പശ്ചാത്തല സൗകര്യം

സംസ്ഥാന റോഡു മേഖല

കേരളത്തിലെ മിക്ക സ്ഥലങ്ങളും റോഡുകളാല്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പാര്‍ശ്വങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വളരെയധികം തടസ്സങ്ങള്‍ നേരിടുന്നുണ്ട്. നിലവില്‍ റോഡുകളിലൂടെയുള്ള ഗതാഗതം ഉള്‍ക്കൊള്ളാവുന്ന തിലധികമാണ്. റോഡു ഗതാഗത വാര്‍ഷിക വളര്‍ച്ച 10 മുതല്‍ 11 ശതമാനമാണ്. നിലവിലുള്ള റോഡുകള്‍ക്ക് ഗതാഗതം ഉള്‍ക്കൊള്ളാ നാവാത്തതിനുള്ള കാരണം ഭൂമി ഏറ്റെടുക്കുന്ന തിനുള്ള പ്രശ്നങ്ങളും, റോഡിന്റെ വീതി വര്‍ദ്ധിപ്പി ക്കാനാവാത്തതുമാണ്

കേരളത്തിലെ പശ്ചാത്തല മേഖലയിലെ പ്രധാന വെല്ലുവിളി ഓരോ ഗ്രാമങ്ങളും തമ്മില്‍ യോജിപ്പിക്കുന്ന റോഡുകളുടെ പരിമിതിയാണ്. എന്നിരുന്നാലും, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റോഡു ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ കേരളം മുന്നിലാണെങ്കിലും റോഡുകളുടെ അവസ്ഥ മോശപ്പെട്ടതാണ്. ആയതിനാല്‍ കേരളത്തില്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിലുപരി നിലവിലുള്ള റോഡുകളുടെ സ്ഥിതി മെച്ചപ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി നിലവിലുള്ള സ്ഥാപനങ്ങളുടെ ശാക്തീകരണം, ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് (ഐ.ആര്‍.സി) റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (മോര്‍ത്ത്) അനുശാസിച്ചുള്ള നിലവാരം, കര്‍ശനമായ ഗുണ നിലവാര നിയന്ത്രണം, സംസ്ഥാനത്തിന് അനുയോജ്യമായ റവന്യു മാതൃകകള്‍ എന്നിവ അത്യാവശ്യമാണ്. ഗതാഗത മേഖലയിലെ നിക്ഷേപം വളരെ വ്യാപ്തിയുള്ളതും, ഗവണ്‍മെന്റിന് ലഭ്യമാകുന്ന വിഭവങ്ങള്‍ക്കപ്പുറമാണ്. ആയ തിനാല്‍ സ്വകാര്യ നിക്ഷേപം, ഗവണ്‍മെന്റിതര ഏജന്‍സികള്‍ / സംയുക്ത സംരംഭങ്ങള്‍ എന്നിവ തെരഞ്ഞെടുക്കപ്പെട്ട പ്രധാന പാതകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും, മെച്ചെപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളിലും പങ്കെടുപ്പിക്കേണ്ടത് ആവശ്യ മാണ്.

ഗതാഗത വാര്‍ത്താ വിനിമയ രംഗത്തെ 2010 മുതലുള്ള വികസന സൂചികകള്‍ അനുബന്ധം 5.1 ല്‍ കൊടുത്തിരിക്കുന്നു. ഗതാഗത മേഖലയിലെ വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം 10 മുതല്‍ 11 ശതമാനം വരെയാണ്. തത്ഫലമായി സംസ്ഥാനത്തെ റോഡു മേഖലയില്‍ അമിത ഗതാഗത ഞെരുക്കം അനുഭവപ്പെടുന്നു. കേരളത്തിന്റെ റോഡു ദൈര്‍ഘ്യം 2015-16 ല്‍, 2,05,545.616 കി.മീറ്ററാണ്. ഇതില്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ളവയും അല്ലാത്ത വയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ റോഡു സാന്ദ്രത 528.8 കീ.മീറ്റര്‍ / ച. കീ. മീറ്ററാണ്. ഇത് ദേശീയ ശരാശരി (387 കി.മീറ്റര്‍ / 100 ച.കി. മി) നേക്കാള്‍ വളരെ കൂടുതലാണ്. . ഒരു ലക്ഷം ജന സംഖ്യയ്ക്കു് ലഭ്യമായിട്ടുള്ള റോഡു ദൈര്‍ഘ്യം 615.5 കീ.മീറ്ററാണ്. മിക്കവാറും 90% റോഡുകളും ഒറ്റവരി പാതകളാണ്. ദേശീയ പാതകളെ പ്രാഥമിക റോഡുകളായും, സംസ്ഥാന പാതകളെയും പ്രധാന ജില്ലാ റോഡുകളെയും ദ്വിതീയ റോഡുകളായും കണക്കാക്കപ്പെടുന്നു. ദേശീയ പാതകളിലൂടെ 40% ഗതാഗതവും, സംസ്ഥാന പാതകള്‍, പ്രധാന ജില്ലാ റോഡുകള്‍ എന്നിവയിലൂടെ 40% ഗതാഗതവും നടന്നു വരുന്നു. 10% ത്തില്‍ താഴെയുള്ള റോഡുകളിലൂടെയാണ് 80 ശതമാനത്തിലധികമുള്ള ഗതാഗതം നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ഏജന്‍സികള്‍ പരിപാലിക്കുന്ന റോഡുകളുടെ ദൈര്‍ഘ്യം സംബന്ധിച്ച വിവരങ്ങള്‍ പട്ടിക 5.3 ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 5.3
കേരളത്തിലെ വിവിധ ഏജന്‍സികള്‍ പരിപാലിക്കുന്ന റോഡുകള്‍ സംബന്ധിച്ച വിവരങ്ങള്‍ 2015-16 ല്‍
ക്രമ നമ്പര്‍ വകുപ്പുകള്‍ ദൈര്‍ഘ്യം (കി.മി) ശതമാനം
  പഞ്ചായത്തുകള്‍ (എല്‍.എസ്.ജി.ഡി) 139380.410 67.81
2 പൊതുമരാമത്തു വകുപ്പ് (റോഡുകളും പാലങ്ങളും) 31812.096 15.48
3 മുനിസിപ്പാലിറ്റികള്‍ 18411.870 8.96
4 കോര്‍പ്പറേഷനുകള്‍ 6644.000 3.23
5 വനം വകുപ്പ് 4575.770 2.23
6 ജലസേചന വകുപ്പ് 2611.900 1.27
7 പൊതുമരാമത്തു വകുപ്പ്
(ദേശീയ പാതകള്‍)
1781.570 0.87
8 മറ്റുള്ളവ (റെയില്‍, വൈദ്യുതി വകുപ്പ്) 328.000 0.16
  ആകെ 205545.616 100
സ്രോതസ്സ് : വിവിധ വകുപ്പുകള്‍

