രാജ്യത്തിന്റെ സാമ്പത്തിക വികസന സ്ഥിരതയ്ക്ക് വേണ്ടിയുള്ള ഒരു അവശ്യ ഘടകമായി അടിസ്ഥാനസൗകര്യ വികസനത്തെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അടിസ്ഥാന സൗകര്യത്തിന്റെ ഗുണമേന്‍മ, കാര്യക്ഷമത, ഉല്‍പാദനക്ഷമത എന്നിവ സാമൂഹിക ജീവിതനിലവാരം, ആരോഗ്യം, നിലനില്‍പ്പ് എന്നിവയെ സ്വാധീനിക്കുന്നു. സംസ്ഥാനത്ത് വിവിധ നഗര പശ്ചാത്തല വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ നഗരവല്‍ക്കരണത്തിന്റെ പ്രത്യേകത, ഭൂമി ശാസ്ത്രപരമായ സവിശേഷതകള്‍ എന്നിവയ്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കേണ്ടതാണ്. സംസ്ഥാനത്തെ ഉയര്‍ന്ന ജനസാന്ദ്രതയും അങ്ങിങ്ങായുള്ള നഗരവല്‍ക്കരണവും നഗര പശ്ചാത്തല വികസനം ഒരുക്കുന്നതിന് വലിയ വെല്ലുവിളികളാണ്. മാലിന്യ പരിപാലനം, നഗര ശുചീകരണ പദ്ധതികള്‍, പൊതു ശൗചാലയങ്ങള്‍ സ്ഥാപിക്കലും അവയുടെ വ്യാപനവും, അഴുക്കുചാലുകളുടെ നിര്‍മ്മാണവും നടപ്പാക്കലും, ഓവുചാലുകളുടെ നിര്‍മ്മാണം, ഫലപ്രദമായ വാഹന പാര്‍ക്കിംഗ് നയവും ആധുനിക യന്ത്രവല്‍കൃത പാര്‍ക്കിംഗ് സംവിധാനവും, നഗരങ്ങളുടെ മനോഹാരിത വര്‍ദ്ധിപ്പിക്കലും ഹരിത നഗരം സൃഷ്ടിക്കലും, തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേനയുള്ള യന്ത്രവല്‍കൃതമല്ലാത്ത നഗര ഗതാഗത സംവിധാനം എന്നിവ നഗര പശ്ചാത്തല വികസന പരിപാടികളാണ്. അതിവേഗത്തിലുള്ള നഗരവല്‍ക്കരണവും തീവ്രമായ വാണിജ്യ വികസനവും കാരണം നഗരങ്ങളില്‍ ഗതാഗത മാര്‍ഗങ്ങളും പാര്‍പ്പിട സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കേണ്ടിവരുന്നു. സംസ്ഥാനത്തെ ഗതാഗത സംവിധാനം പരിഗണിക്കുമ്പോള്‍ ദിനംപ്രതിയുള്ള ഗതാഗത ആവശ്യം ഇപ്പോഴത്തെ 135 ലക്ഷം യാത്രാ ട്രിപ്പുകള്‍ 2025-ല്‍ 180 ലക്ഷം യാത്രാ ട്രിപ്പുകള്‍ ആയി മാറുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തില്‍ നടപ്പാക്കി വരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ തുറമുഖവും കൊച്ചി മെട്രോയും തിരുവനന്തപുരം മോണോ റെയില്‍ പ്രോജക്ടും കേരള സര്‍ക്കാരിന്റെ അഭിലാഷ പ്രോജക്ടുകളാണ്. ബസ്സ് ഗതാഗതത്തിന് നല്ല പരിശ്രമം ആരംഭിച്ചത് ജവഹർലാല്‍ നെഹ്റു ദേശീയ നഗര നവീകരണ ദൗത്യമാണ്. ജല വിതരണം, ശുചീകരണം, ഗതാഗതം, വൈദ്യുതി എന്നീ നഗര സൗകര്യങ്ങളോടുകൂടിയ പാര്‍പ്പിടമെന്നത് സമൂഹത്തിന്റെ ഒരു അടിസ്ഥാന ആവശ്യമാണ്. സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി (ഐ.എച്ച്.എസ്.ഡി.പി), നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ (ബി.എസ്.യു.പി), രാജീവ് ആവാസ് യോജന (ആര്‍.എ.വൈ), പ്രധാന മന്ത്രി ആവാസ് യോജന (പി.എം.എ.വൈ) എന്നിവ ഇതിനായുള്ള പ്രധാന കേന്ദ്രാവിഷ്കൃത പദ്ധതികളാണ്. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പ്രധാന നഗര പശ്ചാത്തല വികസന പരിപാടികള്‍ ചുവടെ വിവരിക്കുന്നു.
