പശ്ചാത്തല സൗകര്യം

വിവര സാങ്കേതിക വിദ്യ

ഒന്‍പതാം പഞ്ചവത്സര പദ്ധതിക്കാലം മുതല്‍ സംസ്ഥാന സമ്പദ്ഘടയുടെ വളര്‍ച്ചയെ ശക്തിപ്പെടുത്തുന്ന പ്രധാന മേഖലകളില്‍ ഒന്നാണ് വിവര വിനിമയ സാങ്കേതിക വിദ്യ. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ വിവര സാങ്കേതിക വിദ്യയുടെ തന്ത്രപ്രധാന പ്രാധാന്യം തിരിച്ചറിഞ്ഞ സര്‍ക്കാര്‍ സംസ്ഥാനത്തെ ഒരു ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുളള പശ്ചാത്തല സൗകര്യങ്ങള്‍ ഈ മേഖലയില്‍ ഒരുക്കുന്നതിനുമായി നടപടികള്‍ എടുത്തിട്ടുണ്ട്. വിവര വിനിമയ സാങ്കേതികവിദ്യ പദ്ധതികള്‍, ഇ-ഗവേണന്‍സ് ഇനിഷിയേറ്റീവ്സ്, ഇ-സാക്ഷരത പരിപാടികള്‍ എന്നിവ നടപ്പാക്കുന്നതിനും ഐ.റ്റി മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും സംസ്ഥാനത്തെ മുന്‍പന്തിയിലാക്കുന്നതിന് ഈ നയങ്ങള്‍ സഹായിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തില്‍ ദേശീയതലത്തില്‍ 32 ദശലക്ഷം കണക്ഷനോടുകൂടി ഏറ്റവും കൂടുതല്‍ മൊബൈല്‍ പെന്ട്രേഷനും, 20 ശതമാനം കുടുംബങ്ങളെ ബ്രോഡ്ബാന്റ് കണക്ഷനിലൂടെയും, 15% മൊബൈല്‍ കണക്ഷനിലൂടെയും വിവര ശാക്തീകരണ സമ്പദ് വ്യവസ്ഥയായി സംസ്ഥാനത്തെ മാറ്റുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഘടകങ്ങളാണ്. ഐ.റ്റി, ഐ.റ്റി.ഇ.എസ് യൂണിറ്റുകളുടെ കയറ്റുമതിയില്‍ എട്ടാം സ്ഥാനവും കേരളത്തിനുണ്ട്. കൂടാതെ ഇന്ത്യയില്‍ വേഗത്തില്‍ വളര്‍ന്നു വരുന്ന ഒരു ഡിജിറ്റല്‍ സംസ്ഥാനം കൂടിയാണ് കേരളം.

കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായുളള വരുമാന വളര്‍ച്ചയുടേയും കയറ്റുമതിയുടെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്‍ഡ്യയിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വ്യവസായത്തിന് നല്ല ഒരു ട്രാക്ക് റെക്കോര്‍ഡ് ആണ് ഉളളത്. ഇത് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. വിവര സാങ്കേതിക സേവനങ്ങളില്‍ ഇന്ത്യ ലോകത്തിന്റെ നേതൃനിരയില്‍ നിലനില്‍ക്കുമ്പോഴും, ഐ റ്റി ഉല്പാദന മേഖലയില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. പരമ്പരാഗത കയറ്റുമതി മാര്‍ക്കറ്റുകള്‍ മന്ദഗതിയിലുമാണ്. ഇന്ത്യന്‍ ഐ റ്റി വ്യവസായം പുതിയ മാര്‍ക്കറ്റുകള്‍ തേടുന്നു. നേരത്തെ ഐ.സി.റ്റി ഉപഭോഗത്തില്‍ വളരെ പിന്നില്‍ നിന്നിരുന്ന സൗത്ത് ഏഷ്യ, ഏഷ്യ പസിഫിക്, ആഫ്രിക്കല്‍ രാജ്യങ്ങളില്‍ പുതിയ മാര്‍ക്കറ്റുകള്‍ ഉയര്‍ന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷന്‍ (കെ.എസ്.ഐ.റ്റി.എം) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കേരള (ഐ.ഐ.ഐ.റ്റി.എം.കെ), ടെക്നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക്, കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.റ്റിഐ.എല്‍), ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ (ഐ.സി.ഫോസ്), കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ എന്നിവയാണ് സംസ്ഥാനത്ത് വിവര സാങ്കേതിക പദ്ധതികള്‍ നടപ്പാക്കുന്ന, വിവര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഏജന്‍സികള്‍.

സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും നേട്ടമുണ്ടാക്കുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഐ.റ്റി വ്യവസായ വികസനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനായി ഒരു ഹബ് ആന്‍ഡ് സ്പോക്ക് മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, കോഴിക്കോട് സൈബര്‍‍ പാര്‍ക്ക് എന്നിവ ഹബ്ബുകളായും മറ്റ് ജില്ലകള്‍ സ്പോക്കുകളായും പ്രവര്‍ത്തിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ 2016-17 വര്‍ഷത്തില്‍ 482.88 കോടി രൂപ ഈ മേഖലയിലെ പ്രധാന പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും, ഐ.റ്റി.ഇ എസിനും, ഇ-. ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കും, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി വകയിരുത്തിയിരിക്കുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28.91 ശതമാനം കൂടുതലാണ്. പദ്ധതി വിഹിതത്തിന്റെയും ചെലവാക്കിയ തുകയുടെയും വിശദാംശങ്ങള്‍ പട്ടിക 5.18 ല്‍ നല്‍കിയിരുന്നു.

