പശ്ചാത്തല സൗകര്യം

വാർത്താ വിതരണവും പ്രചാരണവും

ദേശീയ സര്‍ക്കാര്‍ പൊതു,സ്വകാര്യ, സമുദായ, വ്യക്തിഗത മേഖലകളില്‍ നിന്നുള്ള പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ചട്ടക്കൂട്ടിനുള്ള സാദ്ധ്യത സൃഷ്ടിച്ചു. അതോടൊപ്പം തീരെ പാവപ്പെട്ടവര്‍ക്കുവേണ്ടി വാടക ഭവന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 60. ച. മീറ്റര്‍ വരെയുള്ള ചെലവുകുറഞ്ഞ വീടുകളുടെ നിര്‍മ്മാണത്തിന് സേവന നികുതി ഒഴിവാക്കിയത് 2016 കേന്ദ്ര ബജറ്റിലെ ഒരു എടുത്തുപറയത്തക്ക പ്രഖ്യാപനമാണ്. പൊതു സ്വകാര്യ പങ്കാളി
ത്തത്തോടെയുള്ളവ ഉള്‍പ്പെടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഏത് പദ്ധതിക്കും ഇത് ലഭ്യമാണ്.

കേരളത്തില്‍ സര്‍ക്കാരിന്റെ നയങ്ങള്‍, പരിപാടികള്‍, പദ്ധതികള്‍, സംരംഭങ്ങള്‍, നേട്ടങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ വിവിധ മാദ്ധ്യമങ്ങളിലൂടെ പൊതുജനങ്ങളിലെത്തിക്കാനുള്ള നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് വിവര പൊതുജന സമ്പര്‍ക്ക വകുപ്പാണ്. ഈ വകുപ്പ് സര്‍ക്കാരിനും അതിന്റെ ഭാഗമായ പൊതുജനതയ്ക്കും ഇടയിലുള്ള ആശയ വിനിമയ ധാര നിലനിറുത്തുകയും അതുവഴി ജനങ്ങളുടെ പ്രതികരണങ്ങള്‍ സുഗമമാക്കുകയും ചെയ്യുന്നു.

വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ കീഴിലുള്ള രണ്ട് സ്വയംഭരണ സ്ഥാപനങ്ങളാണ് കേരള മീഡിയ അക്കാദമിയും, സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്)യും. പത്രപ്രവര്‍ത്തനം, ദൃശ്യ വാര്‍ത്താവിനിമയം, തുടങ്ങിയ മേഖലകളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പൊതു-സ്വകാര്യ രംഗങ്ങളുടെ ഭരണപരവും സാങ്കേതികവും പ്രചരണപരവുമായ കാര്യങ്ങള്‍ ഇവ ഏറ്റെടുത്ത് നടത്തുന്നു. സര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ജനപ്രിയമാക്കുവാന്‍ വേണ്ടി ആധുനിക മാദ്ധ്യമങ്ങള്‍ ജനസമ്പര്‍ക്ക സാങ്കേതിക വിദ്യകള്‍ എന്നിവയുടെ സഹായത്തോടെ സര്‍ക്കാര്‍ മാധ്യമ ബന്ധങ്ങള്‍ ഉണ്ടാക്കുക, പൊതുജന സമ്പര്‍ക്ക വകുപ്പ് ജീവനക്കാരുടെ കഴിവ് വികസിപ്പിക്കുകയും മെച്ചപ്പെട്ട തൊഴില്‍ പശ്ചാത്തലം നല്‍കുകയും ചെയ്യുക തുടങ്ങിയ പുതിയ പ്രവര്‍ത്തനരീതികള്‍ ആരംഭിക്കുവാന്‍ ഈ വകുപ്പ് ആഗ്രഹിക്കുന്നു. 2015-16 കാലയളവില്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളുടേയും പരിപാടികളുടേയും വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

സുതാര്യകേരളം

ഈ വകുപ്പിന്റെ ഒരു മുഖ്യ പരിപാടിയായ സുതാര്യ കേരളം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നേരിട്ട് പൊതുജനങ്ങളുടെ പ്രത്യേകിച്ച് പാവപ്പെട്ടവരുടെ പരാതി കേള്‍ക്കുന്ന ഒരു തല്‍സമയ പരാതി പരിഹാര, പ്രതിവാര ടെലിവിഷന്‍ പരിപാടിയാണ്. 2015-16 ലും 2016 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലും ആയി 11 ഭാഗങ്ങള്‍ സംപ്രേഷണം ചെയ്തു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സുതാര്യ കേരളം വീഡിയോ പരിപാടിയില്‍ ഏകദേശം 45 നിവേദനങ്ങള്‍/പരാതികള്‍ പരിഗണിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിന്റേയും സാങ്കേതിക വിദ്യയുടേയും സഹായത്തോടെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യത്തക്കവിധം ഈ പരിപാടിക്ക് രൂപഭേദം വരുത്തിയിട്ടുണ്ട്.