ഏഷ്യന്‍ വികസന ബാങ്കിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഒരു വിദേശ സഹായ പ്രോജക്ടാണ് കേരള സുസ്ഥിര നഗര വികസന പദ്ധതി. സംസ്ഥാനത്തെ അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളായ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വര്‍ദ്ധിപ്പിക്കുയും ചെയ്യുക, അടിസ്ഥാന പരിസ്ഥിതി സേവനങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏഷ്യന്‍ വികസന ബാങ്കിന്റെ സഹായം 2016 ജൂണ്‍ 30-ന്അവസാനിച്ചിട്ടുണ്ട്. 11 സ്വീവേജ് പാക്കേജ് പരിപാടികളും കൊല്ലം മാലിന്യസംസ്കരണ പ്ലാന്റും പൂര്‍ത്തിയാക്കാനുണ്ട്.
2015-16-ല്‍ പദ്ധതിക്ക് 140 കോടി രൂപ വകയിരുത്തുകയും 22.94 കോടി രൂപ ചെലവഴിക്കുകയുമുണ്ടായി. കേരള സുസ്ഥിര നഗരവികസന പദ്ധതിയുടെ പ്രധാന പ്രോജക്ടുകളുടെ അവസ്ഥ അനുബന്ധം 5.35-ല്‍ നല്‍കുന്നു.
മുകളില്‍ പറഞ്ഞിരിക്കുന്നവ കൂടാതെ കക്കൂസ് മാലിന്യ പരിചരണ പ്ലാന്റുകള്‍ സ്ഥാപിക്കല്‍, നഗരജ്യോതി പദ്ധതി, നഗരം 2020 പദ്ധതി എന്നിവയാണ് കെ.എസ്.യു.ഡി.പി.യിലൂടെ നടപ്പിലാക്കുന്ന മറ്റു പദ്ധതികള്‍.
നിര്‍ണ്ണായക അടിസ്ഥാന സൗകര്യങ്ങളായ റോഡുകള്‍, കുടിവെള്ള വിതരണം, ഖരമാലിന്യ സംസ്ക്കരണ സംവിധാനം, ഓടകളുടെ നിര്‍മ്മാണം, നഗര സൗന്ദര്യവല്‍ക്കരണം, ബസ്സ് ടെര്‍മിനലുകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ തലസ്ഥാന നഗരിയിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2002 –ല്‍ ആരംഭിച്ച പദ്ധതിയാണ് തലസ്ഥാന മേഖലാ വികസന പ്രോജക്ട്. ഈ പ്രോജക്ടിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റി, ട്രിഡാ, കേരള റോഡ് ഫണ്ട് ബോര്‍ഡ്, കെ.എസ്.ആര്‍.റ്റി.സി എന്നീ ഏജന്‍സികള്‍ മുഖേന കെ.എസ്.യു.ഡി.പി.യാണ് നടപ്പാക്കുന്നത്.
