്കുകള്‍ കൈകാര്യം സംഭരണ സൗകര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇടത്തരം തുറമുഖങ്ങളായി പരിഗണിച്ചിട്ടുണ്ട്. വിഴിഞ്ഞം, ബൈയ്പൂര്‍, അഴീക്കല്‍ കൊല്ലം എന്നിവയാണ് ഇടത്തരം തുറമുഖങ്ങള്‍. നീണ്ടകര, ആലപ്പുഴ, വലിയതുറ, കായംകുളം, മനകോടം, മുനമ്പം, പൊന്നാനി, വടകര, തലശ്ശേരി, മഞ്ചേശ്വരം, നീലേശ്വരം, കണ്ണൂര്‍, കാസറഗോഡ് എന്നിവയാണ്, സംസ്ഥാനത്തെ ബാക്കിയുള്ള 13 ചെറുകിട തുറമുഖങ്ങള്‍.

സംസ്ഥാനത്തെ മിക്കവാറും ചെറുകിട ഇടത്തര തുറമുഖങ്ങള്‍ കാലികമാണ്. വര്‍ഷം മുഴുവന്‍ ചെറുകിട ഇടത്തരം കപ്പലുകളെ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ടത്രയില്ല. നിലവില്‍ വിഴിഞ്ഞം, ബേപ്പൂര്‍, ആഴീക്കല്‍, കൊല്ലം തുറമുഖങ്ങളിലാണ് പ്രധാനമായും ചരക്ക് കൈകാര്യം ചെയ്ത് വരുന്നത്. ബേപ്പൂര്‍ തുറമുഖത്ത് ലക്ഷദ്വീപിലേക്കുള്ള യാത്രാ ഗതാഗതവും കൈകാര്യം ചെയ്തു വരുന്നു. മത്സ്യ ബന്ധന തുറമുഖത്തെ പ്രയോജനപ്പെടുത്തി കൊല്ലം തങ്കശ്ശേരിയില്‍ പുതിയ ചരക്ക് ഗതാഗത സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പൊതു സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ (പി.പി.പി) അഞ്ച് തുറമുഖങ്ങളെ വികസിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അഴീക്കല്‍, ബേപ്പുര്‍, പൊന്നാനി ആലപ്പുഴ, കൊല്ലം എന്നിവയാണ് ഈ തുറമുഖങ്ങള്‍. ഇതിനു പുറമേ വിഴിഞ്ഞം ഡീപ്പ് വാട്ടര്‍ ഇന്റര്‍ നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിെന്റ നിർമ്മാണം പുരോഗമിക്കുന്നു.

കൊച്ചി തുറമുഖത്തെ ചരക്ക് ഗതാഗതം

2015-16 ല്‍ കൈകാര്യം ചെയ്ത മൊത്തം ചരക്ക് മുന്‍ വര്‍ഷത്തെ 215.95 ലക്ഷം ടണ്ണില്‍ നിന്നും 220.98 ലക്ഷം ടണ്ണായി 2.33% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2015-16 ല്‍ കൈകാര്യം ചെയ്ത ഇറക്കുമതി മുന്‍ വര്‍ഷത്തെ 175.36 ലക്ഷം ടണ്ണില്‍ നിന്നും 181.84 ലക്ഷം ടണ്ണായി 3.69% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതിയിലെ പ്രധാന ഘടകങ്ങള്‍ പി.ഒ.എല്‍ (65.61%). തൊട്ടുപിന്നില്‍ യന്ത്രങ്ങള്‍, കശുവണ്ടി, രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്ന കണ്ടെയ്നര്‍ (21.54%), മറ്റ് ചരക്കുകള്‍ (10.98%). വളവും അസംസ്കൃത വസ്തുക്കളും (1.27%), കല്‍ക്കരി (0.49%), വളവും (0.12%).

കയറ്റുമതി മുന്‍ വര്‍ഷം കൈകാര്യം ചെയ്ത 40.59 ലക്ഷം ടണ്ണില്‍ നിന്നും 39.14 ലക്ഷം ടണ്ണായി 3.57% കുറവ് കാണിച്ചിരിക്കുന്നു. കയറ്റുമതിയിലും പ്രധാന ഘടകം പി.ഒ.എല്‍ ആണ് (47.13%) പുറകില്‍ മറ്റ് ചരക്കുകള്‍ (33.92%) മറ്റ് ബള്‍ക്ക് ചരക്കുകള്‍ (5.15%), സമുദ്ര ഭക്ഷണങ്ങള്‍ (3.58%), കയര്‍ ഉത്പന്നങ്ങള്‍ (3.18%), ചായ (1.71%), കാപ്പി (1.40%) റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ (1.39%) കശുവണ്ടി (1.28%) സുഗന്ധ വ്യഞ്ജനങ്ങള്‍ (1.27%) എന്നിവ ഉള്‍പ്പെടുന്നു. ചിത്രം 5.7 ൽ കൊച്ചി തുറമുഖത്ത് കൈകാര്യം ചെയ്ത ചരക്കുകളെ ഇനം തിരിച്ച് കാണിച്ചിരിക്കുന്നു

ചിത്രം 5.7
2015-16 -ലെ കൊച്ചി തുറമുഖത്തെ ഉത്പന്നം തിരിച്ചുള്ള ചരക്ക് ഗതാഗതംശതമാനത്തിൽ
അവലംബം കൊച്ചിൻ പോർട്ട് ട്രസ്റ്റ്
(അവലംബം: അഡ്മിനിസ്ട്രേഷന്‍ റിപ്പോര്‍ട്ടും വാര്‍ഷിക കണക്കുകളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്)

ചിത്രം 5.7 പ്രകാരം കൊച്ചി തുറമുഖത്ത് കൈകാര്യം ചെയ്ത ഏറ്റവും വലിയ ഘടകം പി.ഒ.എല്‍ ആണ് (62.33%). തൊട്ടു പിന്നില്‍ കണ്ടെയ് നര്‍ (26.17%). മറ്റ് ചരക്കുകള്‍ (9.95%) വളവും അസംസ്കൃത വസ്തുക്കളും (1.15%) കല്‍ക്കരി (0.40%).