ചില മാനദണ്ഡങ്ങള്‍ അനുസരിച്ച് വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ 2015-16 ല്‍ പരിപാലിച്ച റോഡുകളുടെ ദൈര്‍ഘ്യമായ 139380.410 കീ.മീറ്റര്‍ (67.81%), 63348.52കീ.മീറ്റര്‍ (45.45%) ടാര്‍ ചെയ്തവയും, 16716.24 കി.മീറ്റര്‍ (8.13%) റോഡുകള്‍ സിമന്റ് കോണ്‍ക്രീറ്റുമാണ്.

പൊതുമരാമത്തു വകുപ്പ് (റോഡുകളും പാലങ്ങളും)

കാര്യക്ഷമമായ റോഡു പശ്ചാത്തല സൗകര്യങ്ങള്‍ ദീര്‍ഘകാല വളര്‍ച്ചയ്ക്കും ജനങ്ങളുടെ ചെലവു കുറഞ്ഞ യാത്രകള്‍ക്കും, ചരക്കു നീക്കങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്ത് ലഭ്യമായിട്ടുള്ള റോഡ് ശൃംഖലയുടെ 15 ശതമാനമായ പൊതുമരാമത്തു വകുപ്പ് റോഡുകളിലുടെ 80 ശതമാനം റോഡു ഗതാഗതമാണ് നടക്കുന്നത്. ഗതാഗത നിരക്ക് പ്രതിവര്‍ഷം 12-14 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനാല്‍ പൊതുമരാമത്ത് റോഡുകളുടെ ഗതാഗത സമ്മര്‍ദ്ദം വളരെ കൂടുതലാണ്.

പൊതുമരാമത്തു വകുപ്പ് (റോഡുകളും, പാലങ്ങളും വിഭാഗം) പരിപാലിക്കുന്ന റോഡു ദൈര്‍ഘ്യം 2015-16 ല്‍ 31812.096 കീ.മീറ്ററായി വര്‍ദ്ധിച്ചു. ഇതില്‍ 4342 കീ.മീറ്റര്‍ റോഡുകള്‍ സംസ്ഥാന പാതകളും, 27470 കീ.മീറ്റര്‍ റോഡുകള്‍ പ്രധാന ജില്ലാ റോഡുകളുമാണ്. സംസ്ഥാന പാതകളുടെ ആകെ ദൈര്‍ഘ്യമായ 4342 കീ.മീറ്ററില്‍, 1640 കീ.മീറ്റര്‍ മാത്രമാണ് നിലവാരമുള്ള ഇരട്ടവരി പാതകളായിട്ടുള്ളത്. 26160 കി.മീറ്റര്‍ റോഡുകള്‍ ഒറ്റവരിപാതകളും ബാക്കിയുള്ളവ അതിലും താഴെയാണ്. ആകെയുള്ള 27470 കീ.മീറ്റര്‍ പ്രധാന ജില്ലാ റോഡുകളില്‍ 1310 കീ.മീറ്റര്‍ നിലവാരമുള്ള രണ്ടു വരി പാതകളും, 26160 കീ.മീറ്റര്‍ നിലവാരമുള്ള ഒറ്റവരി പാതകളുമാണ്. പൊതുമരാമത്തു വകുപ്പ് പരിപാലിക്കുന്ന റോഡുകളില്‍ 2950 കീ.മീറ്റര്‍ റോഡുകള്‍ മാത്രമാണ് രണ്ടുവരി പാതകളായി നിലവിലുള്ളത്. ഇത് 9.27% മാത്രമാണ്.

പൊതുമരാമത്തു വകുപ്പ് പരിപാലിക്കുന്ന ആകെ ദൈര്‍ഘ്യമായ 31812.096 കീ.മീറ്ററില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കോട്ടയം ജില്ലയിലും 3456.214 കീ.മീറ്റര്‍ (10.86% ഏറ്റവും കുറവ് ദൈര്‍ഘ്യം 1029.314 കീ.മീറ്റര്‍ (3.24% വയനാട് ജില്ലയിലുമാണ്. പൊതുമരാമത്തു വകുപ്പ് പരിപാലിക്കുന്ന റോഡു ദൈര്‍ഘ്യം 31.03.2016 വരെയുള്ളത് ജില്ല തിരിച്ച് അനുബന്ധം 5.2 ല്‍ കൊടുത്തിരിക്കുന്നു.

പൊതുമരാമത്തു വകുപ്പു റോഡുകളില്‍ 31.03.2016 വരെ 1806 പാലങ്ങളും, 51400 കലുങ്കുകളുമുണ്ട്. അതില്‍ 61 പാലങ്ങളും, 1557 കലുങ്കുകളും സുരക്ഷിതാവസ്ഥയിലല്ലാത്തതിനാല്‍ പുനര്‍ നിര്‍മ്മാണം/നവീകരണം ആവശ്യമായിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അനുബന്ധം 5.3, അനുബന്ധം 5.4, അനുബന്ധം 5.5, അനുബന്ധം 5.6 എന്നിവയില്‍ കൊടുത്തിരിക്കുന്നു. പൊതു മരാമത്തു വകുപ്പിന്റെ 2015-16 ലെ പ്രധാന സംരംഭങ്ങള്‍ ബോക്സ് 5.1 ല്‍ കൊടുത്തിരിക്കുന്നു.