പട്ടിക 5.18
പദ്ധതി വിഹിതവും ചെലവും
ക്രമ നംപര്‍ ഏജന്‍സി വാര്‍ഷിക പദ്ധതി
2013-14
വാര്‍ഷിക പദ്ധതി
2014-15
വാര്‍ഷിക പദ്ധതി
2015-16
വാര്‍ഷിക പദ്ധതി
2016-17
വിഹിതം ചെലവ് വിഹിതം ചെലവ് വിഹിതം ചെലവ് വിഹിതം
1 കെ.എസ്.ഐ.റ്റി.എം 6853 3576.17 9192 3054 9706 3237.50 13407
2 ഐ.ഐ.ഐ.റ്റി.എം.കെ& ഐ.സി.ഫോസ് 1500 1533 1800 485 2050 1956.77 2270
3 ടെക്നോപാര്‍ക്ക്,     6845 5707 6900 4901.57 7600
ഇന്‍ഫോപാര്‍ക്ക്, 5000   5500 4870 5600 9273.95 6161
സൈബര്‍ പാര്‍ക്ക് 1000   1100 800 1100 2451.52 2568
4 കെ.എസ്.ഐ. റ്റി.ഐ. എല്‍ 2405 2405 2600 4320 4000 1273.89 5780
5 നോളജ് സിറ്റി -- -- 1.00 0 1.00 -- 1
6 ടെക്നോളജി ഇന്നവേഷന്‍ സോണ്‍ --- -- 2500 1500 5000 4951.83 10000
7 യുവ സംരംഭകത്വം -- -- 1795 762.63 3000    
8 മറ്റുളളവ -- --   112 100 -- 1
9 ഐ.ഐ.ഐ.റ്റി – കേരള പാലാ             500
  ആകെ 23258 19518.29 31333 21610.63 37457 28047.03 48287
അവലംബം: സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ്

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ടെക്നോളജി മിഷന്‍ (കെ.എസ്.ഐ.റ്റി.എം)

ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി, സയന്റിഫിക്, ചാരിറ്റബിള്‍ സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു സൊസൈറ്റിയാണ് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ടെക്നോളജി മിഷന്‍ (കെ.എസ്.ഐ.റ്റി.എം). കേരള സര്‍ക്കാരിന്റെ വിവരസാങ്കേതിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ ഐ.റ്റി നിര്‍വ്വഹണഏജന്‍സിയായ ഈ സ്ഥാപനം, ഐ.റ്റി. വകുപ്പിന്റെ വിവിധങ്ങളായ ഭരണപരവും സാങ്കേതികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കി വരുന്നു.

സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ വിവരങ്ങള്‍ കൈമാറുക, നിക്ഷേപകരുമായി ആശയ വിനിമയം നടത്തുക, ഐ.റ്റി / ഐ.റ്റി.ഇ.എസ് വ്യവസായ അടിത്തറ ശക്തിപ്പെടുത്തുക, സംസ്ഥാനത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സാങ്കേതിക വിദ്യയിലെ നയങ്ങളുടെ പോളിസി കാര്യങ്ങളില്‍ ഉപദേശം നല്‍കുകയും ഐ.റ്റി.ഐ.റ്റി.ഇ.എസ് മേഖലയ്ക്കായി മനുഷ്യവിഭവത്തെ വികസിപ്പിച്ചെടുക്കുക എന്നിവയാണ് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷന്‍ (കെ.എസ്.ഐ.റ്റി.എം) ന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍.

ഇതുപോലുളള പോളിസികളുടേയും പദ്ധതികളുടേയും ഫലമായി "ഡിജിറ്റല്‍ സംസ്ഥാനം" എന്ന ലക്ഷ്യത്തിലേയ്ക്കുളള യാത്രയില്‍ കേരളത്തിന് ബഹുദൂരം മുന്നോട്ട് പോകുവാന്‍ സാധിച്ചു. കേരളത്തിന്റെ ചില പ്രധാനപ്പെട്ട നേട്ടങ്ങള്‍ താഴെപ്പറയുന്നു.

  • 2016 ഫെബ്രുവരിയില്‍ ബഹു ഇന്ത്യന്‍ പ്രസിഡന്റ് കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിച്ചു
  • ഇടുക്കിയില്‍ ഇന്ത്യയിലെ ആദ്യത്തെ ഹൈസ്പീഡ് ഗ്രാമീണ ബ്രാഡ്ബാന്റ് ഇന്ത്യാ ഗവണ്‍മെന്റ് കമ്മീഷന്‍ ചെയ്തു
  • ഇന്ത്യയില്‍ 2.4 കോടി ഇ-സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത ആദ്യത്തെ സംസ്ഥാനം
  • ഒപ്റ്റിക്കല്‍ ഫൈബര്‍നെറ്റ് വര്‍ക്ക്മുഖേന 100% ഗ്രാമപഞ്ചായത്തുകളേയും ബന്ധിപ്പിച്ചു.
  • സംസ്ഥാനത്ത് 2600 ലധികം അക്ഷയസെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു.
  • ആധാരില്‍ 3.44 കോടിയില്‍ കൂടുതല്‍ ആളുകള്‍ എന്‍റോള്‍ ചെയ്തു.
  • ആധാര്‍ അടിസ്ഥാന തിരിച്ചറിയല്‍ രേഖ നടപ്പിലാക്കുകയും ഡയറക്ട് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ സേവനങ്ങളും
  • സംസ്ഥാനത്തിന്റെ സൈബര്‍ സെക്യൂറിറ്റി സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 2010 ല്‍ സി ഇ ആര്‍ റ്റി - കെ സ്ഥാപിച്ചു.
  • 100% സിവില്‍ രജിസ്ട്രേഷനുകളും സമയ ബന്ധിതമായി രജിസ്റ്റര്‍ ചെയ്തു
  • ബാങ്കിംഗ് എളുപ്പത്തിൽ ഉപയോഗിക്കുന്നതിനായി സംസ്ഥാനത്താകമാനം 9000 ലധിക എറ്റിഎമ്മുകള്‍
  • 99% ടെലി സാന്ദ്രത - സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗത്തിന്‍ ത്വരിതവര്‍ദ്ധനവ്
  • ഉയര്‍ന്ന ഇന്റര്‍നെറ്റ് വ്യാപ്തി - 40.18 ശതമാനം
  • സംസ്ഥാനത്ത് 30,000 കിലോമീറ്ററിലധികം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചു

കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ ഇ. ഗവേണന്‍സ് പ്രോഗ്രാമുകള്‍

സേവനങ്ങള്‍ നല്‍കുന്നതില്‍ സുതാര്യതയും , വിശ്വാസ്യതയും, ഉത്തരവാദിത്ത്വവും ഉറപ്പാക്കി സദ് ഭരണം നടപ്പാക്കുന്നതിനുള്ള ഒരു പ്രധാന ഉപാധിയാണ് ഇന്ന് ഇ- ഗവേണന്‍സ്. ഇ- സാക്ഷരത പദ്ധതിയും ഇ- ഗവേണന്‍സ്, മൊബൈല്‍ ഗവേണന്‍സ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാന പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും കേരളം വളരെയേറെ മുന്നിലാണ്.