കേരളത്തിലെ ചെറുകിട ഇടത്തരം തുറമുഖങ്ങളിലെ ചരക്ക് ഗതാഗതം

കേരളത്തിലെ വന്‍കിടേതര തുറമുഖങ്ങളില്‍ 2015-16 ല്‍ കൈകാര്യം ചെയ്ത ചരക്ക് 2014-15 ലെ 159226 ടണ്ണില്‍ നിന്നും 9.9% താഴ്ന്ന് 143458.58 ടണ്ണായിരിക്കുന്നു.

2015-16-ൽ കോഴിക്കോട്, കൊല്ലം, വിഴിഞ്ഞം, അഴീക്കൽ എന്നീ തുറമുഖങ്ങളില്‍ മാത്രമാണ് ചരക്കു ഗതാഗതം നടന്നത് .വിഴിഞ്ഞം ഒഴികെ എല്ലാ തുറമുഖങ്ങളിലും കൈകാര്യം ചെയ്ത ചരക്കിന്റെ തോതില്‍ ഇടിവുണ്ടായിട്ടുണ്ട്. വിഴിഞ്ഞത് കൈകാര്യം ചെയ്ത ചരക്കിന്റെ വളർച്ചാ നിരക്ക് 6.25% മാത്രമാണ്.

കൊല്ലം, കോഴിക്കോട്, അഴീക്കല്‍ തുറമുഖങ്ങളില്‍ ഉണ്ടായ നെഗറ്റീവ് വളര്‍ച്ച നിരക്ക് യഥാക്രമം 88.04%, 53.87%, 0.94% എന്നിങ്ങനെയാണ്. കേരളത്തിലെ ഇടത്തരം ചെറുകിട തുറമുഖങ്ങളില്‍ നടന്ന ചരക്കു തിരിച്ചുള്ള ഇറക്കുമതി കയറ്റുമതി വിവരങ്ങള്‍ അനുബന്ധം 5.21 ല്‍ കാണിച്ചിരിക്കുന്നു. 2015-16 ല്‍ 356 സ്റ്റീമറുകളും, സെയിലിംഗ് വെസ്സലുകളും ചേര്‍ന്ന് 237417.98 ടണ്ണേജ് കൈകാര്യം ചെയ്തു. 2014-15-ൽ 558 സ്റ്റീമറുകളും വെസ്സലുകളും 158711.51 ടണ്ണേജുമായിരുന്നു വെസ്സലുകളുടെ എണ്ണം കുറയുകയും, ചരക്ക് കൈകാര്യം ചെയ്തത് വര്‍ദ്ധിക്കുകയും ചെയ്തു എന്നാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്. വിശദാംശം അനുബന്ധം 5.22(എ)ല്‍ സൂചിപ്പിച്ചിരിക്കുന്നു. 2015-16 ല്‍ ചെറുകിട തുറമുഖങ്ങളില്‍ നിന്നുളള റവന്യൂ വരുമാനം അനുബന്ധം 5.21(ബി)ല്‍ സൂചിപ്പിച്ചിരിക്കുന്നു. കേരളത്തിലെ ചെറുകിട തുറമുഖങ്ങളിലെ ചരക്ക് ഗതാഗതത്തിലെ പ്രവണതയാണ് ചിത്രം 5.8 കാണിക്കുന്നത്.

ചിത്രം 5.8
കേരളത്തിലെ ചെറുകിട തുറമുഖങ്ങളിലെ ചരക്ക് ഗതാഗതം
(അവലബം : ഡയറക്ട്രര്‍ തുറമുഖ വകുപ്പ്)

ഇറക്കുമതി ചാഞ്ചാടുന്ന പ്രവണതയാണ് ചിത്രം 5.8 കാണിക്കുന്നത്. 2011-12 ല്‍ ഇറക്കുമതി താഴുകയും 2012-13 ല്‍ 2.63% വളര്‍ച്ച കാണിക്കുകയും ചെയ്തു. 2013-14 ല്‍ ഇറക്കുമതി വീണ്ടും 18.14% താഴ്ന്നു. എന്നാല്‍ 2014-15 ലും, 2015-16ലും ഇറക്കുമതിയില്‍ ഉയര്‍ച്ച ഉണ്ടായിരിക്കുന്നു. 2015-16 ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 92% വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതി 2012-13 ല്‍ 1.50% കുറഞ്ഞു. പിന്നീട് 2013-14 ല്‍ 5.05% ഉയര്‍ന്നു. 2014-15 ല്‍ 13.18% ഉയര്‍ച്ച കാണിച്ചിരുന്നെങ്കിലും 2015-16 ല്‍, 64.51% കുത്തനെയുള്ള താഴ്ചയാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ചരക്കിന്റെ ക്ഷാമമാണ് തീരദേശ കയറ്റുമതിയില്‍ ഇത്തരം ഇടിവ് ഉണ്ടാകാനുളള കാരണം. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (KMML) ഇന്ത്യന്‍ റേയര്‍ എര്‍ത്ത് ലിമിറ്റഡ് (IRE), ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (FCI) എന്നീ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഗതാഗതം കൊല്ലം തുറമുഖത്തിലൂടെ നടത്തുന്നതുവഴി പ്രശ്ന പരിഹാരം കാണാവുന്നതാണ്. അഴീക്കല്‍ തുറമുഖത്ത് മണ്ണിടിച്ചില്‍ മൂലം ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കാനാകാത്തതും ചരക്ക് ഗതാഗതം കുറയാന്‍ കാരണമായി. അഴീക്കല്‍ തുറമുഖത്ത് ഡ്രെഡ് ജിങ്ങ് നടത്തുവാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നു.