ടാഗോര്‍ തിയേറ്ററിന്റെ നവീകരണം

2015 സെപ്റ്റംബറില്‍ തിരുവനന്തപുരത്തുള്ള ടാഗോര്‍ തിയേറ്ററിന്റെ നവീകരണം പൂര്‍ത്തിയാക്കുകയും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്തു. പ്രശാന്തമായ കലാ സാങ്കേതിക ചുറ്റുപാടും പാര്‍ക്കിംഗ് സ്ഥലവുമുള്ള ടാഗോര്‍ തിയേറ്റര്‍ ഏവര്‍ക്കും വളരെ പ്രിയപ്പെട്ട ഒരു തിയേറ്ററായി മാറി. തല്‍ഫലമായി 2016 സെപ്റ്റംബര്‍ വരെ അമ്പതിലേറെ പരിപാടി കള്‍ നടത്തുകയും 40 ലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുകയും ചെയ്തു.

ഫോട്ടോ പ്രചാരണവും വീഡിയോ പ്രചരണവും

വിവിധ ഓഫീസുകളില്‍ നിന്നുള്ള വെബ്ചാനലുകളിലേക്കും വിവിധ ടെലിവിഷന്‍ ചാനലുകളിലേക്കുമുള്ള വിഡിയോ വാര്‍ത്താശകലങ്ങള്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് പുറത്തിറക്കുന്നുണ്ട്. 2015-16-ലും 2016 സെപ്റ്റംബര്‍ വരെയും 879 വാര്‍ത്താ വീഡിയോ ശകലങ്ങള്‍ ക്ലിപ്പ്മെയില്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തു. ഈ വകുപ്പിന്റെ ഫോട്ടോഗ്രഫി വിഭാഗം, കേരളത്തിന്റെ തലസ്ഥാനത്തും മറ്റു ജില്ലകളിലും നടക്കുന്ന മിക്കവാറും എല്ലാ സര്‍ക്കാര്‍ പരിപാടികളും പകര്‍ത്തി പ്രദര്‍ശന സജ്ജമാക്കാറുണ്ട്. തലസ്ഥാനത്തു നിന്നും 5000-ത്തിലേറെ ചിത്രങ്ങളും ജില്ലാ ഒാഫീസുകളില്‍ നിന്നും ഏകദേശം 4000 ചിത്രങ്ങളും ഇക്കാലത്ത് മാധ്യമങ്ങള്‍ക്കായി പുറത്തിറക്കി

വീഡിയോ ഡോക്യൂമെന്ററികളുടെ നിര്‍മ്മാണം

ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി വിവിധ വീഡിയോ മാഗസിന്‍ പരിപാടികളുടെ സംപ്രേഷണവും നിര്‍മ്മാണവും ഇതിൽ ഉള്‍പ്പെടുന്നു. 2011 സെപ്റ്റംബര്‍ 10 മുതല്‍ സര്‍ക്കാരിന്റെ വികസന സംരംഭങ്ങളെക്കുറിച്ചുള്ള പ്രതിവാര റേഡിയോ ഡോക്യുമെന്ററിയായ “ജനപഥം” ആകാശവാണി സംപ്രേഷണം ചെയ്തു വരുന്നു. ഈ പരിപാടി ആകാശവാണിയുടെ കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും ശനിയാഴ്ചകളില്‍ കേള്‍ക്കാം. ഒക്ടോബര്‍ 2015 മുതല്‍ സെപ്റ്റംബര്‍ 2016 വരെ ആകെ 11 ഭാഗങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. ‘പ്രിയകേരളം’ എന്ന പ്രതിവാര വികസനോന്മുഖ പരിപാടി ദൂരദര്‍ശനില്‍ ശനിയാഴ്ച രാത്രി 7 മണിക്കും ഞായറാഴ്ച രാവിലെ 9 മണിക്കും സംപ്രേഷണം ചെയ്തു വരുന്നു. ഇക്കാലയളവില്‍ 27 ഭാഗങ്ങള്‍ നിര്‍മ്മിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്തു. സര്‍ക്കാര്‍ പദ്ധതികളുടെ ജനകീയ പ്രചാരണത്തിനു വേണ്ടിയുള്ള ‘നോട്ടം’ എന്ന മത്സര പരിപാടി ഇക്കാലത്തെ ഒരു പ്രധാന സംരംഭമാണ്.