ബോക്സ് 5.13
കെ.എസ്.ഐ.റ്റി.എം ന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍
  • ഇ – ഗവേണന്‍സിനായുളള കേന്ദ്രത്തിന്റെ നിര്‍മ്മാണം
  • കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം കേരള (സേര്‍ട്ട് കേരള)
  • സിറ്റിസണ്‍ കാള്‍ സെന്റര്‍
  • ഡിപ്പാര്‍ട്ട്മെന്റ് ഡബ്യൂ.എ.എന്‍
  • ഇ– ഡിസ്ട്രിക്ട്
  • ഇ- ഗവണ്‍മെന്റ് പ്രൊക്വയര്‍മെന്റ് (ഇ.ജി.പി)
  • വെര്‍ച്വല്‍ ഐ.റ്റി. കേഡറിന്റെ സ്ഥാപനം
  • ഇ – ഓഫീസ്
  • ഫ്രണ്ട്സ്
  • ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഡാറ്റാ എക്സ്ചേഞ്ച് അഡ്വാന്‍സ്ഡ് സിസ്റ്റം (ഐഡിയാസ്)
  • ഇൻവെസ്റ്റ്മെന്റ് പ്രെമോഷന്‍ മാനേജ്മെന്റ് സെല്‍ (ഐ.പി.എം.സി)
  • ഐ. പി.വി. 4 ല്‍ നിന്നും ഐ.പി.വി.6 ലേക്ക് മൈഗ്രേഷന്‍
  • കേരള ഇ-ഗവേര്‍ണന്‍സ് അവാര്‍ഡുകള്‍
  • കേരള സ്റ്റേറ്റ് സ്പേഷ്യല്‍ ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ചര്‍ (കെ.എസ്.ഡി.ഐ)
  • കേരള സ്റ്റേറ്റ് വൈഡ് ഏരിയാ നെറ്റ് വര്‍ക്ക് (കെസ്വാന്‍)
  • മൊബൈല്‍ ഗവേണന്‍സ്
  • ഇ – ഗവേണന്‍സ് പദ്ധതികളില്‍ പി.ജി.ഡിപ്ലോമ
  • സെക്രട്ടേറിയറ്റിലെ റെക്കോഡുകളുടെ ഡിജിറ്റൈസേഷന്‍
  • സെക്രട്ടേറിയറ്റിലെ വൈഡ് ഏര്യ നെറ്റ് വര്‍ക്ക് (സെക് വാന്‍)
  • സർവ്വീസ് പ്ലസ്
  • സ്പാര്‍ക്ക്
  • സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ - കോബാങ്ക് ടവര്‍
  • വീഡിയോ കോണ്‍ഫറന്‍സ്
  • ഡിജിറ്റല്‍ ലിറ്ററസി പ്രോഗ്രാം
  • പബ്ലിക് വൈ.ഫൈ പ്രോജക്ട്
  • എന്‍.ഇ.ജി.എ.പി
അവലംബം: കെ.എസ്.ഐ.റ്റി.എം

ഇ-ഓഫീസ്, സർവ്വീസ് പ്ലസ്, ഫ്രണ്ട്സ്, അക്ഷയ, എസ്.ഇ.എം.റ്റി , സിറ്റിസണ്‍ കാള്‍ സെന്റര്‍, സ്പാര്‍ക്ക്, ഇ- പ്രൊക്വയര്‍മെന്റ് മുതലായവയാണ് കെ.എസ്.ഐ.റ്റി എം. ന്റെ കീഴിലുള്ള പ്രധാന ഇ- ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍. ഓഫീസ് നടപടിക്രമങ്ങള്‍ ഇലക്ട്രോണിക്കായി നടപ്പാക്കുന്നതിലൂടെ ഡിജിറ്റല്‍ വിനിമയത്തിന്റെ ഗുണഫലങ്ങള്‍ ഉപയോഗിച്ചു കൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ പേപ്പര്‍ രഹിത ഓഫീസുകളായി മാററുകയും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ വഴി വേഗത്തില്‍ തീരുമാനമെടുക്കുന്നതിനുമാണ് ഈ-ഓഫീസ് ലക്ഷ്യമിടുന്നത്. സെക്രട്ടേറിയേറ്റിലെ 42 വകുപ്പുകളില്‍ 39 വകുപ്പുകളിലും, സെക്രട്ടേറിയറ്റിന് പുറത്ത് 21 വകുപ്പുകളിലും ഏതാണ്ട് പൂര്‍ണ്ണമായോ ഭാഗീകമായോ ഇത് നടപ്പാക്കി കഴിഞ്ഞു. കൂടാതെ ജില്ലകളിലും ഡയറക്ട്രേറേററുകളിലും ഇ- ഓഫീസ് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ഐ.റ്റി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍.ഐ.സി) രൂപ കല്‍പ്പന ചെയ്ത് വികസിപ്പിച്ച ഒരു സോഫ്റ്റ് വെയറാണ് സർവ്വീസ് പ്ലസ്. ഇതിന്റെ ഫ്ലക്സിബിള്‍ ആയ പ്രവര്‍ത്തനം അപേക്ഷാ ഫോമുകള്‍ ആവശ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്യുന്നതിനും ഇ – സേവനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനും സഹായിക്കുകയും ചെയ്യുന്നു.

കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക് (കെസ് വാന്‍), സെക്രട്ടേറിയറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക് (സെക് വാന്‍), സ്റ്റേറ്റ് സര്‍വ്വീസ് ഡെലിവറി ഗേറ്റ് വേ എന്നിവയാണ് സംസ്ഥാനത്തെ ഇ – ഗവേണന്‍സ് നടപ്പാക്കുന്നതിനുള്ള പ്രധാന അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങള്‍. സംസ്ഥാനത്തെ 14 ജില്ലകളെയും 152 ബ്ലോക്ക് പഞ്ചായത്തുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കെസ്വാന്‍ ആണ് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചറി(എസ്.ഐ.ഐ)ന്റെ നട്ടെല്ല്. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ 3500 ഓഫീസുകളെ വയർലെസ്സിലൂടെയും മറ്റനവധി ലീസ്ഡ് ലൈന്‍, ലാന്‍ എന്നിവയിലൂടെയും ഈ ശൃംഖല ബന്ധിപ്പിക്കുന്നു.