ബോക്സ് 5.1
പൊതുമരാമത്തു വകുപ്പിന്റെ (റോഡുകളും പാലങ്ങളും ) 2015-16 ലെ പ്രധാന സംരംഭങ്ങള്‍
  • റോഡു സുരക്ഷാ സെല്‍, പരിസ്ഥിതി (എൻവയോണ്‍മെന്റ് ) സെല്‍, ജ്യോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്), ആര്‍.എം. എം. എസ് യൂണിറ്റുകള്‍ ശക്തിപ്പെടുത്തല്‍
  • പൊതുമരാമത്തു വകുപ്പ് മാനുവൽ ഭേദഗതിയും കാലാനുസൃത മാറ്റങ്ങളും
  • പ്രധാനപ്പെട്ട പ്രോജക്ടകള്‍ തയ്യാറാക്കുന്നതിനായി പ്രോജക്ട് പ്രിപ്പറേഷന്‍‍ യൂണിറ്റ്
  • ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം (.എഫ്.എം.എസ്) ഘട്ടംഘട്ടമായി നടപ്പാക്കല്‍
  • കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്ഫണ്ട് ബോര്‍ഡ് (കിഫ്ബി) ല്‍ ഉള്‍പ്പെടുത്തുന്നതിനായി പശ്ചാത്തല വികസന പദ്ധതികള്‍ തയ്യാറാക്കല്‍
  • എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, ഭരണ വിഭാഗം ഉദ്യാഗസ്ഥര്‍ എന്നിവര്‍ക്ക് പരിശീലന പരിപാടികള്‍ക്കായി മനുഷ്യവിഭവ ശേഷി വികസന വിഭാഗത്തിന്റെ ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്പ്മെന്റ് വിംഗ് സ്ഥാപിച്ചു.
  • വന്‍കിട പദ്ധതികളുടെ പരിസ്ഥിതി ആഘാത വിശകലന മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതിനായി എന്‍വയോണ്‍മെന്റ് സെല്ലിന്റെ (പരിസ്ഥിതി സെല്‍) സ്ഥാപനം

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) ക്കു വേണ്ടി സംസ്ഥാന പാതകള്‍, പ്രധാന ജില്ലാ റോഡുകള്‍, ദേശീയ പാതകള്‍ എന്നിവയുടെ നിര്‍മ്മാണ പരിപാലന ങ്ങള്‍ക്കാവശ്യമായ നയ രൂപീകരണം, ആസൂത്രണം, മാതൃകകള്‍ തയ്യാറാക്കല്‍ എന്നിവ സംസ്ഥാന പൊതുമരാമത്തു വകുപ്പില്‍ നിക്ഷിപ്തമാണ്. പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന പൊതുമരാമത്തു വകുപ്പിന് വളരെയധികം പ്രധാന്യമുണ്ട്. ആയതിനാല്‍ കാലാനുസൃതമായ ആവശ്യങ്ങള്‍ നേരിടുന്നതിനായി സ്വകാര്യ പങ്കാളിത്തം, ബഹുരാഷ്ട്ര ഫണ്ടിംഗ് ഏജന്‍സികളായ ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ബാങ്ക് (ജെ.ബി.ഐ.സി), ലോകബാങ്ക്, എ.ഡി.ബി എന്നിവയുടെ സഹായം ലഭ്യമാക്കുന്നതിനാ വശ്യമായ നടപടികള്‍ക്കുനുസൃതമായി പ്രവര്‍ത്തി ക്കേണ്ടതുണ്ട്.

പൊതുമരാമത്തു വകുപ്പ് റോഡുകളും പാലങ്ങളും വിഭാഗം 2015-16 ല്‍ 1731 കീ.മീറ്റര്‍ സംസ്ഥാന പാതകളുടേയും മറ്റു ജില്ലാ റോഡുകളുടേയും വികസനവും, മെച്ചപ്പെടുത്തലും പൂര്‍ത്തീകരിച്ചു. ഇതില്‍ 695 കി.മീറ്റര്‍ (ബി.എം.& ബി.സി) ഉപരിതല മെച്ചപ്പെടുത്തലുമായിരുന്നു. റോഡുകളും, പാലങ്ങളും വിഭാഗം 77 പാലങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ഇതില്‍ കേരളാ ഗവണ്‍മെന്റിന്റെ 400 ദിവസം കൊണ്ട് 100 പാലങ്ങള്‍ എന്ന പദ്ധതിയിലുള്ള പാലങ്ങളും ഉള്‍പ്പെടുന്നു. ഭരണാനുമതി, സാങ്കേതികാനുമതി തുടങ്ങിയവ കാലതാമസമില്ലാതെ നല്‍കുന്നതിനായി ‘PRICE” സോഫ്ട് വെയര്‍ ഉപയോഗിച്ച് എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി. ഒറ്റത്തവണ നവീകരിക്കല്‍ പദ്ധതിയിലുള്‍പ്പെടുത്തി 557.12 കോടി രൂപ വിനിയോഗിച്ച് വിവിധ പഞ്ചായത്തുകള്‍ /മുനിസിപ്പാലിറ്റികള്‍ / കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ റോഡുപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. മൂന്ന് വന്‍കിട പദ്ധതികളായ വലിയഴീക്കല്‍ പാലം (146.5 കോടി രൂപ) നാടുകാണി വഴിക്കടവ് പരപ്പനങ്ങാടി റോഡ് (415.00 കോടി രൂപ), ചെറുപുഴ പയ്യാവൂര്‍ റോഡ് (205 കോടി രൂപ) എന്നിവ ഡിസ്ട്രിക്ട് ഫ്ളാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു.

കേരളത്തിലെ റോഡു നിര്‍മ്മാണ പ്രവൃത്തികള്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് (ഐ.ആര്‍.സി), ഉപരിതല ഗതാഗത ഹൈവേ മന്ത്രലയം (മോര്‍ത്ത്) നിബന്ധനകള്‍ ക്കാനുസൃതമായിരിക്കണമെന്ന് കേരള സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള പൊതുമരാമത്തു വകുപ്പ് മാന്വവല്‍ ഭേദഗതി (2012) വരുത്തുകയും 01.04.2012 മുതല്‍ ഇത് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. വരും വാര്‍ഷങ്ങളില്‍ മാന്വവലില്‍ വരുത്തിയ പ്രസ്തുത ഭേദഗതിയുടെ ഫലങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്.