സര്‍ക്കാര്‍ വെബ്പോര്‍ട്ടല്‍

കേരള സര്‍ക്കാരിന്റെ ഡബ്ലിയു. ഡബ്ലിയു . ഡബ്ലിയു. കേരള.ജിഒവി. ഇന്‍ എന്ന വെബ് പോര്‍ട്ടലും മറ്റു വകുപ്പുകളുടെ വെബ്സൈറ്റുകളും വിവര പ്രചാരണ വകുപ്പിന്റെ ദി. വെബ് ആന്റ് ന്യൂ മീഡിയ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. സര്‍ക്കാരിന്റെ ഘടന, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും ധര്‍മ്മങ്ങള്‍, മന്ത്രിമാരുടെ വിവരങ്ങള്‍, നിയമസഭാംഗങ്ങളുടേയും മറ്റു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടേയും വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ സംസ്ഥാനത്തിനെക്കുറിച്ചുള്ള പൊതു വിവരങ്ങളും മറ്റു വകുപ്പുകളുടെ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാനുള്ള സൗകര്യവും ഈ വെബ് പോര്‍ട്ടല്‍ നല്‍കുന്നു. മന്ത്രിമാരുടെ 18 വെബ്സൈറ്റുകളുടെ ഉള്ളടക്കം നിലവില്‍ ഈ വിഭാഗം കൈകാര്യം ചെയ്യുന്നുണ്ട്. ഇക്കാലയളവില്‍ 30000-ത്തിലേറെ സര്‍ക്കാര്‍ ഉത്തരവുകള്‍/സര്‍ക്കുലറുകള്‍/വിജ്ഞാപനങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ ചേര്‍ക്കപ്പെട്ടു. വകുപ്പിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളും ഓൺലൈനിൽ ലഭ്യമാക്കി. ഈ വകുപ്പ്, വെബ്സൈറ്റിന്റെ മലയാള പരിഭാഷ പൂര്‍ത്തിയാക്കുകയും സര്‍ക്കാര്‍ പോര്‍ട്ടലിന്റെ പരിഭാഷാ ജോലികള്‍ അരംഭിക്കുകയും ചെയ്തു. വ്യക്തിഗത സ്വത്ത് പത്രിക (www.pa.kerala.gov.in), ജി.എ.ഡി സ്പെഷ്യൽഎ & സി (www.firstministry.kerala.gov.in), ആര്‍.റ്റി.ഐ (www.rti.kerala gov.in), www.achievements.kerala.gov.in , ശബരിമല (www.sabarimala.kerala.gov.in) തുടങ്ങിയ വെബ് സൈറ്റുകളുടെ ഉള്ളടക്കത്തിന്റെ കാലാനുസൃത നവീകരണവും ഈ വിഭാഗം ഏറ്റെടുത്തു ചെയ്യുന്നു. വര്‍ഷംതോറും എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, പ്രവേശന പരീക്ഷ തുടങ്ങിയവയുടെ ഫലങ്ങള്‍ ഈ വെബ് പോര്‍ട്ടലിലൂടെ പ്രസിദ്ധപ്പെടുത്തുകയും ഒരു വര്‍ഷം 20 ലക്ഷം ജനങ്ങള്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടു്.

അന്തര്‍ സംസ്ഥാന പൊതുജന സമ്പര്‍ക്ക പരിപാടി

അവരവരുടെ സംസ്ഥാനങ്ങളിലെ വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടാനായി മുഖ്യമന്ത്രിമാരുടെ പ്രത്യേക വാര്‍ത്താ സമ്മേളനങ്ങളും മാധ്യമ പൊതുജന സമ്പര്‍ക്ക പരിപാടികളും മഹാനഗരങ്ങളില്‍ വിളിച്ചു ചേര്‍ക്കുക എന്നതാണ് ഈ വകുപ്പിന്റെ അന്തര്‍ സംസ്ഥാന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ കീഴില്‍ വരുന്ന പ്രവര്‍ത്തനങ്ങള്‍. 2015ലും 2016-ലും ന്യൂഡല്‍ഹിയില്‍ വച്ചു നടന്ന ഇന്ത്യാ അന്താരാഷ്ട്ര വാണിജ്യ മേളയില്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ കേരള പവലിയന്‍ സ്വര്‍ണ്ണമെഡല്‍ നേടുകയുണ്ടായി.