വിവര സാങ്കേതിക രംഗത്തെ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ അക്ഷയ 2002 നവംബര്‍ 18ന് ആരംഭിച്ചു. പൊതു സ്വകാര്യ പങ്കാളിത്ത രീതിയിലാണ് 'അക്ഷയ' പ്രവര്‍ത്തിക്കുന്നത്. കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ഇ–സാക്ഷരത നല്കുക എന്നതായിരുന്നു തുടക്കത്തിലെ ഉദ്ദേശ്യം. ക്രമേണ പൌരന്‍മാര്‍ക്ക് സേവനം നല്‍കുക എന്നതിലേക്ക് അക്ഷയ മാറി. നിലവില്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന 2628 അക്ഷയ കേന്ദ്രങ്ങളിലായി 7476 പേര്‍ ജോലി ചെയ്യുന്നു. അക്ഷയ കേന്ദ്രങ്ങളിലൂടെ 2014-15 ല്‍ 41.74 കോടി രൂപ വാര്‍ഷിക വരുമാനം സംസ്ഥാനത്തിന് ഉണ്ടായിരുന്നു. 2015-16 ല്‍ ഇത് 53.08 കോടി രൂപയായി വര്‍ദ്ധിച്ചു. 31/10/2016 വരെ വരുമാനം 39.73 കോടി രൂപയാണ്. അക്ഷയ കേന്ദ്രങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അനുബന്ധം 5.54 ല്‍ ചേര്‍ത്തിരിക്കുന്നു.

അവാര്‍ഡുകളും അംഗീകാരങ്ങളും

  • സ്ക്കോച്ച് അവാര്‍ഡ് 2016 – 2016 ലെ ദേശീയ സ്ക്കോച്ച് അവാര്‍ഡ് കെ.എസ്.ഐ.റ്റി.എം കരസ്ഥമാക്കി
  • പ്ലാറ്റിനം അവാര്‍ഡ് – ഡിജിറ്റല്‍ എന്‍പവര്‍മെന്റ് കാംപെയിന്‍ പദ്ധതിയ്ക്ക് പ്ലാറ്റിനം അവാര്‍ഡ്
  • ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ് – ഇ-വോട്ടര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, അക്ഷയ സിറ്റിസണ്‍ സേവനങ്ങള്‍, അക്ഷയ കിയോക്സ് ബാങ്കിംഗ് എന്നിവയ്ക്ക് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ്
  • ഐ.റ്റി. ഇന്നവേഷന്‍ അവാര്‍ഡ് 2016 - കെ.എസ്.ഐ.റ്റി.എം രൂപകല്പന ചെയ്ത ഇ-വോട്ടര്‍ മൊബൈല്‍ ആപ്ലിക്കേഷന് നാസ്കോം – കേരള മാനേജ്മെന്റ് അസോസിയേഷന്റെ 2016 ഐ.റ്റി. ഇന്നവേഷന്‍ അവാര്‍ഡ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മെഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് - കേരള (ഐ.ഐ.ഐ.റ്റി.എം.- കെ)

ശാസ്ത്ര സാങ്കേതിക മാനേജ്മെന്റ് മേഖലകളില്‍ ഒരു ഉന്നത സ്ഥാപനമെന്ന നിലയില്‍ 2000 ത്തില്‍ ആരംഭിച്ച സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മെഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കേരള. സംരംഭകത്വവും സാമൂഹിക ഉത്തരവാദിത്വവുമുള്ള പ്രൊഫഷണലുകളെയും നേതൃശേഷിയുള്ളവരെയും വളര്‍ത്തിയെടുക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിനും ഈ സ്ഥാപനം പ്രാധാന്യം നല്‍കുന്നു. പ്രായോഗിക വിവരസാങ്കേതിക വിദ്യയിലും മാനേജ്മെന്റിലും പരിശീലനം, വിദ്യാഭ്യാസം, ഗവേഷണം, വികസനം എന്നിവയിലും ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. (ബോക്സ് 5.14).

ബോക്സ് 5.14
ഐ.ഐ ഐ. റ്റി.എം - കെ യുടെ അക്കാദമിക് പരിപാടികള്‍
  • ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സില്‍ എം.ഫില്‍
  • കമ്പ്യൂട്ടേഷണല്‍ സയന്‍സില്‍ എം.ഫില്‍
  • വിവര സാങ്കേതിക വിദ്യയില്‍ എം.എസ്.സി
  • ജിയോ ഇന്‍ഫര്‍മാറ്റിക്സില്‍ എം.എസ്സ് സി
  • കമ്പ്യൂട്ടേഷണല്‍ സയന്‍സില്‍ എം.എസ്സ്.സി
  • സൈബര്‍ സെക്യൂരിറ്റിയില്‍ സ്പെഷ്യലൈസേഷനോടുകൂടിയ, കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.എസ്സ്.സി
  • ഇ-ഗവേണന്‍സില്‍ ബിരുദാനന്തര ഡിപ്ലോമ
  • ഡോക്ടറല്‍ റിസര്‍ച്ച്

എം ഫില്‍, എം.എസ്സ്.സി ബിരുദങ്ങള്‍ നല്‍കുന്നത് കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയും (കുസാറ്റ്) ആണ്. ബിരുദാനന്തര ഡിപ്ലോമ നല്‍കുന്നത് കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റുമാണ്. ബയോ മെട്രിക് എംബഡഡ് സിസ്റ്റം സെക്യൂരിറ്റി ആന്‍ഡ് ഇന്റര്‍നെറ്റ് ഓഫ് എംബെഡഡ് തിംഗ്സ്, സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗ് ആന്‍ഡ് സോഫ്റ്റ് വെയര്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സർവ്വീസ് എന്നിവയാണ് പൂര്‍ത്തിയാക്കിയ പ്രധാന പദ്ധതികള്‍. യൂ.ജി.സി / എ.ഐ.സി .റ്റി.ഇ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ റസിഡന്‍ഷ്യല്‍ അക്കാദമിക് ക്യാമ്പസ് ഐ.ഐ.ഐ.റ്റി.എം.കെ യ്ക്കായി നിര്‍മ്മിച്ചുവരുന്നു.