തുറമുഖ വികസനത്തിനായുളള സര്‍ക്കാര്‍ വകുപ്പുകള്‍ തുറമുഖവകുപ്പ് ഹാര്‍ബ് എഞ്ചിനീയറിംഗ് വകുപ്പ്, ഹ്രൈഡ്രോഗ്രാഫിക് സർവേ വിഭാഗം എന്നിവയാണ്. ഈ മേഖലയ്ക്ക് 2012-13, 2013-14, 2014-15, 2015-16, 2016-17 വര്‍ഷങ്ങളിലേക്ക് യഥാക്രമം 27759 ലക്ഷം, 7869 ലക്ഷം, 9869 ലക്ഷം, 11929 ലക്ഷം, 12601 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.

തുറമുഖ വകുപ്പ്

തുറമുഖ വകുപ്പ് തുറമുഖ ഡയറക്ടറുടെ നേതൃത്വത്തിലുളളതാണ്. തുറമുഖ ഡയറക്ടറേറ്റ് തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നത്. നീണ്ടകര, ആലപ്പുഴ, കോഴിക്കോട് എന്നിങ്ങനെ യഥാക്രമം മൂന്ന് തുറമുഖ ഓഫീസര്‍മാര്‍ ഉണ്ട്. തുറമുഖ ഡയറക്ടറും, തുറമുഖ ഓഫീസര്‍മാരും ഇന്ത്യന്‍ പോര്‍ട്ട് ആക്ട് (1950) പ്രകാരം നിക്ഷിപ്തമായ അധികാരത്തിലൂടെ തുറമുഖ പ്രവര്‍ത്തനങ്ങള്‍ നിർവ്വഹിച്ചു വരുന്നു. തുറമുഖങ്ങളില്‍ ആവശ്യമായ ആഴം നിലനിര്‍ത്താന്‍ വേണ്ട ക്യാപിറ്റല്‍, മെയിന്റനന്‍സ്, ഡ്രഡ്ജിങ്ങ് നടത്തുക എന്നത് തുറമുഖ വകുപ്പിന്റെ മറ്റൊരു ഉത്തരവാദിത്തമാണ്. അപകടാവസ്ഥയില്‍ കേരള തീരത്ത് തിരച്ചില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും തുറമുഖ
വകുപ്പിന്റെ ഉത്തരവാദിത്ത്വമാണ്.

ബോക്സ് 5.5
2015-16 ലെ തുറമുഖ വകുപ്പിന്റെ മുഖ്യ നേട്ടങ്ങള്‍
  • അഴീക്കല്‍, ബെയ് പൂര്‍, പൊന്നാനി, ആലപ്പുഴ, കൊല്ലം എന്നീ അഞ്ച് തുറമുഖങ്ങളില്‍ പി.പി. പി മാതൃകയിലുളള വികസനം ആരംഭിച്ചു
  • വിഴിഞ്ഞം, കൊല്ലം, അഴീക്കല്‍, ബെയ് പൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ തുറമുഖങ്ങള്‍ ചരക്ക് ഗതാഗതത്തിനായി പ്രവര്‍ത്തനക്ഷമമായിരിക്കുന്നു
  • തീരദേശ കപ്പല്‍ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു രൂപ/ടണ്‍/ കി.മീ എന്ന നിരക്കില്‍ ഇന്‍സെന്റീവ് അനുവദിച്ചു
  • സര്‍ക്കാര്‍, കോസ്റ്റല്‍ ഷിപ്പിംഗ് പ്രൊമോഷന്‍ ഫണ്ടിന്റെ രുപീകരണത്തിനായിമൂന്നു കോടി രൂപയുടെ ഭരണാനുമതി നല്‍കി
  • കൊല്ലം തുറമുഖത്ത് 15 കോടിയുടെ കണ്ടയ് നര്‍ ഹാണ്ട് ലിംഗ് ക്രെയിനും, 3.5 കോടിയുടെ 600 എച്ച്.പി. ടഗ്ഗും, 2.70 കോടിയുടെ കണ്ടെയ് നര്‍ ഫോര്‍ക്ക് ലിഫ്റ്റും, 2.6 കോടിയുടെ കണ്ടയ് നര്‍ ഹാണ്ട് ലിംഗ് റീച്ച് സ്റ്റാക്കറും വാങ്ങിയിട്ടുണ്ട്
  • സ്ഥിരമായ കസ്റ്റംസ് സംവിധാനവും, ഇലക്ട്രോണിക് ഡാറ്റാ കൈമാറുന്നതിനുളളടെര്‍മിനലും കൊല്ലം തുറമുഖത്ത് സ്ഥാപിച്ചു
  • അഴീക്കല്‍ തുറമുഖത്ത് 19.85 കോടിയുടെ 200 മീറ്റര്‍ ക്യൂബ് കട്ടര്‍ സെക്ഷന്‍ഡ്രെഡ്ജറും, 6 കോടിയുടെ 750 എച് പി ടഗ്ഗും , 2.6 കോടിയുടെ കണ്ടെയ് നര്‍ ഹാണ്ട് ലിംഗ് റീച്ച് സ്റ്റാക്കറും വാങ്ങിയിട്ടുണ്ട്
  • വിഴിഞ്ഞം തുറമുഖത്ത് 2.6 കോടി രൂപയുടെ കണ്ടെയ് നര്‍ ഹാണ്ട് ലിംഗ് റീച്ച് സ്റ്റാക്കർ വാങ്ങിയിട്ടുണ്ട്
  • ബെയ് പൂര്‍ തുറമുഖത്ത് 40 അടിയുടെ കണ്ടെയ് നര്‍ ഹാണ്ട് ലിംഗ് ക്രെയിന്‍ വാങ്ങുകയു കമ്മീഷന്‍ ചെയ്യുകയും ചെയ്തു
  • ആലപ്പുഴയില്‍ പി.പി.പി മാതൃകയില്‍ 9.42 കോടി രൂപയുടെ ഡ്രൈ ഡോക്കിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നു
  • തീരദേശ കപ്പല്‍ ഗതാഗത നിർവ്വഹണ ഏജന്‍സിയായി കേരള മാരിടൈം ബോര്‍ഡ്രൂപീകരിച്ചു വരുന്നു
  • കൊടുങ്ങല്ലൂര്‍ കേരള മാരിടൈം ഇന്‍സ്റ്റിട്ടൂറ്റിന്റെ നിര്‍മ്മാണം 9.94 കോടി രൂപയ്ക്ക് പൂര്‍ത്തീകരിക്കുകയും ജൂലൈ,11 2015-ൽ ഉദ്ഘാടനം നടത്തുകയും ചെയ്തു
  • നീണ്ടകര കേരള മാരിടൈം ഇന്‍സ്റ്റിട്ടൂറ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു
  • വൈക്കം തവണക്കടവ് ചാനലില്‍, മാര്‍ക്കറ്റിംങ്ങ് ബോയിസിന്റെ സ്ഥാപനവും കമ്മീഷനിംങ്ങും പൂര്‍ത്തീയായി.

വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടി പര്‍പ്പസ് സീ പോര്‍ട്ട്

കേരള സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ഡിപ്പ് വാട്ടര്‍ മള്‍ട്ടി പര്‍പ്പസ് സീപ്പോര്‍ട്ട് 2015 ല്‍ സാക്ഷാത്കരിച്ച ഒരു ചരിത്ര സംഭവമായ സ്വപ്ന പദ്ധതിയാണ്. 1990 ല്‍ ആദ്യമായി നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതി അവസാനം യാഥാത്ഥ്യമായിരിക്കുകയാണ്.ഈ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം 2015 ഡിസംബര്‍ 5- ന് നടന്നു

വലിയ മദര്‍ വെസ്സലുകള്‍ക്കുള്ള ട്രന്‍ഷിപ്പ്മെന്റെ ഹബായി തുറമുഖത്തെ വികസിപ്പിക്കുവാനാണ് ഈ പദ്ധതി ലക്ഷമിടുന്നത്.പേര്‍ഷ്യന്‍ ഗൾഫ്- മലാക്കാ ലൈന്‍സില്‍ നിന്നും 10-12 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയുള്ള വീഴിഞ്ഞം തുറമുഖം എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഒരു തുറമുഖമാണ്.നിര്‍ദിഷ്ട സൈറ്റിന്‍ ചുരുങ്ങിയ ഡ്രെഡ്ജിങ്ങിന്റെ ആവശ്യകതയെയുള്ളു. 18.20 മി. ആഴമുള്ള തുറമുഖത്തിന് 18,000 മുതല്‍ 22000 TEU വലുപ്പമുള്ള പുതിയ തരം മദര്‍ വെസലുകള്‍ കൈകാര്യം ചെയ്യാനാവുന്നതാണ്.

ഡിസൈന്‍, നിര്‍മ്മാണം, ധനകാര്യ പ്രവര്‍ത്തനം,ട്രാന്‍സ്ഫർ എന്ന മാത്രകയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം, അറ്റകുറ്റപ്പണി, പ്രവര്‍ത്തനം എന്നിവയുടെ ചുമതല മെസ്സേഴ്സ് അദാനി വിഴഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് നല്‍കി .കേരള സര്‍ക്കാര്‍ 2015 ആഗസ്റ്റ് 17-ന് ടി കമ്പിനിയുമായി കൺസെഷൻ എഗ്രിമെൻറ് ഒപ്പു വച്ചു .

പദ്ധതിയുടെ മൊത്തം കൺസഷനേര്‍ കാലയളവ് 40 വര്‍ഷം ആണ്.പദ്ധതിയുടെ മൊത്തം തുക 6770 കോടി രൂപയാണ് ഇതില്‍ 4,089 കോടി രൂപ സ്വകാര്യ പങ്കാളി നല്‍കുന്ന വിഹിതമാണ്. 1463കോടി രൂപ ഫണ്ടഡ് പ്രവർത്തികൾക്കായും 1218 കോടി ഭൂമി , ആർ &ആർ ബാഹ്യ പശ്ചാത്തലം എന്നിവയ്ക്കാണ് . മൊത്തം വയബിലിറ്റി ഗ്യാപ്പ് ഫണ്ടായ 1635 കോടിയില്‍ 818കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ്.ബാക്കിയുള്ള 817 കോടി രൂപസംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ്.വെള്ളം,വൈദ്യുതി റെയിൽ കണക്ടിവിറ്റി പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നതാണ്.കേന്ദ്ര ധനകാര്യ മന്ത്രാലത്തില്‍ന്ന് വി.ജി.എഫ് സഹായം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പദ്ധതിയും,രാജ്യത്തെ തന്നെ അദ്യ തുറമുഖവുമാണ്. സംസ്ഥാന സര്‍ക്കാരിന് പദ്ധതിയുടെ വരുമാനത്തിന്റെ പങ്ക് തുറമുഖയിതര പ്രവര്‍ത്തികളില്‍ നിന്ന് 7 വര്‍ഷത്തിന് ശേഷവും, തുറമുഖ പ്രവര്‍ത്തനത്തില്‍ നിന്ന് 15 വര്‍ഷത്തിന് ശേഷവും ലഭിക്കുന്നതാണ്.