വീഡിയോവാള്‍ നെറ്റ് വര്‍ക്ക്

സര്‍ക്കാരിന്റെ വിവിധ വികസന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നതിനുള്ള എല്‍.ഇ.ഡി പ്രദര്‍ശന ബോര്‍ഡുകള്‍ (വീഡിയോ വാളുകള്‍) തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ സ്ഥാപിച്ചു.

കേരള കലാ സാംസ്ക്കാരിക കേന്ദ്രം, ന്യൂഡല്‍ഹി

സംസ്ഥാനത്തിന്റെ കല, സംസ്ക്കാരം, സാഹിത്യം എന്നിവയുടെ ഉയർന്ന പാരമ്പര്യം പ്രചരിപ്പിക്കുന്നതിനയി കേരള കലാ സാംസ്ക്കാരിക കേന്ദ്രം ന്യൂഡല്‍ഹിയില്‍ സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള വിവിധ കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കലാവിരുന്ന് "ഡല്‍ഹി കേരളോത്സവം" മാര്‍ച്ച് 2016-ല്‍ സംഘടിപ്പിച്ചു.

സംയോജിത വികസന വാര്‍ത്താശൃംഖല

പ്രാദേശിക തല വികസന വാര്‍ത്തകളുടെ സമയാനുസൃത പ്രചരണത്തിനായി ഒരു പ്രത്യേക വാര്‍ത്താ പോര്‍ട്ടല്‍ ഈ പദ്ധതിക്കു കീഴില്‍ രൂപീകരിച്ചു. ഈ പോര്‍ട്ടല്‍ വാര്‍ത്താവിനിമയരംഗത്തെ പുതിയ വിദ്യകള്‍ ചേര്‍ത്ത് പുനര്‍ രൂപീകരിക്കുകയുണ്ടായി. താഴേതട്ടില്‍ നടക്കുന്ന വികസന വാര്‍ത്തകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സമയബന്ധിതമായി എത്തിക്കുവാന്‍ ഈ പദ്ധതി സഹായിച്ചു.

പത്രവൃത്താന്ത സേവനങ്ങള്‍

പത്രസമ്മേളനങ്ങളുടെ വാര്‍ത്താശേഖരണം, പത്രലേഖകര്‍ക്ക് എളുപ്പത്തില്‍ പത്രപ്രവര്‍ത്തനം നടത്തവാന്‍ വേണ്ടി മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് പത്രവൃത്താന്ത സേവനങ്ങളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഓരോ മാസവും ഏകദേശം ആയിരം പത്രക്കറിപ്പുകള്‍ തയ്യാറാക്കുന്നുണ്ട്. എല്ലാ ജില്ലാ വിവര ഓഫീസുകളും പത്രക്കുറിപ്പുകള്‍ ക്രമമായി നല്‍കി വരുന്നു. ഈ പത്രക്കുറിപ്പുകള്‍ മാദ്ധ്യമങ്ങള്‍ക്ക് ഇ-മെയില്‍ ചെയ്യുകയും അതോടൊപ്പം വകുപ്പിെന്റ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍, സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍, പരിപാടികള്‍ എന്നിവയുടെ വെളിച്ചത്തില്‍ അച്ചടി ദൃശ്യമാധ്യമങ്ങളെ വിശകലനം ചെയ്യുക എന്നതാണ് പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ പരിശോധനാ വിഭാഗം ഇപ്പോള്‍ ചെയ്യുന്നത്. പത്ര പ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ ആട്ടോമോഷന്‍, അക്രഡിറ്റേഷന്‍, പരസ്യം പുറത്തിറക്കല്‍ എന്നിവ പുരോഗമിക്കുന്നു. അശ്രിതര്‍ ഉള്‍പ്പെടെ 512 പേര്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ പറ്റുന്നുണ്ട്. പ്രശസ്ത പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ (42 എണ്ണം), ദുരിതമനുഭവിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ (183 എണ്ണം), പത്ര പ്രവര്‍ത്തകേതര ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍(749 എണ്ണം) എന്നിവയും നല്‍കുന്നുണ്ട്.