ടെക്നോപാര്‍ക്ക്

ടെക്നോപാര്‍ക്ക് എന്ന പേരിലറിയപ്പെടുന്ന കേരള ഇലക്ട്രോണിക്സ് ടെക്നോളജി പാര്‍ക്ക് കേരള സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഒരു സ്വയം ഭരണ സ്ഥാപനമാണ്. വിവര സാങ്കേതിക വിദ്യയുടെ വികസനത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുകയും ആഗോള നിലവാരമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. 1995 നവംബര്‍ 18 നാണ് ഈ സ്ഥാപനം ഔദ്യാഗികമായി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അന്നു മുതല്‍ ടെക്നോപാര്‍ക്ക് അതിന്റെ വലിപ്പത്തിലും ജീവനക്കാരുടെ എണ്ണത്തിലും വളര്‍ന്നു കൊണ്ടേയിരിക്കുന്നു. മൂന്നാം ഘട്ട വികസനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.റ്റി പാര്‍ക്കുകളില്‍ ഒന്നായി ടെക്നോപാര്‍ക്ക് മാറും. ഇവിടെ 330 ഏക്കര്‍ ഭൂമിയും 9.3 മില്യണ്‍ ചതുരശ്ര അടി ബില്‍റ്റ് അപ്പ് ഏര്യയും 52000 ഐ.റ്റി /ഐ.റ്റി ഇ.എസ് ജീവനക്കാരുമുണ്ട്. ടെക്നോപാര്‍ക്കില്‍ 52000 ഐ.റ്റി.ജീവനക്കാര്‍ക്ക് നേരിട്ടും 1,50,000 ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കുന്നു. 2020 ഓടെ 56000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ടെക്നോപാര്‍ക്ക് ലക്ഷ്യമിടുന്നു. ടെക്നോപാര്‍ക്കിന്റെ ഭൌതീക നേട്ടങ്ങളും വളര്‍ച്ചയും അനുബന്ധം 5.55 ലും അനുബന്ധം 5.56ലും നല്‍കിയിരിക്കുന്നു.

ബോക്സ് 5.15
സംസ്ഥാന സമ്പദ്ഘടനയില്‍ ടെക്നോപാര്‍ക്കിന്റെ സംഭാവന
  • ക്യാമ്പസില്‍ നിന്നുള്ള വാര്‍ഷിക ഉത്പാദനം - 12000 കോടി രൂപ
  • ക്യാമ്പസില്‍ നിന്നുള്ള വാര്‍ഷിക കയറ്റുമതി - 6250 കോടി രൂപ
  • വര്‍ഷം തോറും 20 % വളര്‍ച്ച പ്രതീക്ഷിക്കുന്നു
  • കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ഇടം
  • നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളിലെയും ദ്വിതീയ സേവനങ്ങളായ ചില്ലറ വ്യാപാര, ഗതാഗത, സാമ്പത്തിക
  • സേവനങ്ങളുടെ വളര്‍ച്ച എന്നിവയെ ഉത്തേജിപ്പിക്കുന്നു
  • 424 ഏക്കറിലായി ടെക്നോസിറ്റി പദ്ധതി വരുന്നതിലൂടെ കഴക്കൂട്ടം – കോവളം (എന്‍.എച്ച്.66)കേരളത്തിലെ
  • ആദ്യത്തെ ഐ.റ്റി ഇടനാഴിയാകും
  • ഇന്ത്യയിലെ ഏറ്റവും വലിയ ഐ. റ്റി പാര്‍ക്കുകളിലൊന്നായി ടെക്നോപാര്‍ക്ക് മാറും
ടെക്നോപാര്‍ക്കിലെ ബില്‍റ്റ് അപ് ഏര്യയുടെ വളര്‍ച്ച

ടെക്നോപാര്‍ക്കിലെ ബില്‍റ്റ് അപ് ഏരിയ 2010 -11 ലെ 46.5 ലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 2015-16 ല്‍ 72 ലക്ഷം ചതുരശ്ര അടിയായി വര്‍ദ്ധിച്ചു. ടെക്നോപാര്‍ക്കിലെ ബില്‍റ്റ് അപ്പ് ഏര്യയുടെ വളര്‍ച്ച ചിത്രം 5.12 ല്‍ കാണിച്ചിരിക്കുന്നു.

ചിത്രം 5.12
ടെോക്നോപാര്‍ക്കിലെ ബില്‍റ്റ് അപ്പ് ഏര്യയുടെ വളര്‍ച്ച
അവലംബം: ടെക്നോപാര്‍ക്ക്

ടെക്നോപാര്‍ക്കിലെ കമ്പനികള്‍

കഴിഞ്ഞ 5 വര്‍ഷങ്ങളായി ടെക്നോപാര്‍ക്കിലെ കമ്പനികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2010-11 വര്‍ഷത്തില്‍ ടെക്നോപാര്‍ക്കില്‍ 200 കമ്പനി കളുണ്ടായിരുന്നു. എന്നാല്‍ ഇത് 2015-16 ആയപ്പോഴേക്കും 390 ആയി വര്‍ദ്ധിച്ചു. 2010-11 മുതല്‍ 2015-16 വരെ ടെക്നോപാര്‍ക്കിലെ കമ്പനികളുടെ വളര്‍ച്ച ചിത്രം 5.13 ല്‍ കാണിച്ചിരിക്കുന്നു.

ചിത്രം 5.13
ടെക്നോപാര്‍ക്കിലെ കമ്പനികളുടെ വളര്‍ച്ച
അവലംബം: ടെക്നോപാര്‍ക്ക്

ടെക്നോപാര്‍ക്കില്‍ നിന്നുള്ള കയറ്റുമതിയുടെ വളര്‍ച്ച

2011-12 വര്‍ഷത്തില്‍ 2171 കോടി രൂപയുടെ കയറ്റുമതി ഉണ്ടായിരുന്നത് 2015-16 ആയപ്പോഴേക്കും 6250 കോടി രൂപയായി വര്‍ദ്ധിച്ചു. 2014-15 നെ അപേക്ഷിച്ച് 2015-16 ല്‍‍ 22.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി ടെക്നോപാര്‍ക്കില്‍ നിന്നുള്ള കയറ്റുമതി ചിത്രം 5.14 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ചിത്രം 5.14
ടെക്നോപാര്‍ക്കില്‍ നിന്നുള്ള കയറ്റുമതി
അവലംബം: ടെക്നോപാര്‍ക്ക്

ടെക്നോപാര്‍ക്കിലെ തൊഴിലിലുണ്ടായ വര്‍ദ്ധന

കഴിഞ്ഞ 5 വര്‍ഷമായി സൃഷ്ടിക്കപ്പെട്ട തൊഴിലിന്റെ അടിസ്ഥാനത്തില്‍ ടെക്നോപാര്‍ക്കിന്റെ വികസനത്തെ വിലയിരുത്താവുന്നതാണ്. സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ 2010-11 ല്‍ 30000 ആയിരുന്നത് 2011-12 ആയപ്പോഴേക്കും 38000 ആയി വര്‍ദ്ധിച്ചു. 2012-13 ല്‍ ഇത് 40521 ഉം 2013-14 ല്‍ 45395 ഉം 2014-15 ല്‍ 47100 ഉം ആയി വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2015-16 ഒക്ടോബര്‍ വരെയുളള കണക്കനുസരിച്ച് തൊഴിലവസരങ്ങള്‍ 51865 ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ 6 വര്‍ഷത്തെ തൊഴിലവസരങ്ങളിലുണ്ടായ വര്‍ദ്ധനവ് ചിത്രം 5. 15 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ചിത്രം 5.15
ടെക്നോപാര്‍ക്കിലെ തൊഴിലവസരങ്ങളുടെ വര്‍ദ്ധന
അവലംബം: ടെക്നോപാര്‍ക്ക്