പ്രസ്തുത പദ്ധതിയുടെ മറ്റൊരു സവിശേഷത “ഫണ്ട്ഡ് വര്‍ക്ക്സ്”എന്ന ഘടകമാണ്.സ്വകാര്യ പങ്കാളി വികസിപ്പിച്ചെടുക്കുകയും അതിനായി ചെലവഴിച്ച പണം സംസ്ഥാന സര്‍ക്കാര്‍ തിരികെ കൊടുക്കുകയും ചെയ്യുന്ന പദ്ധതിയുടെ ഘടകങ്ങളാണ് ഫണ്ട്ഡ് പ്രവര്‍ത്തികള്‍ ബ്രേക്ക് വാട്ട റ്ന്റെ നിര്‍മ്മാണം(3.1 km) ഫിഷ് ലാന്റിംഗ് ബര്‍ത്ത്, മത്സ്യബന്ധന തുറമുഖത്തെ കെട്ടിടങ്ങള്‍,പാര്‍ശ്വ ഭിത്തി വികസനം എന്നിവ പദ്ധതിയുടെ ഫണ്ട്ഡ് പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുന്നു.പ്രസ്തുത പദ്ധതിക്കായുള്ള ബ്രേക്ക് വാട്ടറിെന്റ നിര്‍മ്മാണം രാജ്യത്തിന്റെ മാരിടൈം ചരിത്രത്തില്‍ തന്നെ ഒരു അസാധാരണ നേട്ടമായിരിക്കും.

ആദ്യ ഘട്ടത്തില്‍ പദ്ധതിയിക്കുണ്ടാവുന്ന 10 ലക്ഷം TEU കപ്പാസിറ്റി പിന്നീട് 30 ലക്ഷം TEU യായി ഉയര്‍ത്തുന്നതാണ് കരാര്‍ പ്രകാരം നിര്‍മ്മാണ കാലയളവ് 4 വര്‍ഷമാണ് എന്നാല്‍ 1000 ദിവസത്തില്‍ താഴെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നു.ഈ തുറമുഖം രാജ്യത്തിന്റെ ട്രാന്‍സ്ഷിപ്പ്മെന്റ ആവശ്യങ്ങള്‍ നിറവേറ്റുകമാത്രമല്ല സംസ്ഥാനത്തെ കപ്പല്‍ ഗതാഗതത്തിന് ഊര്‍ജ്ജം പകരുകയും ചെയ്യും.2012-ൽ ഡിലോയ്റ്റ് നടത്തിയ ഈ ഐ ആർ ആർ പഠനം പ്രകാരം ഈ പദ്ധതി 12.93% സാമ്പത്തിക ഇൻക്രിമെന്റൽ റേറ്റ് ഓഫ് റിട്ടേൺ പ്രദാനം ചെയ്യുന്നതാണ്.

ബോക്സ് 5.6
വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടി പര്‍പ്പസ് സീ പോര്‍ട്ട്പോർട്ടിന്റെ അന്തിമ സ്ഥിതി

പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 5.12.2015 ല്‍ ആരംഭിച്ചു. കണ്‍സഷന്‍ ഉടമ്പടിയില്‍ ഒപ്പു വച്ചതിനു ശേഷം, താഴെ ചേര്‍ത്തിരിക്കുന്ന പൂർവ്വ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു

1. ഓഫ് ഷോര്‍ സബ് സോയില്‍ ഇൻവെസ്റ്റിഗേഷൻ

2. ഭൂമി അടിസ്ഥാന സർവ്വേ

  • ബ്രേയ്ക്ക് വാട്ടര്‍ പണി സ്ഥലവും വിഴിഞ്ഞത്ത് നിലവിലുളള പദ്ധതി റോഡും ബന്ധിപ്പിക്കുന്ന ഒരു താല്‍ക്കാലിക റോഡ് പൂര്‍ത്തിയായി
  • ബ്രേയ്ക്ക് വാട്ടറിന്റെ ഭാഗമായുളള 565 മീറ്റര്‍ നോര്‍ത്ത് റോക്ക് ബണ്ട് നിര്‍മ്മാണം 2016
    ഏപ്രിലില്‍ ആരംഭിച്ചു. 2016 നവംബര്‍ അവസാനം വരെ പ്രധാന ബ്രേയ്ക്ക് വാട്ടറുടെ 486 മീറ്റര്‍ കോര്‍ രൂപീകരണം വരെയുളള പുരോഗതി കൈവരിച്ചു
  • ഡ്രെഡ്ജിങ്ങും ഭൂമി നികത്തൽ പ്രവർത്തികൾ നടന്നു വരുന്നു
  • പദ്ധതിയുടെ കുടി വെളള പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്. സി.എസ്.ആര്‍ പദ്ധതികളുടെ ഭാഗമായി പരിസരത്ത് കുടിവെളളം വിതരണം ചെയ്യുന്നുമുണ്ട്.
  • പദ്ധതി നിര്‍മ്മാണത്തിനാവശ്യമായ വൈദ്യുതി, പൂവാര്‍ 33 കെ.വി സബ് സ്റ്റേഷനില്‍ നിന്നും ആരംഭിച്ച് പണിസ്ഥലം (മുളളൂര്‍ മഹാദേവ ക്ഷേത്രത്തിന് അരികെ) വരെയുളള രണ്ട് 11 കെ.വി ഡെഡിക്കേട്ടട് ഫീഡര്‍ കമ്മീഷൻ ചെയ്തതു വഴി ഉറപ്പാക്കിയിട്ടുണ്ട്.
  • പ്രവര്‍ത്തന ഘട്ടത്തില്‍ അവിരാമമായ വൈദ്യുതി ഉറപ്പാക്കുന്നതിനായി കാട്ടാക്കടയില്‍ നിന്ന് ആരംഭിക്കുകയും ബാലരാമപുരത്തു കൂടി കടന്ന് പ്രോജക്ട് െസെറ്റ് വരെ എത്തുന്ന 220 കെ. വി വൈദ്യുതി ലൈന്‍ (തുടക്കത്തില്‍ 110 കെ.വി.ലേക്ക് ചാര്‍ജ്ജിംഗ്) നിര്‍മ്മാണം
    പുരോഗമിക്കുകയാണ്. 18 മാസത്തിനുളളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
  • റെയില്‍ വികാസ് നിഗം ലിമിറ്റഡ് (RVNL) വിശദമായ പഠനത്തിനു ശേഷം വിശദമായ കണക്റ്റിവിറ്റി പദ്ധതി റിപ്പോര്‍ട്ട് അംഗീകാരത്തിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതി റിപ്പോര്‍ട്ടും, റൂട്ട് അലൈന്‍മെന്റും തീരുമാനമായാല്‍ റയിൽവ്വേ
    മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതാണ്.
  • നാഷണല്‍ ഹൈവേയില്‍ നിന്നും തുറമുഖ സൈറ്റിലേക്കുളള റോഡ് കണക്റ്റിവിറ്റിയുടെ ചുമതല കണ്‍സഷണേറുടെയാണ്. അതിന്റെ ഭൂമി ഏറ്റെടുക്കല്‍ ചുമതല കേരള സര്‍ക്കാറിന്റേ താണ്. കണക്റ്റിവിറ്റിയ്ക്ക് ആവശ്യമായ ഭൂമി ഇതിനകം ഏറ്റെടുത്ത് കണ്‍സഷനര്‍ക്ക് കൈമാറി കഴിഞ്ഞു.