ദേശീയ പാതകള്‍

കേന്ദ്ര ഗവണ്‍മെന്റ് അനുവദിക്കുന്ന തുക ഉപയോഗിച്ച് സംസ്ഥാനത്തെ ദേശീയ പാതകളുടെ വികസനം നടത്തുന്നത് സംസ്ഥാന പൊതുമരാമത്തു വകുപ്പാണ്. സംസ്ഥാനത്ത് ഒമ്പത് ദേശീയ പാതകളായി 1781.57. കീ.മീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ദേശീയ പാതകള്‍ നിലവിലുള്ളതില്‍ 1339 കീ.മീറ്റര്‍ (76.6%) നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) യുടെ കീഴിലാണ്. ബാക്കിയുള്ള 408 കീ.മീറ്റര്‍ സംസ്ഥാന പൊതുരാമത്തു വകുപ്പിന്റെ കീഴിലാണ്. വിശദ വിവരങ്ങള്‍ പട്ടിക 5.4 ല്‍ ചേര്‍ത്തിരിക്കുന്നു.

പട്ടിക 5.4
കേരളത്തിലെ ദേശീയ പാതകള്‍
ക്രമ നമ്പര്‍ പുതിയ നമ്പര്‍. പഴയ നമ്പര്‍ ദേശീയ പാത പുതിയ ദേശീയ പാതകള്‍ (കേരളത്തില്‍ കി.മീ.)
1 66 എന്‍ ‍ എച്ച് 17 തലപ്പാടി - ഇടപ്പള്ളി 420.777 669.437
എന്‍ ‍ എച്ച് 47 ഇടപ്പള്ളി – കളിയിക്കാവിള 248.660
2 544 എന്‍ ‍ എച്ച് 47 വാളയാര്‍ - ഇടപ്പള്ളി 168.14
3 85 എന്‍ ‍ എച്ച് 49 ബോഡിമെട്ടു – കുണ്ടന്നൂര്‍ 167.593
4 744 എന്‍ ‍ എച്ച് 208 കൊല്ലം – കഴുത്തുരുത്തി 81.280
5 766 എന്‍ ‍ എച്ച് 212 കോഴിക്കോട് –മുത്തങ്ങ കേരള – കര്‍ണ്ണാടക അതിര്‍ത്തി 117.600
6 966 എന്‍ ‍ എച്ച് 213 കോഴിക്കോട് - പാലക്കാട് 125.304
7 183 എന്‍ ‍ എച്ച് 220 കൊല്ലം – തേനി തമിഴ് നാട് അതിര്‍ത്തി 190.300
8 966 B എന്‍ ‍ എച്ച് 47 A വെല്ലിംഗ്ടണ്‍ ഐലന്റ് – കുണ്ടന്നൂര്‍ 5.920
9 966 A എന്‍ ‍ എച്ച് 47 C വല്ലാര്‍പാടം - കളമശ്ശേരി 17.200
10 183 A - ഭരണിക്കാവ് – പത്തനംതിട്ട (വഴി) വണ്ടിപെരിയാര് 116.800
11 185 - അടിമാലി – പൈനാവ് (വഴി) കുമിളി 96.000
 ആകെ 1781.57
അവലംബം : പൊതുമരാമത്തു വകുപ്പ് (ദേശീയ പാതകള്‍)

മേല്‍പ്പറഞ്ഞ 11 ദേശീയ പാതകളില്‍ വല്ലാര്‍പാടം – കളമശ്ശേരി എന്‍.എച്ച്.സി (പുതിയ എന്‍.എച്ച് 966 എ) യുടെ വികസന പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) യുടെ ചുമതലയിലാണ് നടക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പരിപാലിക്കുന്ന 176 കീ.മീറ്റര്‍ ദൈര്‍ഘ്യത്തിനു പുറമെയുള്ള റോഡുകള്‍ വികസിപ്പിക്കുന്നതിനുള്ള തുക ചെലവാക്കുന്നത് റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് (മോര്‍ത്ത്). സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സെന്‍ട്രല്‍ റോഡ് ഫണ്ടിനത്തില്‍ ലഭ്യമാകുന്ന തുക സംസ്ഥാന പാതകള്‍, മറ്റ് ജില്ലാ റോഡുകള്‍ തുടങ്ങിയവയുടെ വികസനത്തിനായി ഉപയോഗിക്കപ്പെടുന്നു. ഈ കാലയളവില്‍ 45 പ്രവൃത്തികള്‍ തുടര്‍ന്നു വരുന്നതും, 26 പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

കൊല്ലം ആലപ്പുഴ ബൈപ്പാസുകള്‍

ദേശീയപാത 47 ലെ കൊല്ലം ആലപ്പുഴ ബൈപ്പാസ്സുകള്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ഒരു സംയുക്ത സംരംഭമാണ്. മൊത്തം പദ്ധതി ചെലവായ 700.48 കോടി രൂപയില്‍ സംസ്ഥാന വിഹിതമായ 350.24 കോടി രൂപ സംസ്ഥാന ഗവണ്‍മെന്റിന്റെ മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്മെന്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴ ബൈപാസിന്റെ (348.43 കോടി രൂപ) ആകെ ദൈര്‍ഘ്യമായ 6.8 കി.മീറ്ററില്‍ 3.2 കീ.മീറ്റര്‍ എലിവേറ്റഡ് ഹൈവേയാണ്. കോമാടി ജംഗ്ക്ഷന്‍ മുതല്‍ കളര്‍കോട് വരെയാണ് ദൈര്‍ഘ്യം. ഇ.പി.സി പദ്ധതി പ്രകാരം 16.03.2015 ല്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രസ്തുത പ്രോജക്ട് അതിവേഗം പുരോഗമിക്കുന്നു. 274.34 കോടി രൂപ ചെലവില്‍ M/s RDS CVOC (jv) എന്ന കമ്പനിയാണ് 2017 ഓഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാക്കുന്നതിനുദ്ദേശിക്കുന്ന പ്രസ്തുത പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ 164.64 കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സായി കേന്ദ്ര സംസ്ഥാന. ഗവണ്‍മെന്റുകള്‍ നല്കി കഴിഞ്ഞിട്ടുണ്ട്. 32 % പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