ഇന്‍ഫോപാര്‍ക്ക്

കേരളത്തിലെ രണ്ടാമത്തെ വലിയ ഐ.റ്റി ഹബ്ബാണ് കൊച്ചിയിലുളള ഇന്‍ഫോപാര്‍ക്ക്, ഇതിന്റെ സ്പോക്കുകള്‍ ചേര്‍ത്തലയിലും തൃശ്ശൂരിലുമാണ്. ഇന്‍ഫോപാര്‍ക്കിന് 321.86 ഏക്കര്‍ സ്ഥലത്തായി 6.96 മില്യണ്‍ ചതുരശ്ര അടി ബില്‍റ്റ് അപ് ഏരിയയുണ്ട്. നിലവില്‍ ഇന്‍ഫോപാര്‍ക്കില്‍ 282 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. 32800 പ്രൊഫഷണലുകള്‍ ഇവിടെ ജോലി ചെയ്യുന്നു. 2015-16 ലെ ഇന്‍ഫോപാര്‍ക്കിന്റെ കയറ്റുമതി വരുമാനം 3328.80 കോടി രൂപയാണ്.

നിലവില്‍ ഇന്‍ഫോപാര്‍ക്കിന് താഴെ പറയുന്ന ഐ.റ്റി പാര്‍ക്കുകളുണ്ട്.

  • ഇന്‍ഫോപാര്‍ക്ക് കൊച്ചി – ഘട്ടം 1
  • ഇന്‍ഫോപാര്‍ക്ക് കൊച്ചി ഒന്നാംഘട്ടം പൂര്‍ത്തിയായി. ഇവിടെ ഏകദേശം 25000 ആളുകള്‍ ജോലി ചെയ്യുന്നു.
  • ഇന്‍ഫോപാര്‍ക്ക് കൊച്ചി ഘട്ടം II
  • ഏകദേശം 125 ഏക്കര്‍ സ്ഥലം ഇന്‍ഫോപാര്‍ക്ക് ഏറ്റെടുത്തു കഴിഞ്ഞു. 102.7 ഏക്കര്‍ സ്ഥലം സെസ് ഏര്യയിലാണ്
  • ഇന്‍ഫോപാര്‍ക്ക് തൃശ്ശൂര്‍
  • കൊരട്ടിയില്‍ 30 ഏക്കര്‍ സ്ഥലത്താണ് ഇന്‍ഫോപാർക്ക് സ്ഥിതി ചെയ്യുന്നത്. ഇതില്‍ 18 ഏക്കര്‍ സ്ഥലം സെസ് മേഖലയിലാണ്. ഒന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി 45000 ചതുരശ്ര അടിയുള്ള 8 കെട്ടിടങ്ങളെ നവീകരിച്ച് ഐ.റ്റി. കെട്ടിടങ്ങളായി മാറ്റിയിട്ടുണ്ട്. ഇവിടെ ഏകദേശം 700 പേര്‍ ജോലി ചെയ്യുന്നു.

ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല

66 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിന്റെ 60 ഏക്കര്‍ സെസ് മേഖലയിലാണ്. ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല സെസില്‍, 110 കെ.വി. സബ്സ്റ്റേഷന്‍, ആഭ്യന്തര റോഡുകള്‍, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ജല സംഭരണി, ചുറ്റുമതില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ 2.4 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. 31 കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതുമൂലം 600 ആളുകള്‍ക്ക് നേരിട്ടു തൊഴില്‍ ലഭിച്ചിട്ടുണ്ട്.

ഇന്‍ഫോ പാര്‍ക്ക് റ്റി.ബി.സി

കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഭാഗികമായി പൂര്‍ത്തീകരിച്ച 25,800 ചതുരശ്ര ആടി വിസ്തീര്‍ണ്ണമുളള കെട്ടിടം കേരള സ്റ്റേറ്റ് ഐ.റ്റി.മിഷനില്‍ നിന്ന് 2013 ല്‍ ഇന്‍ഫോപാര്‍ക്ക് ഏറ്റെടുത്തിട്ടുണ്ട്. ആവശ്യമായ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നവീകരണവും നടത്തി സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്കുളള ഓഫീസുകള്‍ക്കായി നല്‍കുന്നു. ഇന്‍ഫോപാര്‍ക്ക് റ്റി.ബി.സി യില്‍ ഏകദേശം 400 ആളുകള്‍ ജോലി ചെയ്യുന്നു.

ഇന്‍ഫോ പാര്‍ക്കിന്റെ ഭൌതീക നേട്ടങ്ങള്‍ അനുബന്ധം 5.57 ല്‍ ചേര്‍ത്തിരിക്കുന്നു.

സൈബര്‍ പാര്‍ക്ക്

കൊച്ചി മുതല്‍ കാസര്‍ഗോഡ് വരെയുള്ള വടക്കന്‍ മേഖലയിലെ ഐറ്റി അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ വിടവ് നികത്തുന്നതിനായി തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക് എന്നിവയുടെ മാതൃകയില്‍ ആരംഭിച്ചതാണ് സൈബര്‍ പാര്‍ക്ക്. ഇത് ഹബ് ആന്‍ഡ് സ്പോക്ക് മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്ടെ സൈബര്‍ പാര്‍ക്ക് ഹബ്ബായും, കണ്ണൂരും കാസര്‍ഗോഡും ഉള്ള പാര്‍ക്കുകള്‍ സ്പോക്കുകളായും സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളിലെ ഐ.റ്റി പശ്ചാത്തല സൗകര്യ വികസനത്തിനായി പ്രവര്‍ത്തിക്കുന്നു. പരിസ്ഥിതി സൌഹൃദവും ചെലവ് കുറഞ്ഞതും, എന്നാല്‍ ഉയര്‍ന്ന ഗുണ നിലവാരത്തിലുള്ളതുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഐ.റ്റി / ഐ.റ്റി ഇ.എസ് നിക്ഷേപകര്‍ക്ക് ലഭ്യമാക്കുക എന്നതാണ് സൈബര്‍ പാര്‍ക്കിന്റെ ലക്ഷ്യം. ഇതുമൂലം സോഫ്റ്റ് വെയറുകളുടെയും അനുബന്ധ സേവനങ്ങളുടെയും കയറ്റുമതി ത്വരിതപ്പെടുത്തുന്നതിനും തദ്വാര മലബാര്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു.