പ്രസിദ്ധീകരണവും പരസ്യവും

റഫറൻസ് ഗ്രന്ഥങ്ങൾ , മാസികകള്‍, വാര്‍ത്താക്കു റിപ്പുകള്‍, ലഘുലേഖകള്‍, പ്രദര്‍ശന പരസ്യങ്ങള്‍ തുടങ്ങിയവയുടെ പ്രസിദ്ധീകരണങ്ങളാണ് ഇതിൽ വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍. ‘ജനപഥം’ ‘കേരളാ കാളിംഗ്’, എന്നിവയാണ് രണ്ട് പ്രധാന വാര്‍ത്താക്കുറിപ്പുകള്‍. 2015-16 കാലയളവില്‍ 185 പ്രദര്‍ശന പരസ്യങ്ങളും 4 ഇലക്ട്രോണിക് മാധ്യമ പരസ്യങ്ങളും പ്രസിദ്ധീകരണങ്ങളില്‍ 5 പരസ്യങ്ങളും ഈ വകുപ്പ് നല്‍കിയിട്ടുണ്ട്. 2015-16-ല്‍ ടെണ്ടറുകളില്‍ നിന്ന് 17 കോടി രൂപയും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നിന്ന് 3.44 കോടി രൂപയും പ്രദര്‍ശന പരസ്യങ്ങളില്‍ നിന്ന് 10.08 കോടി രൂപയും ലഭിച്ചു.

മീഡിയാ അക്കാഡമി

മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കോഴ്സുകള്‍ നടത്താന്‍ സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് മീഡിയാ അക്കാഡമി. വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനലിനുവേണ്ടി കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഡോക്യൂമെന്ററി ഷൂട്ടിംഗ് ആരംഭിച്ചത് അക്കാദമിയുടെ ഒരു പ്രധാന നേട്ടമാണ്.

സെൻറ്റർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിംഗ് ടെക്നോളജി
(സി-ഡിറ്റ്) - www.cdit.org

ഇമേജിംഗ് ടെക്നോളജി രംഗത്തെ ഗവേഷണം, പരിശീലനം എന്നിവയ്ക്കായുള്ള ഒരു സ്വയം ഭരണ സ്ഥാപനമായാണ് 1988-ല്‍ സി.ഡിറ്റ് സ്ഥാപിതമായത്. 2015-16-ല്‍ സി.ഡിറ്റ് കൈവരിച്ച നേട്ടങ്ങള്‍ താഴെ പറയുന്നു.

  • തിരുവനന്തപുരം ജില്ലയിലെ 9 സബ് രജിസ്ട്രാര്‍ ഓഫീസുകളിലായി 64 ലക്ഷം വസ്തുക്കളുടെ പ്രമാണങ്ങളെ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയും അവ പൊതുജനങ്ങള്‍ക്ക് പ്രാപ്യമാകത്തക്ക വിധത്തില്‍ ഓൺലൈനിൽ ലഭ്യമാക്കുകയും ചെയ്തു, സംസ്ഥാന പുരാവസ്തു വകുപ്പിനു വേണ്ടി താളിയോലകളിലും പേപ്പറിലുമുള്ള പഴയ ലിഖിതങ്ങളുടെ 60 ലക്ഷം പേജുകളേയും കമ്പ്യൂട്ടർ വൽക്കരിച്ചു.
  • ഭിന്നശേഷിയുള്ളവര്‍ക്ക് തത്സമയം തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്ന പരിപാടി സുഗമമായി നടപ്പിലാക്കി.
  • 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ രൂപകല്പന ചെയ്യുകയും സ്ഥാപിക്കുകയും ചെയ്തു.
  • 'നോട്ടം' എന്ന ഓണ്‍ലൈന്‍ റിയാലിറ്റിഷോയും വിവരപൊതുജന സമ്പര്‍ക്ക വകുപ്പിനുവേണ്ടി ഡോക്യൂമെന്ററി മത്സരവും വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തു.
  • 'കരുതല്‍' 2015-നും ബഹു.മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി (ജെ.എസ്.പി)ക്കും സാങ്കേതിക സഹായവും സജ്ജീകരണങ്ങളും നല്‍കി.
  • ഗ്രാന്റ‍് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് വേണ്ടി ഒരു സോഫ്റ്റ് വെയര്‍ വികസിപ്പിക്കുകയും, എക്സൈസ് വകുപ്പിനുവേണ്ടി അതിസുരക്ഷാ ഹോളോഗ്രാം ടാക്സ് ലേബലുകള്‍ രൂപകല്പന ചെയ്യുകയും ചെയ്തു.
top