കാവനാടു മുതല്‍ മേവറം വരെയുള്ള 13 കീ മീറ്ററാണ് കൊല്ലം ബൈപാസിന്റെ ആകെ ദൈര്‍ഘ്യം. 352.05 കോടി രൂപ ചെലവു വരുന്ന പ്രസ്തുത പദ്ധതിയില്‍ മൂന്ന് പാലങ്ങളും, 7 കീ.മീറ്റര്‍ പുതിയ റോഡുകളും 4 കീ.മീറ്റര്‍ നിലവിലുള്ള റോഡുകളുടെ വീതി കൂട്ടലും ഉള്‍പ്പെടുന്നു. ഇ.പി.സി പദ്ധതിയില്‍ 27.05.2015 ല്‍ ആരംഭിച്ച ബൈപാസിന്റെ നിര്‍മ്മാണം 2017 നവംബര്‍ മാസത്തില്‍ പൂര്‍ത്തീയാക്കുന്നതിനുദ്ദേശിക്കുന്നു. മൊബിലൈസേഷന്‍ അഡ്വവാന്‍സായി 103.00 കോടി രൂപ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കിക്കഴിഞ്ഞ പ്രസ്തുത പദ്ധതിയുടെ 32% പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.

കേരള സംസ്ഥാന ഗതാഗത പദ്ധതി (കെ.എസ്.ടി.പി)

ലോകബാങ്ക് സഹായത്തോടെ 2013, ജൂണ്‍ 13ന്, 2403 കോടി രൂപ (434 US $) ;ചെലവില്‍ ആരംഭിച്ച കേരള സംസ്ഥാന ഗതാഗത പദ്ധതി 2013 സെപ്റ്റംബര്‍ മാസമാണ് നിലവില്‍ വന്നത്. വായ്പാ കാലാവധി 2019 ഏപ്രില്‍ മാസം വരെയാണ്. പ്രസ്തുത പദ്ധതിയുടെ അനുപാതം 56% (ലോകബാങ്കു്) 44% കേരള ഗവണ്‍മെന്റ് അര്‍ഹമായ ഇനങ്ങളില്‍ (ഭൂമി ഏറ്റെടുക്കല്‍ ഒഴികെ, പ്രവര്‍ത്തന ചെലവ്) എന്ന വ്യവസ്ഥയിലാണ്. 2500 കോടി രൂപയ്കുള്ള ഭരണാനുമതി കേരളാ ഗവണ്‍മെന്റ് നല്‍കി കഴിഞ്ഞു.

ലോക ബാങ്ക് സഹായത്തോടെയുള്ള കേരള സംസ്ഥാന ഗതാഗത പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. 363 കി. മീറ്റര്‍ റോഡുകളുടെ സഞ്ചാര ഗുണ നിലവാരം മെച്ചപ്പെടുത്തി റോഡു സുരക്ഷ ഉറപ്പു വരുത്തുന്നതി നുദ്ദേശിക്കുന്നു മൂന്ന് പ്രധാന ഘടകങ്ങളാണ് ഈ പദ്ധതിയ്ക്കുള്ളത്. 1) 363 കീ. മീറ്റര്‍ റോഡുകളുടെ നിലവാരം ഉയര്‍ത്തല്‍ 2) റോഡു സുരക്ഷാ ആസൂത്രണം 3) വകുപ്പുതല സ്ഥാപന ശാക്തീകരണം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.ഈ പദ്ധതിയുടെ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. വിശദ വിവരങ്ങള്‍ പട്ടിക 5.5 ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 5.5
കേരള സംസ്ഥാന ഗതാഗത പദ്ധതി (തുക കോടിയില്‍)
ക്രമ നമ്പര്‍ റോഡുകളുടെ പേര് ചെലവ് പൂര്‍ത്തിയാക്കുന്ന വര്‍ഷം
1 കാസര്‍ഗോഡ് - കാഞ്ഞങ്ങാട് റോഡ് 133.05 മാര്‍ച്ച് 2017
2 പിലാത്തറ - പാപ്പിനിശ്ശേരി റോഡ് 118.29 മാര്‍ച്ച് 2017
3 തലശ്ശേരി - കളറോഡ് റോഡ് 156.59 ജൂണ്‍ 2018
4 കളറോഡ്- വളവുപാറ റോഡ് 209.58 ഓഗസ്റ്റ് 2018
5 ചെങ്ങന്നൂര്‍ - എറ്റുമാനൂര്‍ റോഡ് 293.58 നവംബര്‍ 2017
6 തിരുവല്ല ബൈപാസ് 31.80 പ്രവൃത്തി പുരോഗമിക്കുന്നു
7 ഏറ്റുമാനൂര്‍ - മൂവാറ്റുപുഴ റോഡ് 171.49 സെപ്റ്റംബര്‍ 2017
8 പൊന്‍കുന്നം - തൊടുപുഴ റോഡ് 227.13 ഡിസംബര്‍ 2016
9 പുനലൂര്‍ - പൊന്‍കുന്നം റോഡ് (പി.പി.പി) മോഡിഫൈഡ് അന്യുറ്റി) 293.58 ടെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.രോഗമിക്കുന്നു
10 പെരുമ്പിലാവ് - പെരുന്തല്‍മണ്ണ റോഡ്   ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
സ്രോതസ്സ് : കെ.എസ്.ടി.പി