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്

ഫിഷറീസ് ആന്റ് പോര്‍ട്ടിന്റെ സേവന വകുപ്പ് എന്ന നിലയില്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് എന്ന പ്രത്യേക വകുപ്പ് 1982 ല്‍ ആണ് രൂപീകൃതമായത്. ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരള ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പിനെ കോസ്റ്റല്‍ എഞ്ചിനീയറിംഗ് ഫീല്‍ഡിലെ കണ്‍സള്‍ട്ടന്റായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന വകുപ്പുകളില്‍ ഇന്ത്യയിലെ ഏക വകുപ്പാണിത്. ഈ വകുപ്പിന്റെ മുഖ്യ പ്രവര്‍ത്തനങ്ങല്‍ അന്വേഷണം, ആസൂത്രണം, രൂപ കല്പന, വിലയിരുത്തല്‍, നടപ്പാക്കല്‍, പ്രവര്‍ത്തിപ്പിക്കല്‍, കേട് പാട് തീര്‍ത്ത് സംരക്ഷിക്കല്‍, തുടങ്ങിയവയും, മാരിടൈം എഞ്ചിനിയറിംഗിലും, സാങ്കേതിക പ്രവര്‍ത്തനങ്ങളിലും വികസന പദ്ധതികളിലും, ഫിഷറീസ് ആന്റ് പോര്‍ട്ട് വകുപ്പിനെ സഹായിക്കുക എന്നിവയാണ്. 2013-14 ല്‍ 850 ലക്ഷം രൂപയും, 2014-15 ല്‍ 930 ലക്ഷം രൂപയും 2015-16 ല്‍ 1370 ലക്ഷം രൂപയും 2016-17 ല്‍ 1370 ലക്ഷം രൂപയും ഈ വകുപ്പിന് അനുവദിച്ചു നല്‍കിയിട്ടുണ്ട്.

2015-16 - ല്‍ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ പ്രധാന നേട്ടങ്ങള്‍

2015-16 ല്‍ ഈ വകുപ്പിന്റെ പ്രധാന നേട്ടങ്ങള്‍ താഴെ പറയുന്നവയാണ്

  • ഇരവിപുരം പരവൂര്‍ തീരദേശ റോഡ് പൂര്‍ത്തീകരിച്ചു വരുന്നു.
  • ഹാര്‍ബര്‍ എഞ്ചിനീയറിംഗ് നോര്‍ത്ത് സര്‍ക്കിള്‍, സൂപ്രണ്ടിംഗ് എഞ്ചിനീയറുടെയും, പുതിയാപ്പയില്‍
  • കോഴിക്കോട് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.
  • മൊബൈല്‍ ലാബ് സ്ഥാപിക്കലും, കോഴിക്കോട് ഇൻവെസ്റ്റിഗേഷൻ സബ് ഡിവിഷനില്‍ ഗുണനിലവാര നിയന്ത്രണത്തിനായുളള ആധുനിക സർവേ ഉപകരണങ്ങള്‍ വാങ്ങലും പൂര്‍ത്തീകരിച്ചു.
  • കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, ലാപ്ടോപ്പുകള്‍,എല്‍. സി .ഡി പ്രൊജക്ടറുകള്‍ തുടങ്ങിയവ വാങ്ങിച്ചു.
  • വിഴിഞ്ഞം സീവേർഡ് ബ്രേക്ക് വാട്ടറുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി.
  • നീണ്ടകരയിലും തോട്ടപ്പളളിയിലും നിലവിലുളള ഫിഷിംഗ് ഹാര്‍ബ്ബറുകളില്‍ ഏര്‍പ്പെടുത്തിയ ടൈഡൽ ഹൈ ഡ്രോനാമിക്സിലും ചെളി നീക്കം ചെയ്യുന്നതിനും ആവശ്യമായ ഗണിതശാസ്ത്ര മാതൃകയിലുളള പഠനം പുരോഗമിക്കുന്നു.