2012-ല്‍ തലസ്ഥാന മേഖലാ വികസന പ്രോജക്ടിന്റെ രണ്ടാം ഘട്ടം വിഭാവനം ചെയ്യുകയുണ്ടായി. നഗരപ്രാന്ത പ്രദേശങ്ങള്‍ ഉള്‍പ്പെടെ തലസ്ഥാന മേഖലയുടെ എല്ലാ പ്രദേശങ്ങളുടേയും സംയോജിത വികസന പ്രക്രിയ ആരംഭിക്കുകയെന്നതായിരുന്നു രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. അതിനുവേണ്ടി കണ്ടെത്തിയ പ്രോജക്ടുകളെ പൊതുജനങ്ങളുടെ സഞ്ചാരക്ഷമതയും റോഡ് സുരക്ഷിതത്വവും മെച്ചപ്പെടുത്തുക, സാമ്പത്തിക വികസനം എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കാവുന്നതാണ്. നഗരത്തിലെ റോഡുകള്‍ വികസിപ്പിക്കുക, കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിത പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, പാതയിലെ ജംഗ്ഷനുകള്‍ മെച്ചപ്പെടുത്തുക, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, പാര്‍ക്കിംഗ് നയം ആവിഷ്കരിക്കുക എന്നിവയാണ് പ്രധാന ഘടകങ്ങള്‍.
തലസ്ഥാന മേഖലാ വികസന പദ്ധതിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 2015-16-ല്‍ 7.79 കോടി രൂപ വിനിയോഗിക്കുകയുണ്ടായി. ഈ പദ്ധതിയില്‍ ഏറ്റെടുത്തിട്ടുള്ള പ്രോജക്ടുകളുടെ വിവരം അനുബന്ധം 5.36 - ല്‍ കൊടുത്തിരിക്കുന്നു.
തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ നഗര പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം സമയബന്ധിതമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മിഷന്‍ മാതൃകാസമീപനം സ്വീകരിക്കുകയും ഇതിനായി ജവഹർലാൽ നെഹ്റു ദേശീയ നഗര നവീകരണ ദൗത്യം (ജെ.എന്‍.എന്‍.യു.ആര്‍.എം) എന്ന പദ്ധതി 2005-ല്‍ ആരംഭിക്കുകയും ചെയ്തു. ജവഹർലാൽ നെഹ്റു ദേശീയ നഗര നവീകരണ ദൗത്യ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് നിന്നും തിരുവനന്തപുരം, കൊച്ചി എന്നീ രണ്ടു നഗരങ്ങളെയാണ് മിഷന്‍ നഗരങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്. തിരുവനന്തപുരം കൊച്ചി നഗരങ്ങളിലെ ബസ്സ് പ്രോജക്ടുകള്‍ മാത്രമാണ് മിഷന്‍ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞത്. 3 പ്രോജക്ടുകള്‍ ഉപേക്ഷിക്കുകയും ഒരു പ്രോജക്ട് പൊതു ജനങ്ങളുടെ എതിര്‍പ്പ് മൂലം അവസാനിപ്പിക്കുകയും ചെയ്തു. ബാക്കിയുള്ള പ്രോജക്ടുകള്‍ സ്പില്‍ ഓവര്‍ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജവഹർലാൽ നെഹ്റു ദേശീയ നഗര നവീകരണ ദൗത്യം പദ്ധതിയുടെ ഒന്നാംഘട്ടം 31.3.2014-ല്‍ അവസാനിച്ചെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ നഗര വികസന മന്ത്രാലയം പ്രസ്തുത പദ്ധതിയുടെ പരിവര്‍ത്തന ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 1-4-2014 മുതല്‍ മൂന്നു വര്‍ഷത്തേക്ക് പുതിയ പ്രോജക്ടുകള്‍ അനുവദിക്കുകയുണ്ടായി. പദ്ധതിയുടെ പരിവര്‍ത്തന ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങള്‍ ഒഴികെയുള്ള സംസ്ഥാനത്തെ മറ്റു നഗരങ്ങളിലെ നഗര ഗതാഗതം മെച്ചപ്പെടുത്തുന്നതിന് 400 ബസ്സുകള്‍ വാങ്ങുന്നതിനുള്ള അനുമതി ലഭിക്കുകയുണ്ടായി. പദ്ധതിയുടെ പരിവര്‍ത്തനഘട്ടത്തില്‍ കോഴിക്കോട്, കല്‍പ്പറ്റ, മലപ്പുറം, കോട്ടയം, തൊടുപുഴ, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ്, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ എന്നീ പട്ടണങ്ങളിലായി 110 എസി ലോഫ്ലോര്‍ ബസുകളും 100 നോണ്‍ എസി ലോഫ്ലോര്‍ ബസുകളും വിന്യസിച്ചിട്ടുണ്ട്. ശേഷിക്കുന്ന ബസുകളുടെ വിതരണം നടന്നുവരുന്നു. 2015-16-ല്‍ 73.02 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഈ പദ്ധതിയിന്‍ കീഴില്‍ നടപ്പാക്കാന്‍ അനുമതി ലഭിച്ച പ്രോജക്ടുകളുടെ വിവരം അനുബന്ധം 5.37-ല്‍ കൊടുത്തിരിക്കുന്നു.