കോഴിക്കോട് 41.88 ഏക്കര്‍, കണ്ണൂരില്‍ 25 ഏക്കര്‍, കാസര്‍ഗോഡ് 100 ഏക്കറിലുമായി വ്യാപിച്ചു കിടക്കുന്ന സൈബര്‍ പാര്‍ക്ക് വടക്കന്‍ മേഖലയിലെ ഏറ്റവും വലിയ ഐ.റ്റി പാര്‍ക്കാണ്. ഇതില്‍ 115 ഏക്കര്‍ ഭൂമി സെസ് മേഖലയിലും 14.38 ഏക്കര്‍ നോണ്‍ സെസ് മേഖലയിലുമാണ്. ഇപ്പോള്‍ സെസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 4 കമ്പനികളിലായി 55 ഐ.റ്റി പ്രഫഷണലുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാണ്. സൈബര്‍ പാര്‍ക്കിന്റെ ഭൌതീക നേട്ടങ്ങള്‍ അനുബന്ധം 5.58 ല്‍ ചേര്‍ത്തിരിക്കുന്നു.

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്. ഐ.റ്റി .ഐ. എല്‍)

ആയിരത്തി തൊളളായിരത്തി അന്‍പത്തിയാറിലെ കമ്പനീസ് ആക്ട് അനുസരിചച് രൂപീകരിച്ച പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.റ്റി.ഐ.എല്‍). സര്‍ക്കാരിന്റെ ഉടമസ്ഥാവകാശത്തിലുള്ള ഭൂമി പാട്ടത്തിന് നല്‍കുകയോ പ്രയോഗികമായ സാമ്പത്തിക മാതൃകകളിലൂടെ സ്വരൂപിക്കുന്ന ഫണ്ട് ഉപയോഗിച്ച് പൊതു സ്വകാര്യ പങ്കാളിത്തത്തോടു കൂടി സംസ്ഥാനത്ത് ഐ.റ്റി പശ്ചാത്തല സൌകര്യങ്ങള്‍ വികസിപ്പിക്കുകയാണ് കമ്പനി ചെയ്യുന്നത്. ഭൂമി ഏറ്റെടുത്ത് അതില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, ജലം, റോഡ്. ചുറ്റുമതില്‍, സെസ് പദവി, മറ്റ് സര്‍ക്കാര്‍ അംഗീകാരങ്ങള്‍ എന്നിവ ലഭ്യമാക്കി ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് ഐ.റ്റി മേഖലകള്‍, ഐ.റ്റി പാര്‍ക്കുകള്‍ എന്നിവ വികസിപ്പിക്കുന്നതിന് നല്‍കുകയാണ് കമ്പനിയുടെ ബിസിനസ്സ് മാതൃക.

കോഴിക്കോട് ഐ.റ്റി പാര്‍ക്ക്, കണ്ണൂര്‍ ഐ.റ്റി. പാര്‍ക്ക്, കാസര്‍ഗോഡ് ഐ.റ്റി പാര്‍ക്ക്, കൊല്ലം ഐ.റ്റി പാര്‍ക്ക്, കൊരട്ടി ഐ.റ്റി പാര്‍ക്ക്, ചേര്‍ത്തല ഐ റ്റി പാര്‍ക്ക്, അമ്പലപ്പുഴ ഐ റ്റി പാര്‍ക്ക്, ഇന്‍ഫോസിററി പാല, ഐ.ഐ.ഐ.റ്റി-കേരള, മലപ്പുറം ഐ.റ്റി പാര്‍ക്ക്, ടെക്നോലോഡ്ജസ് റിറ്റല്‍ പാര്‍ക്ക് എന്നിവയാണ് കെ.എസ്.ഐ.റ്റി.ഐ.എല്‍ നടപ്പാക്കുന്ന പ്രധാന പദ്ധതികള്‍. ഈ ഐ.റ്റി പാര്‍ക്കുകളിലായി 77 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. 1588 പ്രഫഷണലുകല്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുകയും ചെയ്യുന്നു.

ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ (ഐസിഫോസ്സ്)

ഇന്ത്യയിലെയും വിദേശത്തേയും ഫ്രീ സോഫ്റ്റ് വെയര്‍ സംഘടനകളുമായി ചേര്‍ന്ന് വികസനം പ്രോത്സാഹിപ്പിക്കുകയും ഫ്രീ സോഫ്റ്റ് വെയറും, ഫ്രീ നോളഡ്ജും പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച അന്താരാഷ്ട്ര കേന്ദ്രമാണ് ഐസി ഫോസ്സ്. ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി, ഗവേഷണ വികസന പരിപാടികള്‍, അക്കാദമിക് പഠനം, സേവനം, പരിശീലനം, പ്രസിദ്ധീകരണം, സര്‍ട്ടിഫിക്കേഷന്‍, അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം എന്നിവയുടെ നോഡല്‍ ഏജന്‍സിയാണ് ഐസിഫോസ്.

ബോക്സ് 5.16
ഐസിഫോസിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍
  • ഫോസ് എന്റര്‍പ്രൈസിനു വേണ്ടി സ്റ്റാര്‍ട്ട് അപ്പിന്റെ ത്വരിതപ്പെടുത്തല്‍
  • ഇ – ഗവേണന്‍സും മറ്റ് ഫോസ് പഠനങ്ങളും
  • അക്കൌണ്ടിന്റെയും മറ്റു യൂട്ടിലിറ്റി സോഫ്റ്റ് വെയറുകളുടെയും പ്രാദേശികവല്‍ക്കരണം
  • സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭകര്‍ക്ക് വിവര സാങ്കേതിക വിദ്യ സഹായം നല്കുക
  • സാങ്കേതിക വര്‍ക്ക്ഷോപ്പുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുക
  • ഫോസ് സര്‍ട്ടിഫിക്കേഷന്‍
  • എഞ്ചിനിയറിംഗ് / സാങ്കേതിക വിഭാഗം വിദ്യാര്‍ത്ഥികളുടെ ശേഷി വര്‍ദ്ധിപ്പിക്കലും നൈപുണ്യ വികസനവും
  • മലയാളം കമ്പ്യൂട്ടിംഗ്
  • ഗവേഷണ പരിപാടികള്‍
അവലംബം: ഐസിഫോസ്സ്

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ (കെ.എസ്.യൂ. എം)