ഹൈഡ്രോഗ്രാഫിക് സർവ്വെ വിഭാഗം

കേരളത്തിലെ ചെറുകിട ഇടത്തരം തുറമുഖങ്ങളുടെ വികസനത്തിനു വേണ്ടി ഹൈഡ്രോഗ്രാഫിക് പരിശോധനകള്‍ നടത്തുന്നതിന് വേണ്ടി കേരള സംസ്ഥാന തുറമുഖ വകുപ്പിന്റെ ഭാഗമായി 1968- ല്‍ ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം രൂപീകരിച്ചു. ഡ്രെഡ്ജിംഗിന് മുന്പും ശേഷവുമുള്ള സർവേകള്‍, മണ്‍സൂണിന് മുമ്പും പിമ്പുമുള്ള സർവേകള്‍, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ്, ഫിഷറീസ് വകുപ്പ്, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ ഹൈഡ്രോഗ്രാഫിക് സർവേ തുടങ്ങിയവ നടത്തി വരുന്നു. കൂടാതെ ഇന്ത്യന്‍ നേവിയുടെ ചാര്‍ട്ടുകള് കാലാനുസൃതമായി നവീകരിക്കുന്നതിനാവശ്യമായസർവേ വിവരങ്ങള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ഈ വിംഗില്‍ നിന്നും നേവല്‍ ഹൈഡ്രോഗ്രാഫിക് ഓഫീസ് ഡെറാഡൂണിന് നല്‍കി വരുന്നു.

ചീഫ് ഹൈഡ്രോഗ്രാഫിക് തലവനും, തിരുവനന്തപുരം ആസ്ഥാനവുമായി പ്രവര്‍ത്തിക്കുന്ന ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന് മൂന്ന് മേഖല ഓഫീസുകളാണ് ഉളളത്. ഇതില്‍ മറൈന്‍ സർവേയര്‍ തലവനായി കൊല്ലം (സതേണ്‍ റേഞ്ച്), ബേപ്പൂര്‍ (നോര്‍ത്ത് റേഞ്ച്) എന്നിവിടങ്ങളിലും, അസിസ്റ്റന്റ് മറൈന്‍ സർവേയര്‍ തലവനായി നോര്‍ത്ത പരവൂറിലുമായി (സെന്‍ട്രല്‍ റേഞ്ച്) ഓരോ മേഖലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ കൊല്ലം മറൈന്‍ സർവേ യറെ സഹായിക്കുന്നതിനായി നീണ്ടകരയില്‍ അസിസ്റ്റന്റ് മറൈന്‍ സർവേയറും കീഴില്‍ ഒരു അഡീഷണല്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നു.

2015-16 ലെ ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന്റെ പ്രധാന നേട്ടങ്ങള്‍

2015-16 സാമ്പത്തിക വര്‍ഷം ഹൈഡ്രോഗ്രാഫിക് സർവേ വിംഗ് നടത്തിയ സർവേകള്‍ - തങ്കശ്ശേരി ബേസിന്‍ മുനംബം, ആക്കുളം വേളി കായല്‍എന്നിവിടങ്ങലില്‍ മണ്ണു മാന്തലിനു ശേഷമുള്ള സര്‍വ്വേ, അഷ്ടമുടി കായലില്‍ സീ പ്ലൈന്‍ സർവേ, നീണ്ടകരയില്‍ ടൈടല്‍ നിരീക്കഷണം, കണ്ണൂര്‍, കാസറഗോഡ് ജില്ലയിലെ തീരദേശ ഡിജിറ്റൈസേഷന്‍ സർവേ, പമ്പാ നദിയിലെ ജല സഞ്ചാര സാദ്ധ്യതാ പഠനവുമായി ബന്ധപ്പെട്ട ഹൈഡ്രോഗ്രാഫിക് സർവേ, വൈക്കം തവണകടവില്‍ നടത്തിയ ബോയ് മാർകിങ്ങു ചെയ്യുന്നതിനുള്ള സർവേ, ആലപ്പുഴ നെടുമുടി, ആലപ്പുഴ കാവാലം കിടങ്ങറ , ഇറാപ്പുഴ സൗത്ത് പരവൂർ ബോട്ട് റൂട്ട് സർവേ, ഹൈഡ്രോഗ്രാഫിക് സർവേ വിംഗിന്റെ മറ്റ് നേട്ടങ്ങള്‍ മോഡേണ്‍ ട്വിന് സ്ക്രൂ സർവേ ലോണ്‍ച് വാങ്ങി ,ഒരു ഹീവ് കോമ്പൻസേറ്റർ, 4 എഫ്.ആര്‍.പി ഡിങ്കികൾ എന്നിവ വാങ്ങി, ഒരു ചെറിയ യന്ത്രവത്കൃത ബോട്ട് നിര്‍മ്മിച്ചു. ഒരു സൈഡ് സ്കാന്‍ സോണാര്‍ 5 ഡെസ്ക്ക് ടോപ്പ് കമ്പ്യൂട്ടറുകള്‍ എന്നിവ വാങ്ങി. മുനമ്പം – പറവൂര്‍ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി. കൊല്ലം മറൈന്‍ സര്‍വ്വെയറുടെ ഓഫീസ് കെട്ടിടം പൂര്‍ത്തിയായി. തിരുവനന്തപുരം ആസ്ഥാന മന്ദിരത്തിന്റെ ഒന്നാം നില പൂര്‍ത്തിയായി. പുതിയതായി വാങ്ങിയ സർവേ ലോഞ്ചിന്റെ എം.എന്‍ ജലഗവേഷിണി പ്രവര്‍ത്തനോദ്ഘാടനം 14.05.2015 നു നടന്നു. കേരളാ ഹൈഡ്രോഗ്രാഫിക് അഡ്വാന്‍സ് സ്റ്റഡി സെന്ററില്‍ 6 മാസം ദൈര്‍ഘ്യമുള്ള ബേസിക് ഹൈഡ്രോഗ്രാഫിക് സർവേ കോഴ്സിന്റെ മൂന്നാമത്തെ ബാച്ച് പഠനം പൂര്‍ത്തിയായി.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി എല്ലാ തരത്തിലുമുള്ള ചരക്ക് യാത്രാ ഗതാഗതം കൈകാര്യം ചെയ്യുവാന്‍ ആവശ്യമായ പശ്ചാത്തല സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതായിരുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ വകയിരുത്തിയ തുകയ്ക്ക് പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ വിഹിതത്തേക്കാള്‍ 36.07 ശതമാനം വര്‍ദ്ധനവ് ഉണ്ടായിരുന്നു. നിരവധി പദ്ധതികള്‍ വൈകുകയും പ്രാദേശിക പ്രതിഷേധം കാരണം ഉപേക്ഷിക്കേണ്ടതായും വന്നിട്ടുണ്ട്. ഭരണാനുമതി, ലെറ്റര്‍ ഓഫ് ക്രഡിറ്റ് നല്‍കുന്നതു പോലെയുള്ള നടപടി ക്രമങ്ങളിലെ കാലതാമസം സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനെ സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി ന്യൂനതകളുണ്ടായിട്ടും പന്ത്രണ്ടാം പദ്ധതി കാലയളവിൽ തുറമുഖ മേഖലയിൽ ഗണ്യമായ വികസനം നടന്നു. ഉചിതമായ / ഗിയര്‍ കപ്പലുകളുടെ അഭാവം, വിദഗ്ദ്ധ തൊഴിലാളികളുടെ അഭാവം, കസ്റ്റംസ്, ഇമിഗ്രേഷന്‍ പ്ലാന്റ്, ക്വാറന്റെന്‍ സൗകര്യങ്ങളുടെ അഭാവം, കസ്റ്റംസിന്റെ കോസ്റ്റ് റിക്കവറി ചാര്‍ജജുകള്‍, ഉപകരണങ്ങളുടെ ഉയര്‍ന്ന ഇറക്കുമതി തീരുവ, റോഡ് ഗതാഗത മാര്‍ഗ്ഗത്തില്‍ നിന്നുള്ള മത്സരം, ലാസ്റ്റ്മൈല്‍ കണക്ടിവിറ്റിയുടേയും, റിട്ടേണ്‍ കാര്‍ഗോയുടേയും അഭാവവും ഈ മേഖലയെ തളര്‍ത്തുന്നു. വരാനിരിക്കുന്ന പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍പ്രശ്ന പരിഹാരത്തിനായി ഉചിതമായ സര്‍ക്കാര്‍ ഇടപെടലും പോളിസി സംരംഭങ്ങളും ഈ മേഖലയുടെ മൊത്തം സാദ്ധ്യതയെയും സാക്ഷാത്ക്കരിക്കുന്നതില്‍ നിര്‍ണ്ണായകമാണ്.