മേൽപ്പറഞ്ഞ ഒന്‍പത് റോഡ് പ്രവൃത്തി പാക്കേജുകളില്‍ (ഒരു ബൈപാസ് ഉള്‍പ്പെടെ) ഏഴ് പാക്കേജുകളും പ്രവര്‍ത്തനമാരംഭിച്ച് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പുരോഗമിച്ചു വരുന്നു. പ്രതികൂല കാലാവസ്ഥ, പ്രാദേശിക പ്രശ്നങ്ങള്‍ എന്നിവ മൂലം ചില പ്രവൃത്തികള്‍ മന്ദഗതിയില്‍ മാത്രമേ പുരോഗമിക്കുന്നുള്ളു. മൂന്നാം പാക്കേജിലെ തലശ്ശേരി – വളവുപാറ - 54 കീ.മീറ്റര്‍ പ്രവൃത്തി കോണ്‍ട്രാക്ടറുടെ കൃത്യ നിർവ്വഹണ വീഴ്ച മൂലം മാറ്റിവെച്ചിരിക്കുകയാണ്. കൂടാതെ എട്ടാം പാക്കേജിലെ ഒരു പ്രവൃത്തി ഭൂമി ഏറ്റെടുക്കല്‍ കാലതാമസം കാരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലുള്ള റോഡിന്റെ ഉപരിതലം ശക്തിപ്പെടുത്തലിലൂടെ ഈ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനുദ്ദേശിക്കുന്നു. കേരള സംസ്ഥാന ഗതാഗത പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളെല്ലാം തന്നെ 2018 അവസാനത്തോടെ പൂര്‍ത്തിയാക്കുന്നതിനുദ്ദേശിക്കുന്നു.

കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍‍.എഫ്.ബി)

കേരള റോഡ് ഫണ്ട് നിയമം 2001 പ്രകാരം നിലവില്‍ വന്ന ഒരു സ്റ്റാറ്റ്യുട്ടറി സ്ഥാപനമാണ് കേരളാ റോഡ് ഫണ്ട് ബോര്‍ഡ്. സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതിയുടെ 10 ശതമാനം വിഹിതം പദ്ധതിയേതര വിഹിതമായി ലഭിക്കുന്നതാണ് ബോര്‍ഡിന്റെ പ്രധാന വരുമാനം. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നഗര റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പാക്കുന്നത് കേരളാ റോഡ് ഫണ്ട് ബോര്‍ഡാണ്. ഈ പദ്ധതി പ്രകാരം പൊതു സ്വകാര്യ പങ്കാളിത്തം (അന്വറ്റി) പദ്ധതിയിലൂടെ തലസ്ഥാന നഗരത്തിലെ 43 കീ.മീറ്റര്‍ റോഡുകള്‍, നിര്‍മ്മാണ ശേഷം 15 വര്‍ഷത്തെ അറ്റകുറ്റ പണികള്‍ ഉറപ്പു വരുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു.

കോഴിക്കോട് നഗര റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതിയിലുള്‍പ്പെടുത്തി 22.251 കീ.മീറ്റര്‍ റോഡുകളുടെ നിര്‍മ്മാണം ഡി.ബി.എഫ്.ഒ.ടി അന്വറ്റി പ്രകാരം പുരോഗമിച്ചു വരുന്നു. ആലപ്പുഴ നഗര റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതിയില്‍ 48 കീ.മീറ്റര്‍ ദൈര്‍ഘത്തില്‍ 18 റോഡുകള്‍ ഒന്നാംഘട്ടമായും, 35.5 കീ.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ രണ്ടാം ഘട്ടമായും നടപ്പിലാക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ നഗര റോഡ് വികസന പദ്ധതിയില്‍, 47.7 കീ.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 12 റോഡുകള്‍ 350.00 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരളാ ലിമിറ്റഡ് (റിക്)

1956 ലെ ഇന്ത്യന്‍ കമ്പനി നിയമമനുസരിച്ച് കേരളാ റോഡ് ഫണ്ട് ബോര്‍ഡിന്റെ ഒരു പ്രത്യേക ഉദ്ദേശ്യയാനമാണ് റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡ്. തെരഞ്ഞടുക്കപ്പെട്ട സംസ്ഥാന പാതകള്‍, പ്രധാന ജില്ലാ റോഡുകള്‍ എന്നിവിടങ്ങളില്‍ സംസ്ഥാന റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതി (എസ്.ആര്‍.ഐ.പി) പ്രകാരം റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുദ്ദേശിക്കുന്നു. ഈ പദ്ധതി രണ്ടു പാക്കേജുകളിലായാണ് നടപ്പിലാക്കുന്നത്. വാര്‍ഷിക തവണ വ്യവസ്ഥയില്‍ പുനരധിവാസ പാക്കേജ്, വിവിധ ഫണ്ടിങ്ങ് ഏജന്‍സികളുടെ സഹായത്തോടെ നടപ്പാക്കുന്ന മെച്ചപ്പെടുത്തല്‍ പാക്കേജ് എന്നിവയാണ് രണ്ട് പാക്കേജുകള്‍. പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി 106.2 കി.മീറ്റര്‍ റോഡുകള്‍ രണ്ടു പാക്കേജുകള്‍ എ & ബി എന്ന രീതിയില്‍ തിരുവനന്തപുരം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 209.91 കോടി രൂപാ ചെലവില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നു. മെച്ചപ്പെടുത്തല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി 600 കി.മീറ്റര്‍ റോഡുകള്‍ ജ്യോമട്രിക്കല്‍ കറക്ഷന്‍, ജംഗ്ഷന്‍ ഇംപ്രൂവ്മെന്റ് എന്നിവയ്ക്കാവശ്യമായ ഭൂമി ഏറ്റെടുത്ത് മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നു. മെച്ചപ്പെടുത്തല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി 21.00 കോടി രൂപ ചെലവില്‍ തിരുവനന്തപുരം ജില്ലയിലെ കരമന – വെള്ളറട റോഡ് നിര്‍മ്മാണത്തി നാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കി കഴിഞ്ഞിട്ടുണ്ട്.