സംരംഭകത്വ വികസനം, ഇന്‍കുബേഷന്‍ ആക്ടിവിറ്റികള്‍ എന്നിവ നടപ്പിലാക്കുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ (കെ.എസ്. യു എം). ടെക്നോപാര്‍ക്ക് ടെക്നോളജി ബിസിനസ്സ് ഇന്‍കുബേറ്റര്‍ എന്ന് അറിയപ്പെട്ടിരുന്ന കേരള സ്റ്റാര്‍ട്ട് അപ് മിഷനാണ് (കെ.എസ്. യു എം) ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ നോണ്‍ അക്കാദമിക് ബിസിനസ്സ് ഇന്‍കുബേറ്റര്‍. 2007 ലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

കേരളത്തിലെ യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും സംരംഭകത്വ ശേഷി വികസിപ്പിക്കുക, പരമ്പരാഗത മേഖലകളിലെ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സംരംഭകത്വ വികസന ആവശ്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക, കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക സംസ്കാരത്തിന് അനുയോജ്യമായ തരത്തിലുളള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, സാങ്കേതിക വിദ്യകള്‍ക്കും സേവനങ്ങള്‍ക്കും ആവശ്യമായ വിപണി കണ്ടെത്തുക, വൈജ്ഞാനിക, ഗവേഷണ വികസന സ്ഥാപനങ്ങളുമായും വ്യാവസായിക സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധം സ്ഥാപിക്കുക, ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ വികസിപ്പിക്കുന്ന സാങ്കേതിക വിദ്യകള്‍ യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും വേഗത്തില്‍ വാണിജ്യവല്‍ക്കരിക്കുന്നതിനും ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം

കേരളത്തിലെ യുവജനങ്ങളില്‍ സംരംഭകത്വം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ യുവജന സംരംഭകത്വ വികസന പരിപാടി ആരംഭിച്ചിട്ടുണ്ട്. റപ്സ്ബറി പൈ പ്രോഗ്രാം, സ്റ്റാര്‍ട്ട് അപ്പ് ബോക്സ് ക്യാപെയിന്‍, സ്റ്റാര്‍ട്ട് അപ് ബ്യൂട്ട് ക്യാമ്പ്, സ്റ്റാര്‍ട്ട് അപ് ലീഡര്‍ഷിപ്പ് അക്കാദമിയും പരിശീലന പരിപാടിയും, അന്താരാഷ്ട്ര സരംഭകത്വ വിനിമയ പരിപാടി, ഫാബ് ലാബ് പ്രോഗ്രം, എന്റര്‍പ്രണര്‍ഷിപ്പ് ഡ്രൈവിംഗ് പ്രോഗ്രാം, പ്രെഫോര്‍മന്‍സ് ലിങ്ക്ഡ് സ്കീം, പേറ്റന്റ് സപ്പോര്‍ട്ട് സ്കീം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്ന പ്രധാന സംരംഭങ്ങള്‍. കൂടാതെ കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈ ടെക് പാര്‍ക്കില്‍, വിവിധ മേഖലകളിലെ ഇന്‍കുബേറ്ററുകളെ ഒരു കുടകീഴില്‍ കൊണ്ടു വരുന്നതിനായി ഒരു ടെക്നോളജി ഇന്നവേഷന്‍ സോണ്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

വിവര സാങ്കേതിക മേഖല നേരിടുന്ന വെല്ലുവിളികള്‍

2009-10 ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം, ഐ.റ്റി വ്യവസായ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടില്ല. മാത്രമല്ല ഈ മേഖലയില്‍ മൂലധന നിക്ഷേപം നടത്താന്‍ വന്‍കിട വ്യവസായികള്‍ വിമുഖത കാട്ടുന്നു. ആഗോളതലത്തില്‍ ഐ.റ്റി മേഖലയുടെ വളര്‍ച്ച മന്ദഗതിയിലായതിനാല്‍ ഇന്ത്യന്‍ ഐ.റ്റി വ്യവസായത്തെയും അത് ബാധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ കയറ്റുമതി വരുമാനമാണ് സെസില്‍ നിന്നും ലഭ്യമായിട്ടുളളത്. നാസ്കോ പ്രൊജക്ഷനായ 15% വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ ഈ മേഖലയ്ക്ക് കഴിഞ്ഞില്ല.ഇത് കൂടാതെ ഐ.റ്റി.മേഖലയെ സാരമായി ബാധിച്ച രണ്ട് അനിശ്ചിതാവസ്ഥകളാണ് അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പും ബ്രെക്സിറ്റും.

അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പ്

വിപണന വിഹിതത്തിന്റെ 65 ശതമാനം വരുന്നതും ലോകത്തിലെ ഏറ്റവും ആകര്‍ഷകവുമായ ഐ.റ്റി ഔട്ട്സോഴ് സിംഗ് കേന്ദ്രമാണ് ഇന്ത്യ. എങ്കിലും അമേരിക്കയാണ് ഇപ്പോഴും ഒരൊറ്റ പ്രധാന ഉപഭോക്താവ് (56 ശതമാനം). തിരഞ്ഞെടുപ്പിനെ തുടര്‍ന്നുളള നയംമാറ്റം അവിടേയ്ക്കുളള ഇന്ത്യയുടെ സോഫ്റ്റ് വെയര്‍ കയറ്റുമതിയെ വലിയ തോതില്‍ ബാധിക്കും.

ബ്രെക്സിറ്റ്

അമേരിക്ക കഴിഞ്ഞാല്‍, ഇന്ത്യ കൂടുതല്‍ ഐ.റ്റി ബിസിനസ് നടത്തുന്നത് ബ്രിട്ടണുമായാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു കടക്കാനുളള ബ്രിട്ടന്റെ തീരുമാനം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

സുസ്ഥിര വികസനത്തിനായുളള 2030 കാര്യപരിപാടി 2015 സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. ഇതു പ്രകാരം വ്യക്തിഗത രാജ്യങ്ങളും പ്രാദേശിക സമൂഹവും അവരുടെ വികസനനയങ്ങളും പരിപാടികളും രൂപ കല്‍പന ചെയ്യുന്നതിലും നടപ്പാക്കുന്നതിലും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. വികേന്ദ്രീകരണത്തിലൂടെയുമുളള ശ്രേഷ്ടമായ അനുഭവസമ്പത്തും ആപേക്ഷിക നേട്ടവും മൂലം തുടര്‍ന്നും ഐ.സി.റ്റി. അനുബന്ധ ഉല്പന്നങ്ങളിലും ഉയര്‍ന്നും വരുന്ന ഐ.സി.റ്റി വിപണികളിലും നേതൃ സ്ഥാനം വഹിക്കാന്‍ കേരളത്തിന് കഴിയും.

top