ബോക്സ് 5.7
2015-16-ല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ തുറമുഖങ്ങളുടെ സമഗ്രമായ വികസനത്തിന് പ്രഖ്യാപിച്ച നയപരമായ സംരംഭങ്ങളും പ്രോഗ്രാമുകളും
  • പരിസ്ഥിതി പ്രശ്നങ്ങള്‍ ലഘൂകരിക്കുന്ന ഗ്രീന്‍ പോര്‍ട്ട് സംരംഭങ്ങള്‍
  • (എ) വേസ്റ്റ്/വെള്ളം/മലിനജലം/പൊടി ഒഴിവാക്കല്‍ പ്ലാന്റുകള്‍
  • (ബി)എനര്‍ജി ജനറേഷന്‍, ഓയില്‍ സ്പിന്‍സ് റെസ്പോണ്‍സ് സൗകര്യങ്ങള്‍ /കടലിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നതിനുള്ള നിരോധനം.
  • തുറമുഖ മേഖലയില്‍ പി.പി.പി പദ്ധതികള്‍ക്കായുള്ള പുതിയ മോഡല്‍ കണ്സഷന്‍ ഉടമ്പടി.
  • ഇന്ത്യന്‍ ഷിപ്യാര്‍ഡുകള്‍ക്ക് കപ്പല്‍ നിര്‍മ്മാണത്തിനായുള്ള സാമ്പത്തിക സഹായം. 2016 ഏപ്രില്‍,1 മുതല്‍ 2026 മാര്‍ച്ച് ,31 വരെ ഒപ്പു വച്ച കരാറുകള്‍ക്കാണത്. ഭാരതത്തിൽ നിർമ്മിക്കുന്ന കപ്പലുകൾക്ക് അന്താരാഷ്ട്ര മൂല്യനിർണ്ണയമനുസരിച്ച് കരാർ വില അല്ലെങ്കിൽന്യായ വില ഏതാണോ കുറവ് അതിൽ 20%മായിരിക്കും ധനസഹായം . കപ്പല്‍ നിര്‍മ്മാണത്തിന് ശേഷമാണിത് നല്‍കുന്നത്.മാർഗ്ഗ രേഖയിൽ അനുശാസിക്കുന്ന തീയതിയിൽ നിന്നും പദ്ദതിയുടെ കാലാവധി 10 വർഷമാണ്.
  • തിരഞ്ഞെടുക്കപ്പെട്ട തുറമുഖങ്ങളില്‍ നദീതട പ്രദേശങ്ങളും അനുബന്ധ ഭൂമിയും തുറമുഖ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് നല്‍കുവാനുള്ള പോളിസി.
  • പശ്ചാത്തല വികസനം, യന്ത്രവത്ക്കരണം, ക്യാപിറ്റല്‍ ഡ്രെഡ്ജിംഗ്, ബ്രേക്ക് വാട്ടർ എന്നിവയ്ക്കായുള്ള സാഗരമാലാ സഹായം.
  • സാഗരമാല ഡവലപ്പ്മെന്റ് കമ്പനി രൂപീകരിച്ചു.
  • റോ-റോ സർവ്വീസ് പ്രോത്സാഹിപ്പിക്കുന്നതിനായി വാഹനങ്ങളുടെ തീരദേശ ഗതാഗതത്തിന് ആവശ്യമായ വാഹന ബന്ധിതവും, തീരദേശ ബന്ധിതവുമായ ചാര്‍ജ്ജുകള്‍ക്ക് 80 ശതമാനം ഡിസ്ക്കൌണ്ട്.
top