നിലവില്‍ റോഡുകളിലുള്ള, ഗതാഗത ഞെരുക്കവും, അതിനോടനുബന്ധമായ കാലതാമസം എന്നിവ പരിഗണിച്ച് ഗുണനിലവാരമുള്ള മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളായ ലക്ഷ്യസ്ഥാനങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരല്‍, റോഡപകട സാധ്യത കുറയ്ക്കല്‍ എന്നിവ നടപ്പിലാക്കുന്നതിനുദ്ദേശിക്കുന്നു. നിലവിലുള്ള പൊതുമരാമത്തു വകുപ്പു റോഡുകള്‍ വീതി കൂട്ടി, അപകട സാധ്യത കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാകേണ്ടതുണ്ട്. സംസ്ഥാനത്തു കൂടി കടന്നു പോകുന്ന ദേശീയപാതകള്‍, സംസ്ഥാന പാതകള്‍ എന്നിവയുടെ വീതി കൂട്ടി നാലുവരി പാതയും നിലവിലുള്ള പ്രധാന ജില്ലാറോഡുകളുടെ ഷോള്‍ഡറുകള്‍ / നടപ്പാതകളുടെ വീതികൂട്ടി രണ്ടുവരി പാതകളും ആക്കേണ്ടതുണ്ട്. മോട്ടോര്‍ വാഹന ഇതര ഗതാഗത മാര്‍ഗ്ഗങ്ങളായ കാല്‍നട യാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍. പൊതു ഗതാഗതം എന്നിവയ്ക്ക് പ്രാധാന്യം നല്‍കേണ്ടതും, നഗര പ്രദേശങ്ങളിലെ 75 ശതമാനത്തോളം റോഡുകളിലെങ്കിലും ആവശ്യമായ നടപ്പാതകള്‍ ക്രമീകരിക്കേണ്ടതും അത്യാവശ്യമാണ്.

റോഡു മേഖലയിലെ ഗവേഷണവും വികസനവും

റോഡു വ്യവസ്ഥയില്‍ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകാവുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും, സാങ്കേതിക മെച്ചപ്പെടുത്തല്‍ പൊതുവായുള്ള പശ്ചാത്തല സൗകര്യ പ്രശ്നങ്ങള്‍ക്ക് പര്യാപ്തമായ പരിഹാരങ്ങള്‍ കണ്ടെത്തല്‍ എന്നിവയ്ക്ക് ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കാണുള്ളത്. രൂപ കല്‍പ്പന, ഗവേഷണം, സൂക്ഷമ പരിശോധന, ഗുണ നിയന്ത്രണം എന്നീ മേഖലകളില്‍ ഡിസൈന്‍, റിസേര്‍ച്ച്, ഇൻവെസ്റ്റിഗേഷന്‍ ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ബോര്‍ഡ് (ഡ്രിക്ക് ബോര്‍ഡ്), കേരളാ ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെ.എച്ച്.ആര്‍.ഐ) നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്ക്) എന്നീ ഗവേഷണ വികസന സ്ഥാപനങ്ങള്‍ റോഡു മേഖലയില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നു.

(എ) ഡ്രിക്ക് ബോര്‍ഡ്

2015-16 ല്‍ ഡ്രിക്ക് ബോര്‍ഡിന്റെ രൂപ കല്‍പ്പനാ വിഭാഗം 16 കെട്ടിടങ്ങള്‍, 9 പാലങ്ങളുടെ, ഘടനാ 13 പൊതു രൂപ കല്‍പ്പനകള്‍, ഇവയില്‍ 31 വിശദമായ രൂപ കല്‍പ്പനകള്‍ എന്നിവ പൂര്‍ത്തി യാക്കി. കൂടാതെ, ഡ്രിക്ക് ബോര്‍ഡിന്റെ ഗവേഷണ പ്രോജക്ട് തയ്യാറാക്കല്‍ വിഭാഗം 11 പ്രോജക്ടുകള്‍ തയ്യാറാക്കി

(ബി) കേരളാ ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

പൊതുമരാമത്തു വകുപ്പ് ഏറ്റെടുക്കുന്ന ജോലികളുടെ ഗുണ നിലവാര നിയന്ത്രണം നടത്തുന്ന ദക്ഷിണ മേഖലാ പ്രാദേശിക ഓഫീസാണ് കേരളാ ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം സബ് ഡിവിഷനുകളാണ് കെ.എച്ച്. ആര്‍.ഐ യുടെ പരിധിയില്‍പ്പെടുന്നത്. പൊതുമരാ മത്തു വകുപ്പിലെ സാങ്കേതിക, സാങ്കേതിക ഇതര ജീവനക്കാര്‍ക്ക് കെ.എച്ച്.ആര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന പരിശീലനം നല്‍കുന്നു. കെ.എച്ച്.ആര്‍.ഐ യുടെ 2015-16 ലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ബോക്സ് 5.2 ല്‍ കൊടുത്തിരിക്കുന്നു.

ബോക്സ് 5.2
ഡ്രിക്ക് ബോര്‍ഡ് കെ.എച്ച്.ആര്‍. ഐ യുടെ 2015-16 ലെ പ്രധാന പ്രവര്‍ത്തനങ്ങള്‍
  • കേരള സംസ്ഥാന ഗതാഗത പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന മൂവാറ്റുപുഴ ടൌണിന്റെ വികസന പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി..
  • മലപ്പുറം ജില്ലയിലെ ചമ്രവട്ടം ജംഗ്ക്ഷന്‍ വികസനത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി
  • വഴിമുക്കു മുതല്‍ കളിയിക്കാവിള വരെയുള്ള റോഡ് അലൈന്‍മെന്റ് പൂര്‍ത്തിയാക്കി പ്രായോഗികത റിപ്പോര്‍ട്ട് അനുസരിച്ചുള്ള മാറ്റങ്ങള്‍ നടത്തി വരുന്നു
  • പൊതുമരാമത്തു വകുപ്പ് റോഡു സുരക്ഷാ സെല്ലിനു വേണ്ടി കൊടുങ്ങല്ലൂര്‍ ദേശീയപാത 17ല്‍ കോട്ടപ്പുറം ജംഗ്ക്ഷന്‍, ചന്തപ്പുര ജംഗ്ക്ഷന്‍ എന്നിവയുടെ മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി
  • കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ടൌണില്‍ ദേശീയ പാത 66 ല്‍ 221/500 കീ.മീറ്റര്‍ മുതല്‍ 222/000 കീമിറ്റര്‍ വരെ ജംഗ്ക്ഷനില്‍ ട്രാഫിക് ഡിസൈന്‍
  • മലപ്പുറം ജില്ലയില്‍ ദേശീയ പാത 17 ല്‍ 278/900 മുതല്‍ 280/200 കി.മീറ്റര്‍ വരെ കോലപ്പുറം ജംഗ്ക്ഷന്‍ മെച്ചപ്പെടുത്തല്‍
  • കോഴിക്കോട് നഗര റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഒന്നാംഘട്ടം (എ) കോവൂര്‍ ജംഗ്ക്ഷന്‍ (ബി) വെള്ളിമാടുകുന്നു ജംഗ്ക്ഷന്‍, ബൈപാസ് ജംഗ്ക്ഷന്‍ തുടങ്ങിയവയുടെ ജംഗ്ക്ഷന്‍ ഡിസൈന്‍ തയ്യാറാക്കി