ചെറുകിട ഇടത്തരം പട്ടണങ്ങളുടെ നഗര പശ്ചാത്തല വികസന പരിപാടി (യു.ഐ.ഡി.എസ്.എസ്.എം.റ്റി) എന്നത് ജെ.എന്‍.എന്‍.യു.ആര്‍.എം പ്രോജക്ടിന്റെ ഒരു ഉപ പദ്ധതിയാണ്. 2005-06-ല്‍ ആരംഭിച്ച ഈ പരിപാടിയുടെ ലക്ഷ്യം രാജ്യത്തെ ചെറുകിട ഇടത്തരം പട്ടണങ്ങളുടെ പശ്ചാത്തല സൗകര്യങ്ങള്‍ ഘട്ടം ഘട്ടമായി മെച്ചപ്പെടുത്തുകയെന്നതാണ്. ഇതിന്റെ സ്പില്‍ ഓവര്‍ പരിപാടികളായി 5 ജലവിതരണ പ്രോജക്ടുകളുടേയും 2 ഖരമാലിന്യ പരിപാലന പ്രോജക്ടുകളുടേയും പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഈ പ്രോജക്ട് ആരംഭിച്ചതു മുതല്‍ 2016 ഒക്ടോബര്‍ 31 വരെയുള്ള ആകെ ചെലവ് 442.26 കോടി രൂപയാണ്. പ്രോജക്ടിന്റെ 2014 ഏപ്രില്‍ 1 മുതല്‍ 3 വര്‍ഷത്തേക്കുള്ള പരിവര്‍ത്തനഘട്ടത്തിലേയ്ക്ക് 184.47 കോടി രൂപ അടങ്കലുള്ള 6 പ്രോജക്ടുകള്‍ അനുവദിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ അതില്‍ ഖരമാലിന്യ പരിപാലന പരിപാടിയ്ക്കുള്ള ഒരു പ്രോജക്ട് അംഗീകരിക്കുകയും 14.66 കോടി രൂപ നല്‍കുകയും ചെയ്തിട്ടുണ്ട്. യു.ഐ.ഡി.എസ്.എസ്.എം.റ്റി–യ്ക്ക് അംഗീകരിച്ചിട്ടുള്ള പ്രോജക്ടിന്റെ വിവരങ്ങള്‍ അനുബന്ധം 5.38-ല്‍ നല്‍കുന്നു.
2015-ല്‍ നഗരവികസന മന്ത്രാലയം ആരംഭിച്ച ഒരു പുതിയ സംരംഭമാണ് അമൃത്. 2015-16 മുതല്‍ 2019-20 വരെയുള്ള അഞ്ച് വര്‍ഷമാണ് അമൃത്-ന്റെ പദ്ധതിക്കാലയളവ്. കേരള സംസ്ഥാനത്ത് നിന്നും 6 കോര്‍പ്പറേഷനുകളും ആലപ്പുഴ, പാലക്കാട്, ഗുരുവായൂര്‍ എന്നീ മുനിസിപ്പാലിറ്റികളും ഉള്‍പ്പെടെ 9 നഗരങ്ങളെ അമൃത് പദ്ധതിയിലൂടെ നിക്ഷേപം നടത്തുന്നതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുക, നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയിലൂടെ എല്ലാവരുടേയും പ്രത്യേകിച്ച് പാവങ്ങളുടേയും പ്രതികൂല ജീവിത സൗകര്യമുള്ളവരുടേയും ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 221 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.
അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ (2015-16 മുതല്‍ 2019-20 വരെ) 100 നഗരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഒരു പതാകവാഹിനി പദ്ധതിയാണ് എസ്.സി.എം. സംസ്ഥാനത്ത് നിന്നും കൊച്ചി നഗരത്തെ ഇതിലേക്കായി തെരെഞ്ഞെടുക്കുകയും 2015-16-ല്‍ കൊച്ചി നഗരത്തിന് സ്മാര്‍ട്ട് സിറ്റി പ്ലാന്‍ തയ്യാറാക്കുന്നതിനായുള്ള ഓഫീസ് ചെലവുകള്‍ക്കുളള അധിക തുകയായി 2 കോടി രൂപ നല്‍കുകയും ചെയ്തു. നഗര സഞ്ചാരം, വിനോദ സഞ്ചാരം, നഗര ഗതാഗതം, സോഫ്റ്റ് വെയര്‍ വികസനം എന്നിവ പ്രധാന ഘടകങ്ങളായുള്ള രീതിയിലാണ് കൊച്ചി സ്മാര്‍ട്ട് മിഷന്‍ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയിരിക്കുന്നത്. 2076 കോടി രൂപയ്ക്കുള്ള പദ്ധതി കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കുകയും അനുമതി നേടുകയും ചെയ്തു. സ്മാര്‍ട്ട് സിറ്റി പ്രോജക്ടിന്റെ രണ്ടാംഘട്ടത്തിലേയ്ക്ക് തിരുവനന്തപുരം നഗരം സ്മാര്‍ട്ട് സിറ്റി പ്ലാന്‍ (എസ്.സി.പി) തയ്യാറാക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചിട്ടുണ്ട്.
ജവഹർലാല്‍ നെഹ്റു ദേശീയ നഗര നവീകരണ ദൗത്യത്തിന്റെ ഒരു ഉപഘടകമായ “നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സേവനങ്ങള്‍” ലഭ്യമാക്കുന്ന ഈ പദ്ധതി കുടുംബശ്രീ മുഖേനയാണ് നടപ്പിലാക്കുന്നത്. ഈ മിഷന്റെ കാലാവധി 2005-06 മുതല്‍ 7 വര്‍ഷമാണ്. സംസ്ഥാനത്തെ രണ്ടു കോര്‍പ്പറേഷനുകളായ തിരുവനന്തപുരവും കൊച്ചിയുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പദ്ധതിയില്‍ അനുവദിച്ച 22,257 വീടുകളില്‍ 18,347 വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും 16,227 വീടുകള്‍ 2016 ഒക്ടോബര്‍ 31 വരെ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഈ പ്രോജക്ടിന് ഇതുവരെ ചെലവഴിച്ച തുക 226.13 കോടി രൂപയാണ്. ബി.എസ്.യു.പി. പദ്ധതിയില്‍ രണ്ടു കോര്‍പ്പറേഷനുകളില്‍ അനുവദിച്ച പ്രോജക്ടുകളുടെ വിശദവിവരം അനുബന്ധം 5.39-ല്‍ കൊടുത്തിരിക്കുന്നു. പദ്ധതിയുടെ ഭൗതിക നേട്ടങ്ങള്‍ അനുബന്ധം 5.40-ല്‍ ചുരുക്കി നല്‍കിയിരിക്കുന്നു.