ഗുണനിലവാര പരിശോധയുടെ ഭാഗമായി 2100 പരിശോധനകള്‍ നടത്തുകയും അവയുടെ ഫലം ബന്ധപ്പെട്ട ചീഫ് എഞ്ചിനീയര്‍മാര്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുകയും ചെയ്തു. കേരള സംസ്ഥാന ഗതാഗത പദ്ധതിയുടെ രണ്ടാം ഘട്ട വിശദമായ പദ്ധതി റിപ്പോര്‍ട്ടിലെ 14 റോഡുകളുടെ അറ്റകുറ്റ പണികളുടെ ഘടകങ്ങള്‍ സംബന്ധിച്ച പരിശോധനാ പ്രവര്‍ത്തനങ്ങള്‍ 2015-16 ല്‍ പൂര്‍ത്തിയാക്കി

(സി) നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്ക്)

ഗതാഗതവും, മറ്റു ഗതാഗത അനുബന്ധ മേഖലകളിലും ഗവേഷണ, വികസന വിപുലീകരണ പ്രവര്‍ത്തനങ്ങളുമാണ് നാറ്റ്പാക്കിന്റെ ലക്ഷ്യം. ഗതാഗത ആസൂത്രണവും റോഡു സുരക്ഷ, പ്രദേശിക ഗതാഗതം, ഹൈവേ ആസൂത്രണവും, വികസനവും, ട്രാഫിക് മാനേജ്മെന്റ്, ജല ഗതാഗതം കൂടാതെ വിവിധ പ്രായോജകര്‍ക്ക് പ്രവര്‍ത്തന മേഖലകള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഉപദേശങ്ങള്‍ നല്കല്‍ എന്നിവയാണ് നാറ്റ്പാക്കിന്റെ പ്രവര്‍ത്തന മേഖല.

നാറ്റ്പാക്ക് 2015-16 ല്‍ 22 പദ്ധതി പ്രവര്‍ത്തനങ്ങളും , 19 വിദേശ ഫണ്ട് പദ്ധതികളും, കേരള റോഡ് സുരക്ഷ (കെ.ആര്‍.എസ്.എ) യുടെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ പരിപാടികളും നടത്തി. സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങളെ കുറിച്ചുള്ള ഗവേഷണ വികസന പരിപാടികളായിരുന്നു പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നത്. വിദേശ സഹായ പദ്ധതികളില്‍ സര്‍ക്കാര്‍ ഏജന്‍സികളായ പൊതുമരാമത്ത് വകുപ്പ്, ഗതാഗത മേഖല, വിനോദ സഞ്ചാര മേഖല, ജല വിഭവ വകുപ്പ്, നഗരാസൂത്രണ വകുപ്പ്, മറ്റ് ഏജന്‍സികളായ കൊച്ചി മെട്രോ റെയില്‍ കമ്പനി, ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്. എ.ഐ) കേരളാ റോഡുകളും പാലങ്ങളും വികസന കോര്‍പ്പറേഷന്‍ (ആര്‍.ബി.ഡി.സി കെ), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കേരള ലിമിറ്റഡ് ( ഇന്‍കെല്‍) മുതലായവയായിരുന്നു ഉള്‍പ്പെട്ടിരുന്നത്.

വ്യാവസായിക അവശിഷ്ടങ്ങളായ ജാറോഫിക്സ്, സിമന്റ് സ്ലാഗ്, ഗ്ലാസ് ഫൈബര്‍ എന്നിവ റോഡു നിര്‍മ്മാണത്തിനുപയോഗിക്കുന്നതു സംബന്ധിച്ച പഠനങ്ങള്‍ നാറ്റ്പാക്ക് നടത്തി. സ്റ്റോണ്‍ മെട്രിക്സ്, ആസ്ഫാള്‍ട്ട് (എസ്.എം.എ) റീക്ലെയിമിഡ് ആസ്ഫാള്‍ട്ട് പേവ്മെന്റ് (ആര്‍.എ.പി) തുടങ്ങിയവ കേരളത്തിന്റെ കാലാവസ്ഥയില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച പഠനങ്ങളും നടത്തി. കേരള സംസ്ഥാന ഗതാഗത പദ്ധതിയുടെ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശകലനം നാറ്റ്പാക്ക് നടത്തുകയും, പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗുണനിലവാരമുള്ള കാര്യക്ഷമവും മികച്ചതുമായ പ്രവര്‍ത്തനം ഗതാഗത മേഖലയില്‍ കാഴ്ചവെയ്ക്കുന്നതിന് സാധിച്ചു. കോഴിക്കോട് ഡിവിഷനു കീഴിലെ ദേശീയ പാത വികസനം സംബന്ധിച്ച് ഒരു ദീര്‍ഘകാല പദ്ധതി തയ്യാറാക്കിയതു വഴി കേരളത്തിലെ ദേശീയ പാതയിലെ ട്രാഫിക് വളര്‍ച്ച മാതൃക തയ്യാറാക്കുന്നതിനു സാധിച്ചു.

top