രാജീവ് ആവാസ് യോജന പദ്ധതി പാര്‍പ്പിട-നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിന്റെ ഒരു ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ്. 2010-ല്‍ ഇന്ത്യയുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ പ്രധാന സങ്കല്‍പ്പം എന്നത് എല്ലാ നിവാസികള്‍ക്കും പ്രാപ്തമാക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക സൗകര്യങ്ങള്‍, അനുയോജ്യമായ പാര്‍പ്പിടം എന്നിവ ഉള്‍പ്പെടുന്ന നഗരങ്ങള്‍ ഉള്ള “ചേരിരഹിത ഇന്ത്യ” കെട്ടിപ്പടുക്കുക എന്നതാണ്. സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളെ രാജീവ് ആവാസ് യോജന പദ്ധതി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ആറ് കോര്‍പ്പറേഷനുകളിലായി 811 ചേരികള്‍ ഈ പദ്ധതിയുടെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുന്നു. ചേരി പ്രദേശങ്ങളുടെ പ്രശ്നങ്ങള്‍ നിര്‍ണ്ണായകമായ രീതിയില്‍ കൈകാര്യം ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അഞ്ച് നഗര ഭരണ സ്ഥാപനങ്ങള്‍ക്കായി 160.75 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കി. 3626 ലക്ഷം രൂപ (2892 ലക്ഷം രൂപ കേന്ദ്ര വിഹിതവും 734 ലക്ഷം രൂപ സംസ്ഥാന വിഹിതവും) സംസ്ഥാന തല നോഡല്‍ ഏജന്‍സിക്ക് (എസ്.എല്‍.എന്‍.എ) നല്‍കുകയും അതില്‍ 3508 ലക്ഷം രൂപ നിര്‍ഹണ ഏജന്‍സികളായ അതാത് നഗര ഭരണ സ്ഥാപനങ്ങള്‍ക്കായി കൈമാറുകയും ചെയ്തു. 2015-16-ല്‍ 2159 വീടുകള്‍ക്ക് അനുമതി നല്‍കുകയും ഇതില്‍ 143 വീടുകളുടെ നിര്‍മ്മാണം തുടങ്ങുകയും 18 എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തു. 2015-16-ല്‍ 124 ലക്ഷം രൂപയും നാളിതുവരെ 2223.58 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.
ഇതുവരെയായി 2159 വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കുകയും 94 വീടുകള്‍ പൂര്‍ത്തിയാക്കുകയും 438 വീടുകളുടെ നിര്‍മ്മാണം പുരോഗതിയിലുമാണ്. ജൂണ്‍ 2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ രാജീവ് ആവാസ് യോജന പദ്ധതിയെ 2022-ഓടുകൂടി എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രാജീവ് ആവാസ് യോജനയില്‍ അംഗീകരിച്ച പദ്ധതികളുടെ വിവരങ്ങള്‍ അനുബന്ധം 5.41-ല്‍ കൊടുത്തിരിക്കുന്നു.
08.12.2015-ല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസ്ഥാനത്ത് ഔദ്യോഗികമായി ആരംഭിച്ച ഈ പദ്ധതി 93 നഗര ഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി വരുന്നു. 2022- ഓടുകൂടി ചേരി നിവാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും വീട് നല്‍കുകയെന്ന അനിവാര്യ ചുമതല നി ർവഹിക്കുക എന്നതാണ് ദൗത്യം. 30 ചതുരശ്ര മീറ്റര്‍ തറ വിസ്തൃതിയുള്ള വീട് നിര്‍മ്മാണത്തിന് ഈ മിഷന്‍ പ്രകാരം സഹായം നല്‍കുന്നു. പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, ആലപ്പുഴ, തൊടുപുഴ, കോഴിക്കോട്, കൊല്ലം, കല്‍പ്പറ്റ എന്നീ 11 നഗര ഭരണ സ്ഥാപനങ്ങളിലെ ഗുണഭോക്തൃ നേതൃത്വത്തിലുള്ള നിര്‍മ്മാണത്തിന്റെ (14350 പുതിയ വീടുകളും 917 വീടുകള്‍ മെച്ചപ്പെടുത്തലും) വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് കേന്ദ്ര അനുമതി - മേല്‍നോട്ട കമ്മിറ്റിയുടെ യോഗത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. മറ്റ് നഗരഭരണ സ്ഥാപനങ്ങളില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നു വരുകയാണ്.
നഗരങ്ങളിലെ ചേരികളുടെ സമഗ്ര വികസനത്തിനായി 2006-07-ല്‍ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി. ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം തിരഞ്ഞെടുത്ത നഗര പ്രദേശങ്ങളില്‍ ആരോഗ്യകരമായ പരിസ്ഥിതിയില്‍ സമ്പൂര്‍ണ്ണ ഘടകങ്ങള്‍ പരിഗണിച്ചു കൊണ്ട് ചേരി നിവാസികള്‍ക്ക് ആവശ്യമായ പാര്‍പ്പിടത്തോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്ന ഒരു സമഗ്ര ചേരി വികസനമാണ്. ജവഹർലാൽ നെഹ്റു ദേശീയ നഗര നവീകരണ ദൗത്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നഗരങ്ങളെയും പട്ടണങ്ങളെയും (തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകള്‍) ഒഴിവാക്കി കൊണ്ട് 2001-സെന്‍സസ് പട്ടികയില്‍ ഉള്ള നഗരങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത നഗരങ്ങളിലും പട്ടണങ്ങളിലുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം 14211 വീടുകളുടെ നിര്‍മ്മാണം ഏറ്റെടുത്തതില്‍ 31-10-2016 വരെ 9184 വീടുകളുടെ നിര്‍മ്മാണം തുടങ്ങുകയും 7427 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഈ പ്രോജക്ടിന് ഇതുവരെ ചെലവഴിച്ച ആകെ തുക 164.56 കോടി രൂപയാണ്. 31.3.2015 മുതല്‍ ഈ പ്രോജക്ട് നിര്‍ത്തലാക്കുകയാണെന്ന് 2015-16-ല്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പ്രസ്തുത പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി പദ്ധതിയുടെ കാലയളവ് 31.3.2017-വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പ്രസ്തുത പദ്ധതിയുടെ ഭൗതിക നേട്ടം അനുബന്ധം 5.42-ല്‍ കൊടുത്തിട്ടുണ്ട്. ഈ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രോജക്ടുകളുടേയും 53 നഗര ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയിട്ടുള്ള തുകയുടേയും വിവരം അനുബന്ധം 5.43-ല്‍ കൊടുത്തിരിക്കുന്നു.
നഗരത്തിലെ പാവപ്പെട്ടവരുടെ ദാരിദ്ര്യവും കഷ്ടപ്പാടും ലഘൂകരിക്കുന്നതിന് നിലവിലുണ്ടായിരുന്ന പദ്ധതിയായ എസ്.ജെ.എസ്.ആര്‍.വൈ.ക്ക് പകരം കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ പദ്ധതിയാണ് ദേശീയ നഗര ഉപജീവന ദൗത്യം. മെച്ചപ്പെട്ട വരുമാനം ഉണ്ടാകുന്ന സ്വയം തൊഴിലുകളും വിദഗ്ദ്ധ തൊഴിലവസരങ്ങളും ലഭ്യമാക്കി നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ ദാരിദ്ര്യവും കഷ്ടപ്പാടും ലഘൂകരിക്കുക എന്നതാണ് ഈ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. ഇതുവരെ 2960 സ്വയം സഹായ സംഘങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം ധന സഹായം നല്‍കിയിട്ടുണ്ട്. 2015-16-ല്‍ 459.11 ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ 31.10.2016 വരെയുള്ള ഭൗതികവും സാമ്പത്തികവുമായ നേട്ടങ്ങളും ജില്ലാതല സമ്പാദ്യം സ്വരൂപിക്കലും വായ്പാ പ്രക്രിയകളും സംബന്ധിച്ചുള്ള വിവരങ്ങള്‍ യഥാക്രമം അനുബന്ധം 5.44, അനുബന്ധം 5.45, അനുബന്ധം 5.46-എന്നിവയില്‍ കൊടുത്തിരിക്കുന്നു.
2009-10-ലാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. നഗരത്തിലെ ജനങ്ങളുടെ തൊഴിലില്ലായ്മയും യോഗ്യതക്ക് അനുസരിച്ചുള്ള തൊഴിലിന്റെ അഭാവവും പരിഹരിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു പദ്ധതിയാണ് ഇത്. അവിദഗ്ദ്ധ തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയും ശേഷിയുമുള്ള നഗരത്തിലെ കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസത്തെയെങ്കിലും തൊഴില്‍ നല്‍കി അവരുടെ ജീവിത സുരക്ഷ ഉറപ്പാക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. ഈ പദ്ധതി പ്രകാരമുള്ള വേതന നിരക്ക് പ്രതിദിനം 240 രൂപയാണ്. 2015-16–ല്‍ 1500 ലക്ഷം രൂപ ഈ പദ്ധതിക്കായി ബഡ്ജറ്റില്‍ വകയിരുത്തുകയും 5.06 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയും 1012.17 ലക്ഷം രൂപ ചെലവഴിക്കുകയുമുണ്ടായി.
മാസ്റ്റര്‍ പ്ലാനുകള്‍, വിശദമായ നഗരാസൂത്രണ പദ്ധതികള്‍ എന്നിവ തയ്യാറാക്കുന്നതിലൂടെ സംസ്ഥാനത്തെ നഗരപ്രദേശങ്ങളുടെ ആസൂത്രിത വികസനത്തിനാണ് 2009-10 ആരംഭിച്ച ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ഒന്നാം ഘട്ടമായി 32-ഉം രണ്ടാം ഘട്ടമായി 31-ഉം മൂന്നാംഘട്ടമായി 26-ഉം നഗരങ്ങളില്‍ വികസന പദ്ധതികള്‍ തുടങ്ങുകയുണ്ടായി. ഇതു കൂടാതെ കോവളം-വിഴിഞ്ഞം മേഖലയുടെയും മെഡിക്കല്‍ കോളേജ് മേഖലയുടേയും മാസ്റ്റര്‍ പ്ലാനിന്റെ സാങ്കേതിക ജോലികള്‍ രണ്ടാം ഘട്ട പദ്ധതിയിന്‍ പൂര്‍ത്തിയാക്കി. ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട മാസ്റ്റര്‍ പ്ലാനിന്റേയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട 13 മാസ്റ്റര്‍ പ്ലാനിന്റേയും സാങ്കേതിക ജോലികള്‍ പൂര്‍ത്തിയാക്കുകയുണ്ടായി. ബാക്കിയുള്ളവ തയ്യാറാക്കലിന്റെ വിവിധ ഘട്ടങ്ങളിലാണ്. 3 ഘട്ടങ്ങളിലുമായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനുകള്‍ അനുബന്ധം 5.47-ല്‍ നല്‍കിയിരിക്കുന്നു.
വികസന അതോറിട്ടികളുടെ ലക്ഷ്യം എന്നത് അവയുടെ പരിധിയില്‍ വരുന്ന പ്രദേശത്തിന്റെ സുസ്ഥിര സമഗ്ര വികസനം നേടുക എന്നുള്ളതാണ്. ഷോപ്പിംഗ് കോംപ്ലക്സുകള്‍, ബസ് സ്റ്റാന്റുകളും ടെര്‍മിനലുകളും, പാര്‍ക്കിംഗിനുള്ള പൊതുസ്ഥലം, നഗരങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിനും പ്രധാന റോഡുകളുടെ വീതി കൂട്ടുന്നതിനും സ്ഥലങ്ങള്‍ ഏറ്റെടുക്കുക എന്നിവയാണ് വികസന അതോറിട്ടികള്‍ നടപ്പാക്കുന്ന പ്രധാന പ്രവൃത്തികള്‍. തിരുവനന്തപുരം വികസന അതോറിട്ടി (ട്രിഡ), വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ), തൃശ്ശൂര്‍ വികസന അതോറിട്ടി, കോഴിക്കോട് വികസന അതോറിട്ടി, കൊല്ലം വികസന അതോറിട്ടി എന്നിങ്ങനെ 5 വികസന അതോറിട്ടികളുണ്ട്. 2015-16-ല്‍ 45 കോടി രൂപ ഈ അതോറിട്ടികള്‍ക്കായി നീക്കി വെയ്ക്കുകയും 15.94 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. 2016-17-ല്‍ 55 കോടി രൂപ ഈ അതോറിട്ടികള്‍ക്കായി വകയിരുത്തിയിരിക്കുന്നു. തിരുവനന്തപുരം വികസന അതോറിട്ടി ഏറ്റെടുത്ത പ്രധാന പദ്ധതികള്‍ അനുബന്ധം 5.48-ല്‍ നല്‍കിയിരിക്കുന്നു.